സ്ത്രീ-ദലിത് വിരുദ്ധ-ടോക്സിക് മസ്കുലിനിറ്റിയാണ് ഹോമോഫോബിക് കമന്റുകൾക്ക് പിന്നിൽ; ജിജോ കുര്യാക്കോസ് കുര്യൻ

സ്ത്രീ-ദലിത് വിരുദ്ധ-ടോക്സിക് മസ്കുലിനിറ്റിയാണ് ഹോമോഫോബിക് കമന്റുകൾക്ക് പിന്നിൽ; ജിജോ കുര്യാക്കോസ് കുര്യൻ

ഞാനൊരു സ്വവർ​ഗാനുരാ​ഗി ആണെന്നുള്ളതാണ് അമോർ സംഭവിക്കാനുളള പ്രാഥമിക കാരണം.
Updated on
3 min read

'പ്രണയിക്കുക എളുപ്പമാണ്. പക്ഷെ പ്രകടമാക്കി ജീവിക്കുക എന്നതാണ് പ്രയാസം.' ഒരു ആണിനും പെണ്ണിനും പോലും പൊതു ഇടങ്ങളിൽ പരസ്യമായ പ്രണയ സല്ലാപങ്ങളും, ചുംബനങ്ങളും, ആലിം​ഗനങ്ങളും നിഷേധിക്കപ്പെടുന്ന സദാചാര അന്തരീക്ഷത്തിൽ രണ്ട് സ്വവർ​ഗ കമിതാക്കൾക്ക് പ്രണയിക്കുക എത്രത്തോളം ദുഷ്കരമായിരിക്കും?

ഹോമോഫോബിക് ആയ മലയാളി ഇടങ്ങളിൽ സ്വവർഗപ്രണയമുൾപ്പെടെയുള്ള ഹെട്രോനോർവേറ്റിവ് ഇതര പ്രേമ-പ്രതിനിധാനങ്ങൾ നന്നേ വിരളമാണെന്ന് 'അമോറി'ന്റെ സംവിധായകൻ ജിജോ കുര്യക്കോസ് കുര്യൻ പറയുന്നു. ഇതിനൊരു സാംസ്കാരിക പ്രതികരണമെന്നോണമാണ് ജിജോ 'അമോർ- ദി ട്യൂൺ ഓഫ് ലവ്' എന്ന പ്രണയഗീതം ഒരുക്കിയിരിക്കുന്നത്. ഒരു സ്വപ്നം പോലെയാണ് 'അമോർ'. തമ്മിൽ പ്രണയത്തിലായിരിക്കുന്ന പല ക്വീർ വ്യക്തികൾക്കും അമോർ അന്യമായിരിക്കും ഒപ്പം പ്രതീക്ഷ നൽകുന്ന അനുഭൂതിയും.

താനൊരു സ്വവർ​ഗാനുരാ​ഗി ആണെന്നുള്ളതാണ് അമോർ സംഭവിക്കാനുളള പ്രാഥമിക കാരണമെന്ന് സംവിധായകൻ പറയുന്നു. ഇന്ത്യയിലാദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി നിലവില്‍വന്ന കേരളത്തിൽ ഇനിയുമെന്തെല്ലാം മാറാനുണ്ട്? പത്ത് വർഷങ്ങൾക്ക് മുമ്പേ സ്വത്വം വെളിപ്പെടുത്തിയ ജിജോയ്ക്ക് 'അമോർ' ഒരു പ്രതീക്ഷയും പ്രതിഷേധവുമാണ്.

ജിജോ കുര്യാക്കോസ് കുര്യൻ ദ ഫോർത്തിനോട് സംസാരിക്കുന്നു

ഞാനൊരു സ്വവർ​ഗാനുരാ​ഗി ആണെന്നുള്ളതാണ് 'അമോർ' സംഭവിക്കാനുളള പ്രാഥമിക കാരണം.

