''മാഷേ, എന്റെ കയ്യിപ്പോ ഒഴുകിപ്പോകുമോ?'' - കാടറിഞ്ഞ്, പുഴയെത്തൊട്ട്, കിളികളെ കേട്ട് ഒരു യാത്ര
''മാഷേ, എന്റെ കയ്യിപ്പോ ഒഴുകിപ്പോകുമോ? ഈ വെള്ളത്തിലിങ്ങനെ കൈവെയ്ക്കുമ്പോ ഒഴുകിപ്പോണ പോലെ തോന്നുന്നു''. മൂന്നാംക്ലാസുകാരി തെരേസ ബെന്നിയാണ് പറയുന്നത്. ആദ്യമായി പുഴയെ തൊട്ടറിഞ്ഞതിന്റെ ആവേശവും ആശ്ചര്യവുമായിരുന്നു തെരേസയ്ക്ക്. പാലക്കാട് കരിമ്പുഴ ഹെലൻ കെല്ലർ ശതാബ്ദി സ്മാരക അന്ധ വിദ്യാലയത്തിലെ കുട്ടിക്കുറുമ്പിയാണ് മൂന്നാംക്ലാസുകാരി തെരേസ. കാടിനേയും പുഴയേയും അറിയാനായി വയനാട് തോൽപ്പെട്ടി ബേഗൂർ ഫോറസ്റ്റിലെത്തിയതാണ് തെരേസയടക്കമുള്ള 35 കുട്ടികൾ. ഒന്നുമുതൽ പത്താംക്ലാസ് വരെ പഠിക്കുന്നവരുണ്ട് കൂട്ടത്തിൽ. സുരക്ഷിതമായി അവരെ നയിക്കാനായി അധ്യാപകരും സ്കൂൾ ജീവനക്കാരുമടങ്ങുന്ന 15 അംഗ സംഘവും. പാട്ടും ഡാൻസുമെല്ലാമായി പ്രകൃതി പഠന ക്യാമ്പ് മികച്ചൊരു അനുഭവമാക്കി മാറ്റുകയായിരുന്നു സംഘം.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിന്റെ വിദ്യാഭ്യാസ കർമപദ്ധതി മാനത്തോളം പരിപാടിയുടെ ഭാഗമായിരുന്നു കാഴ്ചാപരിമിതിയുള്ള കുട്ടികളുടെ പ്രകൃതി പഠന ക്യാമ്പ്. വനംവന്യജീവി വകുപ്പുമായി സഹകരിച്ച് തോൽപ്പെട്ടി ബേഗൂർ ഫോറസ്റ്റിലെ ട്രെയ്നിങ് സെന്ററിലായിരുന്നു ക്യാമ്പ്.
നവംബർ 24ന് രാവിലെ ഏഴ് മണിക്ക് സംഘം യാത്രതിരിച്ചു. യാത്രയാക്കാൻ ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ പ്രേംകുമാറും സ്കൂളിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ തോൽപ്പെട്ടിയിലെത്തിയ കുട്ടിക്കൂട്ടം വിശ്രമത്തിന് ശേഷം കാട്ടിലൂടെ നടന്നു, പുഴയിലിറങ്ങി. ചെറിയ കുട്ടികളില്‍ പലർക്കും ഇതൊക്കെ ആദ്യ അനുഭവം. വെള്ളത്തിലിറങ്ങിയപ്പോൾ കുറെപേര്‍ക്ക് ആവേശം, ചിലർക്ക് ഭയം. വെള്ളത്തിന് ഒഴുക്കുണ്ടാകുമോ സാറേ എന്ന ചോദ്യം. പക്ഷെ തോൽപ്പെട്ടി റേഞ്ച് അസിസ്റ്റന്റ് പി സുനിലും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ എം ബാബുവും പി ദിവ്യയുമെല്ലാം കുട്ടികളുടെ പേടിയെ പമ്പ കടത്തി. അവരുടെ കൂടെ നിന്ന് കാടിനേയും പുഴയേയും തൊട്ടുകാണിച്ചു. വെള്ളത്തിലിറക്കി. കാഴ്ചയുള്ള അധ്യാപകരും സ്കൂൾ ജീവനക്കാരുമെല്ലാം ഫോസ്റ്റ് ജീവനക്കാർക്കൊപ്പം നിന്നതോടെ പ്രകൃതിയുടെ വൈവിധ്യം കുട്ടികൾ പൂർണമായും ഉൾക്കൊണ്ടു. ആദ്യം പേടിച്ച് നിന്നവർ പലരും പിന്നെ കുളി കഴിഞ്ഞാണ് പുഴയിൽ നിന്ന് കയറിയത്. കുട്ടികൾക്ക് മാത്രമല്ല, കാഴ്ചയില്ലാത്ത അധ്യാപകർക്കും ക്യാമ്പ് മികച്ചൊരു അനുഭവമായിരുന്നു.
