'ന്യായസംഹിത നീതിന്യായ സംവിധാനം താളംതെറ്റിക്കും, നോട്ട് നിരോധനം പോലെ അതും ബിജെപി ഏറ്റെടുക്കില്ല'|മനു സെബാസ്റ്റ്യൻ അഭിമുഖം
കാര്യക്ഷമമായിപ്പോകുന്ന ഒരു നീതിന്യായ സംവിധാനത്തെ പൊളിച്ചുപണിയുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ പോലും പാലിക്കാതെയാണ് ജൂലൈ ഒന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതെന്ന് ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ. രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ് ക്രിമിനൽ നിയമങ്ങള്‍. അതിനാൽ വലിയ മാറ്റം കൊണ്ടുവരുമ്പോൾ കൂടുതൽ ചർച്ചയും പഠനവും അത്യാവശ്യമാണ്. എന്നാൽ കേന്ദ്രസർക്കാർ അതൊന്നും പാലിച്ചിട്ടില്ലെന്നും ദ ഫോർത്തിന് നൽകിയ ഫോൺ -ഇൻ അഭിമുഖത്തിൽ മനു സെബാസ്റ്റ്യൻ പറഞ്ഞു.
ഒരേസമയം രണ്ട് വ്യത്യസ്ത നിയമങ്ങൾ എന്ന അത്യസാധാരണ നിലയിലേക്കാണല്ലോ രാജ്യം നീങ്ങുന്നത്. ഇതുണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ എന്തൊക്കെയായിരിക്കും?
ഭരണഘടനപ്രകാരം, ക്രിമിനൽ നിയമങ്ങൾ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ജൂൺ 30 അർധരാത്രി വരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കും കേസുകൾക്കും ഐപിസി, സി ആർ പി സി, എവിഡൻസ് ആക്റ്റ് എന്നിവ അനുസരിച്ചുള്ള നടപടിക്രമങ്ങളേ പറ്റുകയുള്ളൂ. നിലവിൽ ഇന്ത്യയിൽ ഒരു ക്രിമിനൽ കേസ് സുപ്രീംകോടതി വരെ എത്തി അന്തിമ തീർപ്പ് ഉണ്ടാകുന്നതിന് പത്ത് മുതൽ മുപ്പത് വർഷം വരെ എടുക്കും. അതായത് ഭാരതീയ ന്യായ് സംഹിതയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ നിലവിൽ വന്നാലും പഴയ ഐപിസിയും സി ആർ പി സിയുമൊക്കെ ഇനിയുമൊരു 30 വർഷം രാജ്യത്തെ കോടതികളിൽ ഉപയോഗിക്കേണ്ടി വരും.
ജഡ്ജിമാരും പ്രോസിക്യൂട്ടർമാരും ഡിഫൻസ് അഭിഭാഷകരുമൊക്കെ ഒരേസമയം രണ്ടുനിയമങ്ങൾ സമാന്തരമായി ഉപയോഗിക്കേണ്ടുന്ന അവസ്ഥ കോടതികളിൽ ഉണ്ടാകും. ഉദാഹരണത്തിന് കൊലപാതകകുറ്റം ഐപിസിയിൽ 302-ാം വകുപ്പാണെങ്കിൽ ബിഎൻഎസിൽ അതേ കുറ്റകൃത്യത്തിന്റെ നിർവചനത്തിൽ ഒരു മാറ്റവുമില്ലാതെ, നമ്പർ മാത്രം മാറ്റി നൽകിയിരിക്കുകയാണ്. ബിഎൻഎസിലുള്ള ഏകദേശം 90 ശതമാനം വ്യവസ്ഥകളും നേരത്തെ ഐ പി സിയിൽ ഉണ്ടായിരുന്നത് തന്നെയാണ്. (ഐപിസിയിൽ ആകെയുണ്ടായിരുന്ന 511 വകുപ്പുകളിൽ 24 എണ്ണം മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. ഉൾപ്പെടുത്തിയാകട്ടെ 23 പുതിയ വകുപ്പുകളും) നമ്പറുകൾ മാത്രമാണ് മാറ്റിയിരിക്കുന്നത്. സി ആർ പി സിയിലും സമാനമാണ് അവസ്ഥ. 95 ശതമാനവും വ്യവസ്ഥകളും അതുപോലെ ബി എൻ എസ് എസിലേക്ക് മാറ്റിയിട്ടുണ്ട്.
