മണി അയ്യരുടെ ഓര്‍മ മുഴങ്ങുന്നു, ഈ 'മ്യൂസിക് മ്യൂസിയ'ത്തില്‍

മണി അയ്യരുടെ ഓര്‍മ മുഴങ്ങുന്നു, ഈ 'മ്യൂസിക് മ്യൂസിയ'ത്തില്‍

മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണി അയ്യരുടെ ഓര്‍മകള്‍ മുഴങ്ങുന്ന കല്‍പ്പാത്തിയിലെ ഈ 'മ്യൂസിക് മ്യൂസിയം' ഇന്ത്യയിലെ ഏറ്റവും വലുതും സംസ്ഥാനത്തെ ആദ്യത്തേതുമാണ്

രണ്ടായിരത്തില്‍പ്പരം ഹിന്ദുസ്ഥാനി-കര്‍ണാട്ടിക്, പാശ്ചാത്യ-പൗരസ്ത്യ സംഗീതോപകരണങ്ങളുടെയും ആയിരത്തോളം അറബ്-ആഫ്രിക്കന്‍ തന്ത്രിവാദ്യങ്ങളുടെയും അസുലഭ ശേഖരം. മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണി അയ്യരുടെ ഓര്‍മകള്‍ മുഴങ്ങുന്ന കല്‍പ്പാത്തിയിലെ ഈ 'മ്യൂസിക് മ്യൂസിയം' ഇന്ത്യയിലെ ഏറ്റവും വലുതും സംസ്ഥാനത്തെ ആദ്യത്തേതുമാണ്.

പാലക്കാട് മണി അയ്യർ
പാലക്കാട് മണി അയ്യർ

പ്രാചീനവും ആധുനികവുമായ ആയിരക്കണക്കിന് സംഗീത സങ്കേതങ്ങള്‍ക്ക് സ്രോതസ്സായി മാറിയ അത്യപൂര്‍വമായ ഉപകരണങ്ങള്‍ ഇവിടെ, ദക്ഷിണ കാശി എന്നറിയപ്പെടുന്ന പാലക്കാട് കല്‍പ്പാത്തിയിലെ മണി അയ്യര്‍ സ്മാരകത്തില്‍ സ്വരാര്‍ച്ചനയിലെന്ന പോലെ മൗനത്തിലമര്‍ന്ന് കിടക്കുന്നു. ഒരു കീര്‍ത്തനത്തിനു കാതോര്‍ത്താലെന്നതു പോലെ ഈ സംഗീതോപകരണങ്ങളെ അടുത്തുനിന്ന് കാണുക - അതീവ ചേതോഹരമായ കാഴ്ചയാണത്.

ഒന്ന് വിരല്‍ തൊട്ടാല്‍ ആയിരം നാദശലഭങ്ങള്‍ ചിറകടിച്ചുയരുന്ന വീണക്കമ്പികള്‍. ഒരു കരസ്പര്‍ശമേറ്റാല്‍ സഹസ്ര രാഗങ്ങളുടെ ഉതിര്‍മണി വീഴുന്ന ഹാര്‍മോണിയം. ഇളം നിശ്വാസമയച്ചാല്‍ മന്ദ്രസ്ഥായിയില്‍ നാദമയൂരമായി നര്‍ത്തനമാടുന്ന പുല്ലാംകുഴല്‍. ഏകതാനമായ പല്ലവിയുണര്‍ത്തുന്ന ഏക്താര. പ്രചണ്ഡ താളത്തിനു വിരലുകള്‍ തേടും കടുംതുടി. മദ്ദളം, തബല, ഡ്രം... അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

കെനിയ, ടാന്‍സാനിയ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആദിമ ഗോത്രവര്‍ഗക്കാര്‍ മരണം അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഗ് ഡ്രം, ഉത്സവമേളങ്ങളുടെ അകമ്പടിയായി ഇതേ വര്‍ഗക്കാര്‍ കൊട്ടിപ്പാടുന്ന ഡബിള്‍യേല്‍, ലോകത്തിലെ ആദ്യത്തെ തന്ത്രിവാദ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോള്‍ഡര്‍ എന്നിവ ആകൃതിയാല്‍ ആകര്‍ഷകമായി നമ്മെ വിസ്മയിപ്പിക്കുന്നു. ഫോക്‌ലോര്‍ അക്കാദമി ജീവനക്കാരി പാലക്കാട് സ്വദേശി നസീറയായിരുന്നു ഞങ്ങളുടെ ഗൈഡ്. സംഗീതോപകരണങ്ങളെക്കുറിച്ച് സമഗ്രമായി വിശദീകരിച്ച നസീറ ഇടയ്ക്കൊക്കെ വാദ്യങ്ങളെ തഴുകിയപ്പോള്‍ പാശ്ചാത്യമോ പൗരസ്ത്യമോ എന്നറിയാത്ത ചില താളങ്ങളുടെ പ്രതിധ്വനിയുണര്‍ന്നു.

