താറുമാറായി ഇസ്രയേല്‍ തൊഴില്‍-കാര്‍ഷിക മേഖല, സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം; യുദ്ധവെറി ഇളക്കുമോ നെതന്യാഹുവിന്റെ കസേര?

താറുമാറായി ഇസ്രയേല്‍ തൊഴില്‍-കാര്‍ഷിക മേഖല, സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം; യുദ്ധവെറി ഇളക്കുമോ നെതന്യാഹുവിന്റെ കസേര?

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സർക്കാർ ചെലവിടുന്നത്
Updated on
2 min read

ഒക്ടോബർ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം, ഇസ്രയേലിന്റെ ദീർഘകാല പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എല്ലാ രീതിയിലും വലിയ തിരിച്ചടിയായിരുന്നു. നെതന്യാഹു ഉണ്ടാക്കിയെടുത്ത സുരക്ഷിത ഇസ്രയേലെന്ന സകല വാദങ്ങൾക്കുമേറ്റ പ്രഹരമായിരുന്നു സബ്ബത്ത് ആക്രമണം. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് അചിന്തനീയമാണ്. അതിനിടിയിലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന പുതിയ ബാധ്യത കൂടി നെതന്യാഹുവിനെ പിടികൂടുന്നത്.

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സർക്കാർ ചെലവിടുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകൾ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാൻ സാധിക്കു. എന്നാൽ കോഅലിഷൻ ഫണ്ട് (സർക്കാരിലെ സഖ്യകക്ഷികളുടെ പ്രധാന പദ്ധതികൾക്കായി ബജറ്റിൽനിന്ന് അനുവദിക്കുന്ന പണം) വെട്ടിക്കുറയ്ക്കുകയോ സൈനിക ചെലവിലേക്ക് വകയിരുത്തുകയോ ചെയ്‌താൽ മുന്നണിയിലെ തീവ്രവലതു പക്ഷ പാർട്ടികൾ ഇടയാൻ സാധ്യതയുണ്ട്. ഈ വിയോജിപ്പ് നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പോലും കാരണമായേക്കും.

ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘർഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്

സാമ്പത്തിക പ്രതിസന്ധി

മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇസ്രയേല്‍ സേനയില്‍ റിസര്‍വ് സൈനികരുടെ(സാധാരണ സമയങ്ങളിൽ വിപണിയിൽ തൊഴിലാളികളായും യുദ്ധസമയത്ത് സേനയുടെ ഭാഗമാകുന്നവർ) പങ്കാളിത്തം അധികമാണ്. ഇത് വിപണിയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. കാർഷികവൃത്തി ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളുടെ നിലനിൽപ്പിന് തന്നെ ഇവ വലിയ ഭീഷണിയും സൃഷിടിക്കുന്നുണ്ട്.

നെതന്യാഹു
നെതന്യാഹു

കാർഷിക മേഖലയിൽ 10000 കർഷകരുടെ കുറവാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹു സർക്കാരിന്റെ നയങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങൾ രാജ്യത്തുണ്ടാക്കിയ അസ്ഥിരത നേരത്തെ തന്നെ ബാധിച്ചിരുന്ന സ്റ്റാർട്ട് അപ്പ് മേഖലയെ നിലവിലെ സംഘർഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇസ്രയേലിലെ പ്രധാന ടൂറിസം സീസണിനെയും സംഘർഷം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷത്തേക്കാൾ ഏഴിരട്ടിയിലധികമാണ് ഒക്ടോബറിലെ ബജറ്റ് കമ്മി വർധിച്ചത്. കൂടാതെ ഈ മാസം കഴിഞ്ഞ മാസത്തേക്കാൾ 75 ശതമാനം അധികം വായ്പയെടുക്കാനുള്ള പദ്ധതികളും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

താറുമാറായി ഇസ്രയേല്‍ തൊഴില്‍-കാര്‍ഷിക മേഖല, സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം; യുദ്ധവെറി ഇളക്കുമോ നെതന്യാഹുവിന്റെ കസേര?
തന്ത്രം പാളിയിട്ടും ആക്രമണം തുടരുന്ന ഇസ്രയേൽ; ലോകമനഃസാക്ഷിക്ക് മുന്നില്‍ പതറുന്ന നെതന്യാഹു

പരിഹാരങ്ങൾക്ക് തടസമായി തീവ്രവലതുപക്ഷം

വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രവർത്തനങ്ങൾക്കും ജൂത പാഠശാലകൾക്കും വേണ്ടി ഏകദേശം 29,000 കോടി രൂപയാണ് കഴിഞ്ഞ മെയ് മാസം നെതന്യാഹു സർക്കാർ മാറ്റിവച്ചത്. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘർഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്. നെതന്യാഹു സർക്കാരിന്റെ മുൻഗണകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഇസ്രയേൽ തൊഴിൽ മേഖലയിൽ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വെസ്റ്റ് ബാങ്കിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിറിനെ പോലുള്ളവർ അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്

തങ്ങളുടെ ഘടകകക്ഷികൾക്ക് അപ്രിയമാണെങ്കിലും തീവ്ര യാഥാസ്ഥിതിക വിദ്യാഭ്യാസ പരിപാടികൾക്കായി വകയിരുത്തിയ പണം സൈനിക ചെലവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം ഇസ്രയേലി സാമ്പത്തിക വിദഗ്ധർ നെതന്യാഹുവിനും ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനോടും തുറന്ന കത്ത് എഴുതിയിരുന്നു. "സർക്കാർ കോഅലിഷൻ ഫണ്ടുകളിൽ മുറുകെ പിടിക്കുന്നിടത്തോളം കാലം, കടവും പെരുകുമെന്ന് ഐബിഐ ഇൻവെസ്റ്റ്‌മെന്റ് ഹൗസിലെ ചീഫ് ഇക്കണോമിസ്റ്റ് റാഫി ഗോസ്ലാൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇറ്റാമർ ബെൻ ഗ്വിർ
ഇറ്റാമർ ബെൻ ഗ്വിർ

നെതന്യാഹുവിന്‍റെയും കൂട്ടാളികളുടെയും രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് ഈ ഫണ്ടുകൾ. അതുകൊണ്ടുതന്നെ കോഅലിഷൻ ഫണ്ടിൽ ഇതുവരെ ഉപയോഗിക്കാത്ത ഏകദേശം 17,000 കോടി രൂപ വകമാറ്റുന്നതിനെതിരെ തീവ്ര വലതുകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

താറുമാറായി ഇസ്രയേല്‍ തൊഴില്‍-കാര്‍ഷിക മേഖല, സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം; യുദ്ധവെറി ഇളക്കുമോ നെതന്യാഹുവിന്റെ കസേര?
മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ മാത്രം പോരാ; ഗാസയില്‍ അമേരിക്കന്‍ 'മനംമാറ്റത്തിന്' പിന്നിലെന്ത്?

ഇസ്രയേൽ തൊഴിൽ മേഖലയിൽ പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വെസ്റ്റ് ബാങ്കിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിറിനെ പോലുള്ളവർ അതിനെ എതിർക്കുന്ന സമീപനമാണ് പ്രകടിപ്പിക്കുന്നത്. അവരെ തൊഴിലിനെടുക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നാണ് ബെൻ ഗ്വിറിന്റെ അഭിപ്രായം. സാമ്പത്തിക ബാധ്യതകൾ നിയന്ത്രിക്കാനുള്ള പദ്ധതികൾക്ക് തീവ്രവലതുപക്ഷത്തിന്റെ എതിർപ്പിനെ മറികടക്കാൻ നെതന്യാഹുവിന് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

logo
The Fourth
www.thefourthnews.in