കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!

കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!

രാഷ്ട്രീയവും മരണവും മറവിയും നര്‍മവും എല്ലാം ഒരു പുതിയ കോണിലൂടെ കാണാന്‍ കുന്ദേരയുടെ നോവലുകള്‍ വായനക്കാരെ പ്രേരിപ്പിച്ചു
Updated on
3 min read

Farewell Party ലൂടെയാണ് മിലന്‍ കുന്ദേര എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. നര്‍മത്തിന്റെ അതുവരെ വായിച്ചിട്ടില്ലാത്ത രീതി. ആ കാലത്ത് പടിഞ്ഞാറോട്ടുള്ള കിഴക്കന്‍ യൂറോപ്പിന്റെ കയറ്റുമതി; രാഷ്ട്രീയത്തടവുകാരന്‍ നടത്തുന്ന തന്റെ സ്വന്തം യാത്രയപ്പ് പാര്‍ട്ടി. അതിലേക്കു വന്നുചേരുന്ന കുറെ കഥാപാത്രങ്ങള്‍. ഓരോ കഥാപാത്രവും അവരുടെതായ രീതിയില്‍ കിറുക്കന്മാരാണ്. കഥസ്ഥലി ഒരു ഫെർട്ടിലിറ്റി സ്പാ ആയതു മുതല്‍ പിതൃത്വത്തെക്കുറിച്ചുള്ള ആരോപണം തുടങ്ങിവയ്ക്കുന്ന നോവല്‍ അസംബന്ധ കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. തന്റെ ബീജം ചികിത്സയ്ക്കുവരുന്ന നല്ലൊരു ശതമാനം സ്ത്രീകളിലും പരീക്ഷിക്കുന്ന കിറുക്കന്‍ ഗൈനക്കോളജിസ്റ്റ് കുന്ദേരയുടെ നോവലുകളില്‍ കാണുന്ന നര്‍മത്തിന്റെ മാതൃകയാണ്.

രാഷ്ട്രീയവും മരണവും മറവിയും നര്‍മവും എല്ലാം ഒരു പുതിയ കോണിലൂടെ കാണാന്‍ കുന്ദേരയുടെ നോവലുകള്‍ വായനക്കാരെ പ്രേരിപ്പിച്ചു

തുടര്‍ച്ചയായി വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ, ഈ ഭ്രാന്തന്‍ ലോകത്തിനും കിറുക്കന്‍ കഥാപാത്രങ്ങള്‍ക്കുമുണ്ടായിരുന്നു. രാഷ്ട്രീയവും മരണവും മറവിയും നര്‍മവും എല്ലാം ഒരു പുതിയ കോണിലൂടെ കാണാന്‍ കുന്ദേരയുടെ നോവലുകള്‍ വായനക്കാരെ പ്രേരിപ്പിച്ചു. നോവലുകളുടെ പേരുകള്‍ പലപ്പോഴും കവിത പോലെ സുന്ദരമായിരുന്നു.

ജീവന്റെ അസഹനീയമായ ലാഘവം (മലയാളം പരിഭാഷ വേറെന്തോ ആണ്), മറവിയുടെയും ചിരിയുടെ പുസ്തകം, ജീവിതം വേറെങ്ങോ ആണ് (അഥവാ അക്കരപ്പച്ച) എല്ലാം ഇതിനു ഉദാഹരണമാണ്. എന്നാല്‍ ചില പേരുകളാവട്ടെ കഥയുടെ മര്‍മത്തിലേക്കു ഒരു വാക്കുകൊണ്ട് ചൂണ്ടുന്നവയും. ഉദാഹരണം- തമാശ, മന്ദത എന്നിവ.

കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!
അധികാരത്തിന്റെ മറവിക്കെതിരെ പോരാട്ടം നടത്തിയ, നാടുകടത്തപ്പെട്ട മിലൻ കുന്ദേര

ഇന്ന് ഭൂപടത്തില്‍ കാണാന്‍ കഴിയാത്ത ഒരു പേരാണ് ചെക്കോസ്ലോവാക്കിയ. അങ്ങനെ ഓര്‍മയായി മാറിയ പലരും മറന്ന ഒരു രാജ്യത്തില്‍ ജനിച്ചുവളര്‍ന്ന എഴുത്തുകാരനാണ് കുന്ദേര. കമ്യൂണിസ്റ്റ് രാജ്യത്ത് എഴുതിയ ഒരാള്‍. കുന്ദേരയെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിജീവിത കാലത്തുതന്നെ പുറത്താക്കിയിരുന്നു. ഈ അനുഭവം പിന്നീട് The Joke (തമാശ) എന്ന നോവലിന് പ്രചോദനമായി. ഒരു വെറും തമാശയുടെ പേരില്‍ ജീവിതം മാറ്റിമറിക്കപ്പെട്ട കഥാപാത്രമായി ലുഡ്വിക് ജാന്‍ കാഫ്കയുടെ ജോസഫ് കെയ്ക്ക് സമാനമായി. എന്നാല്‍ കറുത്ത നര്‍മം ലുഡ്വികിനെ ജോസഫ് കെയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

