പെരുമ്പാവൂരിന് 80; റെക്കോർഡ് തിരുത്തിയ പാഞ്ചജന്യം
പാഞ്ചജന്യം. ലക്ഷങ്ങൾ വിറ്റഴിഞ്ഞ ഭക്തിഗാന ആൽബം. നാല് പതിറ്റാണ്ടോളം മുൻപ് പുറത്തിറങ്ങിയ ആ ഓഡിയോ കാസറ്റിൽ നിന്ന് റോയൽറ്റി വഴി എത്ര വരുമാനമുണ്ടാക്കി എന്ന് ചോദിച്ചാൽ അർത്ഥഗർഭമായ ഒരു ചിരി ചിരിക്കും പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. തെല്ലു നൊമ്പരം കലർന്ന ചിരി.
പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. സംഗീതത്തിന് വേണ്ടി സ്വയം സമർപ്പിച്ച ജന്മം
"കേരളത്തിലും പുറത്തുമൊക്കെ റെക്കോർഡ് വിൽപനയായിരുന്നു ആ ആൽബത്തിന് എന്നാണറിവ്. ഗൾഫിൽ തോംസൺ കാസറ്റുകാർ പുറത്തിറക്കിയപ്പോഴും അതായിരുന്നു അവസ്ഥ. നിർഭാഗ്യവശാൽ വിൽപ്പനയുടെ കണക്കുകളൊന്നും ലഭ്യമല്ല. അതു വഴി ഞാൻ സമ്പാദ്യമൊന്നും ഉണ്ടാക്കിയിട്ടുമില്ല. വിറ്റ ഓരോ കാസറ്റിനും വെറും അഞ്ചു രൂപ വെച്ച് റോയൽറ്റിയായി കിട്ടിയിരുന്നെങ്കിൽ പോലും ഇതിനകം ഞാനൊരു കോടീശ്വരനായി മാറിയേനെ എന്ന് തമാശയായി പറയാറുണ്ട് ഉണ്ണി മേനോൻ.'' പക്ഷേ നിരാശയൊന്നുമില്ല പെരുമ്പാവൂരിന്. "ഗുരുവായൂരപ്പന് വേണ്ടി ചെയ്യുന്ന പാട്ടുകൾക്ക് പ്രതിഫലം പറ്റരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ഭഗവാനുള്ള എന്റെ അർച്ചനയായിരുന്നു അത്.''
"ഇത്രയും വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ചെയ്ത ചില പാട്ടുകളെങ്കിലും ആളുകളുടെ ചുണ്ടിലും മനസ്സിലും ഉണ്ടല്ലോ എന്നൊരു സന്തോഷമുണ്ട്. പാഞ്ചജന്യത്തിലെ പാട്ടുകളൊക്കെ ആളുകൾ ഓർമ്മയിൽ നിന്ന് മൂളിക്കേൾപ്പിക്കുമ്പോൾ അറിയാതെ കണ്ണ് നിറയും
അതാണ് പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. സംഗീതത്തിന് വേണ്ടി സ്വയം സമർപ്പിച്ച ജന്മം. പ്രതിഫലവും അംഗീകാരങ്ങളുമെല്ലാം ഈ ആത്മസമർപ്പണം കഴിഞ്ഞേ വരൂ അദ്ദേഹത്തിന്. "ഇത്രയും വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ചെയ്ത ചില പാട്ടുകളെങ്കിലും ആളുകളുടെ ചുണ്ടിലും മനസ്സിലും ഉണ്ടല്ലോ എന്നൊരു സന്തോഷമുണ്ട്. പാഞ്ചജന്യത്തിലെ പാട്ടുകളൊക്കെ ആളുകൾ ഓർമ്മയിൽ നിന്ന് മൂളിക്കേൾപ്പിക്കുമ്പോൾ അറിയാതെ കണ്ണ് നിറയും. പാട്ടുകളെഴുതിയ കൈതപ്രം, തങ്കൻ തിരുവട്ടാർ, രമേശൻ നായർ, കെ ജി മേനോൻ, ജി രാമചന്ദ്രൻ എന്നിവർക്കും ശബ്ദം പകർന്ന ഉണ്ണിമേനോനും മനസ്സുകൊണ്ട് നന്ദി പറയും..." എൺപതാം പിറന്നാളിന്റെ നിറവിലെത്തി നിൽക്കുന്ന പെരുമ്പാവൂരിന്റെ വാക്കുകൾ.
