മൺറോ: അതിജീവനത്തിന്റെ പുതിയ വഴികൾ
'വയലും വീടുകളുമുണ്ടായിരുന്നയിടങ്ങളെല്ലാം കായലും കണ്ടലുമായി. ശരിയാണ്, ഇപ്പോഴും ഈ ഭൂമി താഴുകയാണ്. പക്ഷേ ഇത് ഞങ്ങളുടെ അതിജീവനമാണ്. ഓരോ മണ്‍റോത്തുരുത്തുകാരന്റേയും മുഖത്ത് സന്തോഷമാണ് ഇപ്പോള്‍.' വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി താഴുന്നതിന്റെ സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രമാണ് മണ്‍റോത്തുരുത്തുകാരനായ മധു വിളിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായി അയാളുടെ സംസാരത്തില്‍ ആവേശം, ചിരി. അയാള്‍ മാത്രമല്ല, മണ്‍റോത്തുരുത്തില്‍ അവശേഷിക്കുന്ന ഓരോരുത്തരും ജീവിതം തിരികെപ്പിടിക്കുന്നതിന്റെ സന്തോഷം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു.
മണ്‍റോ തുരുത്തില്‍ വലിയ കടകളോ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഒന്നുമില്ല. ഗ്രാമീണമായ എല്ലാം നിലനിര്‍ത്തി പ്രദേശവാസികള്‍ക്ക് തന്നെ ടൂറിസത്തിന്റെ മുഴുവന്‍ ഗുണങ്ങളും അനുഭവിക്കാനിടവരുത്തുക എന്ന ഉറച്ച തീരുമാനത്തിലുമാണ് നാട്ടുകാര്‍
ഓരോ നിമിഷവും താഴ്ന്നുകൊണ്ടിരിക്കുകയാണ് മണ്‍റോ എന്ന മനോഹരമായ തുരുത്ത്. 2012 മുതല്‍ക്കാണ് ഈ വിഷയം ദേശീയ മാധ്യമങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുന്നത്. വീടും കൃഷിസ്ഥലവും ഉണ്ടായിരുന്നതെല്ലാം വെള്ളത്തില്‍ മുങ്ങിപ്പോവുന്ന ജനതയുടെ ദുരിതങ്ങള്‍ വാര്‍ത്തകളായി. എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവര്‍ അധികാരികള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങളായി. താമസിയാതെ മുഴുവനായും ഈ ദ്വീപ് മുങ്ങുമെന്ന് വിദഗ്ദ്ധര്‍ പഠന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
'ഇപ്പോഴും ഇവിടെ ജീവിക്കാമോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് അതിന് ഉത്തരമില്ല. വീടിരുന്ന സ്ഥലമെല്ലാം ആഴമുള്ള കായല്‍പ്പരപ്പാണ്. ഞങ്ങളുടേതായിരുന്ന ഒന്നും ഇന്ന് ഇവിടെ അവശേഷിക്കുന്നില്ല. വെള്ളം കയറുന്നതിനനുസരിച്ച് അപ്പുറത്തേക്കും ഇപ്പുറത്തേക്കും വീട് മാറ്റി വച്ച് പോയവരാണ് ഞാനുള്‍പ്പെടെ. പക്ഷേ.. ഒന്ന് പോയപ്പോള്‍ അതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ മറ്റൊന്ന് പ്രകൃതി തന്നെ ഞങ്ങള്‍ക്ക് തന്നു. ആദ്യം അത് മനസ്സിലായില്ല. ഇപ്പോള്‍ ഞങ്ങളതോടൊപ്പം അതിജീവിക്കാന്‍ ശ്രമിക്കുകയാണ്.' മധു പറയുന്നു.
