'ജൂതമതമല്ല, ഭീകരതയാണ് ഇസ്രയേലിന്റെ ഔദ്യോഗിക മതം'|അഭിമുഖം കെ ഇ എന്‍

'ജൂതമതമല്ല, ഭീകരതയാണ് ഇസ്രയേലിന്റെ ഔദ്യോഗിക മതം'|അഭിമുഖം കെ ഇ എന്‍

ദശാബ്ദങ്ങളായി നിലനിൽക്കുന്ന വിഷയത്തില്‍ ലോകരാജ്യങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റത്തിന്‍റെ കാരണങ്ങളെക്കുറിച്ചും പലസ്തീനെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കെ ഇ എൻ ദ ഫോർത്തിനോട് സംസാരിക്കുന്നു
Updated on
6 min read

''ഇന്ന് ലോകത്ത് നടക്കുന്ന ഏറ്റവും ഗംഭീരമായ അധിനിവേശവിരുദ്ധ പോരാട്ടമാണ് പലസ്‌തീൻ വിമോചനം. ഇസ്രയേലെന്ന രാഷ്ട്രം നിലവിൽ വന്നതും അത് നിലനിൽക്കുന്നതുമുൾപ്പെടെ അവരുടെ ഔദ്യോഗിക മതം വരെ ഭീകരതയാണെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യം തിരിച്ചറിയുന്നിടത്ത് മാത്രമേ ഇസ്രയേൽ- പലസ്‌തീൻ വിഷയം പരിഹരിക്കപ്പെടുകയുള്ളൂ,'' ദശാബ്ദങ്ങളായി നിലനിൽക്കുന്ന വിഷയത്തില്‍ ലോകരാജ്യങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റത്തിന്‍റെ കാരണങ്ങളെക്കുറിച്ചും പലസ്തീനെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് ദ ഫോർത്തിനോട് സംസാരിക്കുന്നു.

ഗാസയിൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചിട്ട് 50 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ അഭിമുഖം.

Q

ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് ഇന്ന് 50 ദിവസം കഴിയുകയാണ്. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയാണ് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും വളരെ നിസ്സംഗ ഭാവത്തോടെയാണ് ലോകം അതിനോട് പ്രതികരിച്ചത്. മറുഭാഗത്ത് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ഉറച്ച നിലപാടുകൾ ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചിരുന്നു. അതെന്തുകൊണ്ടായിരിക്കും പലസ്‌തീൻ വിഷയത്തിൽ മാത്രം അങ്ങനെ?

A

ഫ്രഞ്ച് വിപ്ലവത്തിന്റെ 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന മുദ്രാവാക്യം 1990 വരെയെങ്കിലും പരിമിതികളോടെ ഔപചാരിക തലത്തിൽ ചെറുതായെങ്കിലും നിലനിന്നിരുന്നു. ഒരുപാട് പരുക്കേറ്റ്, ചോരവാർന്ന്, വിളറിയ രൂപത്തിലാണെങ്കിൽ പോലും ഈ ലിബറൽ ജനാധിപത്യ ആശയം ലോകത്തുണ്ടായിരുന്നു. അതുപോലെ രണ്ട് വൻശക്തികളെന്ന അരാഷ്ട്രീയ പ്രയോഗത്തിനപ്പുറത്ത്, വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള രണ്ട് ലോകവീക്ഷണങ്ങളും 1990 വരെ സജീവമായിരുന്നു. അന്ന് ലോകത്തെന്ത് നടക്കുമ്പോഴും നാടൻ ഭാഷയിൽ പറയുംപോലെ ചോദിക്കാനും പറയാനും ആരെങ്കിലുമുണ്ട്, ഇടപെടും എന്നൊരു തോന്നൽ എല്ലാവർക്കുമുണ്ടായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടത്തിൽ ഏറ്റവും സായുധമായ സാമ്പത്തിക- സൈനിക ശക്തിയെ ജനശക്തി കൊണ്ട് പരാജയപ്പെടുത്തിയ വിയറ്റ്നാം വിമോചന സമരം അതിനൊരു മികച്ച ഉദാഹരണമാണ്.