അതിനും നാലഞ്ചു വർഷം മുൻപേ സിനിമയിൽ പാടിത്തുടങ്ങിയിരുന്നെങ്കിലും ഉണ്ണിയിലെ ഗായകനെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുനിർത്തിയത് പാഞ്ചജന്യ(1985) മാണ് . പുഷ്പാഞ്ജലി, മയിൽപ്പീലി, വനമാല, ഗംഗയാർ എന്നീ നിത്യഹരിത ആൽബങ്ങൾക്കൊപ്പം മലയാള ഭക്തിഗാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപ്രിയഗാഥകളിലൊന്നായി മാറി അധികം വൈകാതെ പാഞ്ചജന്യം. "എഴുനൂറിൽ ചില്വാനം ആൽബങ്ങളിലായി ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ ചെയ്തിട്ടുണ്ടാകും ഞാൻ. ഏറെയും കൃഷ്ണഭക്തിഗീതങ്ങൾ. എല്ലാം തുടങ്ങിയത് പാഞ്ചജന്യത്തിൽ നിന്നാണ്. ഗുരുവായൂരപ്പന്റെ കടാക്ഷം.''-- തൊഴുകൈയോടെ പെരുമ്പാവൂർ പറയുന്നു. ഓഡിയോ കാസറ്റ് യുഗത്തിനു പിന്നാലെ സി ഡിയും എം പി ത്രീയും ഇന്റർനെറ്റും പെൻ ഡ്രൈവും ഒക്കെ വന്നുപോയിട്ടും, പാട്ടുകൾ വിരത്തുമ്പിലെത്തി നിൽക്കുമ്പോഴും പാഞ്ചജന്യം ഇന്നും പഴയ അതേ ഭാവദീപ്തിയോടെ കാതുകളെ തഴുകിക്കൊണ്ടിരിക്കുന്നു.
പുഷ്പാഞ്ജലി, മയിൽപ്പീലി, വനമാല, ഗംഗയാർ എന്നീ നിത്യഹരിത ആൽബങ്ങൾക്കൊപ്പം മലയാള ഭക്തിഗാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപ്രിയഗാഥകളിലൊന്നായി മാറി അധികം വൈകാതെ പാഞ്ചജന്യം
നല്ലൊരു ആസ്വാദകൻ കൂടിയായ പി ജി മേനോൻ എന്ന ഗുരുവായൂരപ്പ ഭക്തന്റെ സംഗീതമനസ്സിൽ യാദൃച്ഛികമായി പിറവിയെടുത്തതാണ് പാഞ്ചജന്യം എന്ന ആശയം. പാലക്കാട്ട് താമസിച്ചിരുന്ന കാലത്തെ അയൽവാസിയും കുടുംബസുഹൃത്തുമായിരുന്ന വി കെ എസ് മേനോന്റെ മകനിലെ പാട്ടുകാരനെ ചെറുപ്പം മുതലേ കണ്ടും കേട്ടുമറിഞ്ഞിട്ടുണ്ട് പി ജി. മുംബൈയിൽ കുടിയേറിയ ശേഷവും ഉണ്ണിയുടെ സംഗീതയാത്ര കൗതുകപൂർവ്വം പിന്തുടരാറുണ്ടായിരുന്നു അദ്ദേഹം. "1984 ൽ ആണെന്നാണ് ഓർമ്മ. ഒരിക്കൽ എറണാകുളത്ത് ചെന്നപ്പോൾ ദർബാർ ഹാൾ മൈതാനത്ത് സംഗീതസംവിധായകൻ ശ്യാമിൻ്റെ നേതൃത്വത്തിൽ ഒരു ഗാനസന്ധ്യ നടക്കുന്നു. പാടുന്നവരുടെ കൂട്ടത്തിൽ ഉണ്ണിമേനോന്റെ പേരുമുണ്ട്. ഞാനറിയുന്ന ഉണ്ണി തന്നെയോ ഈ ഉണ്ണി എന്നറിയാൻ ആഗ്രഹം. അണിയറയിൽ ചെന്ന് ഉണ്ണിമേനോനെ കാണാൻ പറ്റുമോ എന്നാരാഞ്ഞപ്പോൾ, സമീപത്ത് കസേരയിലിരുന്ന അല്ലം താടിവളർത്തിയ, സുമുഖനായ ചെറുപ്പക്കാരൻ പരിചയഭാവവുമായി എഴുന്നേറ്റ് വന്നു. അത് എന്റെ ഉണ്ണിയായിരുന്നു. വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച.''
