മുരുകേശൻ വയറ്റത്തടിച്ചു; ജയവിജയയുടെ ക്ലാസിക് ഗാനം പിറന്നു
സിനിമ റിലീസായില്ല. ഗാനരംഗം ആരും കണ്ടതുമില്ല. എങ്കിലെന്ത്? പാട്ട് ഇന്നും മലയാളിയുടെ ചുണ്ടിലും മനസ്സിലുമുണ്ട്. ജയവിജയ എന്ന സംഗീതസംവിധാന സഖ്യത്തിന്റെ ക്ലാസിക് സൃഷ്ടികളിലൊന്നായി നിലനിൽക്കുന്നു 'തെരുവുഗീത'ത്തിലെ 'ഹൃദയം ദേവാലയം'; നാലരപ്പതിറ്റാണ്ടിനിപ്പുറവും.
"യേശുദാസിന്റെ ശബ്ദത്തിൽ വാഹിനി സ്റ്റുഡിയോയില്‍ 'ഹൃദയം ദേവാലയം' റെക്കോര്‍ഡ് ചെയ്യുമ്പോള്‍, മലയാളികളുടെ വരും തലമുറകളും ആ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്തുവെക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് മാത്രമല്ല അകാലത്തില്‍ വേര്‍പിരിഞ്ഞ അനിയന്‍ വിജയന് കൂടി അവകാശപ്പെട്ടതാണ് നിങ്ങളുടെ ഈ സ്നേഹത്തിന്റെ ഒരുപങ്ക്,'' ജയൻ മാസ്റ്ററുടെ വാക്കുകൾ ഓർമവരുന്നു.
ജയവിജയന്മാര്‍ വ്യാപരിച്ച അനേകം മണ്ഡലങ്ങളിലൊന്ന് മാത്രമായിരുന്നു സിനിമ. ശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ടമക്കള്‍ ആദ്യം മികവ് തെളിയിച്ചത് കര്‍ണാടക സംഗീതത്തിലാണ്
യഥാര്‍ത്ഥത്തില്‍ 'ഹൃദയം ദേവാലയം' സിനിമയ്ക്കുവേണ്ടി എഴുതിയതല്ല ബിച്ചു തിരുമല. മഹാകവി നാലാങ്കലിന്റെ 'മഹാക്ഷേത്രങ്ങളുടെ മുന്നില്‍' എന്ന പുസ്തകം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ആശയം വെറുതെ കവിതയായി നോട്ട് ബുക്കില്‍ കുറിച്ചിട്ടുവെന്ന് മാത്രം. "ദൈവത്തെ തേടി ദേവാലയങ്ങള്‍ തോറും കയറിയിറങ്ങുന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരനെ അറിയുന്നുണ്ടോ എന്നാ ചിന്തയായിരുന്നു ആ രചനയ്ക്കു പിന്നില്‍,'' ബിച്ചുവിന്റെ ഓർമ. "ആനകളിലാതെ അമ്പാരിയില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ, സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ. മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്നു കഥകളിയാടാറുണ്ടിവിടെ," എന്നിങ്ങനെ പോകുന്നു അതിന്റെ ചരണം. തെരുവുഗീതത്തിലെ ഒരു സിറ്റുവേഷന്‍ വിവരിച്ചുകേട്ടപ്പോള്‍ ആ വരികള്‍ ഇവിടെ യോജിക്കുമല്ലോ എന്ന് തോന്നി. അങ്ങനെയാണ് ഹൃദയം ദേവാലയം സിനിമയില്‍ വരുന്നത്.