നമ്പർ മാറ്റിയെന്നത് കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിൽ അത്ര തമാശയല്ല. ഒരു കോടതിയിലും പോലീസ് സ്റ്റേഷനുകളിലും ഉൾപ്പെടെ വലിയ ആശയക്കുഴപ്പമാണ് ഈ വിഷയം സൃഷ്ടിക്കുക. കോടതികളുടെ ഒരു സ്വാഭാവിക നടപടി ക്രമങ്ങളെ അവ ബാധിക്കും. കാരണം ജൂലൈ ഒന്നിനു മുൻപും ശേഷവും രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരേ കുറ്റകൃത്യത്തിന് വ്യത്യസ്ത സീക്വൻസിൽ മുന്നിലേക്കു വരുമ്പോൾ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും.
ഒരു പുതിയ സംവിധാനം എന്തെങ്കിലും ഗുണകരമായ മാറ്റം കൊണ്ടുവരുന്നുവെങ്കിൽ പ്രശ്നമില്ല. പക്ഷെ ഇവിടെ അതും സംഭവിക്കുന്നില്ല. യഥാർത്ഥത്തിൽ നീതിന്യായ സംവിധാനത്തിൽ ആകെ പ്രായോഗികമായ ബുദ്ധിമുട്ട് മാത്രമാണ് ബിഎൻഎസ് ഉൾപ്പെടെയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യമാകുന്നതിലൂടെ ഉണ്ടാകുന്നത്. രാജ്യത്തെ വിചാരണ നടപടികൾ ഒരുപാട് സമയം എടുക്കുന്നുവെന്ന പരാതികൾ പൊതുവേയുണ്ട്, അത് വാസ്തവവുമാണ്. അങ്ങനെയിരിക്കെ കൂടുതൽ വൈകിപ്പിക്കുക മാത്രമാണ് ജൂലൈ ഒന്നിനുശേഷം ഉണ്ടാകാൻ പോകുന്നത്.
വളരെ വേഗത്തിലുള്ള നീതിന്യായ നിർവഹണം സാധ്യമാക്കാനാണെന്ന പേരിലാണല്ലോ പുതിയ ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. എന്നാൽ ആ വാദം തെറ്റാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്?
അങ്ങനെ കാര്യക്ഷമാക്കാനുള്ള എന്താണ് ബി എൻ എസിലുള്ളത്. ആവശ്യത്തിന് ജഡ്ജിമാരോ കോടതികളോ ഇല്ലെന്നതാണ് നമ്മുടെ രാജ്യത്തെ പ്രധാന പ്രശ്നം. അത് പരിഹരിക്കാൻ വേണ്ടി, കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ജുഡീഷ്യറിക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയും അടിസ്ഥാനസൗകര്യ വികസനങ്ങൾ ഉണ്ടാക്കുകയും കൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ്. ലോകത്തെ ഏറ്റവും കുറവ് ജഡ്ജ് ടു പോപ്പുലേഷൻ റേഷ്യോ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്ത് ലക്ഷം പൗരന്മാർക്ക് 21 ജഡ്ജ് എന്നതാണ് ഇന്ത്യയിലെ നിലവിലെ സ്ഥിതി.
കൂടുതൽ കോടതികളും ജഡ്ജിമാരുമാണ് നമുക്കാവശ്യം. ബിഎൻഎസും ബിഎൻഎസ്എസിലുമൊക്കെ ഒരു വിചാരണ എത്രസമയം കൊണ്ട് തീർക്കണം എന്നൊക്കെ നിഷ്കർഷിക്കുന്നുണ്ട്. പക്ഷെ അതിനാവശ്യമായ സാഹചര്യങ്ങൾ കൂടി വേണ്ടേ? അല്ലാതെ വേഗത്തിലാക്കണമെന്ന് എഴുതിവച്ചിട്ട് മാത്രം കാര്യമില്ല. ഇപ്പോൾ നിലവിലുള്ള പോക്സോ നിയമ പ്രകാരം, നിശ്ചിത സമയത്തിനുള്ള വിചാരണ പൂർത്തിയാക്കണം എന്നാണ്. എസ് സി/ എസ്ടി ആക്ടിലുമുണ്ട് സമാനമായി. പക്ഷെ വളരെ ചുരുക്കം കേസുകളിലാണ് ഈ പരിധിയൊക്കെ പാലിക്കപ്പെടുന്നത്. മനഃപൂർവമാണ് കഴിയാത്തതുകൊണ്ടാണ്. വളരെ സെൻസേഷണലായ കേസുകളിൽ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കപ്പെടുന്നത്. അതും നൂറുകണക്കിന് മറ്റ് കേസുകൾ മാറ്റിവെച്ചുകൊണ്ടാണ് അതൊക്കെ സാധ്യമാകുന്നത്. ഒരു കേസ് ഫാസ്റ്റ്‌ട്രാക്ക് ചെയ്യാൻ വേണ്ടി നിരവധിയായ കേസുകളാണ് മന്ദഗതിയിലാക്കപ്പെടുന്നത്. അങ്ങനെ ഉണ്ടായതുകൊണ്ട് കാര്യമില്ലലോ, കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കൃത്യമായൊരു സംവിധാനമാണ് ആവശ്യം.