ഞാൻ ആ​ഗ്രഹിക്കുന്ന പ്രണയം എങ്ങനെയാണ് എന്നുള്ളതാണ് 'അമോറി'ലൂടെ പറയാനുദ്ദേശിച്ചത്. ഒരു ദൃശ്യ​ ഗാനമാക്കാൻ വേണ്ടി എഴുതിച്ചിട്ടപ്പെടുത്തിയ വരികളല്ല. കേരള സർവ്വകലാശാലയിലെ മനശാസ്ത്ര പഠന വിഭാ​ഗത്തിലെ അധ്യാപികയും എന്റെ സുഹൃത്തുമായ ടിസി മറിയം തോമസ് വളരെ യാദൃശ്ചികമായി എഴുതിയ ഒരു പാട്ടാണ്. അത് ഒരിക്കൽ ഒരു പുരുഷശബ്ദത്തിൽ ഞാൻ കേൾക്കാൻ ഇടയായി. ഇത്തരം പ്രണയ ​ഗാനങ്ങൾ കേൾക്കുമ്പോൾ ഹെട്രോ നോർമേറ്റിവ് ആയിട്ടുളള ആളുകളിൽ ഒരു പുരുഷനും സ്ത്രീയും തെളിഞ്ഞ് വരാനാണ് സാധ്യത. പക്ഷെ വരികളിൽ ആവർത്തിക്കുന്ന ചെക്കൻ എന്ന വാക്ക് കേട്ടപ്പോൾ ഒരു സ്വവർ​ഗാനുരാ​ഗിയായ എന്നിൽ തോന്നിയ പ്രണയ ദൃശ്യങ്ങളിൽ രണ്ട് പുരുഷന്മാരായിരുന്നു. ആശയം പറഞ്ഞപ്പോൾ സുഹൃത്തുക്കളും കൂടെനിന്നു. അങ്ങനെ ക്രൗഡ് ഫണ്ടിങ് വഴി രണ്ടര മാസം കൊണ്ട് അമോർ പൂർത്തിയാക്കി. കേരളത്തിൽ അദൃശ്യരായ അനേകം ​ഗേ കപ്പിൾസ് ഉണ്ട്. പ്രണയിക്കുക എളുപ്പമാണ്. പക്ഷെ പ്രകടമാക്കി ജീവിക്കുക എന്നതാണ് പ്രയാസം. ഈ പാട്ടിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നതുപോലെയാണ് എല്ലാ സ്വവർ​ഗപ്രണയങ്ങളും എന്ന് ഞാൻ പറയുന്നില്ല. പ്രണയത്തിനൊരു പവറും അവരവരുടേതായ രാഷ്ട്രീയവുമുണ്ട്.

'അമോർ- ദി ട്യൂൺ ഓഫ് ലവ്'മ്യൂസിക് വീഡിയോയിൽ നിന്ന്
'അമോർ- ദി ട്യൂൺ ഓഫ് ലവ്'മ്യൂസിക് വീഡിയോയിൽ നിന്ന്

സ്ത്രീ-ദലിദ് വിരുദ്ധ-ടോക്സിക് മസ്കുലിനിറ്റി വെച്ചുപുലർത്തുന്നവരാണ് ഹോമോഫോബിക് കമന്റുകൾക്ക് പിന്നിൽ

