മനുഷ്യൻ എങ്ങോട്ടാണ് വളരുന്നത്?

മനുഷ്യൻ എങ്ങോട്ടാണ് വളരുന്നത്?

സഖിയെക്കാള്‍ വലുതാണ് ബാല്യകാലസഖി. അതിരറ്റ ലോകത്തിന്റെ സഖിയാണവള്‍. കവിയും നിരൂപകനുമായ കൽപ്പറ്റ നാരായണൻ ബാല്യകാലസഖിയെ കുറിച്ച് എഴുതുന്നു
Updated on
4 min read

'ഒന്നരക്കാലൻ മജീദ് ! സുഹ്‌റ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അരക്കാലിന്റെ കഷണത്തിൽ കണ്ണീരോടെ ചുംബിക്കും. പണ്ട്... ഓർത്തപ്പോൾ മജീദിന് ചിരി വന്നു. ഉമ്മിണി വല്യ ഒന്ന്."

ക്ലാസ്സിൽ മജീദിന്റെ പേരായിരുന്നു അത്.'ഉമ്മിണി വല്യ ഒന്ന്.' കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെ ഒരങ്കലാപ്പാണ്. ഒന്നും ഒന്നും എത്രയാണ് എന്നധ്യാപകൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി അവനെ കുപ്രസിദ്ധനാക്കി. 'അദ്‌ഭുതകരമായ ആ ഉത്തരത്തിന്റെ പ്രതിഫലമെന്നോണം ആറ് ചുട്ട അടി മജീദിന്റെ കൈവെള്ളയിൽ വച്ചുകൊടുത്തിട്ട് എല്ലാംകൂടി സാമാന്യം വലിയ ഒരടിയായി വിചാരിച്ചുകൊള്ളുവാൻ' അധ്യാപകൻ മജീദിനോട് പറയുകയും ചെയ്തു. അതിന് ശേഷം സഹപാഠികൾ തമ്മാമ്മൽ 'ഉമ്മിണി വല്യ ഒന്ന്' എന്നാണ് പറയുക. ആ പരിഹാസവും അതിന് കാരണമായ സംഗതിയും മജീദിനെ വളരെ വേദനിപ്പിച്ചു. എന്നിട്ടും കണക്കുകൾ തെറ്റിക്കൊണ്ടിരുന്നു. വളരെയേറെ അടിയും കൊണ്ടു. 'ഉമ്മിണി വല്യ ഒന്ന്' എന്ന പരിഹാസപ്പേര് ഉറയ്ക്കുകയും ചെയ്തു. സഹിക്കാൻ കഴിയാതായപ്പോൾ സംഗതികളൊക്കെ മജീദ് സുഹ്റയോട് പറഞ്ഞു. ഉമ്മിണി വല്യ ഒന്ന് ആയശേഷം ആരോടും മിണ്ടാറില്ലായിരുന്ന ഏകാകിയായ മജീദിന്റെ അടുത്തേക്ക് അവൾ സ്ഥലംമാറിയിരുന്നു. അതോടെ മജീദിന് അടികൊള്ളാതായി. അവളവന് കണക്കുകാട്ടിക്കൊടുത്തു.

പതിമൂന്നു കുഞ്ചധ്യായങ്ങൾ മാത്രമുള്ള ബാല്യകാലസഖി എന്ന ചെറുനോവലിൽ പത്തോളം തവണഈ വാക്യം ആവർത്തിക്കുന്നുണ്ട്. ജീവിതത്തിൽ അവൻ പറഞ്ഞ ഏറ്റവും വ്യാപ്തിയുള്ള, സൗന്ദര്യമുള്ള വാക്യമായിരുന്നു അത്

