ന്യൂയോര്‍ക്ക് ടു കണ്ണൂര്‍; ഇഷാനിയുടെ വടക്കന്‍ വീരഗാഥ
ന്യൂയോര്‍ക്ക് ടു കണ്ണൂര്‍, ഇന്ത്യന്‍ സംസ്‌കാരവും ആയോധന കലകളും തൊട്ടറിഞ്ഞ് ഇഷാനി ദാസ് എന്ന പെണ്‍ക്കുട്ടിയുടെ യാത്രകള്‍ തുടരുന്നു. ജനിച്ചത് ബംഗാളിലാണെങ്കിലും കുട്ടികാലത്ത് തന്നെ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് ചേക്കേറി. ന്യൂയോര്‍ക്കില്‍ ജീവിക്കുമ്പോഴും ഇഷാനിയുടെ അച്ഛന്‍ അവളെ ഭരതനാട്യം പഠിപ്പിച്ചിരുന്നു. അത് പിന്നീട് കളരിയിലേക്ക് തിരിഞ്ഞു, ആ താത്പര്യമാണ് ഇഷാനിയെ കണ്ണൂരിലെ എംജിഎസ് കളരി സംഘത്തില്‍ എത്തിച്ചത്.
മലയാളത്തിലെ നിര്‍ദ്ദേശങ്ങള്‍ കേട്ടുള്ള പരിശീലനം ആവേശം നല്‍കുന്നു
അച്ചന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഋഷികേശ് സന്ദര്‍ശനം. അച്ഛന്റെ മരണശേഷം ചിതാഭസ്മം ഒഴുക്കാനാണ് ഇഷാനി ഇന്ത്യയില്‍ എത്തിയത്. ഋഷികേശ് സന്ദര്‍ശിച്ച ശേഷം ഇന്ത്യയെ അറിയാനുള്ള യാത്രയിലേക്ക് തിരിയുകയായിരുന്നു ഇഷാനി ദാസ്.
ഇന്ത്യയിലെ പ്രശസ്ത ആരാധനാലയങ്ങളിലൂടെയൊക്കെ ഇഷാനി നടത്തിയ യാത്രയ്ക്കിടയിലാണ് ഒരു കളരി ഫെസ്റ്റിവല്‍ കാണാനിടയായത്. കൊച്ചു കുട്ടികള്‍ പോലും അവിടെ അതിശയകരമായ പ്രകടനം കാഴ്ചവയ്ക്കുന്നത് ഇഷാനി കണ്ടു. മഹാഭാരത കഥകളിലൊക്കെ ഒരേ സമയം പത്തുപേരുടെ തലകൊയ്യുന്ന കഥകള്‍ കേട്ടിട്ടുണ്ടെന്നും അത് എങ്ങനെ സാധ്യമാകുമെന്ന് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഇഷാനി പറയുന്നു. എന്നാല്‍ ആ കളരിഫെസ്റ്റിഫലില്‍ കുട്ടികള്‍ ഉറുമി വീശുന്നത് കണ്ടപ്പോല്‍ അത് സാധ്യമാകുമെന്ന് തനിക്ക് മനസാലിയെന്നും ഇഷാനി കൂട്ടിചേര്‍ത്തു.
ഇഷാനി യാത്രക്കിടയില്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലെത്തുകയും എംജിഎസ് കളരി സംഘത്തില്‍ ദിനേശന്‍ ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസിക്കാനാരംഭിക്കുകയും ചെയ്തു. മറ്റ് വിദേശികള്‍ ഇംഗ്ലീഷില്‍ നിര്‍ദേശങ്ങളും വായ്താരികളും പഠിക്കുമ്പോള്‍ ഇഷാനി ഗുരുക്കളോട് ആവശ്യപ്പെട്ടത് തനിക്ക് മലയാളത്തില്‍ വായ്ത്താരി പഠിച്ചുകൊണ്ട് പരിശീലിക്കണമെന്നാണ്. കുട്ടികളോടൊപ്പം മലയാളത്തിലെ നിര്‍ദ്ദേശങ്ങള്‍ കേട്ട് തനിക്ക് പരിശീലിക്കാന്‍ സാധിക്കുമ്പോള്‍ വളരെ അധികം ആവേശം തോന്നുന്നുവെന്ന് ഇഷാനി കൂട്ടിചേര്‍ത്തു. കുട്ടികളുടെ ക്ലാസില്‍ താനാണ് ഏറ്റവും മുതിര്‍ന്നയാളെന്നും കുട്ടികള്‍ക്കിടയില്‍ വീണ്ടുമൊരു കുട്ടിയാകാന്‍ സാധിക്കുന്നത് അവിശ്വസനീയമായി തോന്നുന്നുവെന്നും ഇഷാനി പറയുന്നു.