'ഒരു കുഞ്ഞ് വീട് വേണം, ഹോട്ടല്‍ തുടങ്ങണം, പഴയ ഓട്ടോ ഒന്ന് പുതുക്കിയെടുക്കണം' -ബംപര്‍ അടിച്ച അനൂപ് പറയുന്നു
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപും കുടുംബവും. അപ്രതീക്ഷിതമായി ഒറ്റ രാത്രി കൊണ്ട് ഭാഗ്യം തേടിയെത്തിയ അങ്കലാപ്പ് അനൂപ് മറച്ചുവെക്കുന്നില്ല. ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യം വന്നതില്‍ സന്തോഷമേയുള്ളൂ. പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ബംപര്‍ അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് ദ ഫോര്‍ത്തിനോട് പറഞ്ഞു.
ഒറ്റ നിമിഷം കൊണ്ട് സെലിബ്രിറ്റി
''അടുത്ത വീടുകളില്‍ നിന്നുള്ള ലോട്ടറി ഫല പ്രഖ്യാപനത്തിന്റെ വാര്‍ത്തകള്‍ കേട്ടാണ് ഉച്ചയ്ക്ക് വീട്ടില്‍ കയറുന്നത്. അപ്പോള്‍ തന്നെ ഭാര്യയോട് ടിക്കറ്റ് എടുത്ത് നോക്കാന്‍ പറഞ്ഞിരുന്നു. അടിക്കും എന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ ടിവി വെച്ച് നോക്കിയിരുന്നില്ല, കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴാണ് തന്റെ നമ്പറിന് ഒന്നാം സമ്മാനം അടിച്ചതായി ഭാര്യ പറയുന്നത്. ആദ്യം വിശ്വാസം വന്നില്ല. ഫോണില്‍ നോക്കി ഒരു വട്ടം കൂടി ഉറപ്പിച്ച ശേഷം ലോട്ടറി ഏജന്‍സിയില്‍ ജോലിചെയ്യുന്ന ചേച്ചിയെ വിളിച്ചു പറയുകയായിരുന്നു'' -അനൂപ് പറഞ്ഞു. പിന്നീടെല്ലാം അനൂപിന് ഒരു സ്വപ്നം പോലെയായിരുന്നു. മാധ്യമങ്ങള്‍, ചോദ്യങ്ങള്‍, ലൈവ് ടെലികാസ്റ്റ് മൊത്തത്തില്‍ നിമിഷനേരത്തിനുള്ളില്‍ അനൂപ് ഒരു സെലിബ്രിറ്റിയായി.
ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്
ഭാഗ്യ ടിക്കറ്റ് എടുത്ത കഥ
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരം ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നും അനൂപ് ടിക്കറ്റ് എടുക്കുന്നത്. 'അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. അവസാനം, നാടുവിട്ടു പോവുകയല്ലേ ഇനി പറ്റില്ലല്ലോ എന്ന് ഓര്‍ത്താണ് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതില്‍ നിന്നുള്ള പണം കൂടി ചേര്‍ത്ത് ലോട്ടറി എടുക്കാന്‍ പോയത്.
ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്' അനൂപ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാനിരിക്കെയാണ് ഓട്ടോ ഡ്രൈവറായ അനൂപിനെ തേടി ഭാഗ്യദേവത എത്തുന്നത്.
ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഭാര്യയുമായി വീണ്ടും വഴക്ക് ആയേനെ
''സത്യം പറഞ്ഞാല്‍ ഭാര്യക്ക് ലോട്ടറി എടുക്കുന്നതില്‍ ചെറിയ എതിര്‍പ്പുണ്ടായിരുന്നു. കാശ് അനാവശ്യമായി കളയണ്ട എന്നുള്ളത് കൊണ്ടായിരുന്നു അത്. ആ എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഭാര്യയുമായി വീണ്ടും വഴക്ക് ആയേനെ'' -അനൂപ് പറയുന്നു.
ഭാവി പദ്ധതികള്‍
ഒരാഴ്ച ഒന്നും ചെയ്യാതെ വിശ്രമിക്കാനാണ് കോടിപതിയുടെ തീരുമാനം. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെങ്കിലും മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ട്. സത്യത്തില്‍ നാടുവിട്ടു പോകാന്‍ താല്പര്യമില്ലായിരുന്നു എന്നും അനൂപ് പറയുന്നത്. ഭാര്യ ആറുമാസം ഗര്‍ഭിണിയാണ്. വീട്ടില്‍ കാര്യമായി സഹായിക്കാന്‍ ആരുമില്ലാത്ത സാഹചര്യമാണ്. എന്നിട്ടും നാട് വിടാന്‍ തീരുമാനിച്ചത് കടം കൊണ്ട് നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട് മാത്രമായിരുന്നു.
ഇനി അതിന്റെ ആവശ്യമില്ലെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. കടങ്ങള്‍ എല്ലാം കൊടുത്തു തീര്‍ക്കണം. ബാക്കി വരുന്ന പണത്തില്‍ കുറച്ച് സഹോദരിമാര്‍ക്കും ഒപ്പം ചാരിറ്റിക്കും കൊടുക്കണമെന്നാണ് അനൂപിന്റെ ആഗ്രഹം.
സിംഗപ്പൂരില്‍ കിട്ടിയ ഷെഫ് ജോലിക്ക് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും പാചക കല അവസാനിപ്പിക്കില്ലെന്ന് അനൂപ്
നല്ലൊരു പാചകക്കാരന്‍ കൂടിയാണ് അനൂപ്. സിംഗപ്പൂരില്‍ കിട്ടിയ ഷെഫ് ജോലിക്ക് പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും പാചക കല അവസാനിപ്പിക്കില്ലെന്ന് അനൂപ് പറയുന്നു. ഒരു ഹോട്ടല്‍ തുടങ്ങണം. പഴയ ഓട്ടോ ഒന്ന് പുതുക്കിയെടുക്കാനുള്ള പദ്ധതിയും അനൂപിന്റെ മനസ്സിലുണ്ട്.
റോഡ് സൈഡില്‍ ഒരു കുഞ്ഞു വീടും അനൂപിന്റെ ഒരു സ്വപ്നമാണ്. ഇപ്പോള്‍ ഭാര്യയുടെ അമ്മയുടെ പേരിലുള്ള വീട്ടിലാണ് അനൂപും കുടുംബവും താമസം.
കുടുംബ വിശേഷം
തിരുവനന്തപുരം നഗരത്തില്‍ പെരുന്താണി വാര്‍ഡില്‍ ശ്രീവരാഹം മാര്‍ക്കറ്റ് ജംക്ഷന് സമീപം പണയില്‍ വീട്ടിലാണ് അനൂപിന്റെ താമസം. മകന്‍ അദ്വൈതിന് രണ്ടര വയസ്. ഭർത്താവ് നാട് വിട്ടുപോകാത്ത സന്തോഷത്തിലാണ് ഭാര്യ മായ. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള അനൂപിന് മുന്‍പ് ഒരു തവണ 5000 രൂപ അടിച്ചിരുന്നു. അതിനപ്പുറം ഭാഗ്യം കടാക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യം വിശ്വസിക്കാന്‍ പാടായിരുന്നുവെന്ന് മായ പറഞ്ഞു.
അമ്മ, ഭാര്യ, മകന്‍ എന്നിവരടങ്ങുന്ന കുടുംബമാണ് അനൂപിന്റേത്. ഭാര്യ മായ ബാങ്ക് ജോലിക്ക് പഠിക്കുന്നുണ്ട്.