'ഞങ്ങളാണോ വൻകിട കയ്യേറ്റക്കാർ? ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും'

'ഞങ്ങളാണോ വൻകിട കയ്യേറ്റക്കാർ? ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും'

പലയിടങ്ങളിലും കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുമ്പോള്‍ മൂന്നാറില്‍ മാത്രം അത് നടന്നിട്ടില്ല
Updated on
2 min read

''വന്‍കിട കയ്യേറ്റക്കാരെ കാണാന്‍ വന്നതല്ലേ? ഞങ്ങളെ കണ്ടാല്‍ വന്‍കിട കയ്യേറ്റക്കാരെ പോലെ തോന്നുന്നുണ്ടോ? കവിളൊട്ടി, കറുത്ത ശരീരം കണ്ടാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വന്‍കിടക്കാരായി തോന്നുന്നുണ്ടോ?'' മൂന്നാര്‍ ചിന്നക്കനാല്‍ സിംഗ്കണ്ടത്ത് ചെന്നിറങ്ങിയതും ഞങ്ങള്‍ക്കായി കാത്തുനിന്ന കര്‍ഷകന്‍ രാജുവിന്റെ ആദ്യ ചോദ്യം. ''മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിയാണ്. എല്ലാവരും ഞങ്ങളെന്തോ ക്രിമിനല്‍ കുറ്റം ചെയ്തു എന്ന രീതിയിലാണ്. കൃഷി ചെയ്ത് ജീവിക്കുന്ന ഞങ്ങളെ കുടിയിറക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. പാവപ്പെട്ട കര്‍ഷകന്റെ ഭൂമി ഒഴിപ്പിച്ചു എന്ന് പറയുമ്പോള്‍ മീഡിയയിലുള്‍പ്പെടെ എന്ത് ആഘോഷമാണ്. പത്തെഴുപത് വര്‍ഷമായി കൃഷി ചെയ്ത് ചെറിയ പെരയും വച്ച് താമസിക്കുന്ന ഞങ്ങളാണല്ലോ മൂന്നാറ് മൊത്തം കയ്യേറിയത്,'' മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമ്പോള്‍ കര്‍ഷകരുടെ യതാര്‍ഥ വിഷയങ്ങള്‍ അന്വേഷിക്കാന്‍ എത്തുന്നു എന്ന് പറഞ്ഞപ്പോഴേ സുനില്‍ ഈ സംശയം ഫോണിലും പറഞ്ഞിരുന്നു. നേരില്‍ കണ്ടപ്പോള്‍ അത് ആവര്‍ത്തിച്ചു.

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാനായി നടപടികള്‍ തുടങ്ങിയത് മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. അതിന്റെ കാരണങ്ങളാണ് അവര്‍ പറയുന്നത്. ''ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൈവശം വയ്ക്കുന്നവരാണ് ഇവിടെ കൂടുതലുമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പലപ്പോഴായി പണികള്‍ക്കും കൃഷിക്കുമൊക്കെ എത്തിയതാണ്. പലരില്‍ നിന്നും ഭൂമി പണം കൊടുത്ത് വാങ്ങിയതാണ്. ഞങ്ങള്‍ ഒരു കിലോ ഏലയ്ക്ക വില്‍ക്കുമ്പോള്‍ ജിഎസ്ടി ഉള്‍പ്പെടെ കൊടുക്കുന്നുണ്ട്. വീട്ടുകരം അടയ്ക്കുന്നുണ്ട്. ഞങ്ങളുടെ വോട്ടും വേണം. പക്ഷേ പട്ടയം മാത്രം ഇതേവരെ തന്നിട്ടില്ല,'' രാജു തുടര്‍ന്നു.