പ്രവാസം കുന്ദേരയ്ക്ക് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ആവാം The Book of Laughter And Forgetting, The Unbearable Lightness of Being എന്നിവയ്ക്ക് വഴിതെളിച്ചത്

പ്രാഗ് വസന്തം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ പ്രാഗ് ശരത്കാലം ചെക്ക് ജനതയെ മുന്നോട്ടുനയിക്കുമെന്ന് വിശ്വസിച്ചു കുന്ദേര. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാര്‍ക്ക് ജീവവായു തന്നെ. അതിനാല്‍ 1975 രാജ്യംവിട്ട് ഫ്രാന്‍സില്‍ അദ്ദേഹം പോയി ചേര്‍ന്നു. തന്റെ ചെക്ക് സ്വതം വേണ്ടെന്നുവച്ച് കുന്ദേര ഫ്രഞ്ചുകാരനായി മാറാന്‍ ആശിച്ചു. 2019 -ല്‍ ഫ്രാന്‍സ് അദ്ദേഹത്തിന് പൗരത്വം നല്‍കി. പ്രവാസം അദ്ദേഹത്തിന് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ആവാം The Book of Laughter And Forgetting, The Unbearable Lightness of Being എന്നിവയ്ക്ക് വഴിതെളിച്ചത്.

കമ്യൂണിസ്റ്റ് ഭരണത്തോടുള്ള സാധാരണ ജനങ്ങളുടെ ചെറുത്തുനില്‍പ്പും അതിനുണ്ടാവുന്ന മാറ്റങ്ങളും ചില മാറവികളും ചിരികളും വഴി രേഖപ്പെടുത്തുന്നുണ്ട് The Book of Laughter And Forgetting എന്ന നോവല്‍

ചരിത്രം വിജയിയുടെ കാഴ്ചപ്പാടാണെന്ന് പണ്ടേയുള്ള ഒരു ധാരണയാണ്. പോസ്റ്റ് ട്രൂത്തിന്റെ കാലത്ത് ചരിത്രം തിരുത്തപ്പെടുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലെ വിജയിയുടെ ആവശ്യത്തിനനുസരിച്ചാണല്ലോ. ഫോട്ടോഷോപ്പ് വരുന്നതിനുമുന്‍പേ മായ്ക്കപ്പെട്ട ഒരു മുഖവും മറന്നുപോയ ഒരു തൊപ്പിയും പ്രതീകങ്ങങ്ങളാക്കി കുന്ദേര The Book of Laughter And Forgetting ല്‍. ഒരു ഫോട്ടോയില്‍നിന്ന് മായ്ച്ചുകഴിയുന്ന അത്രയുള്ള ഒരാളുടെ ജീവിതത്തിന്റെ നേട്ടങ്ങളുടെ ബാക്കിപത്രം. മരണപ്പെട്ട ഭാര്യയുടെ ഫോട്ടോകള്‍ എല്ലാം കത്തിച്ചുകളയുന്ന ഭര്‍ത്താവും മക്കളോട് പറയുന്നുണ്ട്, ജീവിതത്തിന്റെ ഒരു നിമിഷം പിടിച്ചുവച്ചതാണ് ഓരോ ഫോട്ടോയുമെന്ന്. എന്നാല്‍ ആ നിമിഷം പോലും മായ്ക്കപ്പെടാവുന്നതാണ്. കമ്യൂണിസ്റ്റ് ഭരണത്തോടുള്ള സാധാരണ ജനങ്ങളുടെ ചെറുത്തുനില്‍പ്പും അതിനുണ്ടാവുന്ന മാറ്റങ്ങളും ചില മാറവികളും ചിരികളും വഴി രേഖപ്പെടുത്തുന്നുണ്ട് ഈ നോവല്‍.

കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!
യാഥാര്‍ത്ഥ്യത്തിനും ആദര്‍ശത്തിനും ഇടയിലെ കുന്ദേര കഥാപാത്രങ്ങള്‍