പെരുമ്പാവൂർ ജി രവീന്ദ്രനാഥിനെ വർഷങ്ങളായി അറിയാം മുബൈയിലെ അറിയപ്പെടുന്ന സംഘാടകൻ കൂടിയായ പി ജി മേനോന്. സംഗീത പരിപാടികൾക്കായി മുംബൈയിൽ വരുമ്പോഴത്തെ പരിചയമാണ്. "ഉണ്ണിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു ഏതാണ്ട് രണ്ടു മാസത്തിന് ശേഷം ഈശ്വരേച്ഛ പോലെ ആകസ്മികമായി പെരുമ്പാവൂർ സാറിനെയും കണ്ടു. എറണാകുളത്തെ വളഞ്ഞമ്പലത്തിൽ അദ്ദേഹത്തിന്റെ കച്ചേരിയുണ്ടെന്നറിഞ്ഞു പരിചയം പുതുക്കാൻ പോയതാണ്. ഊഷ്മളമായിരുന്നു ആ സമാഗമവും.'' കച്ചേരി കഴിഞ്ഞു മടങ്ങുമ്പോൾ പി ജിയുടെ മനസ്സിൽ ഒരാശയം മൊട്ടിടുന്നു. ഏറെ പ്രിയപ്പെട്ട ഈ രണ്ടു പ്രതിഭകളെയും ഒരു ഗാനസമാഹാരത്തിന് വേണ്ടി ഒരുമിപ്പിച്ചാലോ? ഉണ്ണി സിനിമയിൽ ശ്രദ്ധേയനായി വരുന്നേയുള്ളൂ; പെരുമ്പാവൂർ ആകട്ടെ സിനിമയിൽ കടന്നുചെന്നിട്ടുമില്ല. ആകാശവാണിയാണ് അദ്ദേഹത്തിന്റെ തട്ടകം.
എങ്കിലും തീർത്തും അപരിചിതമായ രംഗമായിരുന്നതിനാൽ ആൽബം മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാൻ ചെറിയൊരു ഭയം. ധൈര്യം പകർന്നത് എറണാകുളത്ത് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ശ്രീകുമാറാണ്. പിന്നെ, അബുദാബിയിലുണ്ടായിരുന്ന ബന്ധുക്കളും. ഭക്തിഗാന സമാഹാരത്തിനു വേണ്ടി പി ജിയുമായി സഹകരിക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളു പെരുമ്പാവൂരിനും ഉണ്ണിയ്ക്കും. ഇനിയുള്ള കഥ പെരുമ്പാവൂരിന്റെ വാക്കുകളിൽ: "ചെട്ടിക്കുളങ്ങര ഭഗവതിയെ കുറിച്ചുള്ള ഒരു കാസറ്റിന്റെ ജോലിയിലായിരുന്നു ആ സമയത്ത് ഞാൻ. മറ്റൊരാൾ ഒരുക്കിവെച്ച ഈണങ്ങൾ മിനുക്കുന്ന ദൗത്യമാണ് എന്റേത്. പാടുകയും വേണം. ജീവിതത്തിലെ ആദ്യത്തെ സംഗീതസംവിധാന സംരംഭം. ആ ജോലി തീർത്തയുടൻ കൃഷ്ണ ഭക്തിഗാനങ്ങളിലേക്ക് കടന്നു ഞാൻ. എഴുത്തുകാരായി പലരും ഉണ്ടായിരുന്നു. സുഹൃത്തായ തങ്കൻ തിരുവട്ടാർ, എന്റെ ജ്യേഷ്ഠൻ ജി രാമചന്ദ്രൻ, താരതമ്യേന നവാഗതനായിരുന്ന കൈതപ്രം, കെ ജി മേനോൻ, രമേശൻ നായർ എന്നിവർ.''