അന്ന് ലോകം മുഴുവൻ വിയറ്റ്നാമിന്റെ പക്ഷത്ത് ആവേശത്തോടെ അണിനിരന്നു. അമേരിക്കയിൽ പോലും വിയറ്റ്നാം അനുകൂല പ്രകടനം നടന്നു. വിയറ്റ്നാമിൽ കൊല്ലപ്പെട്ട ഓരോ സൈനികന്റെ മൃതദേഹത്തിനും അമേരിക്കയെകൊണ്ട് കണക്ക് പറയിപ്പിക്കുന്ന അവസ്ഥ പോലുമുണ്ടായി. അതുപോലെ മാധ്യമങ്ങളും ഒരുപരിധി വരെ വിയറ്റ്നാമിൽ നടന്ന സംഭവങ്ങളെ പുറംലോകത്തെത്തിച്ചു. സോഷ്യലിസ്റ്റ് ചേരി സജീവമായിരുന്ന അന്നത്തെ ബഹുധ്രുവ ലോകക്രമത്തെക്കുറിച്ചാണ് ഞാൻ ഇതിലൂടെ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ 1990നുശേഷം ലോകരാഷ്ട്രീയ ക്രമത്തിൽ വലിയൊരു അട്ടിമറി സംഭവിച്ചു. ബഹുധ്രുവ ലോകം ഏകധ്രുവമായി ചുരുങ്ങി. ആ ഏകധ്രുവ ലോകം സത്യത്തിൽ 1789ലെ ആശയങ്ങൾ റദ്ദാക്കപ്പെട്ട സാമ്ര്യാജ്യത്വ ലോകമായിരുന്നു.

ഇന്ന് ലോകത്ത് നടക്കുന്ന ഏറ്റവും ഗംഭീരമായ അധിനിവേശവിരുദ്ധ പോരാട്ടമാണ് പലസ്‌തീൻ വിമോചനം. അത് ദേശീയ വിമോചന പോരാട്ടമാണ്, അധിനിവേശ വിരുദ്ധ പോരാട്ടമാണ്, വംശഹത്യയ്‌ക്കെതിരായ പോരാട്ടമാണ്
കെ ഇ എന്‍

1789നെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് ഗീബൽസ് 1930കളിൽ പറയുന്നുണ്ട്. പക്ഷേ ഫാസിസ്റ്റുകൾക്ക് കൊടിയ മർദനമൊക്കെ നടത്താൻ പറ്റിയെങ്കിലും 'സ്വാതന്ത്ര്യം സമത്വം സാഹോദര്യം' എന്ന ആശയത്തെ പൂർണമായി ഇല്ലാതാക്കാൻ അവർക്ക് പറ്റിയിട്ടില്ല. അതിന്റെ പ്രായോഗിക നിലനിൽപ്പിനെ നിലംപരിശാക്കിയെങ്കിലും പലസ്ഥലത്തും പതുങ്ങിയും ഒളിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തെളിഞ്ഞുമൊക്കെ ഈ ആശയം നിലനിന്നിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ ക്ലാസിക്കൽ മുതലാളിത്തത്തിൽനിന്ന് നവലിബറൽ മുതലാളിത്തത്തിലേക്ക് കാര്യങ്ങൾ മാറിയതിനെത്തുടർന്ന് സാമ്രാജ്യത്വം കൂടുതൽ ശക്തമായതോടെ മുപ്പതുകളിൽ നാസികൾ ആഗ്രഹിച്ചിട്ടും ഫാസിസ്റ്റുകൾ ശ്രമിച്ചിട്ടും തുടച്ചുനീക്കാൻ കഴിയാതിരുന്ന കാര്യമാണ് സാധ്യമായിത്തീർന്നത്. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' മുദ്രാവാക്യത്തിന്റെ മൃതദേഹത്തിന് മുകളിലാണ് 'ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം' എന്ന ആശയങ്ങൾ വരുന്നത്. അതിന്റെ ഭാഗമായി ലിബറൽ മൂല്യങ്ങളുണ്ടാക്കിയ ഒരു രാഷ്ട്രീയ ബോധം, അരാഷ്ട്രീയതയ്ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്തു.