പാട്ടിന്റെ ഈണം പിറന്നുവീണ നിമിഷങ്ങള്‍ ജയന്‍ മറന്നില്ല. "റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിലേക്ക് കാറില്‍ പോകുകയാണ് ഞാനും വിജയനും. ബിച്ചുവും സംവിധായകൻ കെ എസ് ഗോപാലകൃഷ്ണനുമുണ്ട് ഒപ്പം. ബിച്ചു എഴുതിത്തന്ന കടലാസ് വാങ്ങി വിജയന്‍ പല്ലവി മൂളിനോക്കി. ഇടയ്ക്കുവച്ച് ഞാനും ഒപ്പം ചേര്‍ന്നു. കാര്‍ സ്റ്റുഡിയോ കവാടത്തിന് മുന്നില്‍ എത്തിയപ്പോഴേക്കും ഈണം റെഡി.''
സിനിമയില്‍ തെരുവുഗായകന്‍ വയറ്റത്തടിച്ചു പാടുന്ന പാട്ടാണ്. ഇന്നത്തെപ്പോലെ എന്ത് സൗണ്ട് എഫക്റ്റും പശ്ചാത്തലത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഉപകരണങ്ങള്‍ അന്നില്ലാത്തതിനാല്‍ വയറ്റത്തടി ലൈവായിത്തന്നെ റെക്കോര്‍ഡ് ചെയ്യണം. ആ ദൗത്യം ഏറ്റെടുത്തത് ഐ എസ് മുരുകേശൻ എന്ന വിദഗ്ദ്ധനായ ശബ്ദ കലാകാരൻ." പത്തുപതിനഞ്ച് വാദ്യോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തു പരിചയമുള്ള മുരുകേശന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു വാദ്യകലാ പ്രകടനത്തിനാണ് അന്ന് ഞങ്ങള്‍ സാക്ഷികളായത്. ഉടുത്തിരുന്ന പാന്റ്സ് താഴ്ത്തി നഗ്നമായ വയറില്‍ താളം പിടിക്കുന്ന മുരുകേശന്റെ ചിത്രം മറക്കാനാവില്ല. റെക്കോർഡിങ് കഴിഞ്ഞപ്പോഴേക്കും മുരുകേശന്റെ വയറില്‍ ചുമന്ന പാടുകള്‍ വീണിരുന്നു. എങ്കിലും സ്പീക്കറിലൂടെ പാട്ട് ഒഴുകിവന്നപ്പോള്‍ എല്ലാ വേദനയും മറന്നു പോയി മുരുകേശൻ," ജയൻ മാസ്റ്ററുടെ ഓർമ.
തെരുവുഗീതത്തിൽ വേറെയുമുണ്ടായിരുന്നു മനോഹരഗാനങ്ങൾ: ഈശ്വരന്‍ എവിടെ, ദ്വാദശി നാളില്‍ (യേശുദാസ്), ആടുന്നുണ്ടാടുന്നുണ്ടേ (വാണി ജയറാം). പടം പുറത്തിറങ്ങിയിരുന്നെങ്കില്‍ ഈ പാട്ടുകളും ഹിറ്റായേനെ എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു ജയന്. "ഇറങ്ങാത്ത പടങ്ങള്‍ക്കുവേണ്ടി നല്ല ഗാനങ്ങള്‍ ഒരുക്കുകയെന്നത് ഞങ്ങളുടെ നിയോഗമായിരുന്നിരിക്കണം. ബിച്ചുവിന്റെ ആദ്യ പടമായ 'ഭജഗോവിന്ദ'ത്തിനും പാട്ടുകളൊരുക്കിയത് ഞങ്ങളാണ്. യേശുദാസ് പാടിയ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി ഓര്‍ക്കുന്നില്ലേ? നിര്‍ഭാഗ്യവശാല്‍ അയ്യായിരത്തോളം അടി ഷൂട്ട് ചെയ്ത ശേഷം ആ പടവും മുടങ്ങി. ''
യേശുദാസിന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ മനോഹര ഗാനമായ ബ്രാഹ്മമുഹൂര്‍ത്തത്തിനു പിന്നിലുമുണ്ട് ഒരു കഥ: ബിച്ചു നേരത്തെ എഴുതി അയച്ച ഒരു കവിത സുഹൃത്ത് കൂടിയായ സിനിമാ പത്രപ്രവര്‍ത്തകന്‍ വിതുര ബേബി സിനിരമയില്‍ പ്രസിദ്ധീകരിക്കുന്നു. വാരികയില്‍ അടിച്ചുവന്ന ബിച്ചുവിന്റെ കവിത വായിച്ചു ആകൃഷ്ടനായാണ് തന്റെ അടുത്ത പടമായ 'ഭജഗോവിന്ദ'ത്തിൽ രചയിതാവ് പോലും അറിയാതെ അതുൾപ്പെടുത്താൻ നിർമാതാവ് സി ആര്‍ കെ നായര്‍ (നീലക്കുയിലിലെ എങ്ങനെ നീ മറക്കും എന്ന ഗാനരംഗത്ത് അഭിനയിച്ച അതേ സി ആര്‍ കെ) തീരുമാനിക്കുന്നത്. ബിച്ചു തിരുമല എന്ന ഗാനരചയിതാവിനെ മലയാളികള്‍ക്ക് സമ്മാനിച്ച ഗാനം.