13000ത്തില്‍ താഴെയായിരുന്നു മണ്‍റോയിലെ ജനസംഖ്യ. പഞ്ചായത്തില്‍ നമ്പറിട്ട വീടുകള്‍ മുവ്വായിരം വരും. എന്നാല്‍ ഈ വീടുകളില്‍ പലതിലും ഇപ്പോള്‍ ആള്‍പ്പാര്‍പ്പില്ല. ജീവിതം ദുരിതമായപ്പോള്‍ വീടുകള്‍ ഉപേക്ഷിച്ച് പലവഴിക്ക് അവര്‍ പോയി
ഒരു കാലത്ത് തേങ്ങ ഉള്‍പ്പെടെയുള്ള നാണ്യ വിളകള്‍, നെല്‍കൃഷി എന്നിങ്ങനെ സമൃദ്ധമായിരുന്നു മണ്‍റോ. കയറ് വ്യവസായവും അവിടെ തഴച്ചുവളര്‍ന്നു. എന്നാല്‍ മുങ്ങാന്‍ തുടങ്ങിയതോടെ അതെല്ലാം അവസാനിച്ചു. ഉപജീവനത്തിനായി ഒരു വഴിയുമില്ലാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടി. അവിടെ താമസിച്ചിരുന്നവരില്‍ പകുതിയിലേറെ കുടുംബങ്ങള്‍ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. മറ്റുള്ളവര്‍ കൂടി പോവാനിരിക്കെയാണ് അവരുടെയെല്ലാം ജീവിതം മാറ്റുന്ന സംഭവങ്ങള്‍ ഉണ്ടായത്.
'എല്ലാം നശിച്ചു എന്നാണ് കരുതിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയാണ് എന്നുള്ളത് ലോകം മുഴുവന്‍ പ്രചരിച്ചു. അവസാനമായി ഈ തുരുത്ത് കാണാനെന്ന് പറഞ്ഞ് ലോകത്തിന്റെ എല്ലായിടത്തു നിന്നും ആളുകള്‍ എത്തിത്തുടങ്ങി. ശരിക്കും വയലും വീടും എല്ലാം കണ്ടലുകളും പച്ചപ്പുമായത് ഞങ്ങളുടെയൊന്നും ശ്രദ്ധയില്‍ കാര്യമായി പെട്ടിരുന്നില്ല. പക്ഷേ ആളുകളെല്ലാം വന്ന് അത് ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്കും കാര്യം മനസ്സിലായത്. അതൊരു സാധ്യതയാണെന്ന് മനസ്സിലായി. പിന്നെ അതിനു മുകളില്‍ നിന്ന് ഒരു ടൂറിസം പദ്ധതി തന്നെ ഈ ഗ്രാമത്തില്‍ ഉണ്ടാക്കി.' പഞ്ചായത്ത് അംഗം കൂടിയായ ഗിരീഷ് പറഞ്ഞു.
വീടുകള്‍ താഴുന്നതിനനുസരിച്ച് ഉയര്‍ത്തിപ്പണിതും സ്ഥലങ്ങളെല്ലാം മണ്ണിട്ട് പൊക്കിയും പുതിയൊരു ഗ്രാമമായി മണ്‍റോയെ മാറ്റുകയാണ് ഇപ്പോള്‍ നാട്ടുകാര്‍. കൂട്ടത്തോടെ ഒഴിഞ്ഞ് പോയവരില്‍ ഇവിടേക്ക് തിരികെ വരാനൊരുങ്ങുകയാണ്. പുറത്തുനിന്നുള്ളവരും സ്ഥലം മേടിച്ച് മണ്‍റോയിലേക്കെത്തുന്നു. ഇവിടെ വലിയ കടകളോ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഒന്നുമില്ല. ഗ്രാമീണമായ എല്ലാം നിലനിര്‍ത്തി പ്രദേശവാസികള്‍ക്ക് തന്നെ ടൂറിസത്തിന്റെ മുഴുവന്‍ ഗുണങ്ങളും അനുഭവിക്കാനിടവരുത്തുക എന്ന ഉറച്ച തീരുമാനത്തിലുമാണ് നാട്ടുകാര്‍.