കെ ഇ എന്‍
കെ ഇ എന്‍Facebook

1980കളുടെ മധ്യത്തിൽത്തന്നെ സമൂഹമെന്ന ഒന്നില്ല, വ്യക്തികൾ മാത്രമേയുള്ളുവെന്ന് മാർഗരെറ്റ് താച്ചർ പറയുന്നുണ്ട്. ജനാധിപത്യമെന്നത് ലാഭമുണ്ടാക്കാനുള്ള ഒരുകാര്യമാണെന്ന് മിൽട്ടൺ ഫ്രീഡ്മാനും അഭിപ്രായപ്പെട്ടിരുന്നു. അതായത് 'ലോകം പോയി തുലയട്ടെ, സമൂഹം പോയി തുലയട്ടെ, എന്റെ ജീവിതം എന്റെ ആഹ്ളാദം' എന്ന സങ്കുചിത ചിന്തയിലേക്ക് കാര്യങ്ങൾ മാറി. അതിന്റെ പശ്ചാത്തലത്തിലാണ് ഇറാഖിൽ അഞ്ച് ലക്ഷം കുട്ടികൾ കൊലചെയ്യപ്പെടുന്നത്. എന്നാൽ ഈ സംഭവം അതാവശ്യപ്പെടുന്ന അർത്ഥത്തിൽ ലോകത്തിന്റെ സ്വൈര്യത കെടുത്തിയില്ല. മാത്രമല്ല അമേരിക്ക അതിന് പറഞ്ഞ ന്യായങ്ങൾക്കൊപ്പം ലോകം നിൽക്കുകയും ചെയ്തു. ഇറാഖിന്റെ അകത്തളങ്ങൾ അരിച്ചുപെറുക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്ന തരത്തിലേക്ക് ലോകമെത്തി.

വിമോചന പോരാട്ടങ്ങൾക്ക് തൊണ്ണൂറുകൾക്ക് മുൻപ് ലഭിച്ച പിന്തുണ അതിനുശേഷം ലഭിച്ചിട്ടില്ല. സാമ്ര്യാജ്യത്വവിരുദ്ധതയും ആവർത്തിക്കപ്പെട്ടില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മാത്രമായിരുന്നു ചില അപവാദങ്ങൾ. ഈ അരാഷ്ട്രീയതയുടെ ഏറ്റവും അപകടകരമായുള്ള അവതരണമാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്ന നിസ്സംഗത.

Q

ഐക്യരാഷ്ട്ര സഭയ്ക്ക് പോലും കൃത്യമായ ഇടപെടലുകൾ നടത്താൻ സാധിക്കാത്ത അവസ്ഥയല്ല നിലനിൽക്കുന്നത്?

A

പലസ്തീൻ കവി സമീഹ് അൽ ഖാസിമിന്റെ ഒരു കവിത ഈ ചോദ്യത്തിനുള്ള ഉത്തരത്തോടൊപ്പം ചേർത്ത് വായിക്കാവുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് കോട്ടും ടൈയും കെട്ടി

ഉടുത്തൊരുങ്ങി വന്ന അല്ലയോ യു എന്നിലെ മാന്യന്മാരെ,

നിങ്ങളുടെ പൊടിപാറുന്ന വിവാദങ്ങളും

കിലോമീറ്ററുകൾ നീളുന്ന പ്രസ്താവനകളും

നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളും

ഞങ്ങൾക്ക് നൽകിയത് കണ്ണീരും നെഞ്ചിടിപ്പുമാണ്,

എന്റെ രക്തം മഞ്ഞയാകുന്നു,

എന്നിലേക്കുള്ള പാലങ്ങളെല്ലാം പൊളിഞ്ഞു പോയിരിക്കുന്നു

ചുറ്റും പായൽ പടരുന്നു

കണ്ണാടിയിലേക്കും പായൽ കയറിയിരിക്കുന്നു

ഒന്നും കാണാനാവുന്നില്ല ... എന്നിങ്ങനെ തുടങ്ങി

ഈ ലോകത്തിന് അതിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു

മുഷ്ടി ഉയർത്താൻ ഞങ്ങളുടെ കൈകൾ നേരത്തെ വെട്ടിമാറ്റിയല്ലോ

എന്നീ വരികളിലാണ് ആ കവിത അവസാനിക്കുന്നത്.