ജൂലൈ ഒന്നിന് മുൻപ് നടന്ന കുറ്റകൃത്യത്തിൽ ബിഎൻഎസ് നിലവിൽവന്ന ശേഷമാണ് കേസ് എടുക്കുന്നതെങ്കിൽ ഏത് പ്രൊസീജർ കോഡ് ഉപയോഗിക്കുമെന്നത് സംബന്ധിച്ചൊന്നും ഒരു വ്യക്തതയും ഇതുവരെയില്ല. വളരെ വലിയ ആശയക്കുഴപ്പമല്ലേ അതുണ്ടാക്കുക?
ഒരു സബ്സ്റ്റാൻ്റിവ് നിയമത്തിന് (ഒരു സമൂഹത്തിലെ അംഗങ്ങൾ എങ്ങനെ പെരുമാറണമെന്ന് നിയന്ത്രിക്കുന്ന നിയമങ്ങളുടെ കൂട്ടമാണ് സബ്സ്റ്റാൻ്റിവ് നിയമം) ഒരിക്കലും റെട്രോസ്പെക്ടീവ് ആയിട്ട് ഉപയോഗിക്കാൻ പാടില്ലെന്നതാണ് പൊതുതത്വം. അതേസമയം പ്രോസീജറൽ നിയമമാണെങ്കിൽ അങ്ങനെ ചെയ്യാം. ഇനിയിപ്പോ ഒരു വിചാരണ നടക്കുമ്പോൾ, അത് സബ്സ്റ്റാൻ്റിവ് ആണോ പ്രൊസീജറൽ നിയമമാണോ എന്നൊരു സംശയമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്.
ബി എൻ എസ് പ്രകാരം, ഒരു കേസിൽ ഓഡിയോ- വീഡിയോ തെളിവുകൾ ശേഖരിക്കാമെന്ന് പറയുന്നുണ്ട്. എന്നാൽ ജൂലൈ ഒന്നിന് മുൻപ് നടന്ന, പിന്നീട് രജിസ്റ്റർ ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോൾ ഓഡിയോ- വീഡിയോ തെളിവുകൾ എടുക്കാമെന്ന് പറയുന്ന വ്യവസ്ഥ സബ്സ്റ്റാൻ്റിവ് ആണോ പ്രൊസീജറൽ ആണോ എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. അത് ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ജുഡീഷ്യൽ ഇടപെടലിലൂടെ മാത്രമേ അത് ശരിയാകാൻ സാധ്യതയുള്ളൂ.
ഒരു നിയമം എത്തരത്തിൽ വ്യാഖ്യാനിക്കണമെന്ന വിഷയത്തിലും പ്രശ്നമില്ലേ? ഐപിസിയിലെ ഒട്ടുമിക്ക നിയമങ്ങളും എങ്ങനെ വ്യാഖ്യാനിക്കപ്പെടണമെന്നതിൽ സുപ്രീംകോടതി കൃത്യമായ മാർഗനിർദേശമുണ്ട്. ബി എൻ എസിന്റെ കാര്യത്തിൽ അതുണ്ടായി വരാൻ വർഷങ്ങൾ എടുക്കില്ലേ?