13000ത്തില്‍ താഴെയായിരുന്നു മണ്‍റോയിലെ ജനസംഖ്യ. പഞ്ചായത്തില്‍ നമ്പറിട്ട വീടുകള്‍ മുവ്വായിരം വരും. എന്നാല്‍ ഈ വീടുകളില്‍ പലതിലും ഇപ്പോള്‍ ആള്‍പ്പാര്‍പ്പില്ല. ജീവിതം ദുരിതമായപ്പോള്‍ വീടുകള്‍ ഉപേക്ഷിച്ച് പലവഴിക്ക് അവര്‍ പോയി. കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം കുടുംബങ്ങള്‍ തുരുത്തുതന്നെ ഉപേക്ഷിച്ച് പോയി എന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. പെരുമണ്‍ പാലത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാലം വരുന്നതോടെ നാടിന് വികസനം ഉണ്ടായാല്‍ വിട്ടുപോയവരില്‍ പലരും തിരികെ വരുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി. 'അവര്‍ക്കൊന്നും സ്വന്തം വീട്ടിലേക്ക് വരാനൊക്കില്ല. വെള്ളം മുങ്ങിക്കിടക്കുകയല്ലേ. പക്ഷേ ടൂറിസത്തിന്റെയൊക്കെ സാധ്യതകള്‍ മുന്നില്‍ കണ്ട് വേറെ സ്ഥലം വാങ്ങിച്ചുടുന്നുണ്ട്.'
നഷ്ടപ്പെട്ടതിനൊന്നും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നവരാണ് പലരും. എന്നാല്‍ മണ്‍റോ എന്ന തുരുത്ത് തന്നെ അവര്‍ക്ക് ഉപജീവനത്തിനുള്ള വഴികള്‍ തെളിയിച്ചിരിക്കുകയാണ്
പല ജില്ലകളില്‍ നിന്നുള്ളവരും മണ്‍റോയുടെ സാധ്യതകള്‍ കണ്ട് അവിടെ ഭൂമി വാങ്ങിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ പതിനഞ്ചില്‍ അധികം സ്ഥലങ്ങള്‍ അത്തരത്തില്‍ വില്‍പ്പന നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 'ആദ്യ സമയത്ത് ഇവിടെ പ്രശ്‌നമാണെന്ന് എല്ലായിടത്തും വന്നപ്പോള്‍ പോലും ചുളു വിലയ്ക്ക് പലരും സ്ഥലം വാങ്ങി. ഒരിക്കലും വില്‍പ്പന നടക്കില്ല എന്നോര്‍ത്ത നാട്ടുകാര്‍ കിട്ടിയ വിലക്ക് ഭൂമിയും വീടും എല്ലാം വിറ്റു. പക്ഷേ ഇപ്പോള്‍ ഇവിടെ വില ഉയര്‍ന്നിട്ടുണ്ട്.' മണ്‍റോ സ്വദേശിയായ മേരി പറഞ്ഞു.
' വള്ളം സവാരിക്ക് ഒരാള്‍ക്ക് 50 രൂപ, കണ്ടല്‍ നിറഞ്ഞ വഴികളിലൂടെ യാത്ര ചെയ്ത് തിരികെ വരാം. ഇവിടെ മുഴുവന്‍ ചുറ്റിക്കറങ്ങാം. വലിയ പൈസ ആരില്‍ നിന്നും ഞങ്ങള്‍ വാങ്ങില്ല. പുറത്ത് നിന്നുള്ളവര്‍ക്കും ബിസിനസില്ല. എല്ലാ ടൂറിസം പദ്ധതികളും നടപ്പാക്കുന്നതും ഇവിടുത്തെ നാട്ടുകാര്‍ തന്നെയാണ്. കിട്ടുന്ന വരുമാനം, അത് ഞങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഈ ഗ്രാമത്തിനുള്ളതാണ്.' അശോകന്റെ വാക്കുകള്‍.
നഷ്ടപ്പെട്ടതിനൊന്നും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നവരാണ് പലരും. എന്നാല്‍ മണ്‍റോ എന്ന തുരുത്ത് തന്നെ അവര്‍ക്ക് ഉപജീവനത്തിനുള്ള വഴികള്‍ തെളിയിച്ചിരിക്കുകയാണ്. 'ഞങ്ങള്‍ എല്ലാം ഹാപ്പിയാണ്. എല്ലാവരും ഇങ്ങോട്ട് പോരേ. മനോഹരമായ മണ്‍റോ നിങ്ങളെയും കാത്തിരിക്കുകയാണ്. മണ്‍റോ മുങ്ങുക തന്നെയാണ്. പക്ഷേ അതിജീവന സാധ്യതകളെല്ലാം ഞങ്ങള്‍ തേടും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.' മധു പറഞ്ഞു നിര്‍ത്തി.