ബംഗ്ലാദേശിലെ മലയാളി ഡോക്ടർ പറയുന്നു: 'വ്യാപക ന്യൂനപക്ഷവേട്ട ഇന്ത്യൻ മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച കഥ'

ബംഗ്ലാദേശിലെ മലയാളി ഡോക്ടർ പറയുന്നു: 'വ്യാപക ന്യൂനപക്ഷവേട്ട ഇന്ത്യൻ മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച കഥ'

നാല് ദശാബ്ദത്തോളമായി ചിറ്റഗോങ്ങിൽ കഴിയുന്ന കണ്ണൂർ സ്വദേശിനി ഡോ. രേണുക ബംഗ്ലാദേശിലെ സമകലിക സ്ഥിതിയെക്കുറിച്ച് പറയുന്നു
Updated on
3 min read

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പുറത്തുവരുന്ന വാർത്തകളിൽ പലതും ഊതിപ്പെരുപ്പിച്ചതാണെന്നാണ് ചിറ്റഗോങ്ങിൽ കഴിയുന്ന മലയാളി ഡോക്ടർ. ന്യൂനപക്ഷങ്ങൾക്കെതിരായി വ്യാപക ആക്രമണം അരങ്ങേറുന്നുവെന്ന വാർത്തകളെയെല്ലാം കണ്ണൂർ സ്വദേശിയായ ഡോ. രേണുക ടിവി നിരസിക്കുന്നു.

പലതും ഊതിപ്പെരുപ്പിച്ച കഥകളാണെന്നാണ് രേണുക പറയുന്നത്. 1985ൽ ബംഗ്ലാദേശിലേക്കു താമസം മാറിയ രേണുക, കുട്ടികളുടെ സ്പെഷ്യലിസ്റ്റും യുഎസ്എഐഡി ഫണ്ട് ചെയ്യുന്ന ആരോഗ്യപദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടറുമായിരുന്നു.

Q

വിദ്യാർഥി പ്രക്ഷോഭവും ഷെയ്ഖ് ഹസീനയുടെ രാജിക്കുമെല്ലാം പിന്നാലെ വലിയ അക്രമസംഭവങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറുന്നതെന്നാണ് വാർത്തകളിൽ കാണുന്നത്. എന്താണ് നിലവിലെ അവസ്ഥ? ആളുകൾ സുരക്ഷിതരാണോ?

A

ബംഗ്ലാദേശിന്റെ തെക്കുകിഴക്കുള്ള ചിറ്റഗോങ്ങിലാണ് ഞാൻ താമസിക്കുന്നത്. 1985 മുതൽ ഇവിടെയുണ്ട്. ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോക്ടർ കൂടിയാണ്. നിലവിലെ സാഹചര്യം കുറച്ച് മോശമാണെന്ന് തന്നെ വേണം പറയാൻ. അക്രമസംഭവങ്ങൾ രാജ്യത്തിന്റെ പലയിടങ്ങളിലായി നടക്കുന്നുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ ബംഗ്ലാദേശിൽ സർക്കാർ ഇല്ലാത്ത അവസ്ഥയുണ്ടായി. ഇത് ചില പ്രശ്നങ്ങളിലേക്കു നയിച്ചിട്ടുണ്ട്.

പക്ഷേ, ആളുകളെയെല്ലാം ആക്രമിക്കുന്നു എന്ന അവസ്ഥയൊന്നും ഇവിടെയില്ല. സംവരണവിരുദ്ധ പ്രക്ഷോഭത്തെ നേരിടാൻ ഷെയ്ഖ് ഹസീന വളരെ അക്രമാസക്തമായ മാർഗങ്ങളായിരുന്നു സ്വീകരിച്ചത്. പലയിടങ്ങളിലും വിദ്യാർഥികൾക്കുനേരെ പോലീസ് വെടിവച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുപോലും വെടിവെപ്പുണ്ടായി. അതിൽ സാധാരണക്കാർ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളായിരുന്നു പ്രതിഷേധക്കാരെ കൂടുതൽ ചൊടിപ്പിച്ചത്.

ഷെയ്ഖ് ഹസീനയുടെ രാജി വാർത്ത അറിഞ്ഞ് ആഘോഷിക്കുന്ന പ്രതിഷേധക്കാർ
ഷെയ്ഖ് ഹസീനയുടെ രാജി വാർത്ത അറിഞ്ഞ് ആഘോഷിക്കുന്ന പ്രതിഷേധക്കാർ

പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ഷെയ്ഖ് ഹസീന നൽകിയ ഉത്തരവാണ് പോലീസുകാർ അനുസരിച്ചത്. എന്നാൽ ഷെയ്ഖ് ഹസീന നാടുവിട്ടതോടെ പോലീസുകാർക്ക് യാതൊരു സംരക്ഷണവുമില്ലെ ന്ന നിലയെത്തി. പ്രതിഷേധക്കാർ അവരുടെ ദേഷ്യം മുഴുവൻ പോലീസുകാർക്കെതിരെ തീർക്കുന്ന കാഴ്ചയാണ് ഓഗസ്റ്റ് അഞ്ചിന് ശേഷം കണ്ടത്. പലയിടങ്ങളിലും പോലീസ് സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവെച്ചു. മിക്കയിടങ്ങളിലും പോലീസുകാർ സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുകയാണ്. അതുപോലെ ട്രാഫിക് നിയന്ത്രണങ്ങളും അവതാളത്തിലാണ്. തങ്ങൾക്ക് സുരക്ഷാ ഉറപ്പുനൽകാതെ ഇനി ഡ്യൂട്ടിയിൽ പ്രവേശിക്കില്ലെന്ന നിലപാടിലാണ് അവർ.

