നെയ്യശേരി ജോസ്: റബ്ബർ കാടുകള്‍ക്ക് നടുവില്‍നിന്നൊരു വോളിബോള്‍ ഇടിമുഴക്കം

നെയ്യശേരി ജോസ്: റബ്ബർ കാടുകള്‍ക്ക് നടുവില്‍നിന്നൊരു വോളിബോള്‍ ഇടിമുഴക്കം

രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി വര്‍ഷങ്ങളോളം തുടര്‍ച്ചയായി കോര്‍ട്ടിലിറങ്ങിയ, തലമുറകളെ ത്രസിപ്പിച്ച ഒരു കളിക്കാരനു ചേര്‍ന്ന യാത്രയയപ്പാണോ ഔസേപ്പിനു ലഭിച്ചത് എന്ന കാര്യത്തില്‍ സന്ദേഹം ബാക്കിയാണ്
Updated on
2 min read

തൊടുപുഴ നെയ്യശ്ശേരിയിലെ റബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ വീട്ടുമുറ്റത്ത് ശവപ്പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടന്ന പ്രിയപ്പെട്ട ഔസേപ്പിനെ ഏറെ നേരം നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. വോളിബോള്‍ കോര്‍ട്ടില്‍ അദ്ദേഹം തീര്‍ത്ത ഇടിമുഴക്കങ്ങളുടെ പ്രതിദ്ധ്വനി ഞങ്ങളുടെ തലമുറയിലെ കളിക്കമ്പക്കാരുടെ മനസില്‍ നിന്ന് ഒരിക്കലും മായുകയുമില്ല. പഴയ ഫാക്ട് ടീമിന്റെ പടക്കുതിരകളായിരുന്ന കുര്യാക്കോസും ഭൂവനദാസും എംഎസ് ജോസഫും ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ അവിടെ ഉണ്ടായിരുന്നു.

പല തലമുറകളില്‍പ്പെട്ട വോളിബോള്‍ കളിക്കാരുടെ സംഗമവേദി കൂടി ആയിത്തീര്‍ന്നു ആ മരണ വീടിന്റെ മുറ്റം. നെയ്യശ്ശേരി ജോസ് എന്ന് നാട്ടില്‍ അറിയപ്പെട്ടിരുന്ന സി കെ ഔസേപ്പിനെ എഴുപതുകളുടെ ആദ്യം റെയില്‍വേയില്‍ നിന്ന് ഫാക്ടില്‍ എത്തിച്ചത് മുതലക്കോടം സ്വദേശിയും ഫാക്ട് വോളി ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കുര്യാക്കോസായിരുന്നു. ഹൈജംപും ലോങ്ജംപും ഓട്ടവും പോള്‍ വാള്‍ട്ടും ഉള്‍പ്പെട്ട ഡെക്കാത്‌ലോണില്‍ ദേശീയ നിലവാരമുള്ള പ്രകടനത്തിനുടമയായിട്ടും ലോകം കണ്ട ഏറ്റവും മികച്ച വോളി ബോള്‍ കളിക്കാരിലൊരാളായ പപ്പന്റെ ടീമില്‍ കളിക്കാന്‍ ലഭിച്ച അവസരമാണ് ഔസേപ്പിന്റെ ജീവിതം അത്‌ലറ്റിക്‌സില്‍ നിന്ന് അകന്നു പോകാനിടയാക്കിയത്. അത് എത്ര വലിയ നഷ്ടമായിരുന്നുവെന്ന് സഹകളിക്കാരനായ ഭുവനദാസ് ഇന്നും ദുഖത്തോടെ ഓര്‍ക്കുന്നു.

റബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ കൊച്ചു വീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ കളിക്കാരിലൊരാളുടെ, രാജ്യത്തിന്റെ യശസുയര്‍ത്താന്‍ കെല്‍പുണ്ടായിരുന്ന പ്രതിഭാശാലിയായ അത്‌ലീറ്റിന്റെ വീടാണെന്ന് പുതിയ തലമുറയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വെയിലിനും മഴയ്ക്കുമിടയിലെ മങ്ങിയപകല്‍ പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു. കന്യാസ്ത്രീകളും വൈദികരും പാടിയും പ്രാര്‍ത്ഥിച്ചും തങ്ങള്‍ക്കാവും വിധം അദ്ദേഹത്തിന്റെ യാത്രയയപ്പ് ഭംഗിയാക്കാന്‍ യത്‌നിച്ചു.

