ബഷീറിന്റെ കത്തുകളും, ഫാബി ബഷീറിന്റെ ഓ‍‍ര്‍മകളും

ബഷീറിന്റെ കത്തുകളും, ഫാബി ബഷീറിന്റെ ഓ‍‍ര്‍മകളും

സൗദി മരുഭൂമിയിലെ ഒട്ടകങ്ങളുടെ ജീവിതത്തെ കുറിച്ച് വിശദമായി അറിയുക, അറേബ്യന്‍ സംഗീതത്തെ കുറിച്ചും സംഗീതോപകരണങ്ങളെ കുറിച്ചും പഠിക്കുക...ഇങ്ങനെ ചില ആഗ്രഹങ്ങള്‍ ബഷീര്‍ അവസാന കാലത്ത് പ്രകടിപ്പിച്ചിരുന്നു
Updated on
4 min read

ബഷീര്‍കൃതികള്‍ വായിച്ച് ത്രില്ലടിച്ച കാലത്തൊരുനാള്‍ പ്രിയപ്പെട്ട എഴുത്തുകാരനെ കാണാന്‍ പുറപ്പെട്ടതും ബേപ്പൂരിലെത്തും മുമ്പെ വാഹനം കേടായതും ഒടുവില്‍ ആ കൂടിക്കാഴ്ച നടക്കാതെ പോയതുമായ ഒരനുഭവമുണ്ടെനിക്ക്. പ്രവാസനാളുകളില്‍ സുഹൃത്ത് എം.എ റഹ്മാന്റെ 'ബഷീര്‍- ദ മാന്‍ ' ഡോക്യുമെന്ററി കണ്ടതിനു ശേഷമൊരു അവധിക്കാലത്ത് രണ്ടാമത്തെ ബേപ്പൂര്‍ യാത്രയ്ക്കുള്ള പുറപ്പാടിനും എന്തോ തടസ്സമുണ്ടായി. ചുരുക്കത്തില്‍ ബഷീര്‍ എന്ന മഹാനായ എഴുത്തുകാരനുമായി നേരില്‍ കാണാനുള്ള അവസരം എനിക്ക് കൈ വന്നില്ല.

പക്ഷേ, ഞങ്ങള്‍ക്കിടയില്‍ കത്തിടപാടുകള്‍ നടന്നു. അദ്ദേഹത്തിന്റെ പ്രിയപത്‌നി ഫാബി ബഷീര്‍, പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയപ്പോള്‍ അവരെപ്പോയി കാണാനും സംസാരിക്കാനും സാധിച്ചു. പിന്നീട് ബഷീര്‍ ഇല്ലാത്ത വൈലാലില്‍ വീട്ടില്‍ പോയപ്പോള്‍ എന്നേയും കുടുംബത്തേയും ഫാബിത്ത ഹൃദ്യമായി സ്വീകരിച്ചതും ഇപ്പോള്‍ ആര്‍ദ്രമായ ഓര്‍മ.

സൗദി മരുഭൂമിയിലെ ഒട്ടകങ്ങളുടെ ജീവിതത്തെ കുറിച്ച് വിശദമായി അറിയുക, അറേബ്യന്‍ സംഗീതത്തെ കുറിച്ചും സംഗീതോപകരണങ്ങളെ കുറിച്ചും പഠിക്കുക, ആരോഗ്യം അനുവദിച്ചാല്‍ വിശുദ്ധ മക്കയില്‍ സന്ദര്‍ശനം നടത്തുക....ഇങ്ങനെ ചില ആഗ്രഹങ്ങള്‍ ബഷീര്‍ അവസാന കാലത്ത് പ്രകടിപ്പിച്ചിരുന്നു. അറേബ്യന്‍ സംഗീതത്തിന്റെ ചില കാസറ്റുകള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുത്തിരുന്നു - ഈജിപ്ഷ്യന്‍ വാനമ്പാടി ഉമ്മുഖുല്‍ദൂമിന്റെ പാട്ടുകള്‍ ഏറെ പ്രിയപ്പെട്ടതായി 'ടാറ്റാ' പറഞ്ഞിരുന്നതായി ഫാബി ബഷീര്‍ ഓര്‍ത്തെടുത്തു.