പാലക്കാട് 'മ്യൂസിക് മ്യൂസിയത്തിലെ വാദ്യോപകരണങ്ങളുടെ ശേഖരം
പാലക്കാട് 'മ്യൂസിക് മ്യൂസിയത്തിലെ വാദ്യോപകരണങ്ങളുടെ ശേഖരം ഫോട്ടോ - സിറാജ് തിരൂരങ്ങാടി

അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ പണ്ടുകാലങ്ങളില്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചിരുന്ന മൂളി എന്ന ഉപകരണമാണ് മ്യൂസിക് മ്യൂസിയത്തിലെ മറ്റൊരു ആകര്‍ഷണം. ആഫ്രിക്കന്‍ മേഖലയിലെ ബാലോഫോണ്‍, പഴക്കം കൊണ്ടും കമനീയമായ നിര്‍മിതികൊണ്ടും ശ്രദ്ധേയമാണ്.

രണ്ടായിരത്തിലേറെ വരുന്ന ഉപകരണങ്ങളുടേയും അച്ചടിച്ച ചെറുവിവരണങ്ങള്‍ സന്ദര്‍ശകര്‍ക്കു പ്രയോജനപ്പെടും. ബാംബൂ റാറ്റ്ലര്‍ എന്നറിയപ്പെടുന്ന മുളന്തണ്ട് പണ്ട് കാലങ്ങളില്‍ നമ്മുടെ സംഗീത സദിരുകളിലെ പ്രധാനപ്പെട്ട ഉപകരണമായിരുന്നു. അവ ഇന്നും പുതുമ നശിക്കാത്ത വിധമാണ് സുഷിര വാദ്യങ്ങളോടൊപ്പം മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. അസമിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കൊമ്പ് വാദ്യമായ 'പിപ' കാഴ്ചയില്‍ ഏറെ മനോഹരമാണ്.

ഫോട്ടോ - സിറാജ് തിരൂരങ്ങാടി

കേരളത്തിന്റെ ഓണവില്ല് പോലെ എത്യോപ്യന്‍ ആദിവാസികളും വില്ല് ഉപയോഗിച്ച് പാടുന്നുവെന്നതിന്റെ തെളിവായുള്ള ഉപകരണം ഇവിടെയുണ്ട്. മണ്ണുകൊണ്ടുള്ള മൃദംഗമാണ് മറ്റൊരു കാഴ്ച. മരംകൊണ്ട് നിര്‍മിച്ച, ആദിവാസികളുടെ വിവിധതരം പാട്ടുപകരണങ്ങള്‍, പക്കമേളക്കാര്‍ ഉപയോഗിക്കുന്ന അകമ്പടി വാദ്യം, സര്‍പ്പങ്ങളെ ഉണര്‍ത്തുന്ന മകുടിയോടൊപ്പം ഒഡിഷയുടെ മാത്രം സംഗീതോപകരണമായ 'ബഖ്രാ' എന്നിവയും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. തമിഴ്നാടിന്റെ പുഷ്‌കരം, രാജസ്ഥാന്റെ ജഘീല്‍ എന്നിവയോടൊപ്പം മാന്‍ഡൊലിന്‍, മോഹനാഥപുര, കട്ടനാഗസ്വരം എന്നിവയുമുണ്ട്.

കഥാപ്രസംഗത്തിനുപയോഗിച്ചിരുന്ന തപ്പളാംകട്ടയാണ് മറ്റൊരു പ്രദര്‍ശന വസ്തുവായി വാദ്യോപകരണങ്ങള്‍ക്കൊപ്പമുള്ളത്. ഹിന്ദുസ്ഥാനി സംഗീത സദസ്സുകളെയും കാശി വിശ്വനാഥക്ഷേത്ര പരിസരത്തെയും ഉസ്താദ് ബിസ്മില്ലാഖാന്‍ ശോകരാഗം കൊണ്ട് രാഗാര്‍ദ്രമാക്കിയ ഷെഹ്നായിയുടെ വ്യത്യസ്ത മാതൃകകളും ഇവിടെ കാണാം. ബിസ്മില്ലാഖാനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പമാണ് വിവിധ ഇനം ഷെഹ്നായികള്‍ അണിനിരത്തിയിട്ടുള്ളത്. ഫ്ലൂ ട്ട്, ബുള്‍ബുള്‍ എന്നിവയും പഴമയുടെ പൈതൃകം വിളിച്ചറിയിക്കുന്നു.
സ്പാനിഷ് സംഗീതോപകരണമായ ഫ്ളിമിംഗോ ബോക്സ് നമ്മുടെ ഹാര്‍മോണിയം പെട്ടിക്ക് സമാനമാണ്. സ്പാനിഷ് ജനത മരണാനന്തര ചടങ്ങുകള്‍ക്ക് വാദനം ചെയ്യുന്ന തായാപാര്‍ട്ടാ എന്ന സംഗീതോപകരണവുമുണ്ട്.

