സുവര്‍ണ ജൂബിലി തിളക്കത്തില്‍ 
എം കെ മേനോന്റെ 'സ്വ ലേ'

സുവര്‍ണ ജൂബിലി തിളക്കത്തില്‍ എം കെ മേനോന്റെ 'സ്വ ലേ'

വിലാസിനി എന്ന തൂലികാനാമത്തില്‍ സാഹിത്യരചന നടത്തിയ എം കെ മേനോന്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് രചിച്ച മലയാളത്തിലെ ലക്ഷണമൊത്ത ഗ്രന്ഥമായ 'സ്വ ലേ' പ്രസിദ്ധീകൃതമായിട്ട് 50 വര്‍ഷം തികയുന്നു
Updated on
4 min read

പത്രപ്രവര്‍ത്തനത്തെക്കുറിച്ച് എം കെ മേനോന്‍ എഴുതിയ മലയാളത്തിലെ ലക്ഷണമൊത്ത ഗ്രന്ഥമായ 'സ്വ ലേ'യ്ക്ക് 50 വയസ്. മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തെകുറിച്ചുള്ള ആദ്യത്തെ പുസ്തകം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ, 'വൃത്താന്തപത്രപ്രവര്‍ത്തനം' ആണ്. 110 വര്‍ഷം മുന്‍പ് എഴുതിയ ആ കൃതിയെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ ബൈബിള്‍ എന്നാണ് വിളിക്കുന്നത്. 'വൃത്താന്ത പത്രപ്രവര്‍ത്തനം' പുറത്തുവന്ന് 60 കൊല്ലത്തിനുശേഷം 1973-ലാണ് എം കെ മേനോന്‍ എന്ന വിലാസിനി എഴുതിയ 'സ്വ ലേ' പ്രസിദ്ധീകരിക്കുന്നത്.

'പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികളില്‍ ഒന്നാണ് വൃത്താന്ത പത്രം' എന്ന് കുറിച്ച്, പത്രത്തൊഴില്‍ എന്ന ആദ്യ അധ്യായത്തോടെ ആരംഭിക്കുന്ന ആ കൃതിയില്‍ പത്രപ്രവര്‍ത്തകനാകാനുള്ള യോഗ്യത തൊട്ട്, എന്താണ് അയാളുടെ ധര്‍മം എന്നുവരെ നിര്‍വചിച്ചിരിക്കുന്നു. നൂറ് വര്‍ഷത്തിന് മുന്‍പുള്ള പത്രലോകവും രീതികളുമാണ് സ്വദേശാഭിമാനിയുടെ പുസ്തകത്തിലുള്ളത്. പത്രപ്രവര്‍ത്തനത്തിലെ നൈതികതയ്ക്കും ഭാഷയ്ക്കുമാണ് ഈ പുസ്തകത്തില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.

പത്രപ്രവര്‍ത്തനരംഗത്ത് സാങ്കേതികമായും വ്യാവസായികമായും ഗുണപരമായുമുള്ള വന്‍മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് എം കെ മേനോന്‍ സ്വ. ലേ രചിച്ചിരിക്കുന്നത്. വിലാസിനിയെന്ന തൂലികാനാമത്തില്‍ 1955 തൊട്ട് മലയാളത്തില്‍ സാഹിത്യരചന നടത്തിയിരുന്ന തൃശൂര്‍ വടക്കാഞ്ചേരിക്കാരനായ മൂര്‍ക്കനാട്ട് കൃഷ്ണമേനോനെന്ന എം കെ മേനോന്‍ മലയാളത്തിലെ ഏറ്റവും ആദ്യത്തെ പ്രശസ്തനായ പ്രവാസി എഴുത്തുകാരനാണ്. നാലാം ക്ലാസ് വരെയേ മലയാളം പഠിച്ചിട്ടുള്ളൂ. പിന്നെ പഠിച്ചത് സംസ്‌കൃതം. പത്രപ്രവര്‍ത്തകനാകാന്‍ മോഹിച്ചെങ്കിലും ആയത് അധ്യാപകന്‍. 1955 ല്‍ സിംഗപ്പൂരില്‍ എത്തിയ എം കെ മേനോന്‍ ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ 'എജന്‍സ് ഫ്രാന്‍സ് പ്രസ്സ്' (എ എഫ് പി)എന്ന വാര്‍ത്താ ഏജന്‍സിയില്‍ സബ് എഡിറ്റായി ചേര്‍ന്നു. 1967 ല്‍ എ എഫ് പിയുടെ സൗത്ത് ഏഷ്യന്‍ ഡയറ്കടറായി. ആ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ഫ്രഞ്ചുകാരനല്ലാതെ ഈ പദവി വഹിക്കുന്ന ആദ്യ വ്യക്തി. അക്കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിരളമാണെന്ന് കണ്ട് ഈ വിഷയത്തില്‍ ഒരു പുസ്തകം എഴുതിയത്.