എല്ലാ പ്രക്ഷോഭങ്ങൾക്കുമിടയിലെന്ന പോലെ മുതലെടുപ്പിനുള്ള ശ്രമങ്ങളായി മാത്രമേ ന്യൂനപക്ഷങ്ങൾക്കെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങളെ കാണാനാകൂ. ബാക്കിയെല്ലാം ഊതിപ്പെരുപ്പിക്കുന്നതാണ്.
ഡോ. രേണുക

അപ്പോൾ പറഞ്ഞുവന്നത് ബംഗ്ലാദേശിലെ അവസ്ഥയെക്കുറിച്ചാണ്. ഓഗസ്റ്റ് നാല്, ഞായറാഴ്ച വിദ്യാർഥി പ്രതിഷേധത്തിനുനേരെ നടന്ന പോലീസ് അടിച്ചമർത്തലിനുപിന്നാലെ, രാജ്യത്ത് ഷെയ്ഖ് ഹസീന സർക്കാർ മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഹസീന നാടുവിട്ടശേഷം കാര്യങ്ങൾ നിയന്ത്രിക്കുന്ന സൈനിക മേധാവി വഖാറുസ്സമാൻ കടകൾ ഉൾപ്പെടെ തുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജീവിതം പൂർണതോതിൽ പഴയപോലെ ആയിട്ടില്ലെങ്കിലും എല്ലാം പ്രവർത്തിക്കുന്നുണ്ട്. മാളുകൾ പോലെ വലിയ സ്ഥാപനങ്ങളും അക്രമസാധ്യതയുള്ളതിനാൽ കോളേജുകളും സർവകലാശാലകളും മാത്രമാണ് അടച്ചിട്ടിരിക്കുന്നത്.

വിദ്യാർത്ഥികൾ ധാക്കയിൽ നടത്തിയ മാർച്ച്
വിദ്യാർത്ഥികൾ ധാക്കയിൽ നടത്തിയ മാർച്ച്

കർഫ്യു ഉള്ള മൂന്ന് ദിവസം അടച്ചിട്ടിരുന്ന സ്കൂളുകളെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഹാജർനില കുറവാണ്. ചുറ്റും നടക്കുന്നത് സംബന്ധിച്ച് ആളുകൾക്ക് ഭയാശങ്കകളുണ്ട്. ഞാൻ താമസിക്കുന്ന ചിറ്റോങ് മേഖലയിൽ ആക്രമങ്ങളുടെ തോത് വളരെ കുറവാണ്. കുൽന, ജെസോർ, ധാക്ക അങ്ങനെയുള്ള സ്ഥലങ്ങളിലാണ് സംഘർഷം ശക്‌തം. അവിടെയാണ് കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത്. പ്രതിഷേധക്കാർക്കു ദേഷ്യം അവാമി ലീഗുകാരോടാണ്. അവരുടെ നേതാക്കളാണ് ആക്രമിക്കപ്പെടുന്നത്. പല അവാമി ലീഗ് നേതാക്കളും ഒളിവിലാണ്. അവരുടെ സ്ഥാപനങ്ങളാണ് ഇപ്പോൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

Q

'അമ്പലങ്ങൾ പൊളിക്കുന്നു, ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു' എന്നാണല്ലോ റിപ്പോർട്ടുകൾ? എന്താണ് സത്യാവസ്ഥ?

A

യഥാർത്ഥത്തിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കാര്യം സംബന്ധിച്ചുള്ള വാർത്തകൾ കുറേയൊക്കെ ഊതിപ്പെരുപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യൻ മാധ്യമങ്ങള്‍. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നില്ല എന്നല്ല പറഞ്ഞതിന്റെ അർഥം. ചിലയിടങ്ങളിലൊക്കെ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷേ അതിനെ വ്യാപക ആക്രമണം എന്നൊന്നും പറയാനാകില്ല.