സമീഹ് അൽ ഖാസിം
സമീഹ് അൽ ഖാസിം

ഇപ്പോൾ ചരിത്രവിശകലനങ്ങൾ മായ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. '2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു, അതിനുള്ള തിരിച്ചടിയാണ്, ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്' എന്നൊരു നരേറ്റീവാണ് ഇപ്പോൾ നിലനിൽക്കുന്നത്. പല പരിമിതികളുണ്ടായിരുന്നെങ്കിലും ചില പ്രശ്നങ്ങളിൽ ഐക്യരാഷ്ട്ര സഭ നേരത്തെ വളരെ ശക്തമായി ഇടപെട്ടിരുന്നു. പക്ഷേ ഇപ്പോൾ അവർ നിസ്സഹായമായിത്തീർന്നുവെന്ന് മാത്രമല്ല, അധിനിവേശ രാഷ്ട്രമായ ഇസ്രയേൽ അവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറിക്ക് വിസ നിഷേധിക്കുന്നത് മുതൽ അതേ വേദിയിൽനിന്നുകൊണ്ട് യു എന്നിനെ പാഠം പഠിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിനിധിക്ക് ആക്രോശിക്കാൻ കഴിയുന്നതുവരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇനിയെന്ത് പ്രതീക്ഷയെന്ന അവസ്ഥയിയിലാണ് ലോകം. അതേസമയം, മറുഭാഗത്ത് സർക്കാരുകളുടെ സാമ്ര്യാത്വ അരാഷ്ട്രീയ നിലപാടിനെതിരെ അതാത് രാഷ്ട്രത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. അത് ന്യൂയോർക്കിലും ബ്രിട്ടനിലും ജെറുസലേമിലുമെല്ലാം നടക്കുന്നുണ്ട്.

അറബ് രാഷ്ട്രങ്ങളിൽ പലതും അമേരിക്കയുടെ സാമ്രാജ്യത്വത്തിന്റെ സൈനികത്താവളങ്ങളുള്ള, അവരുമായി പലതരത്തിൽ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള, അവർക്ക് കീഴ്‌പ്പെട്ടുനിൽക്കുന്ന രാജ്യങ്ങളാണ്

യു എന്നിനെ ഇസ്രയേൽ എങ്ങനെയാണ് നേരിട്ടിട്ടുള്ളതെന്നത് സംബന്ധിച്ച് ലോകം ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത മറ്റൊരു സംഭവം വർഷങ്ങൾക്ക് മുൻപുണ്ടായിട്ടുണ്ട്. 1948ൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ടപ്പോൾ പലസ്തീൻ ജനതയ്ക്ക് നേരെ നടന്ന ഭീകരമായ ആക്രമണത്തിനെതിരെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് വലിയ പ്രതികരണങ്ങൾ ഉയർന്നിരുന്നു. അതിന്റെ ഭാഗമായി മേഖലയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ യു എൻ, അന്നത്തെ സ്വീഡിഷ് റെഡ്‌ക്രോസിന്റെ വൈസ് ചെയർമാനായിരുന്ന ഫോൾക്ക് ബെർണാഡോട്ടയെ ഇസ്രയേലിലേക്ക് അയച്ചു. പതിനായിരക്കണക്കിന് ജൂതരെ നാസികളിൽനിന്ന് രാഷ്ട്രീയമായി രക്ഷിച്ചെടുക്കാൻ നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു ബെർണാഡോട്ട. അതുകൊണ്ടുതന്നെ ജൂതസമൂഹത്തിനിടയിലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഇസ്രയേലിലെത്തിയ അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കാൻ ഏതൊക്കെ തരത്തിലാണ് ഇടപെടേണ്ടത് എന്ന നിർദേശങ്ങളടങ്ങിയ റിപ്പോർട്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ സമർപ്പിച്ചിരുന്നു.

പക്ഷേ ഈ റിപ്പോർട്ട് കലക്കാൻ വേണ്ടി 'ലേഹി' എന്ന ജൂതഭീകര സംഘടന 1948 സെപ്റ്റംബർ 17ന് ബെർണാഡോട്ടയെ കൊലപ്പെടുത്തി. അതിനെതിരെ വലിയ പ്രതിഷേധമുണ്ടായപ്പോൾ ഇരുനൂറോളം ലേഹി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിലും അവർക്ക് ജയിലിനുള്ളിൽ സകല സൗകര്യങ്ങളും ഇസ്രയേൽ ഏർപ്പെടുത്തി. ബിൽക്കിസ് ബാനു കേസിലെ പോലെ പിന്നീട് അവരെ എല്ലാം സ്വതന്ത്രരാക്കുകയും രാഷ്ട്രരൂപീകരണത്തിൽ വലിയ പങ്കാണ് ഇവർ വഹിച്ചതെന്ന രീതിയിൽ അവരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തുകയുമാണുണ്ടായത്. അതുമാത്രമല്ല, ബെർണാഡോട്ടയെ വെടിവച്ചുകൊന്ന ലേഹി ഭീകരനെ മെനാച്ചിൻ ബെഗിന്റെ അംഗരക്ഷകനാക്കുകയും ചെയ്തു. ഒപ്പം ഇതിൽ ഉൾപ്പെട്ട ആളുകളൊക്കെ പിൽകാലത്ത് ഇസ്രയേൽ രാഷ്ട്രീയത്തിന്റെ ഉന്നതപദവിയിലേക്ക് ഉയർത്തപ്പെടുകയുമുണ്ടായി.