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ

അവൻ പകർത്തികഴിഞ്ഞ് ഇരുന്നതിനു ശേഷം മാത്രം അവളിരുന്നു. 'അമ്പടാ, ഞാൻ വിചാരിച്ചപോലെ നിന്റെ തലയ്ക്കുള്ളിൽ മുഴുവൻ കളിമണ്ണല്ല.' അവനായി ക്രമേണ ക്ലാസിൽ ഒന്നാമൻ. അവർക്കിടയിലെ രഹസ്യബന്ധത്തിന്റെ, അവന്റെ മേൽ അവൾക്കുള്ള ഗൂഢമായ അവകാശത്തിന്റെ അടയാളവാക്യംപോലെ അവരുടെ ജീവിതത്തിൽ ആ വാക്യം പ്രവർത്തിച്ചു. പതിമൂന്നു കുഞ്ചധ്യായങ്ങൾ മാത്രമുള്ള ബാല്യകാലസഖി എന്ന ചെറുനോവലിൽ പത്തോളം തവണഈ വാക്യം ആവർത്തിക്കുന്നുണ്ട്. ജീവിതത്തിൽ അവൻ പറഞ്ഞ ഏറ്റവും വ്യാപ്തിയുള്ള, സൗന്ദര്യമുള്ള വാക്യമായിരുന്നു അത്. താർക്കോവ്സ്കിയുടെ 'നോസ്റ്റാൾജിയ'യിൽ രണ്ടു തുള്ളികൾ ചേർന്ന് വലിയ ഒരു തുള്ളിയാവുന്നു എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. ആ സിനിമയുടെ വ്യാപ്തി, 'നൊസ്റ്റാൾജിയ'യുടെ ഉറവിടം ആ വാക്യത്തിലുള്ളതായും തോന്നി. ബാല്യകാലസഖിയെന്ന മലയാളിയുടെ നൊസ്റ്റാൾജിയയുടെ ആധാരവാക്യവും ഇതാണ്. മറ്റാർക്കുമുൾക്കൊള്ളാൻ കഴിയാത്ത ഒരു സൗന്ദര്യം അവർ പങ്കിട്ടിരുന്നു. മധുരമായ ഒരദ്വൈതം അവരനുഭവിച്ചു. വളരണ്ടായിരുന്നു എന്നവരെ തോന്നിപ്പിച്ച ജീവിതത്തിൽ, അവർ ഇടയ്ക്കിടെ ഈ വാക്യത്തിൽ മടങ്ങിവന്നു. അവർ അവരുടെ വിജയങ്ങൾ മാത്രമായിരുന്ന കാലത്തിന്റെ ആധാരവാക്യമായിരുന്നു അത്. പ്രായോഗിക ഗണിത മനസുകൾക്ക് മനസിലാവാത്ത അത്, അവൾ മറക്കാതിരുന്ന ആ വാക്യം, അവനോട് പറയുന്നു; സുഹ്‌റ ഒരിക്കലും അവനെ ചെറുതായി കാണുകയില്ല. ബാക്കിയുള്ള അരക്കാലിന്റെ കഷണത്തില്‍ കണ്ണീരോടെ ചുംബിക്കും. അവന്‍ അവന്റെ ഉണ്മയായിരുന്നു. അവന്റെ പോരായ്മയായിരുന്നില്ല അവള്‍ക്ക്. അവന്‍ അവള്‍ക്കൊഴികെ സകലര്‍ക്കും അവന്റെ പോരായ്മകളായിരുന്നു.