ബഷീറിന്റെ കത്തുകളും, ഫാബി ബഷീറിന്റെ ഓ‍‍ര്‍മകളും
മാധവന്റെയും മജീദിന്റെയും കൽക്കത്തകൾ

1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. 2015 ജൂലൈ 15 നായിരുന്നു ബഷീറിന്റെ പ്രിയപ്പെട്ട ഫാബിയുടെ വേര്‍പാട്. ഫാബിയും ബഷീറിനെപ്പോലെ, വിഷാദഭരിതമായ കുറെ ഓര്‍മകളുണര്‍ത്തുന്നു. അവരുടെ മകന്‍ അനീസിന്റെ ഭാര്യാപിതാവും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് കെ എ അബ്ദുല്‍ഗഫൂറിനോടൊപ്പം ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയപ്പോള്‍ മക്കയില്‍ അവരോടൊപ്പം കുറെ സമയം ഞാനുമുണ്ടായിരുന്നു. ഫാബി, ഓര്‍മയുടെ അറകള്‍ തുറന്ന അസുലഭ മുഹൂര്‍ത്തങ്ങളായിരുന്നു അത്.

ആദ്യമായി ജിദ്ദയില്‍ നിന്ന് ഞാന്‍ ബഷീറിനയച്ച കത്ത് കൊറിയര്‍ മുഖേനയായിരുന്നു. അന്ന് അതിന് ചെലവായ തുകയെക്കുറിച്ചുള്ള ആശ്ചര്യവും അവിശാവസവും ശാസനാരൂപത്തില്‍ രേഖപ്പെടുത്തിയാണ് എയറോഗ്രാം ഇന്‍ലന്റില്‍ മറുകുറി വന്നത്

ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍, സി പി ഐ യുവജനസംഘടനയായ എ. ഐ വൈ എഫില്‍ സജീവമായ കാലം തൊട്ടേ ഞങ്ങള്‍ തമ്മില്‍ അടുത്ത പരിചയമായിരുന്നു. സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ചെയര്‍ മാനുമായിരുന്നു അദ്ദേഹം. പഴയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഫാബിത്ത അല്‍പം ക്ഷീണിതയായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വന്ന അവര്‍ക്ക് അന്ന് സൗകര്യങ്ങള്‍ തുലോം പരിമിതമായിരുന്നു. മക്കയില്‍ മസ്ജിദുല്‍ ഹറമിലേക്ക് പോകാനും അവിടെ നിന്ന് മടങ്ങാനും ചില ചെറിയ സഹായങ്ങളൊക്കെ ചെയ്യാനായി എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് വേണ്ടി ഞാനൊന്നും ചെയ്തിരുന്നില്ലെങ്കിലും പിന്നീട് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പരിചിതവലയത്തില്‍പ്പെട്ട പലരോടും, ഞാന്‍ അവരുടെ ഹജ്ജ് വേളയില്‍ മക്കയിലെത്തി സഹായിച്ച കാര്യം പറഞ്ഞിരുന്നു.

