മൗണ്ട്ബാറ്റൺ ഉറക്കെപ്പറഞ്ഞു 'അതൊരു ഹിന്ദുവാണ്'; ഗാന്ധിവധത്തെക്കുറിച്ച് ഫ്രീഡം അറ്റ് മിഡ്നൈറ്റിൽനിന്ന് ഒരേട്

മൗണ്ട്ബാറ്റൺ ഉറക്കെപ്പറഞ്ഞു 'അതൊരു ഹിന്ദുവാണ്'; ഗാന്ധിവധത്തെക്കുറിച്ച് ഫ്രീഡം അറ്റ് മിഡ്നൈറ്റിൽനിന്ന് ഒരേട്

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തെക്കുറിച്ച് ഡൊമിനിക് ലാപിയറും ലാറി കോളിൻസും ചേർന്നെഴുതിയ വിഖ്യാതമായ കൃതി ഫ്രീഡം അറ്റ് മിഡ്‌നെറ്റിൽനിന്ന് ഗാന്ധി വധം പരാമർശിക്കുന്ന ഭാഗം
Updated on
2 min read

ഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് ബിർള ഹൗസിലെത്തിയ മൗണ്ട് ബാറ്റൺ ഉറക്കെ വിളിച്ചുപറഞ്ഞു: ''ഗാന്ധിയെ വെടിവച്ചത് ഒരു ഹിന്ദുവാണ്.'' ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തെക്കുറിച്ച് ഡൊമിനിക് ലാപിയറും ലാറി കോളിൻസും ചേർന്നെഴുതിയ വിഖ്യാതമായ കൃതി ഫ്രീഡം അറ്റ് മിഡ്‌നൈറ്റിൽ ഗാന്ധിവധവും മൗണ്ട് ബാറ്റണിന്റെ പ്രസ്താവനയും പരാമർശിക്കുന്ന ഭാഗം.

പുസ്തകത്തില്‍നിന്ന്

ഒരു യാത്രയ്ക്കുശേഷം ഗവണ്മെന്റ് മന്ദിരത്തിലേക്ക് കയറുമ്പോഴായിരുന്നു ഗാന്ധിക്ക് വെടിയേറ്റുവെന്ന വിവരം ലൂയിസ് മൗണ്ട്ബാറ്റണിന് ലഭിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ ചോദിക്കാൻ പോകുന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വാക്കുകൾ: "ആരാണ് ഇത് ചെയ്തത്?"

"ഞങ്ങൾക്ക് അറിയില്ല, സർ," അദ്ദേഹത്തിന് വാർത്ത നൽകിയ എഡിസി മറുപടി നൽകി.

പുസ്തകത്തിന്‍റെ പുതിയ കവർ
പുസ്തകത്തിന്‍റെ പുതിയ കവർ

മൗണ്ട്ബാറ്റൺ ധൃതിയിൽ വസ്ത്രങ്ങൾ മാറ്റി. മിനുറ്റുകൾക്കുശേഷം, അദ്ദേഹം ഗവൺമെൻ്റ് ഹൗസിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ, തന്റെ മാധ്യമവക്താവ് അലൻ കാംബെൽ-ജോൺസണെ കാര്യമറിയിച്ചു. കാത്തുനിൽക്കുന്ന കാറിൽ കയറാൻ അയാളോട് ആവശ്യപ്പെട്ടു. ഇരുവരും ബിർള ഹൗസിൽ എത്തുമ്പോഴേക്കും ഒരു വലിയ ജനക്കൂട്ടം ആ മൈതാനം കയ്യടക്കിയിരുന്നു.

അവർ ജനക്കൂട്ടത്തിനിടയിലൂടെ ഗാന്ധിയുടെ ക്വാർട്ടേഴ്സിലേക്ക് പോകുമ്പോൾ, പരിഭ്രമവും ഉന്മാദവും ബാധിച്ച് മുഖം വികൃതമായ ഒരാൾ അലറിവിളിച്ചു "ഇത് ചെയ്തത് ഒരു മുസ്ലീമാണ്,'' പെട്ടെന്നൊരു നിശബ്ദത ആൾക്കൂട്ടത്തെ മരവിപ്പിച്ചു. മൗണ്ട്ബാറ്റൺ അയാൾക്കെതിരെ തിരിഞ്ഞു.