പ്രത്യേകമായി എടുത്തുപറയേണ്ടത്, നിലവിലെ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്ന വിദ്യാർഥികളുടെ ഇടപെടലാണ്. ന്യൂനപക്ഷങ്ങളോ അവരുടെ മതകേന്ദ്രങ്ങളോ ആക്രമിക്കരുതെന്ന പ്രത്യേക നിർദേശം അവർ നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ വിദ്യാർഥികൾ തന്നെയാണ് അമ്പലങ്ങൾക്കും ബുദ്ധമത കേന്ദ്രങ്ങൾക്കും കാവൽ നിൽക്കുന്നത്. എല്ലാ പ്രക്ഷോഭങ്ങൾക്കുമിടയിലെന്ന പോലെ മുതലെടുപ്പിനുള്ള ശ്രമങ്ങളായി മാത്രമേ ന്യൂനപക്ഷങ്ങൾക്കെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങളെ കാണാനാകൂ. ബാക്കിയെല്ലാം ഊതിപ്പെരുപ്പിക്കുന്നതാണ്.

അഴിമതി കൊണ്ട് നിറഞ്ഞതായിരുന്നു ഹസീനയുടെ ഭരണകാലം. സർക്കാർ സംവിധാനങ്ങളുമായി ചേർന്നുപ്രവർത്തിക്കുന്ന, ഉന്നതസ്ഥാനങ്ങളിലുള്ളവരിൽ മിക്കവാറും ഹസീനയുടെ ബന്ധുക്കളായിരുന്നു
സൈനിക മേധാവി വഖാറുസമാന്‍
സൈനിക മേധാവി വഖാറുസമാന്‍
Q

ദശാബ്ദങ്ങളായി ബംഗ്ലാദേശിൽ കഴിയുന്ന ഒരാളെന്ന നിലയിൽ ഷെയ്ഖ് ഹസീനയുടെ ഭരണത്തെ എങ്ങനെയാണ് നോക്കികാണുന്നത്? വ്യാപക അഴിമതി ആണെന്ന വിദ്യാർഥികളുടെ ആരോപണങ്ങളിൽ ശരിയുണ്ടോ?

A

2009ൽ അധികാരത്തിലേറിയ ഷെയ്ഖ് ഹസീന, 15 വർഷമായി പ്രധാനമന്ത്രിയാണ്. ഇത്തവണയും അവർ ജയിച്ചു. ഹസീന നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ, അഴിമതികൊണ്ട് നിറഞ്ഞതായിരുന്നു ഹസീനയുടെ ഭരണകാലം. സർക്കാർ സംവിധാനങ്ങളുമായി ചേർന്നുപ്രവർത്തിക്കുന്ന, ഉന്നതസ്ഥാനങ്ങളിലുള്ളവരിൽ മിക്കവാറും ഹസീനയുടെ ബന്ധുക്കളായിരുന്നു. ബാങ്കുകൾ ആരംഭിക്കുകയും സാധാരണക്കാരുടെ പണം അപഹരിച്ച് വിദേശരാജ്യങ്ങളിൽ നിക്ഷേപിക്കുകയും അടക്കമുള്ള അഴിമതികളൊക്കെ സർവ സാധാരണമായിരുന്നു. ചിലപ്പോൾ ഇന്ത്യയിൽ പോലും അത്തരം അഴിമതികൾ കാണാൻ സാധിക്കില്ല.

ബംഗ്ലാദേശിലെ മലയാളി ഡോക്ടർ പറയുന്നു: 'വ്യാപക ന്യൂനപക്ഷവേട്ട ഇന്ത്യൻ മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച കഥ'
യുകെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാൻ ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവിൽ, പലയിടങ്ങളിലും പ്രകടനമടക്കം റദ്ദാക്കി തീവ്രവലതുപക്ഷം

ഇത്തവണത്തെ തിരഞ്ഞെടുപ്പും ക്രമക്കേട് നിറഞ്ഞതായിരുന്നു. പല പോളിങ് ബൂത്തുകളും അവാമി ലീഗ് പ്രവർത്തകർ പിടിച്ചെടുക, വോട്ടുകൾ നിറച്ച ബാലറ്റ് പെട്ടികൾ കൊണ്ടുവയ്ക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ നടന്നുവെന്നത് വാസ്തവമാണ്. നേരിട്ടറിവുള്ള കാര്യവുമാണ്.

നാട്ടിലെ പാലങ്ങൾക്കും റോഡുകൾക്കുമെല്ലാം തന്റെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാവുമായ മുജീബുറഹ്മാന്റെ പേരിടുക എന്നൊക്കെയുള്ള കാര്യങ്ങളിലായിരുന്നു കൂടുതലും ഹസീനയ്ക്ക് ശ്രദ്ധ. ഇതിനെല്ലാമെതിരെ ആർക്കും ശബ്ദിക്കാനും സാധിക്കുമായിരുന്നില്ല. പ്രതിപക്ഷത്തെ മുഴുവൻ അടിച്ചൊതുക്കുന്ന സമീപനമായിരുന്നു അവർക്ക്. ഇത്തരം ചെയ്തികളോടുള്ള അമർഷമാണ് സംവരണ സമരത്തിലൂടെയും പിന്നീട് ഹസീനയുടെ രാജിക്ക് കാരണമായ പ്രക്ഷോഭത്തിലേക്കുമെല്ലാം നയിച്ചത്.

logo
The Fourth
www.thefourthnews.in