മുസാഫിറും ബഷീറിന്റെ പത്നി ഫാഫിയും
മുസാഫിറും ബഷീറിന്റെ പത്നി ഫാഫിയും

ജിദ്ദയില്‍ നിന്ന് ചെന്നവരോടൊക്കെ എന്റെ ആരോഗ്യസ്ഥിതി (ഞാന്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ നിന്ന് ഒരു സര്‍ജറി കഴിഞ്ഞ് മടങ്ങിയ സമയവുമായിരുന്നു അത്) അന്വേഷിച്ചു, സ്നേഹനിധിയായ ഫാബിത്ത. മാതൃതുല്യമായ വാല്‍സല്യമാണ് പങ്ക് വെച്ചു തന്നത്. പിന്നീട് പല തവണ ബേപ്പൂരില്‍, കുടുംബമായും അല്ലാതെയും ഞങ്ങള്‍ പോവുക പതിവായി. അതിനിടെ, ജസ്റ്റിസ് അബ്ദുല്‍ഗഫൂര്‍ ഒരിക്കല്‍ക്കൂടെ സൗദിയിലെത്തി. പഴയ ഹജ്ജ് അനുഭവങ്ങള്‍ പങ്ക് വെച്ചു. നാട്ടില്‍ മടങ്ങി അധികം കഴിയും മുമ്പേ അദ്ദേഹം അന്തരിച്ചു. ഏറ്റവുമൊടുവില്‍ വൈലാലില്‍വീട്ടില്‍ പോയപ്പോള്‍ ഫാബിത്ത തനിച്ചായിരുന്നു. മരുമകള്‍ വരുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഞങ്ങള്‍ക്ക് അല്‍പം തിരക്കുണ്ടായതിനാല്‍ കൂടുതല്‍ നേരം അവിടെയിരിക്കാനോ, ഫാബിത്തയുടെ സ്‌നേഹോപചാരങ്ങളില്‍ മുഴുകാനോ സാധിക്കാതെ പോയതിന്റെ ദു:ഖം ഇപ്പോഴും മനസ്സിലുണ്ട്. മനസ്സ് നിറയെ മധുരമായിരുന്ന ബേപ്പൂര്‍ സുല്‍ത്താന്റേയും ഫാബിത്തയുടെയും

ബഷീറിന്റെ കത്തുകളും, ഫാബി ബഷീറിന്റെ ഓ‍‍ര്‍മകളും
മനുഷ്യൻ എങ്ങോട്ടാണ് വളരുന്നത്?

സൗദി മരുഭൂമിയിലെ ഒട്ടകങ്ങളുടെ ജീവിതത്തെ കുറിച്ച് വിശദമായി അറിയുക, അറേബ്യന്‍ സംഗീതത്തെ കുറിച്ചും സംഗീതോപകരണങ്ങളെ കുറിച്ചും പഠിക്കുക, ആരോഗ്യം അനുവദിച്ചാല്‍ വിശുദ്ധ മക്കയില്‍ സന്ദര്‍ശനം നടത്തുക....ഇങ്ങനെ ചില ആഗ്രഹങ്ങള്‍ ബഷീര്‍ അവസാന കാലത്ത് പ്രകടിപ്പിച്ചിരുന്നു

ലോകമെമ്പാടുമുള്ള മലയാളികള്‍ ബഷീറിനെ ഓര്‍ക്കുന്ന ഈ ദിനത്തില്‍, അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'ബാല്യകാലസഖി'യ്ക്ക് എട്ടുപതിറ്റാണ്ട് തികയുമ്പോള്‍, അദ്ദേഹം വാല്‍സല്യപൂര്‍വം എനിക്കയച്ച കത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്ന് കുറിപ്പുകള്‍ ഇവിടെ കൊടുക്കുന്നു. മുപ്പത് വര്‍ഷം മുമ്പ് വിടവാങ്ങിയ മഹാപ്രതിഭയുടെ സ്മരണയ്ക്ക് മുമ്പില്‍ സ്‌നേഹാഞ്ജലി.

ആദ്യമായി ജിദ്ദയില്‍ നിന്ന് ഞാന്‍ ബഷീറിനയച്ച കത്ത് കൊറിയര്‍ മുഖേനയായിരുന്നു. അന്ന് അതിന് ചെലവായ തുകയെക്കുറിച്ചുള്ള ആശ്ചര്യവും അവിശാവസവും ശാസനാരൂപത്തില്‍ രേഖപ്പെടുത്തിയാണ് എയറോഗ്രാം ഇന്‍ലന്റില്‍ മറുകുറി വന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍
കോഴിക്കോട്ട് - 15

പ്രിയപ്പെട്ട മുസാഫിര്‍,

അറുന്നൂറ്റി അന്‍പത് രൂപ എന്തിന് ചെലവാക്കി? ദൈവം തമ്പുരാനേ എനിക്കൊരു കാര്‍ഡിട്ടാല്‍ പോരായിരുന്നോ? വയസ്സ് ശരിക്കു ഓര്‍മ്മയില്ല. ഇതൊക്കെ ആര് എന്തിന് രേഖപ്പെടുത്തി വയ്ക്കുന്നു? 70 കഴിഞ്ഞ ഊഹമുണ്ട്. ഒരു 20 വയസ്സിന്റെ അഹങ്കാരവും.

