കാർഗിൽ വിജയ് ദിവസ്: രാജ്യസ്നേഹവും ധൈര്യവും സാമർഥ്യവും ഒത്തുചേർന്ന് വിജയിപ്പിച്ച യുദ്ധം

കാർഗിൽ വിജയ് ദിവസ്: രാജ്യസ്നേഹവും ധൈര്യവും സാമർഥ്യവും ഒത്തുചേർന്ന് വിജയിപ്പിച്ച യുദ്ധം

ഇന്ന് കാർഗിൽ വിജയ് ദിവസ്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും മികവും കാർഗിൽ യുദ്ധം ജയിക്കാൻ രാജ്യത്തെ എങ്ങനെ സഹായിച്ചുവെന്ന് എഴുതുകയാണ് അന്ന് യുദ്ധമുന്നണിയിൽ ഉണ്ടായിരുന്ന ലേഖകൻ
Updated on
4 min read

ജമ്മു കാശ്മീരിലെ വ്യോമസേനാ ആസ്ഥാനമായ ഉധംപൂരിൽ ഇന്ന് നോർതേൺ കമാൻഡ് ആസ്ഥാനത്തേക്ക് സേനാ മേധാവി എന്നെ വിളിപ്പിച്ചത് 1999 മെയ് എട്ടിന് പകൽ മൂന്ന് മണിയോടെയായിരുന്നു. എനിക്കൊപ്പം അന്ന് അവിടെയെത്തിയത് ഉധംപൂരിലെ എം ഐ 17 സ്ക്വാഡ്രൻറെ മേധാവിയായിരുന്നു. പോർ വിമാനങ്ങൾ പറത്തുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹം ഡോക്ടറുടെ ഉപദേശം അനുസരിച്ച് അടുത്തിടെ ഹെലികോപ്റ്ററുകളിലേക്ക് മാറിയിരുന്നു. ഹെലികോപ്റ്റർ വിന്യാസവുമായി ബന്ധപ്പെട്ട എന്തോ സുപ്രധാന വിവരങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന നിർദേശം.

നിയന്ത്രണ രേഖ കടന്നെത്തി നമ്മുടെ സൈന്യം ശൈത്യകാലത്ത് ഉപേക്ഷിച്ചു പോന്ന ചില നിരീക്ഷണ പോസ്റ്റുകൾ കൈവശപ്പെടുത്തിയ ചില കടന്നുകയറ്റക്കാരെപ്പറ്റി സേനാമേധാവിയുടെ സാന്നിധ്യത്തിൽ ഞങ്ങളെ അവിടെയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീനഗർ- ലേ റോഡിൽ കടന്നുകയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നുവെന്നും സപ്ലൈ ലൈൻ മുറിയാൻ അത് ഇടയാക്കിയേക്കുമെന്നും പറഞ്ഞു. കാർഗിലിലെ സൈനികർക്കായി ആയുധങ്ങളും അവശ്യ സാധനങ്ങളും വ്യോമമാർഗം എത്തിക്കാനുള്ള പദ്ധതി തയാറാക്കാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. കരസേനയുടെ രണ്ടു പട്രോൾ പോയിന്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ എം ഐ 25 / 35 ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശമുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൂടുതൽ ഗൗരവത്തോടെ ഇതേ നിർദേശങ്ങൾ വീണ്ടും നൽകി.

അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ സ്വീകരിക്കുന്നു
അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ സ്വീകരിക്കുന്നു

ഈ യുദ്ധ ഹെലിക്കോപ്റ്ററുകൾ ഭാര, ഉയര നിയന്ത്രണങ്ങൾ ഉള്ളതിനാൽ സോജിലാ പാസിനു മുകളിലൂടെ അതുവരെ പറന്നിരുന്നില്ല (കാർഗിൽ യുദ്ധത്തിന് ശേഷം ഏറ്റവും അനുകൂലമായ കാലാവസ്ഥ ഉണ്ടായിരുന്ന ശൈത്യകാല ദിവസങ്ങളിൽ ഈ ഹെലികോപ്റ്ററുകൾ സോജിലാ പാസിന് മുകളിലൂടെ പറക്കുകയും വെടിവെയ്പ്പ് പരിശീലനം നടത്തുകയും ചെയ്തുവെന്നത് ചരിത്രം).