''വിഡ്ഢി,'' അദ്ദേഹം ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ''ഇതൊരു ഹിന്ദുവാണ് ചെയ്തതെന്ന് നിങ്ങൾക്കറിയില്ലേ?''

നിമിഷങ്ങൾക്കുശേഷം, അവർ വീടിനുള്ളിലേക്ക് കടന്നപ്പോൾ, കാംബെൽ-ജോൺസൺ മൗണ്ട്ബാറ്റന് നേരെ തിരിഞ്ഞു. ''ഇതൊരു ഹിന്ദുവാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?'' അയാൾ ചോദിച്ചു.

''എനിക്കറിയില്ല,'' മൗണ്ട് ബാറ്റൺ മറുപടി പറഞ്ഞു. "അത് ശരിക്കും ഒരു മുസ്ലീം ആയിരുന്നെങ്കിൽ, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്നിലൂടെയാണ് ഇന്ത്യ കടന്നുപോകാൻ പോകുന്നത്." മൗണ്ട് ബാറ്റന്റെ ഇതേ ആശങ്ക ആയിരങ്ങൾ പങ്കുവെച്ചു.

രാജ്ഘട്ടിൽ ഗാന്ധിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മൗണ്ട് ബാറ്റൺ
രാജ്ഘട്ടിൽ ഗാന്ധിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മൗണ്ട് ബാറ്റൺ

ഗാന്ധിയുടെ ഘാതകൻ മുസ്ലീമാണെങ്കിൽ ഒരു ദുരന്തം ഇന്ത്യയെ വിഴുങ്ങുമെന്ന ബോധ്യം ഓൾ ഇന്ത്യ റേഡിയോ ഡയറക്ടറെ അസാധാരണവും ഉത്തരവാദിത്തമുള്ളതുമായ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു: റേഡിയോയുടെ രാജ്യവ്യാപകമായ സർക്യൂട്ടിലൂടെ നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ചൂടുള്ള വാർത്ത പങ്കുവക്കുന്നതിന് പകരം പ്രോഗ്രാമുകൾ സാധാരണപോലെ പ്രക്ഷേപണം ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു.

ഈ സമയത്തിനിടെ, പോലീസിന്റെയും സൈന്യത്തിന്റെയും ആസ്ഥാനം, അവരുടെ എമർജൻസി ടെലിഫോൺ സർക്യൂട്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ പ്രധാന സൈന്യത്തെയും പോലീസിനെയും അടിയന്തരമായി സജ്ജമാക്കി. ബിർള ഹൗസിൽനിന്ന്, പോലീസ് ഏറ്റവും സുപ്രധാനമായ വാർത്ത റേഡിയോയ്ക്ക് കൈമാറി: നാഥുറാം ഗോഡ്‌സെ ബ്രാഹ്മണ ജാതിയിൽപ്പെട്ട ഒരു ഹിന്ദുവായിരുന്നു. കൃത്യം ആറുമണിക്ക്, ഓരോവാക്കും ശ്രദ്ധാപൂർവം ക്രമീകരിച്ച ഒരു അറിയിപ്പിലൂടെ, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ സൗമ്യന്റെ മരണവാർത്ത ഇന്ത്യയിലെ ജനങ്ങൾ അറിഞ്ഞു.

'ഇന്ന് ഉച്ച കഴിഞ്ഞ് അഞ്ചുമണി ഇരുപത് മിനിറ്റ് പിന്നീടവേ ന്യൂഡൽഹിയിൽവച്ച് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളി ഒരു ഹിന്ദുവായിരുന്നു' റേഡിയോ വിളിച്ചു പറഞ്ഞു.

(പുസ്തകത്തിലെ 'സെക്കൻഡ് ക്രൂസിഫിക്കേഷൻ' എന്ന അധ്യായത്തിലെ പേജ് 675-676)

logo
The Fourth
www.thefourthnews.in