രാഹുലോ രാജ്‌നാഥോ, ആരാണ് ശരി? കൊല്ലപ്പെടുന്ന അഗ്നിവീറുകളുടെ കുടുംബങ്ങള്‍ക്ക് സൈന്യം ഒരുകോടി നഷ്ടപരിഹാരം നല്‍കുന്നുണ്ടോ?
അഗ്നിപഥ് പദ്ധതിയെ ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് മുറുകയാണ്. താത്കാലിക സൈനിക സേവനത്തിന് വിനിയോഗിക്കപ്പെടുന്ന യുവാക്കള്‍ സര്‍ക്കാരിനാല്‍ ചതിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ പ്രതിരോധം. അഗ്നിപഥ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അടിവരയിടുന്നു. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞത്. ഈ പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?
കൊല്ലപ്പെടുന്ന അഗ്നിവീര്‍ സൈനികരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ടോ? ഇല്ല എന്നാണ് സൈനിക രേഖകളും സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്നത്
ജമ്മു കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ അജയ് കുമാറിന്റെ കുടുംബത്തിന് ഇതുവരേയും ധനസഹായം നല്‍കിയിട്ടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ പണം നഷ്ടപരിഹാരമായി ചിത്രീകരിക്കുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ഇന്‍ഷുറന്‍സ് തുക നല്‍കുന്നതും നഷ്ടപരിഹാരം നല്‍കുന്നതും രണ്ടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അഗ്നിപഥ് പദ്ധതി സൈനികര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതാണെന്ന് ജൂലൈ ഒന്നിന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ചു നടത്തിയ പ്രസംഗത്തിലാണ് രാജ്‌നാഥ് സിങ്, കൊല്ലപ്പെടുന്ന അഗ്നിവീര്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് പറഞ്ഞത്. ഈ പ്രസംഗം ബിജെപി-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപമാകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരിക്കും എന്താണ് വസ്തുത? കൊല്ലപ്പെടുന്ന അഗ്നിവീര്‍ സൈനികരുടെ കുടുംബത്തിന് സൈന്യം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ടോ? ഇല്ല എന്നാണ് സൈനിക രേഖകളും സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്നത്.
പഞ്ചാബ് സര്‍ക്കാരാണ് തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അജയ് കുമാറിന്റെ പിതാവ് പറയുന്നതിന്റെ വീഡിയോ രാഹുല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൈന്യം പറയുന്നത് അജയുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കിയെന്നാണ്. ''അഗ്‌നിവീര്‍ സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം ബാധകമായ ഏകദേശം 67 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ പോലീസ് പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ അന്തിമ അക്കൗണ്ട് സെറ്റില്‍മെന്റില്‍ നല്‍കും. മൊത്തം തുക ഏകദേശം 1.65 കോടി രൂപ വരും'', സൈനിക വക്താവ് സമൂഹമാധ്യമായ എക്‌സില്‍ കുറിച്ചു.
സേവനത്തിനിടെയോ അല്ലാതേയോ മരിക്കുന്ന അഗ്നിവീര്‍ സൈനികരുടെ കുടുംബാബംഗങ്ങള്‍ക്ക് ഫാമിലി പെന്‍ഷന്‍ ലഭിക്കില്ല. ഡ്യൂട്ടിക്കിടയിലോ, അല്ലാതേയോ അംഗഭംഗം സംഭവിച്ചാല്‍ പെന്‍ഷന്‍ ലഭിക്കില്ല
സൈന്യത്തിന്റെ വിശദീകരണത്തില്‍ ഈ പണം ഇന്‍ഷുറന്‍സ് ആണോയെന്ന് വ്യക്തമാക്കുന്നില്ല. അജയ് കുമാറിന്റെ കുടുംബത്തിന് നല്‍കിയത് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് ആണെന്നും നഷ്ടപരിഹാരമല്ലെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് പുറമേ, നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് രാജ്‌നാഥ് സിങ് പറയുമ്പോള്‍, ഇന്‍ഷുറന്‍സ് തുക മാത്രം 48 ലക്ഷം വരുമെന്നാണ് മുന്‍ കേണല്‍ അമിത് കുമാര്‍ എക്‌സില്‍ കുറിച്ചത്. ഈ പണം ധനസഹായമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി പ്രകാരം നിയമിതരാകുന്നവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതിനെ പറ്റിയുള്ള വിവരങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സേവനത്തിനിടെയോ അല്ലാതേയോ മരിക്കുന്ന അഗ്നിവീര്‍ സൈനികരുടെ കുടുംബാബംഗങ്ങള്‍ക്ക് ഫാമിലി പെന്‍ഷന്‍ ലഭിക്കില്ല. ഡ്യൂട്ടിക്കിടയിലോ, അല്ലാതേയോ അംഗഭംഗം സംഭവിച്ചാല്‍ പെന്‍ഷന്‍ ലഭിക്കില്ല. വിരമിച്ചതിന് ശേഷം മെഡിക്കല്‍ സേവനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഡെത്ത് ഇന്‍ഷുറന്‍സ് അഗ്നീവിറുകാര്‍ക്കും മറ്റു സൈനികര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍, ഇത് ഗ്രൂപ്പ് ഇന്‍ഷുറന്‍സാണ്. സര്‍ക്കാരിന്റേതല്ല.
