'കളക്ടറും തഹസിൽദാരും ഇടപെട്ടിരുന്നെങ്കിൽ കോടികളുടെ മരംകൊള്ള തടയാമായിരുന്നു'; മുട്ടിലിൽ മുട്ടിടിക്കുന്നത് ആർക്ക്?

നിയമോപദേശം നൽകിയിട്ടും രേഖാമൂലം പരാതി വന്നിട്ടും മരംമുറി നിർത്തിവെക്കാൻ കളക്ടറും തഹസിൽദാരും ഇടപെട്ടില്ലെന്ന് മുന്‍ പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു- ദ ഫോർത്ത് എക്സ്ക്ലൂസീവ്

വിവാദമായ  മുട്ടിൽ മരം മുറി കേസിൽ മുൻ വയനാട് ജില്ലാ കളക്ടർ  അദീല അബ്ദുള്ളക്കും, അന്നത്തെ വൈത്തിരി തഹസിൽദാർ ഹാരിസിനും നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി  സർക്കാർ പ്ളീഡറായിരുന്ന അഡ്വ. ജോസഫ് മാത്യു. താൻ  നിയമോപദേശം നൽകിയിട്ടും  രേഖാമൂലം പരാതി വന്നിട്ടും  മരംമുറി  നിർത്തിവെക്കാൻ കളക്ടറും തഹസിൽദാരും ഇടപെട്ടില്ലെന്ന് അഡ്വ. ജോസഫ് മാത്യു ദ ഫോർത്തിനോട് വെളിപ്പെടുത്തി. കളക്ടറും തഹസിൽദാരും ഇടപ്പെട്ടിരുന്നെങ്കിൽ കോടികളുടെ മരംകൊള്ള തടയാമായിരുന്നെന്നും ജോസഫ് മാത്യു വ്യക്തമാക്കി.

എജിയുടെ നിയമോപദേശം ഇക്കാര്യത്തിൽ ലഭിച്ചുവെന്നായിരുന്നു കളക്ടറുടെ വാദം

24/10/2020  ലെ വിവാദ സർക്കാർ  ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി നൽകാനാകില്ലെന്നും  വനംവകുപ്പിന് ഇതു സംബന്ധിച്ച് ചട്ടം ഉണ്ടെന്നും വ്യക്തമാക്കി   നിയമോപദേശം നൽകിയിട്ടും നടപടി എടുക്കാൻ കളക്ടർ തയ്യാറായില്ലെന്ന്  സർക്കാർ പ്ലീഡറായിരുന്ന ജോസഫ് മാത്യു പറയുന്നു. മരംമുറിക്കുന്നത് വില്ലേജ് ഓഫീസർ രേഖാമൂലം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും കലക്ടർ അവഗണിച്ചു. എജിയുടെ നിയമോപദേശം ഇക്കാര്യത്തിൽ ലഭിച്ചുവെന്നായിരുന്നു കലക്ടറുടെ വാദം.

മരം കൊണ്ട് പോകുന്നതിന് പാസ് അനുവദിക്കാമോ എന്ന് വനംവകുപ്പ് കലക്ടറോടും തഹസിൽദാരോടും ആവർത്തിച്ച് രേഖാമൂലം ചോദിച്ചിട്ടും ഇരുവരും മറുപടി നൽകിയില്ല. 2021 ജനുവരിയിൽ മേപ്പാടി റെയ്ഞ്ച് ഓഫീസറും  ഫെബ്രുവരിയിൽ സൗത്ത് വയനാട് ഡിഎഫ്ഒയുമാണ്  പാസ് അനുവദിക്കാമോ എന്ന് കളക്ടറോട് ആരാഞ്ഞത്.  ഇക്കാര്യങ്ങളെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇരുവർക്കും നിയമവിരുദ്ധ മരംമുറിയിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുവെന്ന് ജോസഫ് മാത്യു പറയുന്നു

കരിവീട്ടി മരങ്ങൾ മുറിച്ച് കടത്തിയതിൽ  50 ഓളം കേസുകളുണ്ടെങ്കിലും മരം മുറിക്ക് നേതൃത്വം നൽകിയവരും, ഭൂമിയുടെ ഉടമസ്ഥരായ കർഷകരും, താഴെതട്ടിലുള്ള ഉദ്യോഗസ്ഥരുമാണ് പ്രതിപട്ടികയിലുള്ളത്.

കോടികളുടെ സംരക്ഷിത കരിവീട്ടി മരങ്ങൾ മുറിച്ച് കടത്തിയതിൽ  50 ഓളം കേസുകളുണ്ടെങ്കിലും മരം മുറിക്ക് നേതൃത്വം നൽകിയവരും, ഭൂമിയുടെ ഉടമസ്ഥരായ കർഷകരും, താഴെതട്ടിലുള്ള ഉദ്യോഗസ്ഥരുമാണ് പ്രതിപട്ടികയിലുള്ളത്. മുട്ടിൽ മരംമുറിയിൽ ഉന്നതതലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നെന്ന തുടക്കംമുതൽ ഉയർന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് സർക്കാർ തന്നെ നിയോഗിച്ച മുൻ പ്ളീഡറുടെ വെളിപ്പെടുത്തൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in