അങ്ങനെയൊരു അവ്യക്തതയുടെ പ്രശ്നം ഉയരാൻ സാധ്യതയുണ്ട്. ഐപിസി, സി ആർ പി സി നിയമങ്ങൾക്ക് പൂർവമാതൃകകൾ ഉണ്ടായിരുന്നതിനാൽ മറ്റ് പ്രശ്നങ്ങൾക്ക് ഇടമില്ലായിരുന്നു. തത്വത്തിൽ അങ്ങനെയൊക്കെ തന്നെ ബി എൻ എസിലും ഉപയോഗിക്കാമെന്ന് പറയാമെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം. എന്നാൽ ഏതൊരു പുതിയ നിയമം കൊണ്ടുവരുമ്പോഴും ബുദ്ധിമുട്ടുകളുണ്ടാകും. പക്ഷെ യഥാർത്ഥ പ്രശ്നം അതല്ല. അങ്ങനെയുള്ള ബുദ്ധിമുട്ടുകൾക്കൊക്കെ ഒടുവിൽ എന്താണ് നേടാൻ ഉദ്ദേശിക്കുന്നത് എന്നതാണ്.
കുറച്ച് കാലമെടുത്ത് ആശയക്കുഴപ്പങ്ങൾ നീങ്ങുമെന്ന് കരുതിയാലും ഒരുസംവിധാനത്തെ മൊത്തമായി പൊളിച്ചുപണിയുമ്പോൾ എന്തെങ്കിലും നേട്ടം വേണ്ടേ? നമ്മുടെ നിയമങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതാണ് പുതിയ നിയമങ്ങളെങ്കിൽ പ്രശ്നമില്ല. എല്ലാ ബുദ്ധിമുട്ടുകളും സഹിക്കാം. പക്ഷേ, ഇവിടെ അങ്ങനെയൊരു പ്രയോജനം ഉണ്ടാകുന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിട്ട് എന്താണ് പ്രയോജനം? കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കുന്നതുകൊണ്ട് ആർക്ക് എന്താണ് ഗുണം? നല്ലപോലെ പൊയ്ക്കൊണ്ടിരിക്കുന്ന സംവിധാനത്തെ ശരിക്കും തകിടം മറിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ബിജെപി സർക്കാർ എല്ലാത്തിനെയും അപകോളനീകരിച്ചു, ഭാരതീയവത്കരിച്ചു എന്ന രാഷ്ട്രീയ സന്ദേശം നൽകുകയാണ് ബിഎൻഎസിന് പിന്നിൽ. പുതിയ നിയമം മുഴുവൻ മോശമാണെന്നല്ല, കുറച്ച് നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അതൊക്കെയൊരു ഭേദഗതിയിലൂടെ കൊണ്ടുവരാവുന്ന മാറ്റങ്ങളായിരുന്നു. 2013ലെ നിർഭയ കേസിന് ശേഷം വളരെ റാഡിക്കലായ മാറ്റങ്ങൾ ഐപിസിയിൽ കൊണ്ടുവന്നിരുന്നു. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. അതിനുപകരം, എല്ലാം പൊളിച്ചുപണിതുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രഥമദൃഷ്ട്യാ ഒരു കേസ് നിലവിലുണ്ടോയെന്ന് നിർണയിക്കാൻ പ്രാഥമിക അന്വേഷണം നടത്താൻ ബിഎൻഎസ്എസിന്റെ 173(3) വകുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന് 14 ദിവസത്തെ സമയമാണ് നൽകുന്നത്. ഇത് സിആർപിസി യുടെ 154-ാം വകുപ്പിനും 2013-ലെ ലളിതാ കുമാരി vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിലെ സുപ്രിംകോടതിയുടെ ഉത്തരവിനും വിരുദ്ധമല്ലേ? കൂടാതെ പൊലീസിന് കൂടുതൽ അധികാരവും ദുരുപയോഗത്തിനുള്ള സാധ്യതതയുമല്ലേ തുറന്നിടുന്നത്?
ശരിയാണ്, പോലീസിന്റെ അധികാരം വർധിപ്പിക്കുന്ന തരത്തിലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡി സംബന്ധിക്കുന്ന വ്യവസ്ഥകളിൽ ചില വ്യക്തതക്കുറവുണ്ട്. ഇപ്പോഴത്തെ നിയമമനുസരിച്ച്, അറസ്റ്റ് ചെയ്യുന്ന ദിവസം മുതൽ 15 ദിവസം വരെ മാത്രമേ പോലീസ് കസ്റ്റഡിക്ക് അനുവാദമുള്ളൂ. എന്നാൽ പുതിയ നിയമം, 60 അല്ലെങ്കിൽ 90 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്കിടെ പലപ്പോഴായി 15 ദിവസത്തേക്ക് കുറ്റാരോപിതനെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അവസരങ്ങൾ ഒരുക്കുന്നുണ്ട്. 15 ദിവസമെന്ന ഇപ്പോഴത്തെ ഉയർന്ന പോലീസ് കസ്റ്റഡി പരിധി പുതിയതിലും പാലിക്കപ്പെടുമോ അതോ ഒറ്റത്തവണ 15 ദിവസം എന്ന നിലയ്ക്ക് പലപ്പോഴായി കസ്റ്റഡിയിലെടുക്കാൻ പറ്റുമോ എന്നീ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അത് വ്യാഖ്യാനിക്കുന്ന പോലെയിരിക്കും കാര്യങ്ങൾ.