മുൻപ് അനുകൂലിച്ചിരുന്നവരിൽ ഒരു വലിയ വിഭാഗം പലസ്തീന്റെ നിസ്സഹായതയെയായിരുന്നു പിന്തുണച്ചിരുന്നത്. അവിടെനിന്ന് മാറി പ്രതിരോധത്തിന്റെ കരുത്ത് പലസ്‌തീൻ കാണിച്ചപ്പോൾ അത് അക്കൂട്ടരെ പരിഭ്രാന്തരാക്കി

അങ്ങനെ, സമാധാന ദൗത്യത്തിന് നേതൃത്വം നൽകിയ യു എൻ പ്രതിനിധിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭീകര സംഘടനയ്ക്ക് എല്ലാവിധ അംഗീകാരവും നൽകിയ ഭീകര ഭരണമാണ് ഇപ്പോഴും ഐക്യരാഷ്ട്രസഭയെ വെല്ലുവിളിക്കുന്നതെന്ന വസ്തുത ഇപ്പോഴും ആരും ഓർക്കാറില്ല. അന്ന് ആ റിപ്പോർട്ട് നടപ്പിലായിരുന്നെങ്കിൽ പിന്നീട് സംഘർഷത്തിന്റെ ഒരു ലാഞ്ചന പോലും ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഇസ്രയേൽ- പലസ്തീൻ എന്നീ രാഷ്ട്രങ്ങൾ ഏറെക്കുറെ സൗഹൃദത്തോടെ നിലനിൽക്കുന്ന പുതിയ രാഷ്ട്രീയ സന്ദർഭം ലോകത്തുണ്ടാകുമായിരുന്നു.

Q

ഇസ്രയേൽ സ്ഥാപിതമാകുമ്പോൾ വളരെ വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയ അറബ് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് പോലും വേണ്ട രീതിയിൽ ഇടപെടലുകൾ ഉണ്ടാകുന്നില്ലല്ലോ?

A

അറബ് രാഷ്ട്രങ്ങളിൽ പലതും അമേരിക്കയുടെ സാമ്രാജ്യത്വത്തിന്റെ സൈനികത്താവളങ്ങളുള്ള, അവരുമായി പലതരത്തിൽ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള, അവർക്ക് കീഴ്‌പ്പെട്ടുനിൽക്കുന്ന രാജ്യങ്ങളാണ്. സാമ്രാജ്യത്വ വിധേയത്വത്തിലാണ് അവർ നിലനിൽക്കുന്നതെന്ന പരിമിതി അവർക്കുണ്ട്. പക്ഷേ അത് നിലനിൽക്കാൻ പോകുന്നില്ല. കാരണം അറബ് രാജ്യങ്ങളിൽ ഉയർന്നുവരുന്ന സാമ്രാജ്യത്വ- സയണിസ്റ്റ് വിരുദ്ധ പ്രതിഷേധത്തെ ഇനിയും പൂർണമായി അവഗണിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഇസ്രയേലിനെതിരെ പരിമിതമായ നിലപാടുകളെങ്കിലും അവർക്ക് എടുക്കേണ്ടിവന്നത്.

ലണ്ടനിലെ പലസ്തീന്‍ അനുകൂല പ്രതിഷേധം
ലണ്ടനിലെ പലസ്തീന്‍ അനുകൂല പ്രതിഷേധം
Q

മുൻപെങ്ങും ഇല്ലാത്ത തരത്തിൽ 'ഇസ്രയേൽ ആരാധകർ' പെരുകിയ സാഹചര്യം കേരളത്തിലുൾപ്പെടെ ഇന്ത്യയിലെമ്പാടും കാണാൻ കഴിയുന്നുണ്ടല്ലോ. എന്താകും ഇതിനുപിന്നിലുള്ള കാരണം?