ഒരുവൻ സ്ത്രീ വിരുദ്ധനായിരിക്കുക - LGBTQIA+ വിഭാ​ഗക്കാർക്ക് ഒപ്പം നിൽക്കുക, അല്ലെങ്കിൽ LGBTQIA+ വിഭാ​ഗക്കാർക്ക് എതിരെ നിൽക്കുക - സ്ത്രീ സമത്വത്തെ കുറിച്ച് സംസാരിക്കുക, എന്നുളളത് ഒരിക്കലും ചേർന്നുനിൽക്കുന്ന കാര്യങ്ങളല്ലല്ലോ. അതുകൊണ്ട് സ്ത്രീ-ദലിത്‌ വിരുദ്ധ ടോക്സിക് മസ്കുലിനിറ്റി വെച്ചുപുലർത്തുന്ന ആളുകൾ തന്നെയാണ് വിദ്വേഷ കമന്റുകൾക്ക് പിന്നിൽ എന്നത് വ്യക്തമാണ്. ഒരു ദിവസം കുറഞ്ഞത് പത്ത് ഹോമോഫോബിക് കമന്റുകൾ എങ്കിലും ഉണ്ടാവാറുണ്ട്. അവ മോണിറ്റർ ചെയ്യാനും നീക്കം ചെയ്യാനും ഞങ്ങൾ മറക്കാറില്ല. കാരണം മറുവശത്തിരുന്ന് ഈ വീഡിയോ കാണുന്ന ഒരു ക്വീർ വ്യക്തി ഒരിക്കലും ഈ ഹോമോഫോബിക് കമന്റ് കണ്ട് വിഷമിക്കരുത്. വേണമെങ്കിൽ കമന്റുകൾക്ക് മറുപടി നൽകാം. പക്ഷെ ഇത്തരക്കാർക്ക് വേണ്ടി എത്രനേരം നമ്മൾ നമ്മുടെ സമയവും ഊർജ്ജവും പാഴാക്കും?

വിവാഹ നിശ്ചയത്തിന് ശേഷമാണ് സ്വത്വം വെളുപ്പെടുത്തിയത്

എന്റെ സ്വത്വം 10 വർഷം മുമ്പേ വെളിപ്പെടുത്തിയ ആളാണ് ഞാൻ. എന്റെ വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞാനിത് വീട്ടിൽ പറഞ്ഞത്. അവർക്ക് പക്ഷെ എന്നെ എളുപ്പം മനസിലാക്കാൻ കഴിഞ്ഞില്ല. ലൈം​ഗികതയെ കുറിച്ചും ലൈം​ഗിക പ്രവൃത്തികളെ കുറിച്ചും ​​ഗാർഹിക ഇടങ്ങളിൽ സംസാരിച്ചു ശീലമില്ലാത്ത മലയാളി കുടുംബങ്ങളിൽ ഇതെങ്ങനെ അവതരിപ്പിക്കും എന്നൊരു ചോദ്യമുണ്ട്. സ്വവർ​ഗാനുരാ​ഗം എന്ന വാക്ക് മാധ്യമങ്ങൾ പോലും സജീവമായി ഉപയോ​ഗിച്ച് തുടങ്ങിയിട്ട് വളരെ കുറച്ചേ ആയിട്ടുളളു. സ്വവർ​ഗ രതി എന്ന വാക്ക് ഉപയോ​ഗിക്കാൻ ഞാൻ താത്പര്യപ്പെട്ടിരുന്നതുമില്ല. പിന്നീട് ഈ വിഷയത്തിൽ നിരന്തരമായുളള എന്റെ ഇടപെടലുകളിൽ നിന്ന് അവർ എന്തൊക്കെയോ തിരിച്ചറിയാൻ തുടങ്ങി. എന്റെ രാഷ്ട്രീയ ഇടപെടലുകൾ, സമരങ്ങൾ, കേസുകൾ, കഥകൾ, കവിതകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ ഒപ്പം സുപ്രീം കോടതിയുടെ വിധി കൂടി വന്ന ശേഷം അവർ എന്നെ മനസിലാക്കിത്തുടങ്ങി.

'അമോർ- ദി ട്യൂൺ ഓഫ് ലവ്'മ്യൂസിക് വീഡിയോയിൽ നിന്ന്
'അമോർ- ദി ട്യൂൺ ഓഫ് ലവ്'മ്യൂസിക് വീഡിയോയിൽ നിന്ന്