കാഴ്ചാ പരിമിതിയുള്ളവർക്ക് മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്താനാകണമെന്ന ദൃഢ നിശ്ചയമായിരുന്നു ക്യാമ്പ് ഒരുക്കിയതിന് പിന്നിൽ. നേരത്തെ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കിലും കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളുമെല്ലാം വലിയൊരു ഇടവേളയാണ് ഉണ്ടാക്കിയത്. അത് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇടപെടൽ.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ആദിവാസി ഊരുകളിലുമെത്തി. പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. മുളകൊണ്ടുണ്ടാക്കിയ അവരുടെ വാദ്യോപകരണങ്ങൾ പ്രവർത്തിപ്പിച്ച് നോക്കി. അവർക്കൊപ്പം പാട്ടുപാടി. പുതിയൊരു ലോകം അവർ കണ്ടെടുത്തു. പ്രകൃതി സംരക്ഷണത്തിന്റേയും വന്യജീവി സംരക്ഷണത്തിന്റേയുംമെല്ലാം പ്രാധാന്യം കഥകളിലൂടെ കുട്ടികളെ പഠിപ്പിച്ചു വനംവകുപ്പ് ജീവനക്കാർ.
മാനത്തോളം പദ്ധതി
ഒറ്റപ്പാലം നിയോജകമണ്ഡലത്തിന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ കർമപദ്ധതിയാണ് മാനത്തോളം. ഭിന്നശേഷി കുട്ടികൾക്കായി വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിക്കുകയാണ് പദ്ധതിയിലൂടെ. ഈ മേഖലയിലെ അധ്യാപകരുടേയും വിദഗ്ധരുടേയും രക്ഷിതാക്കളുടേയുമെല്ലാം അഭിപ്രായങ്ങളും മാർഗനിർദേശങ്ങളും പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം ശിൽപ്പശാലകൾ മാനത്തോളത്തിന്റെ ഭാഗമായി പൂർത്തിയാക്കി കഴിഞ്ഞു. ഇത്തരത്തിലുള്ള കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം സാഹചര്യം കണക്കിലെടുത്ത് തനതായ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് വരികയാണ്. ഇതിന്റെ ഭാഗമായിരുന്നു ഹെലൻ കെല്ലർ ശതാബ്ദി സ്മാരക അന്ധ വിദ്യാലയത്തിലെ കുട്ടികളുടെ ക്യാമ്പും.
''ഇനിയും ഇത്തരം യാത്രകൾ വേണം. കിളികളുടെ ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ പോലും ഞങ്ങള്‍ കേട്ടു'' - ഏറെ ആവേശത്തോടെയാണ് കൊച്ചുമിടുക്കര്‍ പറയുന്നത്. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാടും പുഴയുമെല്ലാം മനസിൽ ഒപ്പിയെടുത്തും ഉള്ളംകയ്യിൽ അനുഭവങ്ങളുടെ ഒരു ലോകം കാത്തുവെച്ചുമാണ് കുട്ടിക്കൂട്ടം മടങ്ങിയത്.