മുസാഫിര്‍!- പേര് ഇത് തന്നെയാണോ? എന്നെപ്പറ്റി നാലഞ്ചു പുസ്തകങ്ങള്‍ ഇറങ്ങീട്ടുണ്ട്. ഒന്നു രണ്ടെണ്ണം കൊള്ളാം. ബഷീറിന്റെ ലോകം - ഇരുട്ടില്‍ ഉറങ്ങാത്ത ഒരാള്‍. കറന്റ് ബുക്‌സില്‍ കിട്ടും. വരട്ടെ, ഞാന്‍ തന്നെ അയക്കാം. ഞാനിവിടെ ചില്ലറ ചില രോഗങ്ങളുടെ അകമ്പടിയില്‍ക്കഴിയുന്നു. താങ്കള്‍ ജിദ്ദയില്‍ എന്ത് ചെയ്യുന്നു? എന്റെ മകളുടെ ഭര്‍ത്താവ് ശ്രീ.മുഹമ്മദ് ഹബീബ് റിയാദിലുണ്ട്.

താങ്കള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും നേർന്നുകൊണ്ട്,
സ്വന്തം
വൈക്കം മുഹമ്മദ് ബഷീര്‍
ബേപ്പൂര്‍ - 10.11. 85

ബഷീറിന്റെ കത്തുകളും, ഫാബി ബഷീറിന്റെ ഓ‍‍ര്‍മകളും
ബഷീർമാവ്

പ്രിയപ്പെട്ട മുസാഫിര്‍,
സുഖമാണെന്ന് വിശ്വസിക്കുന്നു.
ചെറിയ ഒരാവശ്യം.
ഒട്ടകം ഉണ്ടല്ലോ, ഒട്ടകം. ഒട്ടകത്തെപ്പറ്റി എല്ലാം അറിയണം. എത്ര തരം? എവിടെല്ലാമുണ്ട്? പാല്, രോമം, തുകല്‍, ഇറച്ചി. പിന്നെ ചുമട് ചുമക്കല്‍. പിന്നെ? തീറ്റ. എന്താണ് തിന്നുന്നത്? മരുഭൂമിയില്‍ തിന്നാന്‍ എന്ത് കിട്ടും? മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ 99 പേരുകളേ അറിയാവൂ. ഒട്ടകത്തിന് 100 പേരുകള്‍ അറിയാം. ഒട്ടകസംബന്ധമായ ഐതിഹ്യങ്ങള്‍ മുഴുവനും വേണം.

അറബ് നാടുകളില്‍ എന്തൊക്കെ മൃഗങ്ങളാണുള്ളത്? പശുക്കളുണ്ടോ? ആടുകള്‍ എന്ത് തിന്നുന്നു? ചൊന്നാംമക്കി തിന്നുമെന്നു കേള്‍ക്കുന്നു. സൗകര്യം പോലെ ഇതൊക്കെ എഴുതി അയക്കാന്‍ അപേക്ഷ.

വേറൊരു കാര്യം. സംഭവം സംഗീതം. ആദിപുരാതീനമായി ഞാനൊരു സംഗീതപ്രിയനാണ്. പണ്ടുമുതല്‍ക്കേ ഗ്രാമഫോണ്‍, റേഡിയോഗ്രാം ഒക്കെ ഉള്ളവന്‍. ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, റഷ്യന്‍, മലയാളം, അറബിക് റെക്കാര്‍ഡുകള്‍ ഉണ്ട്. റെക്കാര്‍ഡുകള്‍ ഒരു പാട്, ഒരു പാട് ചിതല്‍പിടിച്ച് ഉപയോഗശൂന്യമായി. ഇപ്പോള്‍ സ്റ്റീരിയോ സാധനമുണ്ട്. അറബ് റെക്കാര്‍ഡുകള്‍ വേണം. നല്ല പാട്ടുകാരുടേത്. 16, 33, 45, 78.. ഇങ്ങനെയുള്ള റെക്കാര്‍ഡുകള്‍, കിട്ടുന്നവ കുറെ വാങ്ങി ഇങ്ങോട്ട് വി.പി ആയി അയച്ചുതരാന്‍ അപേക്ഷ. മെഹ്ദു ഹസന്‍, റൂണാ ലൈല, നാസിയാ ഹസന്‍ .. ഇവരുടേതും കിട്ടുമെങ്കില്‍ വേണം.

