പൂവച്ചല്‍ ഖാദറിന്റെ 'കുഞ്ചിരാമന്‍' മുതല്‍ റഫീഖ് അഹമ്മദിന്റെ 'നേതാവ്' വരെ; രാഷ്ട്രീയക്കാരെ കുത്തിനോവിച്ച മലയാള ഗാനങ്ങള്‍
സിനിമയിൽ കുട്ടിക്കുരങ്ങനെ കളിപ്പിച്ചുകൊണ്ട് തെരുവുഗായകൻ പാടേണ്ട പാട്ടാണ്. കഥാസന്ദർഭം വിവരിച്ചുകേട്ടപ്പോൾ ചിരിയും ഇത്തിരി ചിന്തയും ഇടകലർത്തി പൂവച്ചൽ ഖാദർ എഴുതി... "കാട്ടിലെ മന്ത്രീ, കൈക്കൂലി വാങ്ങാൻ കയ്യൊന്നു നീട്ടൂ രാമാ, നാട്ടിലിറങ്ങി വോട്ടു പിടിക്കാൻ വേഷം കെട്ടൂ രാമാ കുഞ്ചിരാമാ...''
തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ചുഴി (1973) എന്ന ചിത്രത്തിൽ ബാബുരാജിന്റെ ഈണത്തിൽ സി ഒ ആന്റോയും എൽ ആർ ഈശ്വരിയും പാടിയ നല്ലൊരു ഹാസ്യഗാനം. പക്ഷേ പാട്ട് റേഡിയോയിൽ കേട്ടുതുടങ്ങിയതോടെ കഥ മാറി. ആസ്വാദകർക്കൊപ്പം വിമർശകരുമുണ്ടായി അതിന്. സംസ്ഥാന വനം മന്ത്രിയെ കരിതേച്ചു കാണിക്കാൻ വേണ്ടി കരുതിക്കൂട്ടി എഴുതിയ പാട്ടാണെന്നായിരുന്നു പ്രധാന ആരോപണം, കാരണമുണ്ട്.
അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുകയായിരുന്നു അന്നത്തെ വനം മന്ത്രി. "കാട്ടുകള്ളൻ'' എന്നൊക്കെ വിളിച്ച് മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്ന കാലം. സ്വാഭാവികമായും മന്ത്രിയെ അടിക്കാൻ നല്ലൊരു വടിയായി ആ പാട്ടിനെ കണ്ടു പ്രതിപക്ഷകക്ഷികൾ. പാർട്ടി സമ്മേളനങ്ങളിൽ സ്ഥിരം അജണ്ടയായി മാറി അത്.
"ജാഥ നയിക്കുവതെങ്ങിനെ നീ, കുതികാൽ വെട്ടുകയതെങ്ങിനെ നീ ചക്കാത്ത് കാറിൽ ഉദ്ഘാടനത്തിനു നാടുകൾ ചുറ്റുവതെങ്ങിനെ നീ'' എന്നിങ്ങനെയാണ് പാട്ടിന്റെ പോക്ക്. അടുത്ത ചരണവും മോശമല്ല: "പുറകിലെ കീശയിലെന്താണ് പുതിയൊരു പാർട്ടി ടിക്കറ്റോ? പുലിവാലാണീ രാഷ്ട്രീയം നീയത് കുരങ്ങുകളിയായ് മാറ്റരുതേ..."
കാട്ടിലെ മന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് തമാശപ്പാട്ടെഴുതുമ്പോൾ അത് ഉന്നം തെറ്റി "നാട്ടിലെ മന്ത്രി"ക്ക് ചെന്നു കൊള്ളുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ലല്ലോ ഖാദർ. വെറുമൊരു സിനിമാഗാനത്തിന് ആരും പ്രതീക്ഷിക്കാത്ത രാഷ്ട്രീയമാനം കൈവരിക്കാനും ചിലപ്പോഴെങ്കിലും രചയിതാവിന് പാരയാകാനും കഴിയുമെന്ന് അദ്ദേഹം ആദ്യമായി തിരിച്ചറിഞ്ഞ സന്ദർഭം.
രാഷ്ട്രീയത്തിലെ അവസരവാദികളെ കണക്കിനു കളിയാക്കിയിട്ടുണ്ടെങ്കിലും ഒരു പ്രത്യേക നേതാവിനെയും ലക്‌ഷ്യം വച്ച് എഴുതിയതല്ല ആ പാട്ടെന്ന് ആണയിട്ടു പറഞ്ഞിട്ടുണ്ട് ഖാദർ. എന്തായാലും അധികം വൈകാതെ പാട്ട് റേഡിയോയിൽനിന്ന് അപ്രത്യക്ഷമായി. പൊതുയോഗങ്ങളിൽ അതു കേൾപ്പിക്കുന്നതിന് അനൗദ്യോഗിക വിലക്കും വന്നു. "ചലച്ചിത്ര ഗാനത്തിന് പോലീസ് നിരോധനം'' എന്ന തലക്കെട്ടിൽ അക്കാലത്ത് പത്രങ്ങളിൽ വാർത്ത വരെ വന്നിരുന്നുവെന്ന് പൂവച്ചൽ ഖാദർ. വിവാദങ്ങളിൽ താല്പര്യം പണ്ടേയില്ലാത്തതിനാൽ വിശദീകരണം ചോദിച്ച് അലമ്പുണ്ടാക്കാനൊന്നും പോയില്ല മര്യാദക്കാരനായ ഖാദർ.