ജയവിജയന്മാര്‍ വ്യാപരിച്ച അനേകം മണ്ഡലങ്ങളില്‍ ഒന്ന് മാത്രമായിരുന്നു സിനിമ. ശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ടമക്കള്‍ ആദ്യം മികവു തെളിയിച്ചത് കര്‍ണാടക സംഗീതത്തിലാണ്. "റേഡിയോ ആയിരുന്നു അന്നത്തെ ഏക ആശ്രയം. ത്യാഗരാജ ഭാഗവതരുടെയും മറ്റും തമിഴ് സിനിമാ ഗാനങ്ങള്‍ വളരെ ചെറുപ്പത്തിലേ ഞങ്ങള്‍ ഏറ്റുപാടും. കേള്‍വിജ്ഞാനമായിരുന്നു ആകെയുള്ള കൈമുതല്‍. ഈ സംഗീതപ്രേമം കണ്ടറിഞ്ഞാകണം അച്ഛന്‍ ഞങ്ങളെ രണ്ടു പേരെയും ആറാം വയസ്സില്‍ തന്നെ കര്‍ണാടക സംഗീതം പഠിക്കാന്‍ അയച്ചതും. രാമന്‍ ഭാഗവതര്‍, രാധകൃഷ്ണ അയ്യര്‍ എന്നിവരുടെ കീഴില്‍ ആറ് വർഷം സംഗീതം പഠിച്ച ശേഷം പന്ത്രണ്ടാം വയസ്സില്‍ കുമാരനെല്ലൂര്‍ ദേവീക്ഷേത്ര നടയില്‍ അരങ്ങേറ്റം. കാര്‍ത്തിക ആറാട്ടിന്റെ തലേന്ന്, ഞങ്ങളുടെ ജന്മ നക്ഷത്രമായ ഭരണിനാളിലായിരുന്നു ആദ്യ കച്ചേരി...''
1950 കളുടെ തുടക്കത്തില്‍ ജയനും വിജയനും സംഗീത പഠനത്തിനായി തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ അക്കാദമിയിൽ ചേരുന്നു. വൈ എം സി എ യുടെ സമീപത്തുള്ള കേരള ഹിന്ദു മിഷന്‍ ഹാളില്‍ താമസം. അച്ഛന്റെ സുഹൃത്ത് കൂടിയായ ട്രിവാൻഡ്രം ഹോട്ടല്‍ ഉടമ സർവോദയം കെ സി പിള്ളയുടെ സൗമനസ്യത്തിൽ മൂന്നുനേരം സൗജന്യ ശാപ്പാട്. നാല് വര്‍ഷത്തെ കോഴ്സ് പൂർത്തിയാക്കിയശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരായി ചേര്‍ന്നെങ്കിലും ജയവിജയന്മാരുടെ മനസ്സ് മുഴുവന്‍ സംഗീത സംവിധാനത്തിലായിരുന്നു; ആലാപനത്തിലും.
