The Fourth Exclusive|കേരള 'പുറമ്പോക്ക്' സര്‍വകലാശാല
കേരള സര്‍വകലാശാല പുറമ്പോക്കിലാണ്. 1937ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാല 57ല്‍ കേരള സര്‍വകലാശാലയായി. വര്‍ഷം 65 കഴിയുമ്പോഴും സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെടെ ഇപ്പോഴും സര്‍ക്കാര്‍ പുറമ്പോക്കിലാണ് എന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നാഷണല്‍ അസ്സെസ്സ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കേരള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് നല്‍കിയത്. എന്നാല്‍ സര്‍വകലാശാലയുടെ ഭൂ ആസ്തികള്‍ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍.
2022 ജൂലൈ 6ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് കേരള സര്‍വകലാശാല ജോയിന്റ് ഡയറക്ടര്‍ക്കും, രജിസ്ട്രാറിനും സമര്‍പ്പിച്ച 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ അലംഭാവം വ്യക്തമാക്കുന്നത്. സര്‍വകലാശാലയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഭൂമികളില്‍ ഭൂരിഭാഗവും നിലവില്‍ സര്‍വകലാശാലയുടെ ഉടമസ്ഥതയിലല്ല എന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആസ്തികള്‍ സര്‍ക്കാര്‍ പുറമ്പോക്കിലാണ്.
പാളയത്തെ സര്‍വകലാശാല ആസ്ഥാനവും, സര്‍വകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലവും, സ്റ്റേഡിയവും, സ്റ്റുഡന്റ്സ് സെന്ററും പൂര്‍ണമായി ഇന്നും സര്‍ക്കാര്‍ പുറമ്പോക്കാണ്. കാര്യവട്ടം ക്യാമ്പസിലെ നോര്‍ത്ത് ബ്ലോക്കും ആക്കുളത്തെ മറൈന്‍ മ്യൂസിയത്തിന്റെ കാര്യവും മറിച്ചല്ല. സര്‍വകലാശാല സ്ഥാപിതമായി വര്‍ഷങ്ങള്‍ കഴിയുമ്പോഴും സ്വന്തം ഭൂമി സംരക്ഷിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഗുരുതര വീഴ്ച മുറ തെറ്റാതെ തുടരുകയാണ്.
2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇതേ വിഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും തല്‍സ്ഥിതി തുടരുകയാണെന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്. സര്‍വകലാശാലയുടെ ഭൂ ആസ്തികള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച എസ്റ്റേറ്റ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തലിലുണ്ട്. എസ്റ്റേറ്റ് ഓഫീസറുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
സ്വന്തം ഭൂമിയെന്ന് അവകാശമുന്നയിക്കാമെന്നല്ലാതെ ഒരു കയ്യേറ്റം പോലും ചെറുക്കാനോ നിയമപരമായി നേരിടാനോ കഴിയാത്ത സ്ഥിതിയിലാണ് കാലങ്ങളായി കേരള സര്‍വകലാശാല. ഇക്കാര്യം അധികൃതര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും നടപടികള്‍ക്ക് വേഗം കുറയുന്നത് എന്തുകൊണ്ട്?