സ്വവർ​ഗാനുരാ​ഗത്തെ വെറും ശീലമായി കാണരുത്

സ്വവർ​ഗാനുരാ​ഗത്തെ ശീലം, ജീവിതശൈലി, അല്ലെങ്കിൽ ശീലക്കേട്, വിവാ​ഹ പൂർവ്വ ലൈം​ഗീകത, വിവാഹേതര ലൈം​ഗികത ഇങ്ങനെ പല രീതിയിലാണ് ആളുകൾ കണ്ടുകൊണ്ടിരുന്നത്. ഇപ്പോഴും ഒരു ശീലമെന്ന മട്ടിൽ മാത്രം മനസിലാക്കുന്നവരുണ്ട്. അതുകൊണ്ടുകൂടിയാണ് ഇപ്പോഴും ചില മാധ്യമങ്ങൾ LGBTQIA+ വ്യക്തികളുമായി ബന്ധപ്പെട്ട വാർത്തകൾ ലൈഫ്സ്റ്റൈൽ എന്ന വിഭാ​ഗത്തിൽ കൊടുക്കുന്നത്. അതുകൊണ്ടുകൂടിയാണ് ക്വീർ വാർത്തകൾ പൊളിറ്റിക്സ്, അല്ലെങ്കിൽ സെക്ഷ്വാലിറ്റി എന്നിങ്ങനെയുളള ആർക്കൈവുകളിലേയ്ക്ക് ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം എന്നൊരു ആവശ്യം ഞങ്ങൾ ഉന്നയിക്കുന്നത്. പോക്സോ കേസുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഇപ്പോഴും പ്രകൃതി വിരുദ്ധ പീഡനം എന്ന വാക്ക് ഉപയോ​ഗിക്കുന്നത് കാണാറുണ്ട്. പ്രകൃതിവിരുദ്ധം എന്നൊന്നില്ല. ആ വാക്ക് ഇനിയെങ്കിലും ഉപയോ​ഗിക്കില്ലെന്ന തീരുമാനമെടുക്കാൻ മാധ്യമങ്ങൾക്ക് കഴിയുമോ?

പൊതു ഇടങ്ങളിൽ ഹോമോഫോബിയ പറയുന്നവരുണ്ട്

ഇന്ത്യയുടെ ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ മതങ്ങളും LGBTQIA+ വ്യക്തികളോട് എതിരനുകൂല നിലപാടാണ് എടുത്തിട്ടുളളത്. മതത്തെ പ്രതിനിധീകരിക്കുന്ന ആളുകൾ പൊതു ഇടങ്ങളിൽ ഹോമോഫോബിയ പറയാറുണ്ട്. ആരും കുടുംബമായിട്ട് ജീവിക്കേണ്ടെന്നോ, ആരും കല്യാണം കഴിക്കേണ്ടെന്നോ കുടുംബ ബന്ധങ്ങളെ പൊളിച്ചെഴുതണമെന്നോ അല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആണും പെണ്ണും വിവാഹം രജിസ്റ്റർ ചെയ്ത് ജീവിക്കുന്നതുപോലെ തന്നെ കല്ല്യാണം കഴിക്കണമെന്നും കുടുംബമായി ജീവിക്കണമെന്നും ആ​ഗ്രഹമുളള LGBTQIA+ ആളുകളുമുണ്ട്. ഞാനൊക്കെ സമാന്തരമായി കുടുംബങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന് ചിന്തിക്കുന്ന ആളാണ്. LGBTQIA+ വ്യക്തികളെ മനസിലാക്കാതെയുളള മത-സാംസ്കാരിക ഇടപെടലുകളാണ് നടക്കുന്നത്. ചില സ്വത്വങ്ങളെ ബന്ധപ്പെടുത്തി വിരുദ്ധ പരാമർശങ്ങൾ നടത്തിക്കഴിഞ്ഞാൽ കേസെടുക്കാനുളള വകുപ്പുണ്ട്.