വയലാര്‍ ദിനത്തിന്റെ ഭാഗമായി സ്റ്റേജില്‍ വിപ്ലവഗാനങ്ങള്‍ സ്വയം ഈണമിട്ടുപാടിയാണ് തുടക്കം. നാടകങ്ങള്‍ക്കു സംഗീതം പകരാനുള്ള ഓഫറുകള്‍ വഴിക്കുവഴിയായി പിറകെ വന്നു. തീറാധാരം, പ്രേതലോകം, വേലുത്തമ്പി ദളവ തുടങ്ങി കുറെ പ്രൊഫഷണല്‍ നാടകങ്ങള്‍. പ്രേതലോകത്തില്‍ എന്‍ എന്‍ പിള്ള എഴുതി ജയനും വിജയനും ഈണമിട്ട സുബര്‍ക്കത്തിൻ, വേലുത്തമ്പിദളവയിലെ കണ്ണനെ കാണാത്ത കണ്ണെന്തിനാ തുടങ്ങിയ പാട്ടുകള്‍ ജനപ്രീതിയില്‍ അക്കാലത്തെ സിനിമാഗാനങ്ങളോട് തോളുരുമ്മി നിന്നവയാണ്.
മഹാന്മാരായ ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുന്നു ജയന്‍. ആലത്തൂര്‍ സഹോദരര്‍, ബാലമുരളികൃഷ്ണ, പിന്നെ സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. ഇത്രയും മഹാരഥന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായവര്‍ എത്രയുണ്ടാകും? മൃദംഗ വിദ്വാന്‍ ടി വി ഗോപാലകൃഷ്ണനാണ് ജയവിജയന്മാരെ ചെമ്പൈ സ്വാമിയുടെ അടുത്തുകൊണ്ടുപോകുന്നത്. സുദീര്‍ഘമായ ഒരു ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കം. "നിര്‍വചിക്കാനാവാത്ത സ്നേഹവും വാത്സല്യവുമായിരുന്നു സ്വാമിക്ക് ഞങ്ങളോട്. ഒരുമിച്ചു പാടിയ ആദ്യ കച്ചേരി ഓര്‍മയുണ്ട്. മാംബലത്തെ കൃഷ്ണഗാനസഭയിലായിരുന്നു അത്. ഒന്ന് രണ്ടു കൃതി പാടികഴിഞ്ഞപ്പോള്‍ സ്വാമി മൈക്ക് ഓപ്പറേറ്ററെ വിളിച്ചു പറഞ്ഞു: "ഈ രണ്ടു കുട്ടികള്‍ക്കും ഓരോ മൈക്ക് കൊടുക്കൂ. ഓപ്പറേറ്റർക്ക് സംശയം. അകമ്പടി പാടുന്നവര്‍ക്ക് മൈക്ക് കൊടുക്കുന്ന ഏർപ്പാടില്ല അന്ന്, പക്ഷെ സ്വാമി പറഞ്ഞു: കണ്ടിപ്പാ വേണം. അവരുടെ പാട്ടും ആളുകള്‍ കേള്‍ക്കട്ടെ."
