കരുതലും കാവലും കടന്ന് മാര്‍ പൗവത്തില്‍
വൈവിധ്യമാര്‍ന്ന ജീവിത പാതകളിലൂടെ കടന്നുപോന്ന ധിഷണാശാലിയായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍. ആ വ്യക്തിത്വത്തെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മാത്രമേ മാര്‍ പൗവത്തിലിന്റെ സംഭാവനകളെ നമുക്ക് പൂര്‍ണമായി മനസിലാക്കാനാകൂ. ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പൗവത്തില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് 'കരുതലും കാവലും' എന്നായിരുന്നു. സഭയേയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ പൗവത്തില്‍. സഭയോടൊപ്പം സമൂഹത്തെയും അദ്ദേഹം കരുതലോടെ കണ്ടു. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉറച്ച നിലപാടുകളിലൂടെ സമൂഹശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍.
ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും പാറപോലെ ഉറച്ച നിലപാടുകള്‍ എടുക്കാന്‍ മാര്‍ ജോസഫ് പൗവത്തിലിന് എന്നും കരുത്തേകി. മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ ചില ഉറച്ച നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അദ്ദേഹം കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളോട് അദ്ദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല. അതേസമയം ബോധ്യമുള്ള നിലപാടുകളില്‍നിന്ന് കടുകിട വ്യതിചലിക്കാനും അദ്ദേഹം തയാറായില്ല.
1930 ഓഗസ്റ്റ് 14ന് ചങ്ങനാശേരിക്കടുത്ത് കുറുമ്പനാടം എന്ന ഗ്രാമത്തിലാണ് പിന്നീട് മാര്‍ ജോസഫ് പൗവത്തില്‍ എന്നറിയപ്പെട്ട പാപ്പച്ചന്റെ ജനനം. പൗവത്തില്‍ ജോസഫ്- മറിയക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രന്‍. കുറുമ്പനാടം ഹോളി ഫാമിലി എല്‍ പി സ്‌കൂളിലും സെന്റ് പീറ്റേഴ്സ് എല്‍ പി സ്കൂളിലും ചങ്ങനാശേരി എസ് ബി ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ് ബി കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി. മദ്രാസ് ലെയോളാ കോളജില്‍ നിന്ന് എം എ പാസായി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസം നേടിയ ശേഷമാണ് അദ്ദേഹം സെമിനാരിയില്‍ ചേരുന്നത്. മൂത്ത പുത്രനായതുകൊണ്ട് കുടുംബത്തിന്റെ ചുമതലകളിലേക്ക് കടക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷേ, തന്റെ വഴി തിരഞ്ഞെടുക്കാന്‍ പാപ്പച്ചന് തെല്ലും ശങ്കയുണ്ടായില്ല. ഈശോസഭയില്‍ ചേരാനായിരുന്നു ആഗ്രഹമെങ്കിലും ഇടവകപ്പട്ടമാണ് തിരഞ്ഞടുത്തത്.
പൗരോഹിത്യ സ്വീകരണത്തിന് ശേഷം ചങ്ങനാശേരി എസ് ബി കോളജിലേക്ക് നിയോഗിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കലാലയത്തിലെ സേവനകാലത്തുതന്നെ നേതൃപാടവം പ്രകടമാക്കിയിരുന്നു മാര്‍ പൗവത്തില്‍. ഓക്സ്ഫഡില്‍ വികസനോന്മുഖ സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനും ഇതിനിടെ അര്‍ഹനായി. എസ്ബിയില്‍ അധ്യാപകനായിരിക്കെയാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി പടിയറയുടെ മാര്‍ഗനിര്‍ദേശത്തിലും പിന്തുണയിലും അതിരൂപതയില്‍ വലിയ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സഹായമെത്രാനായ മാര്‍ ജോസഫ് പൗവത്തിലിന് കഴിഞ്ഞു.
അതിരൂപതയിലെ യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ ഊടും പാവും നെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിലും മാര്‍ പൗവത്തില്‍ ഏറെ ശ്രദ്ധിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. പുതിയ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ അടിത്തറ നിര്‍മിതിയില്‍ മാര്‍ പൗവത്തില്‍ വലിയ സംഭാവനയാണ് നല്‍കിയത്. അധികം വൈകാതെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയി ചുമതലയേറ്റു. സി ബി സി ഐ, കെ സി ബി സി അധ്യക്ഷസ്ഥാനവും വഹിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഹോദര സഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.
ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മാര്‍ പൗവത്തില്‍ എന്നും മുന്നണി പോരാളിയായിരുന്നു
വിദ്യാഭ്യാസ രംഗത്ത് മാര്‍ പൗവത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. എസ് ബി കോളേജ് ഉള്‍പ്പെടെ അതിരൂപതയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊറ്റമായ പിന്തുണയും പ്രോത്സാഹനവുമാണ് അദ്ദേഹം നല്‍കിപ്പോന്നത്. മാധ്യമരംഗത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ദീര്‍ഘവീക്ഷണമായിരുന്നു ഇപ്പോള്‍ ചങ്ങനാശേരി കുരിശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വില്ലേജിലൂടെ സാധിതമായത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. അത് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ന്യൂനപക്ഷാവകാശവും മാത്രമായി ചുരുക്കിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല എന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷാവകാശ സംരക്ഷണത്തിനായി മാര്‍ പൗവത്തില്‍ കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മാര്‍ പൗവത്തില്‍ എന്നും മുന്നണി പോരാളിയായിരുന്നു.
സിറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് പൗവത്തിലിനെ വിശേഷിപ്പിച്ചത്. അഞ്ച് മാര്‍പാപ്പമാരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതില്‍ തന്നെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പ്രത്യേകമായൊരു അടുപ്പവും ആത്മീയബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വത്തിക്കാനില്‍ വച്ച് മാര്‍ പൗവത്തിലിന്റെ മെത്രാഭിഷേകം നിര്‍വഹിച്ചത്.
ആരാധാനാ ക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന മാര്‍ പൗവത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസികളുടെ നന്മയ്ക്കും ഉതകുന്നതാണെന്ന ഉത്തമബോധ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. അക്കാര്യങ്ങള്‍ ആരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം തയാറുമായിരുന്നു. ബോധ്യമാകാത്തവരോട് കലഹിക്കാനും അദ്ദേഹം തുനിഞ്ഞില്ല.
സഭാവിജ്ഞാനീയത്തിലും ആരാധനാക്രമരീതികളിലുമൊക്കെ മാര്‍ ജോസഫ് പൗവത്തില്‍ പിന്തുടര്‍ന്ന ചില കര്‍ക്കശ നിലപാടുകള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. സിറോ മലബാര്‍ സഭ അടുത്തകാലത്ത് നേരിട്ട ചില വിവാദ വിഷയങ്ങളില്‍ മാര്‍ പൗവത്തിലിന്റെ പേരും അനാവശ്യമായി വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ പലതും വസ്തുതാവിരുദ്ധവും അബദ്ധജഢിലവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.
പറയേണ്ടത് പറയുകയും പറയേണ്ടത് മാത്രം പറയുകയും ചെയ്യുന്ന പിതാവാണ് മാര്‍ പൗവത്തില്‍ എന്ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരിക്കല്‍ പറയുകയുണ്ടായി
വിവിധ ക്രൈസ്തവ സഭകളുമായി മാത്രമല്ല, ഇതര മതവിഭാഗങ്ങളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ മാര്‍ ജോസഫ് പവ്വത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. ചങ്ങനാശേരിയുടെ പവിത്രമായ പാരമ്പര്യവും മതസൗഹാര്‍ദവും ഇതിലൂടെ കൂടുതല്‍ മിഴിവുള്ളതായി. പറയേണ്ടത് പറയുകയും പറയേണ്ടത് മാത്രം പറയുകയും ചെയ്യുന്ന പിതാവാണ് മാര്‍ പൗവത്തില്‍ എന്ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരിക്കല്‍ പറയുകയുണ്ടായി.
ചില വിഷയങ്ങളില്‍ മാര്‍ പൗവത്തിലിന്റെ പിന്തുണ തേടി എത്തിയ പ്രമുഖര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന ചിലര്‍ക്കും ഈ അനുഭവം നേരിട്ടിട്ടുണ്ട്. തങ്ങളുടെ നിലപാടുകളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പരസ്യമായി പറയാതിരിക്കുകയെങ്കിലും ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. എന്നു മാത്രമല്ല, തനിക്ക് ബോധ്യമുള്ളതും സഭയുടെയും അതിരൂപതയുടെയും നന്മയ്ക്കുതകുന്നതുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
കേരള രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ഉറ്റ സൗഹൃദം പുലര്‍ത്തിപ്പോന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും ചങ്ങനാശേരി അരമനയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അവരുടെ പദവിയോ അധികാരമോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചിരുന്നില്ല. സഭയുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും അത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ചുമതലകളില്‍നിന്ന് വിരമിച്ചശേഷവും ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതേക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു. ചിട്ടയായ ജീവിതവും വ്യക്തമായ കാഴ്ചപ്പാടുകളും നവതിയുടെ നാളുകളില്‍ പോലും അദ്ദേഹത്തെ കര്‍മനിരതനാക്കിയിരുന്നു.