A

അതിനു പല കാരണങ്ങളുണ്ട്. നിസ്സഹായത തന്നെ നിലപാടായി മാറുന്ന, ഒരുപാട് പലസ്തീനികളുടെ രക്തസാക്ഷിത്വത്തിന് ഇടവരുത്തിയ പ്രതിരോധമായിരുന്നു മുൻപൊക്കെ പലസ്തീന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അതായത് ഇസ്രയേൽ എന്ന അധിനിവേശ രാഷ്ട്രത്തെ കാര്യമായി പോറലേൽപ്പിക്കാൻ പലസ്തീന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തമായി, അമേരിക്കയുടെ കയ്യിൽനിന്ന് ഏറ്റവുമധികം സൈനിക സഹായം ലഭിക്കുന്ന രാഷ്ട്രവും 'Mr. Security man' എന്നറിയപ്പെടുന്ന, ഇസ്രയേലിനെ ഏതാക്രമണത്തിൽനിന്ന് രക്ഷിക്കുമെന്ന് കരുതിയിരുന്ന ബെഞ്ചമിൻ നെതന്യാഹുവും ഹമാസിന്റെ ആക്രമണത്തിൽ മുന്നിൽ ഇത്തവണ പതറിപ്പോയി.

അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നിലേക്ക് നമ്മുടെ നാട്ടിലെ ദലിതുകൾ തീവ്രമായി വരുമ്പോൾ അതുവരെ പിന്തുണച്ചിരുന്നവരിൽ ഒരുവിഭാഗം പിന്നോട്ട് പോകാറുണ്ട്. സമാനമാണ് പലസ്തീന്റെ കാര്യത്തിലും സംഭവിച്ചത്. മുൻപ് അനുകൂലിച്ചിരുന്നവരിൽ ഒരു വലിയ വിഭാഗം പലസ്തീന്റെ നിസ്സഹായതയെയായിരുന്നു പിന്തുണച്ചിരുന്നത്. അതുമാറി പ്രതിരോധത്തിന്റെ കരുത്ത് പലസ്‌തീൻ കാണിച്ചപ്പോൾ അതവരെ പരിഭ്രാന്തരാക്കി. ഇതാണ് ആദ്യത്ത കാരണം.

കേരളമൊരു ജാതി- ജന്മി നാടുവാഴിത്വ നാടാണെന്ന് ഇ എം എസ് എഴുതിയിരുന്നു. അവിടെ നിന്ന് ജാതി- ജന്മി-നാടുവാഴിത്വ- പുരുഷാധിപത്യ- ഇസ്ലാമോഫോബിക് നാടെന്ന് കേരളത്തെ വിശേഷിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്

രണ്ടാമത്തെ കാരണമെന്ന് പറയുന്നത്, 2023 ഒക്ടോബർ ഏഴുമുതലാണ് പലസ്‌തീൻ പ്രതിരോധം, ഇസ്രയേൽ അധിനിവേശം എന്നിവ ആരംഭിച്ചത് എന്ന മട്ടിലുള്ള സാമ്ര്യാജ്യത്വത്തിന്റെ നരേറ്റിവാണ്. ചരിത്രബോധം കുറയുന്ന ഒരു സാമൂഹ്യക്രമത്തിൽ ഈ നരേറ്റിവ് എളുപ്പം മേൽക്കൈ നേടും. അവിടെ മാധ്യമങ്ങളുടെ ഇടപെടലൊക്കെ വളരെ പ്രധാനമാണ്. ഇസ്രയേലെന്ന രാഷ്ട്രം നിലവിൽ വന്നത് ഭീകരതയിലൂടെയാണെന്നും അതുനിലനിൽക്കുന്നത് ഭീകരതയിലൂടെയാണെന്നും അതിന്റെ ഔദ്യോഗിക മതം ജൂതമതല്ല, ഭീകരതയാണെന്നും തിരിച്ചറിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും. പക്ഷേ അതത്ര എളുപ്പം തിരിച്ചറിയപ്പെടില്ല.

നമ്മുടെ നരേറ്റിവുകൾ 'യെസ്-നോ, ശരി- തെറ്റ്, ബ്ലാക്ക്- വൈറ്റ്' ഈ ദ്വന്തങ്ങളിലാണ് സ്തംഭിച്ചുനിൽക്കുന്നത്. മേൽക്കോയ്മയ്ക്ക് സഹായകമായ വാർപ്പുമാതൃകയാണ് ഈ ബൈനറി. പലസ്തീന്റെ പ്രതിരോധം സത്യത്തിൽ ഇത്തരം സ്റ്റീരിയോടൈപ്പുകൾക്ക് എതിരെ കൂടിയാണ്.