ത്യാഗരാജ ഭാഗവതരുടെയും മറ്റും തമിഴ് സിനിമാ ഗാനങ്ങള്‍ വളരെ ചെറുപ്പത്തിലേ ഞങ്ങള്‍ ഏറ്റുപാടും. കേള്‍വിജ്ഞാനമായിരുന്നു ആകെയുള്ള കൈമുതല്‍. ഈ സംഗീതപ്രേമം കണ്ടറിഞ്ഞാകണം അച്ഛന്‍ ഞങ്ങളെ രണ്ടു പേരെയും ആറാം വയസ്സില്‍ തന്നെ കര്‍ണാടക സംഗീതം പഠിക്കാന്‍ അയച്ചതും
ഭൂരിഭാഗവും ബ്രാഹ്മണർ അടങ്ങിയ സദസ്സാണ്. ചെമ്പൈ സ്വാമി അബ്രാഹ്മണരെ അകമ്പടി പാടാന്‍ വിളിക്കില്ലെന്നായിരുന്നു അവരുടെ വിശ്വാസം. "കച്ചേരി തീർന്നശേഷം ആരോ സ്വാമിയോട് ചോദിച്ചു: കോട്ടയത്തെ കോയിക്കല്‍ മനയില്‍ നിന്നുള്ളവരാണ് ഈ പാട്ടുകാരെന്ന് കേള്‍ക്കുന്നു. ശരിയാണോ? ഒരു നിമിഷത്തെ മൗനത്തിനുശേഷം സ്വാമി പറഞ്ഞു: ആമാ. പിന്നെ ഞങ്ങളെ നോക്കി കണ്ണിറുക്കി ചിരിച്ചു."
സംഗീതം ജാതിമതങ്ങൾക്കപ്പുറമാണെന്ന് വിശ്വസിച്ച വിശാല ഹൃദയനായിരുന്നു ചെമ്പൈ. സ്ഥലകാലങ്ങള്‍ക്കുപോലും സംഗീതാധ്യാപനത്തിൽ അദ്ദേഹം അമിത പ്രാധാന്യം നല്‍കിയിരുന്നില്ല. മറക്കനാവാത്ത എത്രയെത്ര അനുഭവങ്ങള്‍. "തഞ്ചാവൂർ രസിക രഞ്ജിനി സഭയിലെ ഒരു കച്ചേരി കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. രാത്രിവണ്ടിക്കാണ് മദ്രാസിലേക്ക് മടക്കം. സ്റ്റേഷനിലെത്തിയപ്പോള്‍ അറിയുന്നു വണ്ടി രണ്ടു മണിക്കൂര്‍ വൈകുമെന്ന്. സ്വാമി ഞങ്ങളോട് പറഞ്ഞു കയ്യിലെ കോസരി നിവർത്തിയിടാൻ. വിശ്രമിക്കാനാണെന്നാണ് ഞങ്ങള്‍ കരുതിയത്. ഇരുന്നതും അദ്ദേഹം പറഞ്ഞു: സമയമുണ്ടല്ലോ. നമുക്കൊരു കീര്‍ത്തനം പഠിക്കാം. ''
റെയില്‍വേ സ്റ്റേഷനിലെ ബഹളമയമായ അന്തരീക്ഷത്തില്‍, ഇത്രയും ആളുകള്‍ക്ക് ഇടയിലിരുന്നു പാടുകയോ? മോശമല്ലേ എന്നായി ഞങ്ങള്‍. "സാരമില്ല. ആര് കണ്ടാല്‍ നമുക്കെന്ത്?'' അഠാണ രാഗത്തിലുള്ള 'യെലാ നീ ദയരാധു' എന്ന ത്യാഗരാജ കൃതിയാണ് അന്ന് ആ സ്റ്റേഷനിലിരുന്ന് സ്വാമി ഞങ്ങളെ പഠിപ്പിച്ചത്. സംഗീതാഭ്യസനം ആസ്വദിക്കാന്‍ ചുറ്റും വലിയൊരു ആള്‍ക്കൂട്ടവും ഉണ്ടായിരുന്നു. ചെമ്പൈയുടെ ശിഷ്യത്വം പത്തു വര്‍ഷത്തോളം നീണ്ടു. ജീവിതത്തിലെ അമൂല്യമായ നാളുകളായിരുന്നു അവ.''
വിജയന് പിറകെ ജയനും യാത്രയായതോടെ തലമുറകളെ ഭക്തിസാഗരത്തിൽ ആറാടിച്ച ആ സംഗീതസഖ്യം ഇനി ഓർമ.