സുഹ്‌റയുടെ ജീവിതകഥയിലാണ് മജീദേറ്റവും മിഴിവോടെ ജീവിച്ചത്.. അവിടെ അവന്‍ അവന്റെ സാധ്യതകളായിരുന്നു. സുഹ്‌റ കൂടെയുള്ളപ്പോള്‍ അവന്‍ അരമന പണിയാനാഗ്രഹിച്ച കുന്നിന്‍ പുറത്തുനിന്ന് ദുരേക്ക് നോക്കിയപ്പോഴാണ് ആ അത്ഭുത സത്യം ഗ്രഹിച്ചത്. രണ്ടു പുഴകള്‍ ഒലിച്ചു ചേര്‍ന്ന് വലിയ ഒന്നായിത്തീരുന്നു. 'ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്ന്'. ഒന്നും ഒന്നും ഗ്രഹിക്കാതെ ഒന്നും ഒന്നും രണ്ട് എന്ന് ആഘോഷത്തോടെ ജീവിച്ചവര്‍ക്കിടയില്‍ അവനെന്നും അപരിചിതനായിരുന്നെങ്കിലും അവള്‍ക്കവന്‍ അപരിചിതനായിരുന്നില്ല. ക്ലാസില്‍ ആ വേദാന്തിയെ അവള്‍ തുണച്ചു; മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരനാവുന്നതില്‍ നിന്ന് രക്ഷിച്ചു. അന്ന് അവന്‍ കയറിനിന്ന ഏറ്റവും വലിയ ഉയരത്തിന്റെ ചുവട്ടില്‍ നിന്ന് അവള്‍ വിളിച്ചു ചോദിച്ചു. അവിടെ നിന്നാല്‍ മെക്ക കാണാമോ? മെക്കയും കാണാം മദീനേം കാണാം, അവന്‍ മറുപടി പറഞ്ഞു. സുഹ്‌റ താഴെ നിന്നതിനാലാണ് അവനത്ര അകലേക്ക് കണ്ണെത്തിയത്. അവള്‍ അവന്റെ സീമകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

ബാല്യകാലസഖി (കവർ)
ബാല്യകാലസഖി (കവർ)

അവരുടെ അനന്തമായ രാജ്യം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ 'നാം വളരേണ്ടായിരുന്നു' എന്നവള്‍ പില്‍ക്കാലത്ത് പറയുന്നുണ്ട്

മജീദെന്ന രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയായിരുന്നു അവള്‍. സമൂഹചരിത്രത്തിന്റെ ബാല്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിന്റെ ബാല്യത്തിലും രാജകുമാരനും രാജകുമാരിയുമുണ്ടല്ലോ. അവനുവേണ്ടി അവള്‍ തന്റെ ആജന്മമായ ആയുധങ്ങള്‍ ത്യജിച്ചു. നഖങ്ങള്‍ മുറിച്ചു. രാജകുമാരികള്‍ പിച്ചുകയോ മാന്തുകയോ ചെയ്യരുതെന്ന നിബന്ധന പാലിച്ചു. തന്നിലെ വേട്ടക്കാരിയുടെ മുദ്രകള്‍ ചരിത്രത്തില്‍ സ്ത്രീ എന്നോ പുരുഷന്റെ വീട്ടുകാരിയാവാന്‍ ത്യജിച്ചപോലെ ചെടികളും ചുമന്ന് അവന്റെ ഉദ്യാനത്തിലേക്ക് അവള്‍ നടന്നിട്ടുണ്ട്. അവനെ 'സുഹ്‌റാ ഞാന്‍ മരിച്ചുപോകും' എന്ന് കരയിച്ചുകൊണ്ടിരിക്കുന്ന വേദനയില്‍ അവള്‍ ചുംബിച്ചിട്ടുണ്ട്. അവനെന്തെങ്കിലും രോഗം വന്നപ്പോഴൊക്കെ അവന്റെ കിടയ്ക്കക്കടുത്തുനിന്ന് അവള്‍ മാറിയിട്ടില്ല. സ്വന്തം വേദനകള്‍ അവന്‍ അവളോട് മാത്രമെ പറഞ്ഞുള്ളൂ. മുതിര്‍ന്നപ്പോഴും വേദന വേദനകളായി മജീദ് സുഹ്‌റയോട് മാത്രമെ പറഞ്ഞുള്ളൂ. മറ്റുള്ളവരോടൊക്കെ മജീദ് വേദനകളെ ഫലിതമാക്കി വിവര്‍ത്തനം ചെയ്ത് ബഷീറിനെപോലെ പറഞ്ഞു.