ജീവിതം നിസ്സാരമാണെന്നുള്ള ചിന്തയാണ് The Unbearable Lightness of Being. ഒരു മനുഷ്യജീവിതം അത്ര വല്യ ഭാരമുള്ള ഒന്നല്ല അല്ലെങ്കില്‍ വലിയ പദ്ധതികളില്‍ പ്രാധാന്യമുള്ള ഒന്നല്ല എന്ന് സ്വതസിദ്ധമായ നര്‍മത്തിലൂടെ കുന്ദേര ചര്‍ച്ച ചെയ്യുന്നുണ്ട്. അവസാനം വായിച്ച നോവല്‍ Slowness ആണ്. ഫ്രഞ്ചില്‍ എഴുതി പ്രസിദ്ധീകരിച്ച ഈ പുസ്തകം കുന്ദേരയുടെ മികച്ച ഒരു കൃതിയായി കരുതിക്കൂടാ. എന്നിരുന്നാലും ചിന്താധീനനായ ഒരു വ്യക്തി തന്റെ നീക്കങ്ങള്‍ മന്ദഗതിയില്‍ ആക്കുമെന്നും നേരെ തിരിച്ച് മറവിക്ക് നല്ലത് വേഗതയാണെന്നും എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യത്തെ പുതിയ രീതിയില്‍ ചൂണ്ടിക്കാണിക്കാന്‍ കുന്ദേരയ്ക്ക് ഇവിടെ സാധിക്കുന്നുണ്ട്.

നോവലിസ്റ്റായ കുന്ദേരെപ്പോലെ തന്നെ പ്രാധാന്യമുള്ള മുഖമാണ് കുന്ദേര എന്ന ഉപന്ന്യാസക്കാരന്റേത്. കഥാ സാഹിത്യത്തിന്റെ ശക്തമായ അസ്തിത്വ നിര്‍വചനവും വായനക്കാരനുള്ള വഴികാട്ടിയുമാണ് Testaments Betrayed. കഫകെയുടെ മരണാഭിലാഷം അവഗണിച്ച് മാക്‌സ് ബ്രോഡ് തുറന്ന മുറി വായനക്കാരുടെ അവകാശപ്രഖ്യാപനമായി കുന്ദേരയ്ക്ക് മാത്രമേ ഇത്ര ശക്തമായി അടയാളപ്പെടുത്താന്‍ പറ്റൂ. പേര് സൂചിപ്പിക്കുംപോലെ തന്നെ നോവലിന്റെ കലയെക്കുറിച്ച് വായനക്കാരെ ഓര്‍മിപ്പിക്കുന്ന വായിക്കുന്നതെന്തിനെന്ന് ഒരു എഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുന്ന പുസ്തകമാണ് The Art of Novel.

മാറുന്ന യൂറോപ്പിന്റെ രാഷ്ട്രീയഭൂപടവും ജീവിതാവസ്ഥകളും കണ്ട് ഒരു പൂര്‍ണജീവിതം നയിച്ചാണ് കുന്ദേര ചരിത്രത്തിലേക്ക് മറയുന്നത്

എഴുത്തുകാര്‍ തലമുറകളിലൂടെ പ്രസക്തമായിരിക്കുകയെന്നത് എളുപ്പമല്ല. പുതിയ സത്യങ്ങളൊന്നും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല. എന്നാല്‍, എഴുത്തിലൂടെ നമുക്ക് അറിയാവുന്ന സത്യത്തിന്റെ ലളിതമായി ചിത്രം അല്ലെങ്കില്‍ ആരും കാണാത്ത ഒരു കോണ് വളരെ ലളിതമായി ചൂണ്ടിക്കാണിച്ചുതരുന്ന എഴുത്തുകാര്‍ പല കാലഘട്ടങ്ങളിലൂടെ ജീവിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൊബേല്‍ സാഹിത്യ സമ്മാനം കുന്ദേരയെ തേടിയെത്തുമെന്ന് പല വായനക്കാരും കരുതിയിരുന്നു. എന്നാല്‍ അതിന് അവസരം ഉണ്ടാവുന്നതിനു മുന്‍പ് എഴുത്തുകാരന്‍ യാത്രയായി.

കുന്ദേര: എഴുത്തിൻ്റെ ലാഘവത്വം!
കുന്ദേരയെന്ന ധൈഷണിക വെളിച്ചം

മാറുന്ന യൂറോപ്പിന്റെ രാഷ്ട്രീയഭൂപടവും ജീവിതാവസ്ഥകളും കണ്ട് ഒരു പൂര്‍ണജീവിതം നയിച്ചാണ് കുന്ദേര ചരിത്രത്തിലേക്ക് മറയുന്നത്. മറവിയുടെ മേഘത്തിന്റെ പിന്നിലേക്ക് കുന്ദേരയും മറയും. എന്നിരുന്നാലും ലോകം മുഴുവനുള്ള വായനക്കാര്‍ അദ്ദേഹത്തിന് ഒരു മരണാന്തരജീവിതം ഉറപ്പുനല്‍കുന്നുണ്ട്. ചെക്കോസ്ലോവാക്യയില്‍ ജനിച്ച് ഫ്രഞ്ചുകാരനായി ലോകം വിട്ടുപോയ മിലന്‍ കുന്ദേര തീര്‍ച്ചയായും പലതലമുറകളില്‍ ജീവിക്കും.

logo
The Fourth
www.thefourthnews.in