തിങ്ങിനിറഞ്ഞ മുറികള്‍, അപകടം ഒളിഞ്ഞിരിക്കുന്ന പൊതു അടുക്കളകള്‍; അത്ര സുരക്ഷിതമല്ലാത്ത പ്രവാസി ജീവിതങ്ങള്‍

തിങ്ങിനിറഞ്ഞ മുറികള്‍, അപകടം ഒളിഞ്ഞിരിക്കുന്ന പൊതു അടുക്കളകള്‍; അത്ര സുരക്ഷിതമല്ലാത്ത പ്രവാസി ജീവിതങ്ങള്‍

തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 50 പേരാണ് മരിച്ചത്
Updated on
2 min read

ഗൾഫ് രാജ്യങ്ങളിലെ ലേബർ ക്യാമ്പുകളിൽ തിങ്ങിക്കൂടി കഴിയുന്ന പ്രവാസികളുടെ കഷ്ടപ്പാടിനെക്കുറിച്ച് നിരവധി കഥകൾ മലയാളികൾ പറഞ്ഞു പഴകിയതാണ്. പലപ്പോഴും ഈ കഥകളിൽ മുന്നിട്ടുനിൽക്കാറുള്ളത് പ്രവാസിയുടെ ത്യാഗത്തിന്റെ വശം മാത്രമാണ്. എന്നാൽ നാം കാണാതെ പോകുന്നതോ അല്ലെങ്കിൽ മനഃപൂർവം ഒഴിവാക്കുന്നതോ ആയ മറ്റൊരു വശം കൂടി ഈ കഥകൾക്കുണ്ട്. അങ്ങനെ ഒഴിവാക്കപ്പെട്ട വിഷയത്തിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം കുവൈറ്റിൽനിന്ന് പുറത്തുവന്ന ആ ദുരന്ത വാർത്ത.

കുവൈത്തിലെ തീപിടിത്തം
കുവൈത്തിലെ തീപിടിത്തം

തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 50 പേരാണ് മരിച്ചത്. അതിൽ ഇരുപത്തിയഞ്ചോളം പേർ മലയാളികളാണെന്നും സൂചനകളുണ്ട്. 195 പേരായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. മലയാളി വ്യവസായും എൻബിടിസി എന്ന സ്ഥാപനത്തിന്റെ ഉടമയുമായ കെ ജി എബ്രഹാം വാടകക്കെടുത്തിരുന്ന കെട്ടിടത്തിലായിരുന്നു നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.

തിങ്ങിനിറഞ്ഞ മുറികള്‍, അപകടം ഒളിഞ്ഞിരിക്കുന്ന പൊതു അടുക്കളകള്‍; അത്ര സുരക്ഷിതമല്ലാത്ത പ്രവാസി ജീവിതങ്ങള്‍
കുവൈറ്റ് തീപിടിത്തം: എൻബിടിസി ഗ്രൂപ്പും പ്രതിക്കൂട്ടിൽ; ഉടമ മലയാളി വ്യവസായി കെ ജി എബ്രഹാം, ആരോപണങ്ങൾ നിഷേധിച്ച് കമ്പനി

കമ്പനി ഉടമകളുടെ അത്യാഗ്രഹത്തിന്റെ ഫലമെന്നായിരുന്നു അപകടത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് അൽ യൂസഫ് അൽ സബ പറഞ്ഞത്. അനുവദനീയ പരിധിക്കു മുകളിൽ തൊഴിലാളികളെ പാർപ്പിച്ചിരുന്നുവെന്ന സംശയത്തിലേക്കാണ് ഈ കുറ്റപ്പെടുത്തൽ വിരൽചൂണ്ടുന്നത്.

കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, 1,34,59,195 പേരാണ് വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്നത്. ഒൻപത് ലക്ഷം കോടിയിലധികം രൂപയാണ് 2022ൽ മാത്രം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് പ്രവാസി തൊഴിലാളികളുടെ സംഭാവന

ഗൾഫ് രാജ്യങ്ങളിലെ വിവിധ ലേബർ ക്യാമ്പുകളില്‍ തിങ്ങിനിറഞ്ഞ് തൊഴിലാളികൾ കഴിയുന്നുവെന്നത് വസ്തുതയാണ്. 100 ചതുരശ്രയടി വിസ്തീർണമുള്ള മുറിയിൽ ആറുപേരൊക്കെയാണ് താമസിക്കുന്നത്. അങ്ങനെ പത്തോളം ഹാളുകൾ അവിടെയുണ്ടാകും. അതിനുപുറമെ നിരവധി പേര്‍ ഉപയോഗിക്കുന്ന സുരക്ഷയില്ലാത്ത അടുക്കളകളും.