ജോസഫ് മുണ്ടശ്ശേരി പത്രാധിപരായിരുന്ന, തൃശൂരില്‍നിന്ന് ഇറങ്ങിയിരുന്ന പ്രശസ്തമായ 'മംഗളോദയം' മാസികയില്‍ 1955 കാലത്ത് എഴുതിയ പതിനെട്ട് ലേഖനങ്ങളാണ് പിന്നീട് സ്വ. ലേയെന്ന പുസ്തകമായത്. അരനൂറ്റാണ്ട് മുന്‍പ് വിദേശത്തിരുന്ന് പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മലയാളഭാഷയില്‍ ലേഖനങ്ങളെഴുതുക ആയാസകരമാണ്. പല പദങ്ങള്‍ക്കും മലയാളപദം തേടണം. ലളിതമായി എഴുതണം. പക്ഷേ, എം.കെ.മേനോന്‍ അത് വളരെ ഭംഗിയായി അനായാസം നിര്‍വഹിച്ചു. ഒരു പത്രപ്രവര്‍ത്തകന്റെ ദീര്‍ഘവീക്ഷമുള്ളതിനാല്‍ ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധികരിക്കാന്‍ പറ്റുന്ന രീതിയിലാണ് അദ്ദേഹമെഴുതിയത്.

308 പേജുള്ള 'സ്വ ലേ'യില്‍ 18 അധ്യായങ്ങളിലായാണ് പത്രപ്രവര്‍ത്തനത്തെ വിശദീകരിച്ചിരിക്കുന്നത്. വൃത്താന്ത പത്രപ്രവര്‍ത്തനമെഴുതിയ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ഒന്നില്‍ കൂടുതല്‍ പത്രങ്ങളുടെ എഡിറ്ററായിരുന്നെങ്കില്‍ എം കെ മേനോന്‍ ഒരു പത്രത്തില്‍ പോലും എഡിറ്ററായിരുന്നിട്ടില്ല. പക്ഷേ, ഒരു പ്രത്രപ്രവര്‍ത്തകന്റെ എല്ലാ അനുഭവസമ്പത്തും ഈ പുസ്തകത്തില്‍ പ്രകടമാണ്. റിപ്പോര്‍ട്ടിങ്ങും എഡിറ്റിങ്ങുമടക്കം പത്രമോഫീസിലെ എല്ലാ വശങ്ങളും ഉദാഹരണങ്ങളോടെ എഴുതിയിരിക്കുന്നു.

50 കൊല്ലം മുന്‍പ് എഴുതിയതാണെങ്കിലും കാലത്തിനനുസരിച്ച് മാറ്റം വന്ന ചില സാങ്കേതികപദങ്ങള്‍ ഒഴിച്ചാല്‍, പത്രപ്രവര്‍ത്തനത്തില്‍ എന്നും പ്രസക്തമായ വസ്തുതകള്‍ തന്നെയാണ് സ്വ.ലേ യില്‍ പറഞ്ഞിരിക്കുന്നത്.

എഡിറ്റിങ്ങിനെക്കുറിച്ചാണ് ഒന്‍പതാം അധ്യായം. തലക്കെട്ട്: 'നീലപ്പെന്‍സിലിന്റെ ഇന്ദ്രജാലം'. ''സ്വന്തമായി നാല് വാചകമെഴുതുന്നതിനേക്കാളേറെ ക്ലേശകരമാണ് അന്യന്റെ ഒരു വാചകം തിരുത്തുന്നത്. സ്വന്തമായെഴുതുമ്പോള്‍ ആശയവും ആവേശവും ആവിഷ്‌കരിക്കാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുകയേ വേണ്ടൂ. മറ്റൊരാളെഴുതിയത് തിരുത്തണ്ടിവരുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാണ്; ആശയവും ആവേശവും അന്യന്റെയാണ്. ഉപയോഗിക്കുന്ന വാക്കുകളും സ്വന്തമല്ല. അങ്ങിങ്ങ് ചെത്താനും ചിനക്കാനുമേ അവകാശമുള്ളൂ. കൈവിലങ്ങ് ധരിച്ച് വാള്‍പ്പയറ്റു നടത്തുന്നതിന് തുല്യമായ ഒരു അനുഭവമാണിത്.''

സാമാന്യം നീണ്ട ഈ അധ്യായത്തില്‍ പത്രമോഫീസില്‍ ഡെസ്‌ക് എഡിറ്റിങ് എന്താണ്? എങ്ങനെയാണ് എന്നൊക്കെ ഒരു മാന്ത്രികന്റെ കരവിരുതോടെ രസകരമായി വിവരിച്ചിരിക്കുന്നു. ഒരു സാധാരണ വാര്‍ത്ത അസാധാരണമാക്കുന്ന എഡിറ്ററുടെ കരവിരുത് ഇന്ദ്രജാലം പോലെയെന്നാണ് എം കെ മേനോന്റെ ഉറച്ച വിശ്വാസം. അതായിരിക്കാം ഏറ്റവും പ്രധാനപ്പെട്ട, ദൈര്‍ഘ്യമുള്ള ഈ ലേഖനത്തിന് 'നീലപ്പെന്‍സിലിന്റെ ഇന്ദ്രജാലം' എന്ന് പേരിടാന്‍ കാരണം.