അവരുടെ അനന്തമായ രാജ്യം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ 'നാം വളരേണ്ടായിരുന്നു' എന്നവള്‍ പില്‍ക്കാലത്ത് പറയുന്നുണ്ട്. സുഹ്‌റ താന്‍ നട്ടുനനച്ച് വളര്‍ത്തിയ പനിനീര്‍ ചെടിയെക്കുറിച്ച് മജീദിന്റെ സഹോദരിമാരോട് ചോദിച്ചപ്പോള്‍, ' ഇതു പണ്ടുമുതല്‍ക്കെ ഇവിടെയുണ്ടായിരുന്നതല്ലേ' എന്ന് അവളുടെ പങ്ക് നിഷേധിച്ചുകൊണ്ടുള്ള കഠിനമായ ഉത്തരമാണ് കിട്ടിയത്. ആ വാക്യം തന്റെ പങ്ക് നിഷേധിക്കുന്നതായിരുന്നുവെങ്കിലും തന്റെ പങ്കിനെ ഓര്‍മ്മിക്കാന്‍ കഴിയാത്തത്ര മുന്‍പുള്ളതാക്കി ശാശ്വതമാക്കുകൂടിയല്ലേ ചെയ്യുന്നത്? ' സുഹ്‌റ അതിനെ എതിര്‍ക്കുകയല്ല, പണ്ടുമുതല്‍ക്കെ എല്ലാം ഉള്ളതായിരുന്നില്ലേ? സുഹ്‌റയെക്കുറിച്ചുള്ള ഓര്‍മ്മകളെക്കുറിച്ച്, അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ യുഗങ്ങള്‍ കഴിഞ്ഞു പോവുന്നുവെന്നാണ് മജീദ് പറയുന്നത്. യുഗങ്ങളെ ചെറിയ കാലയളവാക്കുന്ന സുഹ്‌റയ്ക്ക് മജീദ് അവന്റെ ചെറുവൈകല്യം മാത്രമായിരിക്കുകയില്ല. 'ഒന്നരക്കാലന്‍ മജീദ്... സുഹ്‌റ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല' കോങ്കണ്ണന്‍ എന്നും ചെകിടന്‍ എന്നും ചട്ടുകാലന്‍ എന്നും വ്യക്തികളെ അവരുടെ വൈകല്യങ്ങളായി മാത്രം കാണുന്ന ലോകരില്‍ അവള്‍ പെടില്ല. ക്ലാസില്‍ തന്നെ ജനസമക്ഷം ഒന്നാമനാക്കിയ- 'എന്നിട്ടേ അവള്‍ ഇരുന്നുള്ളൂ' - ഒരാള്‍ , ഒരു പക്ഷെ, തന്നെ തന്റെ വ്യാപ്തിയില്‍ അറിഞ്ഞ ഒരേയൊരാള്‍, ഭൂമിയില്‍ ഇല്ലാതായപ്പോള്‍ വന്നു ചേര്‍ന്ന ആത്മീയം കൂടിയായ അനാഥത്വമാണ് മജീദിന്റെ ദുരന്തം. ലോകാരംഭം മുതലുള്ള തുണയാണ് മജീദിന് നഷ്ടമായത്. എത്രയോ മുന്‍പ് തന്നെ അവള്‍ ഉണ്ടായിരുന്നതല്ലേ.? അയാളിപ്പോള്‍ വെറും ഒന്നരക്കാലന്‍ മജീദാണ്. അവളുടെ അഭാവത്തില്‍ മജീദ് അവന്റെ പോരായ്മകള്‍ മാത്രമായിരുന്നല്ലോ. എന്നും!

ബാല്യകാല സഖിയിലെ എല്ലാ നെടുവീര്‍പ്പുകളുടെയും അര്‍ത്ഥം അതായിരുന്നു 'വളരരുതായിരുന്നു'. വളരുന്നത് ദാരിദ്ര്യത്തിന്റെ അസമത്വത്തിന്റെ നെറികെട്ട ലോകത്തെക്കാണ്. 'ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരതത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചുകളയുന്നു. അങ്ങനെ ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചുകളയുന്നു. അങ്ങനെ ശരീരവും ഹൃദയവും ആത്മാവും നശിച്ച നാനാജാതികളായ ലക്ഷോപലക്ഷം മനുഷ്യര്‍.' വളരുന്നത് ദുരിതങ്ങള്‍ പെരുകുന്ന ഒരുസ്വതന്ത്ര ഭാരതത്തിലേക്കാണ്. വളരുതോറം സത്യത്തില്‍ നാം അനാഥരാവുകയാണ്. തന്റെതായിരുന്ന ഒരു രാജ്യം പതുക്കെ അന്യരുടെതായി തീരുന്നതിന്റെ കഥയാണ് അക്കാലത്തെ സ്വാതന്ത്ര്യ ബോധമുള്ള ഭാരതീയന്റെ ജീവിത കഥ. ലോകം തന്റേതായിരുന്ന കാലത്തെ തന്റെ രാജകുമാരിയായിരുന്നു സുഹ്‌റ. ആ രാജകുമാരന്റെ ആജ്ഞകള്‍ സ്വന്തം ആഗ്രഹങ്ങളായി ആ രാജകുമാരി ആനന്ദത്തോടെ അനുഭവിച്ചു.