അന്താരാഷ്ട്ര തൊഴിൽനിയമങ്ങളുടെ നഗ്നമായ തൊഴിൽ ലംഘനങ്ങളാണ് ഇവയെല്ലാമെന്നു ചൂണ്ടിക്കാട്ടുകയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രവര്‍ത്തിച്ച് പരിചയമുള്ള മാധ്യമപ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ. താൻ നേരിട്ട് തിരിച്ചറിഞ്ഞ കാര്യങ്ങളാണ് ഇവയില്‍ പലതുമെന്നും റെജിമോന്‍ ദ ഫോർത്തിനോട് പറഞ്ഞു.

ലേബർ ക്യാമ്പ്
ലേബർ ക്യാമ്പ്

നിലവിൽ അപകടമുണ്ടായിരിക്കുന്ന കെട്ടിടത്തിലും നിയമലംഘനങ്ങൾ ഉണ്ടായെന്നുതന്നെയാണ് കുവൈറ്റ് അധികാരികളുടെ പ്രതികരണങ്ങളിൽനിന്ന് മനസിലാക്കേണ്ടതെന്നും റെജിമോൻ സൂചിപ്പിക്കുന്നു. 195 പേരോളം ആ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ കുറഞ്ഞത് നാലുപേരെങ്കിലും ഒരു മുറിയിൽ കഴിയുന്നുണ്ടാകണം. കൂടാതെ അവിടെനിന്നുള്ള വിവരമനുസരിച്ച്‌ ഇരുപതോളം സിലിണ്ടറുകൾ ആ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യക്ക് ഇപ്പോഴും ആനുകാലികമായൊരു എമിഗ്രേഷൻ നിയമം നിലവിലില്ല. 41 വർഷം പഴക്കമുള്ള 1983ലെ നിയമമാണ് നിലനിൽക്കുന്നതെന്ന് രെജിമോൻ ചൂണ്ടിക്കാട്ടുന്നു

ഒരു തൊഴിലാളിക്കു തൊഴിലിടം പോലെ സുരക്ഷിതമാകേണ്ട ഇടമാണ് താമസസ്ഥലങ്ങളും. അത് പലപ്പോഴും പല ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. കൂടുതൽ പൗരന്മാർ വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, 1,34,59,195 പേരാണ് വിദേശ രാജ്യങ്ങളിൽ പണിയെടുക്കുന്നത്. ഒൻപത് ലക്ഷം കോടിയിലധികം രൂപയാണ് 2022ൽ മാത്രം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്കു പ്രവാസി തൊഴിലാളികളുടെ സംഭാവന. ഇക്കാര്യത്തിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ എന്നുകൂടി നാം മനസിലാക്കണം.

തിങ്ങിനിറഞ്ഞ മുറികള്‍, അപകടം ഒളിഞ്ഞിരിക്കുന്ന പൊതു അടുക്കളകള്‍; അത്ര സുരക്ഷിതമല്ലാത്ത പ്രവാസി ജീവിതങ്ങള്‍
കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ, മരിച്ചവരിൽ 16 മലയാളികൾ

അങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴും ഇന്ത്യക്ക് ഇപ്പോഴും ആനുകാലികമായൊരു എമിഗ്രേഷൻ നിയമം നിലവിലില്ല. 41 വർഷം പഴക്കമുള്ള 1983ലെ നിയമമാണ് നിലനിൽക്കുന്നതെന്ന് രെജിമോൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പൗരന്മാർക്ക് 'വിദേശരാജ്യങ്ങളിൽ സുരക്ഷിതമായ തൊഴിലിടങ്ങൾ' ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ പോലും ഇതിലില്ലെന്നും അദ്ദേഹം പറയുന്നു. രോഗമുണ്ടായശേഷം പരിഹാരം തേടുകയെന്നതിന് പകരം അസുഖത്തെ പ്രതിരോധിക്കുകയെന്ന സമീപനത്തിലേക്ക് ഇന്ത്യ മാറേണ്ട സമയം അതിക്രമിച്ചുവെന്നാണ് കുവൈറ്റിലെ സംഭവങ്ങൾ അടിവരയിടുന്നത്.

logo
The Fourth
www.thefourthnews.in