പുള്ളുവൻ കുടം
പുള്ളുവൻ കുടം ഫോട്ടോ - സിറാജ് തിരൂരങ്ങാടി

ജര്‍മന്‍ വാദ്യോപകരണമായ കോംഗ, ആഫ്രിക്കന്‍ ഡ്രമ്മിനോടൊപ്പം കെറ്റില്‍ ഡ്രം, ബാസ്ഡ്രം, ഉധുഡ്രം എന്നിവയുമുണ്ട്. കുടുക്ക വീണ, പുള്ളുവന്‍ വീണ, പഞ്ചാബില്‍ നിന്നുള്ള ടൂമ്പി, തമിഴ്നാടിന്റെ തമുക്കു എന്നിവയ്ക്കൊപ്പമാണ് ആഫ്രിക്കയുടെ മറ്റൊരു താളവാദ്യമായ പ്രോഷക്കേ എന്ന ഉപകരണം സ്ഥാനം പിടിച്ചിട്ടുള്ളത്. സന്തൂര്‍, സാരംഗി, സരോദ് എന്നിവയും ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ ഗതകാല പ്രൗഢി വിളിച്ചറിയിച്ചുകൊണ്ട് മ്യൂസിയത്തിനു സാന്ദ്രശോഭ പകരുന്നു. നൂറുകണക്കിനു കീബോര്‍ഡുകളാണ് പ്രദര്‍ശനത്തിലുള്ളത്. പിയാനോ, അക്കോര്‍ഡിയന്‍ എന്നിവയുടെ പല കാലഘട്ടങ്ങളിലുള്ള മാതൃകകളുമുണ്ട്.

യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഉപയോഗിച്ചിരുന്ന ചവിട്ടു ഹാര്‍മോണിയം
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഉപയോഗിച്ചിരുന്ന ചവിട്ടു ഹാര്‍മോണിയം ഫോട്ടോ - സിറാജ് തിരൂരങ്ങാടി

യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഉപയോഗിച്ചിരുന്ന ചവിട്ടു ഹാര്‍മോണിയം ഏറെ ആകര്‍ഷകമാണ്. ഓംകാര മണി, ജലതരംഗം (പിഞ്ഞാണങ്ങളില്‍ നിന്നുയര്‍ത്തുന്ന സംഗീതം) എന്നിവ മലയാളത്തിന്റെ സംഗീത പൈതൃകം വിളിച്ചറിയിക്കുന്നു. നൂറു വര്‍ഷം പഴക്കമുള്ള ദില്‍റുബാ എന്ന ചന്ദ്രഗ്രഹണ മണിയാണ് മ്യൂസിക് മ്യൂസിയത്തിന് മറ്റൊരു അഴക്. വിവിധ രാജ്യക്കാര്‍ ഉപയോഗിക്കുന്ന വ്യത്യസ്ത തരം വയലിനുകളും ഗിറ്റാറുകളും ഇവിടെയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോര്‍ അക്കാദമിയായിരുന്നു ഇതുവരെ മ്യൂസിക് മ്യൂസിയത്തിന്റെ ഔദ്യോഗിക ചുമതല വഹിച്ചിരുന്നത്. കേരള പുരാവസ്തു വകുപ്പിന്റെ കൂടി സഹകരണത്തോടെ 4.95 കോടി രൂപ ചെലവഴിച്ച് മ്യൂസിയം അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കാനും സംഗീതോപകരണങ്ങള്‍ ഭദ്രമായി സംരക്ഷിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെയും മറ്റും ശ്രമഫലമായാണ് ഈ നീക്കം. പ്രദര്‍ശനത്തിനായി വെച്ചിട്ടുള്ള സംഗീതോപകരണങ്ങളുടെ ചരിത്രം, അവയുടെ വാദനം എന്നിവയ്ക്കായി സൗകര്യമേര്‍പ്പെടുത്തുമെന്ന് കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി പ്രദീപ് കുമാറിന്റെ വാഗ്ദാനവുമുണ്ട്.  സംഗീതോപകരണങ്ങള്‍ക്കായി വിപുലമായ ഒരു ഗാലറിയാണ് ലക്ഷ്യം. ക്ഷേത്ര വാദ്യങ്ങള്‍, തന്ത്രി വാദ്യങ്ങള്‍, സ്ട്രിങ് ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ പ്രത്യേകം ഗാലറികള്‍ സ്ഥാപിക്കും.