മെയ് 11ന് എം ഐ 17 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയ പോയിന്റുകൾ ആക്രമിക്കാൻ കരസേന നിർദേശിച്ചു. എന്നാൽ കൈയേറ്റം എത്ര ദൂരം വരെ ഉണ്ടെന്നോ എത്ര നുഴഞ്ഞുകയറ്റക്കാരുണ്ടെന്നോ ഒരു നിശ്ചയവുമില്ലായിരുന്നു. നിയന്ത്രണ രേഖയ്ക്ക് ഇരുവശവും 10 കിലോമീറ്റർ ദൂരം ഹെലികോപ്റ്ററോ യുദ്ധവിമാനമോ പറപ്പിക്കാൻ പാടില്ലെന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ 1991-ൽ ഒരു ധാരണ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അക്കാരണങ്ങളാൽ കരസേനയുടെ നിർദേശം ഞാൻ എന്റെ മേലധികാരികൾക്ക് അയച്ചു. മറുപടി പറയാനുള്ള അധികാരം എനിക്കില്ലായിരുന്നു.

മെയ് 12നും വ്യോമസേന ആക്രമണം തുടങ്ങിയ ദിവസത്തിനും ഇടയിൽ ഉണ്ടായ കാലതാമസത്തെപ്പറ്റി ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. പാകിസ്താന്‍ സൈന്യത്തിന് ശക്തി വർധിപ്പിച്ച് പിടിച്ചെടുത്ത സ്ഥലങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഈ വൈകൽ എന്നുവരെ ചിലർ ആരോപിച്ചു. എന്നാൽ, കരസേനക്ക് പോലും അവിടെ നടന്ന കാര്യങ്ങളെപ്പറ്റി കൃത്യമായ വിവരം അപ്പോൾ ഇല്ലായിരുന്നു. അത്രയും ദുർഘടമായ മലനിരകളിലൂടെ യുദ്ധ ഉപകരണങ്ങൾ ചുമന്നുകൊണ്ടുള്ള നുഴഞ്ഞുകയറ്റക്കാരുടെ യാത്ര ദുഷ്കരവും അതീവ സാവധാനവുമാവും നടന്നിട്ടുണ്ടാവുക. ഒരു പക്ഷേ, ഇന്ത്യൻ സൈന്യം കഴിഞ്ഞ ശൈത്യകാലത്ത് പിൻവാങ്ങിയപ്പോൾ തന്നെ ആ പോസ്റ്റുകളിലേക്ക് നുഴഞ്ഞുകയറ്റക്കാർ എത്തിയിട്ടുണ്ടാവാം. അവർ നിർമിതികൾ പണിയുകയും അവിടെ താവളം ഉറപ്പിക്കുകയും ചെയ്തുകാണും. ഒഴിഞ്ഞ പട്രോൾ പോസ്റ്റുകൾ വ്യോമ മാർഗവും നടന്നു ചെന്നും ഇടയ്ക്കിടെ പരിശോധിക്കണമെന്ന ചട്ടമുണ്ടായിരുന്നുവെന്നും ഓർക്കണം.

ജമ്മു കാശ്മീരിൽ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന രണ്ടു വ്യോമസേനാ താവളങ്ങളുണ്ട്; ഹെലികോപ്റ്ററുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ വേറെയുമുണ്ട്. എല്ലാ വ്യോമസേനാ കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശം അധികം വൈകാതെ എനിക്ക് ലഭിച്ചു. ശ്രീനഗർ, അവന്തിപുർ വ്യോമ താവളങ്ങളിലേക്ക് കൂടുതൽ മിഗ് 21, മിഗ് 27, മിഗ് 29 വിമാനങ്ങൾ അയച്ചു. ഞാനും നാല് സഹപ്രവർത്തകരും ശ്രീനഗറിലേക്ക് പ്രവർത്തനം മാറ്റി. സായുധസേനാ ആസ്ഥാനവുമായി മികച്ച രീതിയിൽ ഏകോപനം നടത്താൻ അതായിരുന്നു നല്ല വഴി. കാര്യങ്ങൾ നേരിട്ടുമനസിലാക്കാനും അതനുസരിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കാനുമായി ഉധംപൂർ, ശ്രീനഗർ, ജമ്മു, ലേ, ലഡാക്ക് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ആ ദിവസങ്ങളിൽ ഞാൻ നിരന്തരം യാത്ര ചെയ്തു.

മേയ് 21നു പരിശീലന പറക്കലിനിറങ്ങിയ ഒരു കാൻബറ സൈനിക വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് ശ്രീനഗറിൽ തിരിച്ചിറങ്ങേണ്ടി വന്നു. പരിശോധനയിൽ വിമാന വേധ മിസൈലോ തോക്കോ ഉപയോഗിച്ച് അക്രമിച്ചതിനെത്തുടർന്ന് എൻജിന് സാരമായ കേടുപാടുകൾ കണ്ടെത്തി. അപ്പോൾ അവിടെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വ്യോമസേനാ മേധാവി തോളിൽനിന്ന് വിക്ഷേപിച്ച വിമാന വേധ മിസൈലാണ് വില്ലനെന്നു പറഞ്ഞു. പിന്നീട് പരിശോധനയിൽ അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്നു തെളിഞ്ഞു. അപ്പോഴേക്കും 60 യുദ്ധവിമാനങ്ങൾ പൂർണ സജ്ജമായി താഴ്‌വരയിൽ നിരന്നുകഴിഞ്ഞിരുന്നു.