ക്ഷേമാശംസകളോടെ,
സ്വന്തം
വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍,
കാലിക്കറ്റ്-15, കേരള സ്‌റ്റേറ്റ്, എസ്. ഇന്ത്യ


പ്രിയപ്പെട്ട മുസാഫിര്‍,

ശ്വാസം മുട്ടല്‍ കലശല്‍. പിന്നെ കാട്രാക്റ്റ്. കണ്ണുകളില്‍ തിമിരം എന്ന് സാരം. എഴുതാനും വായിക്കാനും അല്‍പ്പസൊല്‍പ്പം ബുദ്ധിമുട്ടുണ്ട്. കണ്ണുകളില്‍ നിന്ന് ചൂടുള്ള ഉപ്പുവെള്ളം മാതിരി നീറ്റല്‍, പുകച്ചില്‍ എറ്റ്‌സെക്ട്ര. തണുത്ത ശുദ്ധജലം കൊണ്ട് കഴുകിയാല്‍ തെല്ല് ആശ്വാസം. കണ്ണുകളുടെ കാഴ്ച മങ്ങിമങ്ങി വരുന്നു. പ്രപഞ്ചങ്ങളും ഞാനും ഇരുളില്‍ മറയാന്‍ പോകുന്നു; ആദിപുരാതീനമായ അനാദിയായ ഇരുളില്‍. ആയതിനാല്‍ ഒട്ടകസംബന്ധിയായ പുസ്തകങ്ങള്‍ അയക്കണ്ട. അതൊക്കെ വായിച്ച് ചെറിയ ഒരു ലേഖനമായി അയക്കാന്‍ അപേക്ഷ. കയ്യക്ഷരങ്ങള്‍ അയച്ച കത്തിലേത് മാതിരി ബഡുക്കൂസ് ആകരുത്. വൃത്തിയായ സാലിഹ് ആയ അക്ഷരങ്ങള്‍ ആയിരിക്കണം. കാരണം കണ്ണുകള്‍ സ്റ്റൈലിലല്ല.

ഒട്ടകത്തെപ്പറ്റി എഴുതുമ്പോള്‍ പശുവുമായി താരതമ്യപ്പെടുത്തിവേണം. ഒട്ടകത്തിന്റെ രോമം എന്ത് ചെയ്യുന്നു? തുകല്‍, ബോണ്‍സ്.. എറ്റ്‌സെക്ട്ര. പെണ്‍ ഒട്ടകത്തെ അറുക്കാമോ? ഇണ ചേരുന്നതെങ്ങിനെ? ഒട്ടകങ്ങളുടെ ഓമനപ്പേരുകള്‍? ഇതൊക്കെ സൗകര്യം പോലെ അയച്ചാല്‍ മതി. മരിച്ചുപോയെങ്കില്‍ ഖൈര്‍. ഗസലുകള്‍ കാസറ്റുകള്‍ വേണ്ട. വേണ്ടത് റെക്കാര്‍ഡുകള്‍, ഡിസ്‌കുകള്‍. അറബ് ഗാനങ്ങള്‍ മറന്നോ? 16, 33, 45. 78 - സ്റ്റീരിയോ. സുഖവും സമാധാനവും ദീര്‍ഘായുസ്സും നേര്‍ന്നുകൊണ്ട്, (രണ്ടു ടേപ്‌റെക്കാര്‍ഡറുകള്‍, കാക്കത്തൊള്ളായിരം കാസറ്റുകള്‍ ഉണ്ട്. ഐ ഹെയ്റ്റ് കാസറ്റുകള്‍! തിരിഞ്ഞോ, വേണ്ടത് സ്റ്റീരിയോ റെക്കാര്‍ഡുകള്‍).

സ്വന്തം
വൈക്കം മുഹമ്മദ് ബഷീര്‍.

logo
The Fourth
www.thefourthnews.in