പാട്ടുകൾക്ക് വേണ്ടി പെരുമ്പാവൂർ നിശ്ചയിച്ചത് വൈവിധ്യമാർന്ന രാഗങ്ങളാണ്. സുമനേശ രഞ്ജിനി (ഗുരുവായൂരപ്പന്റെ) , മധ്യമാവതി (ഗുരുവായൂർപുരം), ലവംഗി (കാർവർണ്ണാ), മലയമാരുതം (നീലക്കടമ്പുകൾ), മാണ്ഡ് (ജ്ഞാനപ്പാനയിൽ), രീതിഗൗള (രാപ്പക്ഷി ചോദിച്ചു, ശിവരഞ്ജിനി (വിളിക്കുന്നു നിന്നെ) എന്നിങ്ങനെ
ശാസ്തമംഗലത്തെ വീട്ടിൽവെച്ചാണ് കമ്പോസിംഗ്. "പത്ത് ഗാനത്തിനും വ്യത്യസ്ത രാഗങ്ങൾ നിശ്ചയിച്ചു ആദ്യം. ഓരോ പാട്ടിനും ഓരോ ഭാവം. കാസറ്റിലെ ആമുഖ ഗാനമായ ബ്രാഹ്മമുഹൂർത്തത്തിൻ ശംഖൊലിയുണർന്നു സുരുട്ടി രാഗത്തിൽ ചെയ്യാൻ നിശയിച്ചപ്പോൾ പലർക്കും അത്ഭുതമായിരുന്നു. മംഗളരാഗമാണ് സുരുട്ടി. ആൽബത്തിലെ അവസാന ഗാനത്തിനാണ് സാധാരണ ഈ രാഗം ഉപയോഗിക്കുക. എന്നാൽ, മംഗളരാഗത്തിൽ കാസറ്റ് തുടങ്ങിയാലെന്ത് എന്നായിരുന്നു എന്റെ ചിന്ത. പിന്നീട് പലരും ഈ തിരഞ്ഞെടുപ്പിന്റെ ഔചിത്യത്തെ കുറിച്ച് മതിപ്പോടെ സംസാരിച്ചുകേട്ടപ്പോൾ സന്തോഷം തോന്നി.''
പാട്ടുകൾക്ക് വേണ്ടി പെരുമ്പാവൂർ നിശ്ചയിച്ചത് വൈവിധ്യമാർന്ന രാഗങ്ങളാണ്. സുമനേശ രഞ്ജിനി (ഗുരുവായൂരപ്പന്റെ) , മധ്യമാവതി (ഗുരുവായൂർപുരം), ലവംഗി (കാർവർണ്ണാ), മലയമാരുതം (നീലക്കടമ്പുകൾ), മാണ്ഡ് (ജ്ഞാനപ്പാനയിൽ), രീതിഗൗള (രാപ്പക്ഷി ചോദിച്ചു, ശിവരഞ്ജിനി (വിളിക്കുന്നു നിന്നെ) എന്നിങ്ങനെ. ദ്വിജാവന്തി, ഹിന്ദോളം, സൗരാഷ്ട്രം എന്നീ രാഗങ്ങൾ കോർത്തിണക്കിയ ഒരു രാഗമാലികയും ഉണ്ടായിരുന്നു ആൽബത്തിൽ. "രീതിഗൗള വ്യത്യസ്തമായ മട്ടിലാണ് രാപ്പക്ഷി എന്ന പാട്ടിൽ ഉപയോഗിച്ചത്. ഒന്നാം രാഗം പാടി എന്ന പാട്ടിൽ പിന്നീട് ഇതേ രാഗം ഞാൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ മാതൃകയല്ല ഇവിടെ. കേട്ടുനോക്കിയാൽ മനസ്സിലാകും.''-- ആൽബത്തിന് പാഞ്ചജന്യം എന്ന പേര് നിർദ്ദേശിച്ചത് തങ്കനാണെന്നാണ് പെരുമ്പാവൂരിന്റെ ഓർമ്മ.