പിറ്റേ ദിവസം ഓപ്പറേഷൻ ആരംഭിക്കണമെന്ന് രഹസ്യ ഭാഷയിലുള്ള നിർദേശം മെയ് 25ന് എനിക്ക് ലഭിച്ചു. പക്ഷേ, ഒരു കർശന വ്യവസ്ഥയുണ്ടായിരുന്നു. ഒരു സാഹചര്യത്തിലും നിയന്ത്രണ രേഖ മറികടന്നുള്ള ആക്രമണം പാടില്ല. 140 കിലോമീറ്റർ നീളത്തിലുള്ള അതിർത്തി മേഖലയിൽ ഒരു കിലോമീറ്റർ മുതൽ എട്ട് കിലോമീറ്റർ വരെ ഉള്ളിലേക്ക് നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അത് ലക്ഷ്യമാക്കി ഉയരത്തിൽ നിന്ന് പോരാടുമ്പോൾ നിയന്ത്രണരേഖ കൃത്യമായി അനുസരിച്ചു പ്രവർത്തിക്കുക അസാധ്യമായിരുന്നു. കരസേനാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കി ഞങ്ങളുടെ ആക്രമണ പദ്ധതി പലതവണ പുതുക്കേണ്ടി വന്നു.

നമ്മുടെ യുവ സൈനികരുടെ ധൈര്യവും ത്യാഗസന്നദ്ധതയും നമ്മുടെ സേനയുടെ പ്രൊഫഷണലിസവും ലോകത്തിന് മനസിലാക്കിക്കൊടുത്ത യുദ്ധമായിരുന്നു കാർഗിലിലേത്

അങ്ങനെ മെയ് 26ന് നുഴഞ്ഞുകയറ്റക്കാർക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഒരു ഫൈറ്റർ വിമാനം അക്രമിക്കാനായി ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ആയുധങ്ങളുമായി എം ഐ 17 ഹെലികോപ്റ്ററുകൾ അകമ്പടി സേവിക്കും. ശത്രുവിന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾ, സപ്ലൈ ലൈനുകൾ, മിസൈൽ വിക്ഷേപണത്തറകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണങ്ങൾ. വ്യോമസേനാ യുദ്ധവിമാനങ്ങൾ പറത്തുന്നവർക്ക് തീർത്തും പരിചിതമല്ലാത്ത ലക്ഷ്യങ്ങളായിരുന്നു ഇവ. മുൻതോ ധാലോയിലെ വിഭവ സമാഹരണ കേന്ദ്രമായിരുന്നു ഞങ്ങൾ ആക്രമിച്ച ഏറ്റവും തന്ത്രപ്രധാന കേന്ദ്രം. അന്ന് വൈകുന്നേരം ശത്രുവിന്റെ റേഡിയോ സന്ദേശങ്ങൾ ചോർത്തിയപ്പോൾ പാകിസ്താനി സൈനികരെ വ്യോമാക്രമണം വല്ലാതെ വലച്ചുവെന്നു മനസിലായി. മരിച്ചവരും പരുക്ക് പറ്റിയവരും നിരവധിയായിരുന്നു.

അടുത്ത ദിവസമായ മെയ് 27നു നിയന്ത്രണ രേഖയിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ശത്രുപാളയങ്ങൾ രണ്ടു മിഗ് 27 വിമാനങ്ങൾ ആക്രമിച്ചു. അടുത്ത ദിവസങ്ങളിലും ആക്രമണം തുടർന്നു. മെയ് 30നാണ് ആദ്യമായി High Attitude Release Missions നടപ്പാക്കുന്നത്. നേരത്തെ പരിശീലിച്ചതനുസരിച്ച് വളരെ ഉയരത്തിൽ പറന്നു ലക്ഷ്യ സ്ഥാനത്ത് കൃത്യമായി ആയുധങ്ങൾ വർഷിക്കാൻ നമ്മുടെ സൈനികർക്ക് കഴിഞ്ഞു. ജൂൺ നാലു മുതൽ രാത്രിയിലും High Attitude Release Missions ആരംഭിച്ചു.