ആദ്യ ആറ് അധ്യായങ്ങള്‍ മലയാളത്തിലെ ഏറ്റവും മികച്ച നോവലിന്റെ ആദ്യ ആറ് അധ്യായങ്ങള്‍ ആയിരുന്നുവെങ്കിലും പിന്നീടതങ്ങനെയല്ല

സഖിയെക്കാള്‍ വലുതാണ് ബാല്യകാലസഖി. അതിരറ്റ ലോകത്തിന്റെ സഖിയാണവള്‍. അവള്‍ ഭര്‍ത്താവിനോടൊരുമിച്ച് ഒരു വര്‍ഷത്തിലേറെക്കാലം ജീവിച്ചിരുന്നുവെന്നോ അവളുടെ സൗന്ദര്യം ക്ഷയിച്ചുവെന്നോ ആ സുന്ദരിയുടെ ഒരു പല്ലിന് പകരം ഇപ്പോള്‍ കൂരിരുട്ടാണെന്നോ അയാള്‍ ഓര്‍മിക്കുന്നില്ല. ഓര്‍മ്മയിലെ ആ തിളങ്ങുന്ന രാജകുമാരിയോടൊപ്പമാണയാള്‍. ഭാവനയ്ക്ക് അടികൊണ്ടയാളായിരുന്നല്ലോ മജീദ്. മുന്നോട്ടുപോകാന്‍ പിന്നിട്ട വഴികള്‍ മാത്രമുള്ള ഒരു ലോകത്തില്‍ അയാളിരിക്കുകയാണ് നോവലസവസാനത്തില്‍.

കൽപ്പറ്റ നാരായണൻ
കൽപ്പറ്റ നാരായണൻ

ചരിത്രത്തിലെ ഇരുണ്ട ഗര്‍ത്തങ്ങള്‍ പോലെയായിരുന്നു മജീദിന് സുഹ്‌റയില്ലാത്ത കാലവും സുഹ്‌റയ്ക്ക് കൂടെ മജീദില്ലാത്ത കാലവും. ബഷീറിന്റെ ഈ 'ചരിത്രത്തില്‍' അവ്യക്തമാണാ ഭാഗങ്ങള്‍. ആദ്യ ആറ് അധ്യായങ്ങള്‍ മലയാളത്തിലെ ഏറ്റവും മികച്ച നോവലിന്റെ ആദ്യ ആറ് അധ്യായങ്ങള്‍ ആയിരുന്നുവെങ്കിലും പിന്നീടതങ്ങനെയല്ല. ബാല്യകാലസഖി എന്ന നോവലിന്റെ ബാല്യവും ആ നോവലിന്റെ പില്‍ക്കാലത്തെക്കാള്‍ മോഹനമാണ്. എന്നിട്ടും മലയാളിയുടെ റോമിയോയും ജൂലിയറ്റും, ലൈലയും മജ്‌നുവും ആണ് മജീദും സുഹ്‌റയും. 'കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുകൊണ്ടെന്നോട് കിന്നാരം പറഞ്ഞവനെ' എന്ന ഭാസ്‌കരന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കുക മജീദിനെയും സുഹ്‌റയേയുമാണ്.

logo
The Fourth
www.thefourthnews.in