ജോസഫ് ഫെര്‍ണാണ്ടസ്
ജോസഫ് ഫെര്‍ണാണ്ടസ് ഫോട്ടോ - സിറാജ് തിരൂരങ്ങാടി

തിരുവനന്തപുരത്തെ കൊട്ടാരം കലാകാരന്മാരുടെ താവഴിയില്‍പെട്ട ജോസഫ് ഫെര്‍ണാണ്ടസിന്റെ 30 കൊല്ലത്തെ കഠിനാധ്വാനമാണ് പാലക്കാട് മ്യൂസിക് മ്യൂസിയം. രണ്ടായിരത്തിലധികം സംഗീതോപകരണങ്ങള്‍ നാല്‍പ്പതിലേറെ രാജ്യങ്ങളില്‍നിന്ന് കണ്ടെടുത്ത് സൂക്ഷിക്കുകയും അവയത്രയും വാദനം ചെയ്യുന്നത് അഭ്യസിക്കുകയും ചെയ്ത ജോസഫ് ഫെര്‍ണാണ്ടസ് തിരുവനന്തപുരം കുന്നുകുഴി സ്വദേശിയാണ്. ജോയ് മ്യൂസിക്കല്‍സ് എന്ന അദ്ദേഹത്തിന്റെ കുടുംബ സ്ഥാപനത്തില്‍ ഇനിയും ആയിരക്കണക്കിന് സംഗീതോപകരണങ്ങളുണ്ട്. മികച്ച സംഗീതജ്ഞനായ ഇദ്ദേഹം നൂറുകണക്കിന് ഉപകരണങ്ങള്‍ വായിക്കാന്‍ പഠിച്ചിട്ടുണ്ട്.
രണ്ടായിരത്തിലധികം വരുന്ന ഉപകരണങ്ങളത്രയും കേരള ഫോക്‌ലോര്‍ അക്കാദമിക്ക് നല്‍കുകയായിരുന്നു. തുച്ഛമായ സംഖ്യയാണ് അവര്‍ തന്നത്. പക്ഷേ അതല്ല എന്റെ സങ്കടം. അവയൊന്നും വേണ്ട രീതിയില്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. മഴ ചോരുന്ന സ്ഥലങ്ങളിലാണ് പാലക്കാട്ടെ മ്യൂസിക് മ്യൂസിയത്തിലെ പല സംഗീതോപകരണങ്ങളും. അവയില്‍ പലതും വെയിലും മഴയും കൊണ്ട് ദ്രവിച്ചിരിക്കുന്നു. ചില്ലുകൂടുകളില്‍ സൂക്ഷിക്കേണ്ട പല ഉപകരണങ്ങളും തുറസ്സായ സ്ഥലത്ത് വെച്ചതിനാല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു.

മ്യൂസിക് മ്യൂസിയത്തിലെ വിവിധ ഇനം സംഗീതോപകരണങ്ങള്‍
മ്യൂസിക് മ്യൂസിയത്തിലെ വിവിധ ഇനം സംഗീതോപകരണങ്ങള്‍ ഫോട്ടോ - സിറാജ് തിരൂരങ്ങാടി

ആദ്യകാല ഗായകനും ഗിറ്റാര്‍ വായനക്കാരനുമായ വലേറിയന്‍ ഫെര്‍ണാണ്ടസിന്റെ മകനാണ് ജോസഫ് ഫെര്‍ണാണ്ടസ്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള സഹോദരനാണ് പല സംഗീതോപകരണങ്ങളും കണ്ടെടുക്കാനും വിലയ്ക്കു വാങ്ങാനും സഹായിച്ചത്. പാശ്ചാത്യ-പൗരസ്ത്യ സംഗീത പദ്ധതികളില്‍ താല്‍പ്പര്യമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കായി ഉപകരണ സംഗീതത്തില്‍ ഒരു ട്രെയിനിങ് കേന്ദ്രവും ജോസഫ് ഫെര്‍ണാണ്ടസ് നടത്തുന്നുണ്ട്. വാദ്യകലാവിജ്ഞാനീയം എന്ന ജോസഫ് ഫെര്‍ണാണ്ടസിന്റെ സംഗീതപ്രധാനമായ പുസ്തകം ബുക്‌മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധ സംഗീതജ്ഞന്‍ ശിവമണിയുള്‍പ്പെടെയുള്ളവര്‍ ജോയ് മ്യൂസിക്കല്‍സിലെ നിത്യസന്ദര്‍ശകരാണ്. സംഗീതത്തിലെ ഗവേഷണ വിദ്യാര്‍ഥികളും ജോസഫ് ഫെര്‍ണാണ്ടസിനെ തേടിയെത്തുന്നു.

logo
The Fourth
www.thefourthnews.in