124 എ, രാജ്യദ്രോഹം എന്നീ പദങ്ങൾ മാറ്റിയെന്നത് ശരിയാണ്. പക്ഷേ, ഉണ്ടായിരുന്നതിലും ഭീകരമായ നിയമങ്ങളാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്
എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലേക്ക് വന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ പരിധി വർധിപ്പിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ലളിതാ കുമാരി vs സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിലെ വിധിയനുസരിച്ച് കോഗ്നിസിബിൾ കുറ്റകൃത്യങ്ങളുടെ വിവരം ലഭിച്ചാൽ അപ്പോൾ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം. അഴിമതിക്കേസ് പോലെയുള്ളവ ചുരുക്കം ചില കേസുകൾക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. അതിനെ പുതിയ നിയമത്തിൽ കുറച്ചുകൂടി വിപുലീകരിച്ചിരിക്കുകയാണ്. മൂന്ന് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്നതും എന്നാൽ ഏഴ് വർഷത്തിൽ താഴെയുള്ളതുമായ കുറ്റകൃത്യങ്ങളാണെങ്കിൽ പ്രാഥമിക അന്വേഷണം വേണമെന്നാണ് പുതിയ നിയമം.
124എ എടുത്തുകളഞ്ഞിരിക്കുന്നുവെന്ന് അമിത് ഷാ സഭയിൽ പറയുന്നു. എന്നാൽ അതിലും ഭീകരമായി ഏതൊരു വിമതഭിപ്രായത്തെയും രാജ്യദ്രോഹമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് ബി എൻ എസിലെ 152-ാം വകുപ്പ്. ഒന്നുകൂടി കൃത്യമായി പരിശോധിച്ചാൽ 226-ാം വകുപ്പിൽ സത്യഗ്രഹത്തെ പോലും കുറ്റകൃത്യമാക്കാവുന്ന തരത്തിലാണ് നിയമങ്ങളെ ഫ്രെയിം ചെയ്തിരിക്കുന്നത്?
124 എ, രാജ്യദ്രോഹം എന്നീ പദങ്ങൾ മാറ്റിയെന്നത് ശരിയാണ്. പക്ഷേ, ഉണ്ടായിരുന്നതിലും ഭീകരമായ നിയമങ്ങളാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. 'ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയും അപകടപ്പെടുത്തുന്നവ' എന്നാണ് ബിഎൻഎസ് 152-ാം വകുപ്പിലുള്ളത്. ഈ നിർവചനത്തിന്റെ വ്യാപ്തി വളരെ വിശാലമാണ്, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനും കഴിയും. ഒരാൾ സമരം ചെയ്യുന്നതിന്റെ ഭാഗമായി റോഡ് തടഞ്ഞാൽ പോലും ഈ വകുപ്പ് ചുമത്താൻ കഴിയുന്ന തരത്തിലാണ് ബിഎൻഎസ് 152-ാം വകുപ്പ്.
അതുപോലെ, യുഎപിഎ നിയമത്തിലെ തീവ്രവാദത്തിന്റെ നിർവചനവും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. യു എ പി എ വകുപ്പിൽ ചില സംരക്ഷണങ്ങളെങ്കിലും ഉണ്ടായിരുന്നു. അതായത് ഒരാൾക്കുമേൽ യു എപി എ ചുമത്തണമെങ്കിൽ അനുവാദം വേണം, പോലീസിലെ ഉന്നത റാങ്കിലുള്ളവരായിരിക്കണം കേസ് ചുമത്തേണ്ടത് എന്നീ നിഷ്കർഷകളുണ്ടായിരുന്നു. പക്ഷേ ബി എൻ എസിലേക്ക് വരുമ്പോൾ അത്രയും ഗൗരകരമായ വകുപ്പ് എസ്എച്ച്ഒയ്ക്ക് വേണമെങ്കിലും ചുമത്താൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. കൂടാതെ ബി എൻ എസിലെ പ്രൊവിഷനും യു എ പി എയും ഒരേസമയം തുടരുമ്പോൾ രണ്ടു വകുപ്പുകൾ ഉപയോഗിച്ചും കേസ് എടുക്കാം എന്ന അവസ്ഥ വരുന്നുണ്ട്. സമാനമാണ് സംഘടിത കുറ്റകൃത്യം സംബന്ധിച്ച വകുപ്പുകൾ. അതിന്റെയും നിർവചനങ്ങൾ വിശാലവും അവ്യക്തവുമാണ്.