ഇന്നും വിവാദമായ, വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച് 'ത്രങ്ങളും ചിത്രങ്ങളും' എന്ന അധ്യായത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഒരാളുടെ സമ്മതം കൂടാതെ അയാളുടെ പടം എടുക്കാനും പ്രസിദ്ധീകരിക്കാനും പാടുണ്ടോ? ഇതേക്കുറിച്ച് നിഷ്‌കൃഷ്ടമായ നിയമമൊന്നുമില്ലെന്ന് എഴുതുന്ന അദ്ദേഹം, ''ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമത്തേക്കാളധികം പ്രത്രാധിപന്മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഔചിത്യബോധമാണ് നിര്‍ണായകം'' എന്ന് കുറിക്കുന്നു.

പത്രപ്രവര്‍ത്തകന്‍ ഒരാളുമായി അഭിമുഖ സംഭാഷണം നടത്തുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മര്യാദകളും എന്തൊക്കെ? ക്രൈം ന്യൂസ് കൈകാര്യം ചെയ്യേണ്ടതെങ്ങനെ? തുടങ്ങി പത്രക്കാര്‍ക്ക് ജോലിയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ വരെ സ്വ. ലേയില്‍ വായിക്കാം. ആധുനിക സാങ്കേതിക വിദ്യ പത്രങ്ങളെ നിയന്ത്രിക്കുന്ന ഈ കാലത്തും അരനൂറ്റാണ്ട് മുന്‍പ് പ്രസിദ്ധീകരിച്ച സ്വ.ലേ യില്‍ പ്രതിപാദിച്ചിരിക്കുന്ന ചില സത്യങ്ങളും ധാര്‍മികതയുമൊക്കെ പത്രലോകത്തും പത്രപ്രവര്‍ത്തകര്‍ക്കും ഇന്നും ബാധകമാണ്. അത് തന്നെയാണ് അരനൂറ്റാണ്ട് പിന്നിട്ട ഈ പുസ്തകത്തിന്റെ പ്രസക്തിയും.

മലയാളസാഹിത്യത്തില്‍ എം കെ മേനോന്‍ എന്ന വിലാസിനി കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്ന് പറയാം. അദ്ദേഹമെഴുതിയ ആദ്യ നോവല്‍ 'നിറമുള്ള നിഴലുകള്‍' 1966 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി. 1981 ല്‍ പുറത്തുവന്ന നാല് ഭാഗങ്ങളിലായി എഴുതിയ 3958 പേജുള്ള 'അവകാശികള്‍' എന്ന നോവല്‍ മലയാളത്തിലെ ഏറ്റവും വലിയ നോവലാണ്. 1983 ലെ വയലാര്‍ അവാര്‍ഡ് നേടിയ അവകാശികള്‍ ഇന്ത്യന്‍ ഭാഷയിലെ ഏറ്റവും ബൃഹത്തായ രണ്ടാമത്തെ നോവലാണ്. (2020 ല്‍ പൂര്‍ത്തിയായ ജയമോഹന്റെ 26,000 പേജുകളിലായി 26 ഭാഗങ്ങളുള്ള തമിഴ് നോവല്‍ 'വെണ്‍മുരിശ്' ആണ് ഒന്നാമത്).

മലയാളത്തില്‍ ബോധാധാര പ്രസ്ഥാനത്തിന് തുടക്കമിട്ട വിലാസിനിയുടെ 'ഊഞ്ഞാല്‍' മലയാള നോവല്‍ സാഹിത്യത്തിലെ മികച്ച രചനയായാണ് കണക്കാക്കുന്നത്. പ്രശസ്തനായ ജപ്പാനീസ് നോവലിസ്റ്റ് യാസു നാരി കാവബാത്തയുടെ 'സഹശയനം' മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചത് വിലാസിനിയാണ്. കൂടാതെ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റായ ഹുവാന്‍ റൂള്‍ ഫോയുടെ നോവല്‍' പെഡ്രോപരാമോയും' അദ്ദേഹം പരിഭാഷപ്പെടുത്തി.

'കൈത്തിരിയെന്ന കവിതാ സമാഹാരം', ലേഖനസമാഹാരമായ 'നോവലുകളിലേക്കൊരു കിളിവാതില്‍' എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. 1970 ല്‍ പ്രസിദ്ധീകരിച്ച എം കെ മേനോന്റെ 'ഉതിര്‍മണികള്‍' എന്ന സാഹിത്യ വിമര്‍ശന കൃതി മലയാള സാഹിത്യത്തില്‍, വന്‍ കോളിളക്കമുണ്ടാക്കി. മലയാളത്തിലെ പല പ്രശസ്ത കൃതികളുടെയും ഒറിജിനല്‍ അഥവാ മൂലകൃതി ഇംഗ്ലീഷാണെന്നും അല്ലെങ്കില്‍ മറ്റ് ഭാഷയിലാണെന്നും എം കെ മേനോന്‍ അതില്‍ പറഞ്ഞുവച്ചു. മലയാളത്തില്‍ സാഹിത്യചോരണം വിഷയമാക്കിയ ആദ്യ എഴുത്തുകാരനും അദ്ദേഹമാണ്.

logo
The Fourth
www.thefourthnews.in