വി എസ് അച്യുതാനന്ദന്റെ കാലത്തെ കയ്യേറ്റമൊഴിപ്പിക്കല്‍ ശ്രമമൊഴിച്ച് മറ്റെല്ലാം ഒഴിപ്പിക്കല്‍ ശ്രമങ്ങളും ആദ്യം എത്തിയത് അടിത്തട്ടുകാരുടേയും കര്‍ഷകരുടേയും ഇടയിലേക്കാണ്

എഴുപത് വര്‍ഷമോ അതിലധികമോ മൂന്നാറിലെ പല ഭാഗങ്ങളില്‍ താമസിക്കുന്നവര്‍, കൃഷി ചെയ്യുന്നവര്‍. എന്നാല്‍ പലയിടങ്ങളിലും കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കുമ്പോള്‍ മൂന്നാറില്‍ മാത്രം അത് നടന്നിട്ടില്ല. ഭൂമിയുടെ റീസര്‍വേ കഴിഞ്ഞാല്‍ മാത്രമേ പട്ടയം നല്‍കാനാവൂ എന്നാണ് റവന്യൂ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

'ഞങ്ങളാണോ വൻകിട കയ്യേറ്റക്കാർ? ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും'
'മഹാരാഷ്ട്രീ'യത്തെ ഉലച്ച് മറാത്ത വിഭാഗത്തിൻ്റെ സംവരണ ആവശ്യം, രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നീക്കം

''എന്നാല്‍ റീസര്‍വേ തുടങ്ങിയിട്ട് കുറേക്കാലമായി. എന്തുകൊണ്ടാണ് ആരും അത് പൂര്‍ത്തീകരിക്കാത്തത്? എല്ലാ തവണയും വോട്ട് ചോദിച്ചുവരുമ്പോള്‍ നിങ്ങള്‍ക്ക് പട്ടയം നല്‍കുന്നതാണ് ആദ്യത്തെ കാര്യം എന്ന് അവര്‍ വാഗ്ദാനം ചെയ്യും. ഞങ്ങളുടെ വോട്ട് കൊണ്ട് അവര്‍ ജയിക്കും. പക്ഷേ പിന്നെ ഒരു നടപടിയും ഉണ്ടാവില്ല,'' സല്‍പ്പതി പ്രതികരിച്ചു.

പട്ടയത്തിനായി അഞ്ചും ആറും തവണ അപേക്ഷകള്‍ നല്‍കിയവരാണ് മൂന്നാറിലെ കുടിയേറ്റ കര്‍ഷകര്‍. എന്നാല്‍ ഇപ്പോള്‍ അതിനുള്ള രേഖകള്‍ പോലും റവന്യൂ ഓഫീസുകളില്‍ ഇല്ലെന്നുള്ള വിവരമാണ് ഇവര്‍ക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാവുന്നത്. ''കര്‍ഷകന്‍ ഇവിടെയുണ്ട് എന്നതിന് പോലും രേഖകളില്ല. എത്ര ഭൂമി എന്നതിന് രേഖകളില്ല. പിന്നെ എങ്ങനെ ഞങ്ങള്‍ കയ്യേറ്റക്കാരാണെന്ന് പറയും?'' സല്‍പ്പതി ചേദിക്കുന്നു.

വി എസ് അച്യുതാനന്ദന്റെ കാലത്തെ കയ്യേറ്റമൊഴിപ്പിക്കല്‍ ശ്രമമൊഴിച്ച് മറ്റെല്ലാം ഒഴിപ്പിക്കല്‍ ശ്രമങ്ങളും ആദ്യം എത്തിയത് അടിത്തട്ടുകാരുടേയും കര്‍ഷകരുടേയും ഇടയിലേക്കാണ്. അതായിരുന്നു ആ ദൗത്യങ്ങളെല്ലാം പരാജയപ്പെടാന്‍ ഒരു കാരണമായത്. ഇപ്പോഴും എല്ലാ രാഷ്ട്രീയകക്ഷികളും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനയും കര്‍ഷകര്‍ കാണുന്നത് മറ്റൊരു തരത്തിലാണ്. ''പാവങ്ങളായ ഞങ്ങളുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും. കാരണം ഇറക്കി വിട്ടാല്‍ ഞങ്ങള്‍ക്ക് വേറെ വീടോ സ്ഥലമോ ഇല്ല. എങ്ങോട്ട് പോവാനാണ്? ഞങ്ങളുടെ ഭൂമി ഒഴിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതിഷേധത്തോടെ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ശ്രമങ്ങള്‍ ചിലപ്പോള്‍ നില്‍ക്കും. അങ്ങനെ വന്‍കിടക്കാര്‍ രക്ഷപെടും. അതുകൊണ്ടാണ് ആദ്യം കര്‍ഷകരെ തന്നെ നേരിട്ടേക്കാം എന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കുന്നത് എന്ന് തോന്നുന്നു,'' ജെയ്‌സണ്‍ വിമര്‍ശിക്കുന്നു.