ഗ്രൂപ്പ് ഇന്‍ഷുറന്‍സിനുള്ള ക്ലെയിമായി 50 ലക്ഷം രൂപ എസ്ബിഐ അടയ്ക്കുന്നു. ഇത് എല്ലാ എസ്ബിഐ സര്‍ക്കാര്‍ സാലറി അക്കൗണ്ട് ഉടമകള്‍ക്കും നല്‍കേണ്ട തുകയാണ്. ബാക്കിയുള്ള 48 ലക്ഷം രൂപ ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ നിന്നാണ്. അജയ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയെന്ന് പറയുന്നത് 48 ലക്ഷം രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും 50 ലക്ഷം രൂപ എസ്ബിഐ നല്‍കുന്ന തുകയുമാണ്. 39,000 രൂപ കൂടി സൈന്യം നല്‍കിയെങ്കിലും സൈനിക ക്ഷേമനിധിയില്‍ നിന്ന് നല്‍കാനുള്ള 44 ലക്ഷം രൂപയും 8 ലക്ഷം രൂപയും ഇതുവരെ നല്‍കിയിട്ടില്ല. കോണ്‍ട്രാക് പിരീഡ് തീരുന്നതുവരെ അദ്ദേഹത്തിന് നല്‍കേണ്ടത് 13 ലക്ഷം രൂപയാണ്. സേവാ നിധിയുടെ ഭാഗമായി 2.3 ലക്ഷം രൂപയും സൈന്യം നല്‍കേണ്ടതുണ്ട്. ഒരുകോടി രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെന്നത് തെറ്റിദ്ധാരണ പരത്തുന്നതാണ്.
സേവനത്തിനിടെ കൊല്ലപ്പെടുന്ന അഗ്നിവീര്‍ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കാത്ത, എന്നാല്‍ മറ്റു സൈനികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയെല്ലാമാണ്:
ഫാമിലി പെന്‍ഷന്‍
60,000 രൂപയുടെ ഡെത്ത് ലിങ്ക് ഇന്‍ഷുറന്‍സ്
മരിച്ചതും വിരമിച്ചതുമായ സൈനികരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ചികിത്സാ ആനുകൂല്യങ്ങള്‍.
മരിച്ച സൈനികരുടെ വിധവയുടെ പുനര്‍ വിവാഹത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. മകളുടെ വിവാഹത്തിനും ഇത് ലഭിക്കും. എന്നാല്‍ അഗ്നിവീര്‍ സൈനികരുട കാര്യത്തില്‍ ഇത് ബാധകമല്ല.
മരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. മക്കള്‍ക്ക് കേന്ദ്ര സര്‍വീസ്, ദേശസാല്‍കൃത ബാങ്കുകളില്‍ 4.5 ശതമാനം ജോലി സംവരണമുണ്ടാകും.
ട്രെയിന്‍ യാത്രകളില്‍ 75 ശതമാനം കണ്‍സഷന്‍.
ഡിഫന്‍സ് ക്വാട്ടയില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാനുള്ള അനുമതി.
സായുധ സേനയുട പിഎഫ് പദ്ധതി പ്രകാരമുള്ള പണം.
40 ലക്ഷത്തിന്റെ സൈനിക ഗ്രൂപ്പ് ഇന്‍ഷുറന്‍സ്.
സേവനത്തിനിടെ മരിക്കുന്ന അഗ്നിവീറുകളുടേയും മറ്റു സൈനികരുടേയും കുടുംബാംഗങ്ങള്‍ക്ക് ഒരുപോലെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍
25 ലക്ഷം മുതല്‍ 45 ലക്ഷം വരെയുള്ള നഷ്ടപരിഹാരം.
എട്ട് ലക്ഷത്തിന്റെ ബാറ്റില്‍ കാഷ്വാലിറ്റി ഫണ്ട്.
സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന ധനസഹായം.
15,000 രൂപയുടെ എഡബ്ല്യുഡബ്ലുഎ ഗ്രാന്റ്.
സേവനത്തിനിടെ കൊല്ലപ്പെടുന്ന അഗ്നിവീറുകളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍
48 ലക്ഷം രപയുടെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്.
കോണ്‍ട്രാക്ട് തീരുന്നതുവരയുള്ള ശമ്പളത്തിന്റെ ബാക്കി.
സൈനികനില്‍ നിന്ന് ഈടാക്കുന്ന 30 ശതമാനമവും സര്‍ക്കാര്‍ നല്‍കുന്ന 30 ശതമാനവും ചേര്‍ത്ത് നല്‍കുന്ന സേവാ നിധി.