തടാകങ്ങള്‍ സംരക്ഷിക്കപ്പെടണം; ഉദ്യാന നഗരത്തിന് വിദഗ്ധരുടെ മുന്നറിയിപ്പ്
100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരത്തോളം തടാകങ്ങള്‍ ഉണ്ടായിരുന്ന നാടായിരുന്നു തടാകങ്ങളുടെ നഗരമെന്ന് വിളിപ്പേര് ഉണ്ടായിരുന്ന ബംഗളുരു. ഇന്ന് ഉപയോഗയോഗ്യമായ വെറും 30 തടാകങ്ങള്‍ മാത്രമാണ് ബംഗളുരുവില്‍ അവശേഷിക്കുന്നത് . നഗരവത്കരണത്തിനായുള്ള കയ്യേറ്റവും ഫാക്ടറി - പാര്‍പ്പിട സമുച്ചയങ്ങള്‍ പുറന്തള്ളുന്ന മാലിന്യം പേറിയും ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞുമൊക്കെ തടാകങ്ങള്‍ ബംഗളുരുവില്‍ നിന്നു അപ്രത്യക്ഷമാകുകയാണ് . കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ നിന്ന് 42 തടാകങ്ങള്‍ കാണാതായെന്നാണ് കര്‍ണാടക റവന്യു മന്ത്രി നിയമസഭയെ അറിയിച്ചത് . നഗരത്തിലെ കുടിവെള്ള - കൃഷി ജലസേചന ആവശ്യങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സാണ് തടാകങ്ങള്‍ . തടാകങ്ങള്‍ ഇനിയെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഉള്ള ജലദൗര്‍ലഭ്യവും സമീപഭാവിയില്‍ രൂക്ഷമാകുകയും വാസയോഗ്യമല്ലാത്ത ഇടമായി ഉദ്യാന നഗരം മാറിയേക്കുമെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് .