''ഒന്നുകില്‍ ഞങ്ങളെ കൊന്ന് തരണം. അല്ലെങ്കില്‍ പട്ടയം തരണം. ഇറക്കി വിട്ടാല്‍ ഈ വഴിയില്‍ നില്‍ക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല''

ഇക്കുറി ജില്ലാ കളക്ടര്‍ തയ്യാറാക്കിയ 335 കയ്യേറ്റങ്ങളുടെ ലിസ്റ്റില്‍ ഏറെയും കര്‍ഷകരാണെന്ന് ഇവര്‍ പറയുന്നു. ചിന്നക്കനാല്‍ സിംഗ്കണ്ടം സ്വദേശി ടിജോ കുര്യാക്കോസിന്റെ അഞ്ചര ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന കയ്യേറ്റമൊഴിക്കല്‍ ശ്രമങ്ങളിലെല്ലാം സാധാരണക്കാരും കര്‍ഷകരും ഭൂമിയില്‍ നിന്നും പുരയിടങ്ങളില്‍ നിന്നും ഇറക്കിവിടപ്പെട്ടു. ''പട്ടയമില്ലാത്തതുകൊണ്ട് കേസിന് പോലും പോവാന്‍ കഴിയാത്ത അവസ്ഥയാണ്. പിന്നെ ലിസ്റ്റിലുള്ള വന്‍കിടക്കാര്‍ക്കെല്ലാം ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് ആയിട്ട് പോവാം. പാവപ്പെട്ട കര്‍ഷകര്‍ക്ക് അത് താങ്ങാനാവില്ല. എന്നെപ്പോലെ ഇവിടെയുള്ള ഏത് കര്‍ഷകനേയും ഏത് നിമിഷവും ഇവിടെ നിന്ന് ഇറക്കാം,'' ടിജോ കുര്യാക്കോസ് പറയുന്നു.

'ഞങ്ങളാണോ വൻകിട കയ്യേറ്റക്കാർ? ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും'
മൂന്നാമൂഴം ചന്ദ്രശേഖറാവുവിന് അന്യമോ? തെലങ്കാനയില്‍ 'കര്‍ണാടക' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ സംസ്ഥാനത്ത് എല്ലായിടത്തും നടന്നുവരികയാണ്. എന്നാല്‍ പട്ടയം ഇല്ലാത്ത ഭൂമിയാണെങ്കില്‍ കൈവശക്കാരന്റെ പേര് പോലും എഴുതേണ്ട എന്നാണ് ഡിജിറ്റല്‍ സര്‍വേയിലെ നിര്‍ദ്ദേശം. ഈ നടപടിയെ ഭയത്തോടെയാണ് കര്‍ഷകര്‍ നോക്കിക്കാണുന്നത്.

''ഒന്നുകില്‍ ഞങ്ങളെ കൊന്ന് തരണം. അല്ലെങ്കില്‍ പട്ടയം തരണം. ഇറക്കി വിട്ടാല്‍ ഈ വഴിയില്‍ നില്‍ക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല,'' രാജു പറഞ്ഞു.

കഴിഞ്ഞ ദിവസവും രണ്ടര ഏക്കര്‍ കൃഷിഭൂമി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് മൂന്നാറിലെ കര്‍ഷകര്‍

logo
The Fourth
www.thefourthnews.in