സിനിമയിലെ ഏതെങ്കിലും കഥാമുഹൂർത്തത്തിനുവേണ്ടി നിർദോഷ ഫലിതം കലർത്തി എഴുതപ്പെടുന്ന പാട്ടുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ താറടിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിന് വേറെയുമുണ്ട് ഉദാഹരണങ്ങൾ.
അടിയന്തിരാവസ്ഥക്കാലത്ത് സമ്മേളനവേദികളിൽ പതിവായി പാടിക്കേട്ട പാട്ടാണ് പി ഭാസ്കരൻ എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട "കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ'' (അരക്കള്ളൻ മുക്കാക്കള്ളൻ). കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷൻ ദേവ്കാന്ത് ബറുവയെ മനസ്സിൽ കണ്ട് മനഃപൂർവ്വം എഴുതിയതാണ് ആ പാട്ടെന്ന് വിശ്വസിച്ചിരുന്നു അന്ന് പലരും.
"പാട്ടിന്റെ പേരിൽ ഭരണകക്ഷിയിൽനിന്ന് കടുത്ത വിമർശനവും പ്രതിപക്ഷത്തിന്റെ അകമഴിഞ്ഞ അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. രണ്ടും ചിരിയോടെ മാത്രമേ ഞാൻ സ്വീകരിച്ചിട്ടുള്ളൂ. സിനിമയിലെ ഏതോ സന്ദർഭത്തിന് വേണ്ടി തിടുക്കത്തിൽ എഴുതിക്കൊടുത്ത ഒരു തമാശപ്പാട്ട് മാത്രമാണത് എന്ന സത്യം അവർ വിശ്വസിക്കണം എന്നില്ലല്ലോ...'' ഭാസ്കരൻ മാഷിന്റെ വാക്കുകൾ.
ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ ചിട്ടപ്പെടുത്തിയ 'അങ്കക്കുറി'യിലെ "മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞു" എന്ന പാട്ട് ആക്ഷേപഹാസ്യത്തിന്റെ മകുടോദാഹരണമായി ഓർമയിലുണ്ട്. ചരണത്തിലെ "രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചു, ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി ഇവനെല്ലാം ചതഞ്ഞരഞ്ഞവസാനിക്കും" എന്ന വരിയിലെ "മന്ത്രവാദി" അടിയന്തരാവസ്ഥകാലത്തെ അധികാര കേന്ദമായിരുന്ന യോഗാചാര്യൻ ധീരേന്ദ്ര ബ്രഹ്മചാരിയാണെന്ന് വിശ്വസിച്ചിരുന്നു ചിലരെങ്കിലും. അത്തരം സൂചനകളെല്ലാം ചിരിച്ചുതള്ളുകയാണ് ബിച്ചു ചെയ്തത്.
രാഷ്ട്രീയ സിനിമകൾ ധാരാളമുണ്ടെങ്കിലും രാഷ്ട്രീയ ആക്ഷേപഹാസ്യം പ്രമേയമായ പാട്ടുകൾ അപൂർവമായി വരുന്നു മലയാളത്തിൽ. അവസാനമായി കേട്ട അത്തരമൊരു ശ്രദ്ധേയ ഗാനം സത്യൻ അന്തിക്കാടിന്റെ "ഒരു ഇന്ത്യൻ പ്രണയകഥ"യിലായിരുന്നു. റഫീക്ക് അഹമ്മദ്- വിദ്യാസാഗർ കൂട്ടുകെട്ടിനുവേണ്ടി ജി ശ്രീറാം പാടിയ പാട്ട്:
"വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ വാൽനടക്കണം
വേഷം കെട്ടണം നാണം മാറ്റണം
വേണ്ടിവന്നാൽ വായപൊത്തി വിലയെടുക്കേണം
മാളോരു കാണുമ്പോൾ നേരെ നിൽക്കണം
മേലോരെ കാലുതൊട്ട് തലയ്ക്ക് വെക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ്..."
രാഷ്ട്രീയരംഗത്തെ അവസരവാദികളെ കണക്കിനു കളിയാക്കുന്നുണ്ട് അടുത്ത വരികളിൽ റഫീക്ക്:
"നേരാനേരത്ത് വാക്ക് മാറ്റണം
കാലുമാറണം ചോട് മാറ്റണം
നാലാള് കൂടുമ്പോൾ കേറി നിൽക്കണം
ഓടിയെത്തണം വീറു കാട്ടണം
ആളുന്ന തീയില് പിരിയെണ്ണ പാറണം
ആപത്തിൽ അവനോന്റെ തടി നോക്കണം..."