കേരളം LGBTQIA+ സൗഹാർദ സംസ്ഥാനമാണെന്ന അഭിപ്രായം എനിക്കില്ല

ആണും പെണ്ണും എന്ന ബൈനറിയ്ക്ക് പുറത്ത് നിൽക്കുന്ന വ്യക്തികളുടെ മാനസിക സങ്കർഷങ്ങളിൽ പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ദിനംപ്രതി കൂടിവരുന്ന ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാനും അത് സഹായകമാവും. സംസ്ഥാനത്തിന്റെ ജനക്ഷേമ, മാനസികാരോ​ഗ്യ പദ്ധതികളിലേയ്ക്കൊന്നും ഇപ്പോഴും LGBTQIA+ വ്യക്തികളെ ഉൾപ്പെടുത്തിയിട്ടില്ല. ചില വേദികളിൽ ചിലർ സംസാരിക്കുന്നു എന്നതിനപ്പുറം LGBTQIA+ ക്ഷേമം എന്ന ആശയം സംസ്ഥാനത്തിന്റെയോ ഇന്ത്യയുടെ തന്നെയോ ചിന്തയിലേയ്ക്ക് ഇപ്പോഴും എത്തിയിട്ടില്ല. അതിൽ രാഷ്ട്രീയവും മതവും കുടുംബവും എല്ലാം കാരണക്കാരാണ്. LGBTQIA+ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട് വന്നിട്ടുളള സുപ്രധാന വിധികളെല്ലാം മുന്നോട്ട് വെക്കുന്ന ആശയം ആർക്കും ആരുമായും ലൈം​​ഗിക ബന്ധത്തിൽ ഏർപ്പെടാമെന്നതല്ല. മാനസികാരോ​ഗ്യം, ജനക്ഷേമം, പ്രണയം, സംസ്കാരം എന്നീ വിഷയങ്ങളിലൊക്കെ ചർച്ചകളും വർത്തമാനങ്ങളും നടക്കുമ്പോൾ അതിൽ ഒരു പൗരനെന്ന നിലയിൽ LGBTQIA+ വ്യക്തികളെ ഉൾപ്പെടുത്തണമന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുളളത്. ട്രാൻസ് ജെന്റർ വ്യക്തികൾ എന്നതിനപ്പുറത്തേയ്ക്ക് LGBTQIA+ കമ്മ്യൂണിറ്റിയെ മൊത്തമായും പരി​ഗണിച്ചുകൊണ്ടുളള മാനസികാരോ​ഗ്യ- ജനക്ഷേമ പദ്ധതികളാണ് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്.

പ്രൈ​ഡ് ഒരു അനുകൂല മാറ്റം കൊണ്ടുവന്ന ആഘോഷമാണ്.

പ്രൈഡ് എന്നാൽ പ്രതിഷേധവും ആഘോഷവും ഒത്തുചേരലും എല്ലാം ചേർന്നൊരു രാഷ്ട്രീയമാണ്. കുടുംബം, കലാലയം, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലൊന്നും ഗൃഹാതുരത്വം ഇല്ലാത്തവർ എന്തുചെയ്യും? അങ്ങനെ നോക്കുമ്പോൾ പ്രൈഡ് ആഘോഷങ്ങൾ അനിവാര്യമാണ്. പല മാസങ്ങളിൽ പല ഇടങ്ങളിലായി നടക്കുന്ന ഒത്തുചേരലാണ് പ്രൈഡ് മാർച്ച്. കേരളത്തിൽ ജൂൺ മാസം മാത്രമല്ല പ്രൈഡ് ആഘോഷിക്കുന്നത്. പല ക്വീർ വ്യക്തികളും ആദ്യമായി മറ്റ് ക്വീർ വ്യക്തികളെ വലിയ എണ്ണത്തിൽ കാണുന്നത് ഈ പ്രൈഡ് മാർച്ചിലായിരിക്കാം. കേരളത്തിൽ ഒരു നിശ്ചിത കാലയളവിൽ ക്വീർ വ്യക്തികളുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ വാർത്തകൾ വരുന്നത് പ്രൈഡ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. അതുകൊണ്ട് പ്രൈ​ഡ് ഒരു അനുകൂല മാറ്റം കൊണ്ടുവന്ന ആഘോഷമാണ്.

logo
The Fourth
www.thefourthnews.in