1985 ന്റെ തുടക്കത്തിൽ, എറണാകുളത്തെ സി എ സി സ്റ്റുഡിയോയിൽ പാഞ്ചജന്യത്തിലെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നു. പെരേര ആയിരുന്നു റെക്കോർഡിസ്റ്റ്. വാദ്യവിന്യാസത്തിൽ, പ്രത്യേകിച്ച് റിഥം വിഭാഗത്തിൽ പെരുമ്പാവൂരിനെ സഹായിച്ചത് നാടകലോകത്ത് പ്രശസ്തനായിരുന്ന സംഗീത സംവിധായകൻ വൈപ്പിൻ സുരേന്ദ്രൻ. സി എ സിയിലെ പരിമിത സൗകര്യങ്ങളിൽ ഒതുങ്ങിനിന്നുകൊണ്ടായിരുന്നു റെക്കോർഡിംഗ് എങ്കിലും പാട്ടുകളുടെ പിന്നണിയിൽ പ്രതിഭാശാലികളായ സംഗീതജ്ഞരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ മറന്നില്ല അണിയറക്കാർ -- പി.ആർ .മുരളി (ഫ്ലൂട്ട് ), കൃഷ്ണദാസ് (ഇടയ്ക്ക ), ഗോമതി അമ്മാൾ (വീണ) ,കൊച്ചാന്റണി (തബല)....എന്നിങ്ങനെ പലർ. പാട്ടുകൾക്ക് ട്രാക്ക് പാടിയത് സംഗീതസംവിധായകൻ തന്നെ.
"മണിമണി പോലുള്ള ശബ്ദമാണ് അന്നത്തെ ഉണ്ണിയുടേത്. ഗാനങ്ങളുടെ ഭാവം ഉൾക്കൊണ്ട്, ഭക്തിയിൽ സ്വയം അലിഞ്ഞുകൊണ്ട് ഉണ്ണി ഓരോ പാട്ടും പാടി.'' -- പെരുമ്പാവൂർ ഓർക്കുന്നു. 1985 ഏപ്രിലിൽ. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ച് തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയും ദേവസ്വം ചെയർമാൻ പി ടി മോഹനകൃഷ്ണനും ചേർന്നാണ് പാഞ്ചജന്യത്തിന്റെ പ്രകാശനം നിർവഹിച്ചത്; തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ.
"പാട്ടു ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്തു കഴിഞ്ഞാൽ ഉടനടി അത് മറന്നുകളയുന്നതാണ് എന്റെ രീതി. പിന്നീടതിന്റെ ഉടമസ്ഥർ നമ്മളല്ല; ശ്രോതാക്കളാണ്. സ്വീകരിക്കണോ നിരാകരിക്കണോ എന്ന് തീരുമാനിക്കേണ്ടതും അവർ തന്നെ .''- പെരുമ്പാവൂർ പറയുന്നു. "പാഞ്ചജന്യത്തിന് പാട്ടുകളൊരുക്കുമ്പോൾ, അതിത്രത്തോളം ജനകീയമാകുമെന്നോ പത്തുനാൽപ്പത് വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുമെന്നോ സങ്കല്പിച്ചിട്ടുപോലുമില്ല. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.''
"പാഞ്ചജന്യ"ത്തിലെ പാട്ടുകൾ ആദ്യം കേട്ടവരിലൊരാൾ പെരുമ്പാവൂരിന്റെ ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ ഗായകൻ കെ പി ഉദയഭാനു. പാട്ടുകൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉദയഭാനു പറഞ്ഞു: ``വരികളും സംഗീതവും അതിഗംഭീരം. യേശുദാസിന്റെ ആലാപനവും..'' ദാസല്ല ഉണ്ണിമേനോനാണ് പാടിയതെന്ന് വിനയപൂർവം തിരുത്തിയപ്പോൾ ഭാനുവിന്റെ മുഖത്ത് വിരിഞ്ഞ അത്ഭുതവും അവിശ്വസനീയതയും മറന്നിട്ടില്ല പെരുമ്പാവൂർ.
ആ അവിശ്വസനീയതയിൽ നിന്ന് തുടങ്ങുന്നു "പാഞ്ചജന്യ"ത്തിന്റെ ജൈത്രയാത്രയുടെ തുടക്കം