ഇന്ത്യയുടെ കാര്യമെടുത്താൽ സ്വാതന്ത്ര്യസമരകാലത്തുതന്നെ പലസ്തീൻ പോരാളികൾക്കൊപ്പമാണ്. 1939ൽ പലസ്‌തീൻ ദിനം ആചരിച്ച ഒരു രാഷ്ട്രമാണ് ഇന്ത്യ. സയണിസ്റ്റുകൾ മഹാത്മാ ഗാന്ധിയെ പലരീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. ഇന്ന് ഇവിടെ ഒരു നവ ഫാസിസ്റ്റ് രാഷ്ട്രീയമുണ്ട്. ഗാന്ധിയൻ, ലിബറൽ ആശയങ്ങളെ നിരാകരിക്കുന്ന നവ ഫാസിസമെന്ന് പറയുന്നത് സയണിസത്തോടും സാമ്ര്യാജ്യത്വത്തോടും ചേർന്നുനിൽക്കുന്ന ഒന്നാണ്. സാമ്ര്യാജ്യത്വ- സയണിസ്റ്റ്- ഫാസിസ്റ്റ് അച്ചുതണ്ട് ലോകത്ത് നിലവിൽ വന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ സമീപനത്തെയും നോക്കികാണേണ്ടത്.

Q

ഭരണകൂടത്തിനപ്പുറത്തേക്ക് സാധാരണക്കാർക്കിടയിലും ഇസ്രയേൽ പക്ഷക്കാർ ഏറിവരുന്നുണ്ടല്ലോ? സമൂഹമാധ്യമങ്ങളിൽ ഇത് പ്രകടവുമാണ്. അതിൽ ഹിന്ദുത്വയ്ക്ക് പങ്കുണ്ടോ?

A

1960കളിലാണ് എഡ്‌വേഡ്‌ സെയ്ദ് കൊളംബിയ സർവകലാശാലയിൽ താരതമ്യ ശാസ്ത്ര പ്രൊഫസറായി ചുമതലയേറ്റെടുക്കുന്നത്. അദ്ദേഹമൊരു അറബ്- ക്രിസ്ത്യനാണ്. അറുപതുകളുടെ അവസാനം വരെയും അമേരിക്കയിൽ അക്കാദമിക കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടാണ് അദ്ദേഹം ഇടപെടലുകൾ നടത്തിയിരുന്നത്. എഡ്മണ്ട് വിൽ‌സൺ, ഇസ ബെർലിൻ തുടങ്ങിയ ആളുകളായിരുന്നു എഡ്‌വേഡ്‌ സെയിദിന്റെ അക്കാലത്തെ എഴുത്തുകളിൽ കണ്ടിരുന്ന പ്രധാനപ്പെട്ട എഴുത്തുകാർ. അവരുടെയൊക്കെ കൃതികളിൽ അറബുകൾ പ്രതിനിധീകരിക്കപ്പെട്ടത് പെറ്റുപെരുകുന്ന, സംസ്കാരമില്ലാത്ത നാടോടി ജനവിഭാഗങ്ങളായാണ്. പ്രിയപ്പെട്ട എഴുത്തുകാർ ആയിരുന്നെങ്കിലും ഈ വിഷയങ്ങൾ നോട്ട് ചെയ്തിരുന്ന സെയ്ദ്, അവരെ പ്രോ- ഇസ്രയേലികളെന്ന തരത്തിലല്ല ഫനാറ്റിക് സയണിസ്റ്റുകളായാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ അപ്പോഴും പലസ്‌തീൻ പ്രതിരോധപക്ഷത്തേക്ക് അദ്ദേഹം എത്തിയിരുന്നില്ല. എന്നാൽ 1967ലെ 'സിക്സ് ഡേയ്സ് യുദ്ധ'ത്തോട് കൂടി തന്റെ പഴയ ലോകം ഇടിഞ്ഞുപൊളിഞ്ഞ് വീണു, അതോടുകൂടി തന്റെ കണ്ണുതുറന്നുവെന്ന് എഡ്‌വേഡ്‌ സെയ്ദ് പറയുന്നുണ്ട്.