ഈ മാറ്റം പോലീസ് ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിനും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരിക്കാനുമൊക്കെയുള്ള പഴുതുകൾ നൽകുന്നുണ്ട്. ഒരു കേസ് വേണമെങ്കിൽ എഫ് ഐ ആർ ഇടാതെ തന്നെ ഒത്തുതീർപ്പാക്കാനുള്ള സാധ്യതയും തുറന്നിടുന്നുണ്ട്. പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിലാണ് വന്നിരിക്കുന്ന പല മാറ്റങ്ങളും.
പോലീസിന് കൂടുതൽ അധികാരം നൽകുന്ന, പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന തരത്തിലാണ് പുതിയ നിയമങ്ങള്‍
ജൂലൈ ഒന്നുമുതൽ പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്. ഒരുനിയമവിദഗ്ധൻ എന്ന നിലയിൽ പുതിയ മൂന്ന് നിയമങ്ങൾ വിശകലനം ചെയ്യുമ്പോൾ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?
ഇതൊരു അനാവശ്യമായ നീക്കമാണ്. എത്രയും വേഗം ഈ നിയമങ്ങൾ പുനഃപരിശോധിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ പഴയ നിയമങ്ങളിൽ പോരായ്മകൾ ഇല്ലെന്നല്ല അതിന്റെ അർഥം. അതിനും മാറ്റവും പരിഷ്കാരങ്ങളും ആവശ്യവുമാണ്. പക്ഷേ ബിഎൻഎസ് ഉൾപ്പെടെയുള്ള പുതിയ നിയമങ്ങളില്‍ പേരുമാറ്റലും വകുപ്പുകളുടെ നമ്പറുകളും മാത്രമാണ് പുതിയത്. പിന്നെ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് പോലീസിന് കൂടുതൽ അധികാരം നൽകുന്ന, പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന തരത്തിലാണ്. പത്ത് ശതമാനം മാറ്റങ്ങളുണ്ടെങ്കിൽ അതെല്ലാം അപകടകരമായവയാണ്.
ഭരണപക്ഷം മാത്രമുള്ള ഒരു സഭയിലാണ് ഈ ബിൽ പാസാക്കിയത്. ഭൂരിഭാഗം പ്രതിപക്ഷ എംപിമാരും സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. വേണ്ടവിധത്തിലുള്ള ചർച്ചയൊന്നും നടന്നിട്ടുമില്ല. ക്രിമിനൽ നിയമങ്ങളെന്ന് പറയുന്നത് രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഇത്ര വലിയ മാറ്റം വരുമ്പോൾ കൂടുതൽ ചർച്ചയും പഠനവും അത്യാവശ്യമാണ്.
ക്രിമിനൽ നിയമങ്ങൾക്കു വ്യക്തത ഉണ്ടാകണമെന്നത് അടിസ്ഥാന തത്വമാണ്. പൗരനെന്ന നിലയിൽ ഒരാൾക്ക് മനസിലാക്കാൻ സാധിക്കണം, താൻ ചെയ്യുന്ന കുറ്റമെന്ത്, തന്നെ ശിക്ഷിക്കാൻ പോകുന്ന നിയമമേത് എന്ന കാര്യങ്ങൾ. അതൊന്നുമില്ലാത്ത തരത്തിലാണ് ബിഎൻഎസ്, ബിഎൻഎസ്എസ്, ബി എസ് എ എന്നിവ. നോട്ടുനിരോധനം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഇപ്പോൾ ആർക്കും വേണ്ട. ബിജെപി സർക്കാർ പോലും അതാവകാശപ്പെടുന്നില്ല. ഇതും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ അതുപോലെയാകും.