കാർഗിൽ വിജയ് ദിവസ്: രാജ്യസ്നേഹവും ധൈര്യവും സാമർഥ്യവും ഒത്തുചേർന്ന് വിജയിപ്പിച്ച യുദ്ധം
മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ

മുഷ്‌കോ താഴ്വര മുതൽ മുൻതോ ധാലോയും ജുബാറും വരെ നീണ്ടിരുന്നു നുഴഞ്ഞുകയറ്റ മേഖലകൾ. പാകിസ്താൻ ഭാഗത്തെ അതിർത്തി ഗ്രാമങ്ങളായ ഗുൽത്താരി, ഓൽത്തിങ് താങ്, സ്‌കർഡു മേഖലകളിൽനിന്ന് നുഴഞ്ഞുകയറ്റക്കാർക്ക് നിർലോഭം സഹകരണം ലഭിച്ചിരുന്നു. ആദംപൂരിൽ നിന്ന് മിറാഷ്, ജാഗ്വർ വിമാനങ്ങൾ ജൂൺ ആറുമുതൽ ആക്രമണത്തിന്റെ ഭാഗമായി. മുൻതോ ധോലോ, ടൈഗർ ഹിൽ, ടോളോലിങ് എന്നിവിടങ്ങളിൽ ശത്രുപാളയങ്ങളെ കിറു കൃത്യമായി ആക്രമിക്കാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ വിമാനങ്ങൾക്കായി.

നമ്മുടെ യുവ സൈനികരുടെ ധൈര്യവും ത്യാഗസന്നദ്ധതയും നമ്മുടെ സേനയുടെ പ്രൊഫഷണലിസവും ലോകത്തിന് മനസിലാക്കിക്കൊടുത്ത യുദ്ധമായിരുന്നു കാർഗിലിലേത്

കവചം തീർക്കാൻ റഡാർ സഹായമില്ലാത്തതിനാൽ മിഗ് വിമാനങ്ങളുടെയും മിറാഷ് വിമാനങ്ങളുടെയും അകമ്പടിയോടെയാണ് യുദ്ധ വിമാനങ്ങൾ ഓരോ ആക്രമണവും നടത്തിയിരുന്നത്. ലേയുടെ തെക്കായി ഒരു റഡാർ സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിച്ചു. യുദ്ധത്തിന്റെ അവസാന നാളുകളിലാണ് ആ ദൗത്യം പൂർത്തീകരിക്കാനായത്. ജൂൺ മൂന്നാം വാരം ആയപ്പോഴേക്കും കരസേന കൈവശ മേഖലകൾ തിരിച്ചുപിടിക്കാൻ ആരംഭിച്ചു.

വ്യോമാക്രമണം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത് ജൂലൈ 12നാണ്. അടുത്ത രണ്ടാഴ്ച കൂടെ അതി ജാഗ്രതാ രീതിയിൽ ഞങ്ങൾ പ്രവർത്തിച്ചു. താഴ്‌വരയിൽ ഉണ്ടായിരുന്ന യുദ്ധവിമാനങ്ങൾ 2000 തവണയാണ് ശത്രുപാളയത്തിൽ ആക്രമണങ്ങൾ നടത്തിയത്. അതിൽ 250 ആക്രമണങ്ങൾ രാത്രിയിലായിരുന്നു. മിറാഷ്, ജാഗവർ വിമാനങ്ങൾ 150 ആക്രമണങ്ങൾ നടത്തി; 21 ആക്രമണങ്ങൾ ഹെലികോപ്റ്ററുകളും നടത്തി. 4000 റോക്കറ്റുകൾ, 330 ടൺ സ്‌ഫോടക വസ്തുക്കൾ, ആയിരക്കണക്കിന് തോക്കുകൾ എന്നിവ നമ്മുടെ സേന ആക്രമണത്തിൽ നശിപ്പിച്ചു.

കാർഗിൽ വിജയ് ദിവസ്: രാജ്യസ്നേഹവും ധൈര്യവും സാമർഥ്യവും ഒത്തുചേർന്ന് വിജയിപ്പിച്ച യുദ്ധം
സുഡാൻ ആഭ്യന്തര യുദ്ധത്തില്‍ യുഎഇയുടെ പങ്കെന്ത്?

വിവിധ സേന വിഭാഗങ്ങളുടെ കൂട്ടായ നേതൃത്വവും പരിശ്രമവുമാണ് കാർഗിൽ യുദ്ധ വിജയത്തിനു പിന്നിൽ. നമ്മുടെ യുവ സൈനികരുടെ ധൈര്യവും ത്യാഗസന്നദ്ധതയും നമ്മുടെ സേനയുടെ പ്രൊഫഷണലിസവും ലോകത്തിന് മനസിലാക്കിക്കൊടുത്ത യുദ്ധമായിരുന്നു കാർഗിലിലേത്.

(എയർ മാർഷൽ (റിട്ട) നാരായൺ മേനോൻ കാർഗിൽ യുദ്ധ സമയത്ത് കാശ്മീരിൽ വ്യോമസേനാ യൂണിറ്റ് മേധാവിയായിരുന്നു. എയർ ഓഫീസർ ഇൻ ചാർജ് ഓഫ് പേഴ്‌സണൽ ആയി 2004ൽ വിരമിച്ചു)

logo
The Fourth
www.thefourthnews.in