എഡ്‌വേഡ്‌ സെയ്ദ്
എഡ്‌വേഡ്‌ സെയ്ദ്

ഞാൻ പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചാൽ, നമ്മൾ പലരും കരുതുന്നപോലെ 2001 സെപ്റ്റംബർ 11ന് ശേഷമല്ല ഇസ്ലാമോഫോബിയ രൂപപ്പെടുന്നത്. അധിനിവേശവിരുദ്ധ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കുരിശുയുദ്ധ കാലം മുതൽ ഇസ്ലാമോഫോബിയ ഉണ്ടായിട്ടുണ്ട്. ഏകധ്രുവ ലോകത്തിൽ, പ്രത്യേകിച്ചും വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തോട് കൂടി അതിന് വലിയ പ്രചാരം ലഭിച്ചുവെന്ന് മാത്രം. കേരളമൊരു ജാതി- ജന്മി നാടുവാഴിത്വ നാടാണെന്ന് ഇ എം എസ് എഴുതിയിരുന്നു. അവിടെ നിന്ന് ജാതി- ജന്മി-നാടുവാഴിത്വ- പുരുഷാധിപത്യ- ഇസ്ലാമോഫോബിക് നാടെന്ന് കേരളത്തെ വിശേഷിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. കളമശേരി സംഭവമൊക്കെ അതാണ് സൂചിപ്പിക്കുന്നത്.

Q

'പലസ്തീനെ പിന്തുണയ്ക്കുന്നുണ്ടോ എന്നതാണ് മനുഷ്യനാകുന്നതിന്റെ അളവുകോൽ' എന്ന മാഷിന്റെ പ്രസ്താവന അടുത്തിടെ വൈറൽ ആയിരുന്നു. അങ്ങനെ പറയാൻ ഉണ്ടായ സാഹചര്യം?

A

അതായത് മാനവികതയ്ക്ക് ഓരോ ചരിത്രഘട്ടവും പുനർനിർവചനങ്ങൾ നൽകികൊണ്ടിരിക്കും. കാരണം മാനവികത നിശ്ചലമായൊരു പരികല്പനയല്ല. പുതിയ പലതും അതിലേക്ക് ഉൾകൊണ്ടുകൊണ്ടിരിക്കും. അതിന്റെ പൊരുൾ അടിസ്ഥാനപരമായി നിലനിൽക്കുമ്പോൾ തന്നെ അതിലേക്ക് കൂടുതൽ പ്രകാശം നൽകുന്ന, കൂടുതൽ ദൃഢമാക്കുന്ന കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടാണ് മാനവിക ആധുനികമായി മാറുന്നത്. 'മനുഷ്യനാണ് മാനദണ്ഡം, മനുഷ്യനാണ് കേന്ദ്രം' എന്ന കാഴ്ചപ്പാടാണ് 19-ാം നൂറ്റണ്ടിലെ മാനവികത മുന്നോട്ടുവച്ചത്. അതേസമയം പ്രകൃതി- മനുഷ്യ ബന്ധത്തെ പരമമായി പരിഗണിക്കുന്ന ഒരു പുതിയ മാനവികതയാണ് നമ്മുടെ കാലത്ത് ഉയർന്നുവന്നത്. അതോടൊപ്പം തന്നെ അധിനിവേശ വിരുദ്ധത, മാനവികതയുടെ ആത്മാവായി തീരേണ്ടതും തൊണ്ണൂറുകൾക്ക് ശേഷമുള്ള അനിവാര്യതയാണ്.

അങ്ങനെ നോക്കുമ്പോൾ ഇന്ന് ലോകത്ത് നടക്കുന്ന ഏറ്റവും ഗംഭീരമായ അധിനിവേശവിരുദ്ധ പോരാട്ടമാണ് പലസ്‌തീൻ വിമോചനം. അത് ദേശീയവിമോചന പോരാട്ടമാണ്, അധിനിവേശവിരുദ്ധ പോരാട്ടമാണ്, വംശഹത്യയ്‌ക്കെതിരായ പോരാട്ടമാണ്. അതുകൊണ്ടുതന്നെ നമ്മുടെ കണ്മുന്നിൽ ഒരു രാഷ്ട്രത്തെയും അവിടുത്തെ ജനതയെയും ഭീകരമാംവിധം തുടച്ചുനീക്കുന്ന കാലത്ത് ഞാനൊന്നും കണ്ടില്ല, ഞാനൊന്നും കേട്ടില്ല, ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന രീതിയിലുള്ള നിസ്സംഗമായ നിലനിൽപ്പ് നമ്മുടെ മാനവിക മൂല്യങ്ങളുടെ ചോർച്ചയ്ക്ക് ഇടവരുത്തും. അതുകൊണ്ട് ഇക്കാലത്ത് മനുഷ്യനാവുക എന്നതിന്റെ പ്രാഥമികമായ അർഥം പലസ്‌തീൻ പ്രക്ഷോഭത്തോടൊപ്പം ഇടറാതെ ഉറച്ചുനിൽക്കുകയെന്നത് മാത്രമാണ്.

logo
The Fourth
www.thefourthnews.in