നെയ്യശേരി ജോസ്: റബ്ബർ കാടുകള്‍ക്ക് നടുവില്‍നിന്നൊരു വോളിബോള്‍ ഇടിമുഴക്കം
'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ

ചാടിയുയര്‍ന്ന് അതിശക്തമായ സ്മാഷുകളിലൂടെയും കനത്ത ബ്ലോക്കുകളിലൂടെയും  കളിക്കളങ്ങളെ ത്രസിപ്പിച്ച കളിക്കാരനെക്കുറിച്ചു പറയാന്‍ മറ്റു കളിക്കാര്‍ക്കു മാത്രമല്ല ദൂരദേശങ്ങളില്‍ നിന്നെത്തിയ പഴയകാല കായിക പ്രേമികള്‍ക്കും വാക്കുകള്‍ മതിയാവാതെ വന്നു. കൊച്ചു കൊച്ചു സംഘങ്ങളായി തിരിഞ്ഞ്  അവര്‍ ഓര്‍മകളിലൂടെ സഞ്ചരിച്ചു. ഔസേപ്പിന്റെ കളിയെക്കുറിച്ച് രാജാക്കാടു നിന്നു വൃദ്ധന്‍ പറഞ്ഞ കാര്യങ്ങള്‍ അത്ഭുതത്തോടെയാണ് കേട്ടത്. സാങ്കേതിക ജ്ഞാനമുള്ളവര്‍ക്കു പോലും കണ്ടെത്താന്‍ കഴിയാത്ത പ്രത്യേകതകള്‍ വിവരിക്കുമ്പോള്‍ ആ നനഞ്ഞ കണ്ണുകളില്‍ തുളുമ്പി നിന്ന ആത്മാര്‍ത്ഥതയുടെ വെളിച്ചം കാണാതിരിക്കാന്‍ കഴിഞ്ഞില്ല.

രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി വര്‍ഷങ്ങളോളം തുടര്‍ച്ചയായി കോര്‍ട്ടിലിറങ്ങിയ, തലമുറകളെ ത്രസിപ്പിച്ച ഒരു കളിക്കാരനു ചേര്‍ന്ന യാത്രയയപ്പാണോ ഔസേപ്പിനു ലഭിച്ചത് എന്ന കാര്യത്തില്‍ സന്ദേഹം ബാക്കിയാണ്. എങ്കിലും ജന മനസില്‍ ചിരകാലം ജീവിക്കാന്‍ പോന്ന ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നു പോയതെന്നു നിസ്സംശയം പറയാന്‍ കഴിയും. ഔദ്യോഗിക പദവികളിലുള്ളവരോ ജനപ്രതിനിധികളോ അല്ല, സാധാരണക്കാരും പല തലമുറയിലെ കളിക്കാരും കാഴ്ചക്കാരുമായിരുന്നു അവിടെ കണ്ടവരില്‍ ഏറെയും.

2017ലെ ജൂലൈ മാസം അദ്ദേഹത്തെ കാണാന്‍ ഈ വീട്ടിലെത്തുമ്പോള്‍ കൂടെയുണ്ടായിരുന്നത് പ്രമുഖ കഥാകൃത്തും ദീര്‍ഘകാല സുഹൃത്തുമായ തോമസ് ജോസഫായിരുന്നു. ജോസഫ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. സ്‌കൂള്‍ വിദ്യാർഥികളായിരുന്ന ഞങ്ങള്‍ പതിവായി ഫാക്ട് ഗ്രൗണ്ടില്‍ കളി കാണാന്‍ പോയിരുന്നതിനാല്‍ അക്കാലം മുതലേ ഔസേപ്പും മറ്റു കളിക്കാരുമായും സൗഹൃദം സൂക്ഷിച്ചവരാണ്. വോളിബോളിന്റെ സൗന്ദര്യവും വശ്യതയും കാത്തു സൂക്ഷിച്ചവരും മികച്ച വ്യക്തിത്വത്തിനുടമകളായിരുന്നു അക്കാലത്തെ കളിക്കാരിലധികവും.

നെയ്യശേരി ജോസ്: റബ്ബർ കാടുകള്‍ക്ക് നടുവില്‍നിന്നൊരു വോളിബോള്‍ ഇടിമുഴക്കം
അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?

തിങ്കളാഴ്ച വൈകിട്ട് നെയ്യശ്ശേരി കവലയിലേക്ക് പതിവു പോലെ നടന്നു പോകുമ്പോഴാണ് അദ്ദേഹം തളര്‍ന്നു വീണത്. ഇന്നലെ, ജൂലൈ 10ന് ബുധനാഴ്ച മണ്ണിലേക്കു മടങ്ങുകയും ചെയ്തു. കളിക്കാരന്റെ ജീവിതം ആദ്യവും ഫാക്ടിലെ ഔദ്യോഗിക ജീവിതം പിന്നീടും അകാലത്തില്‍ അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത് കൃഷിയില്‍ ആഴത്തില്‍ മുഴുകാനുള്ള തീരുമാനവുമായാണ്. സന്തോഷത്തോടെയാണ് ഇക്കാലമത്രയും അതു ചെയ്തതും.  ആരോഗ്യ പ്രശ്‌നങ്ങളുള്ള അവിവാഹിതയായ സഹോദരിയോടൊപ്പം ഏകാന്ത ജീവിതം നയിക്കുകയായിരുന്ന ഔസേപ്പിന് തലമുറകളെ ത്രസിപ്പിച്ച പ്രകടനങ്ങള്‍ നടത്തിയ ആളാണെന്ന തോന്നല്‍ ഒരിക്കലുമുണ്ടായിരുന്നില്ല. കളിക്കളത്തിലും പുറത്തും തനി നാട്ടിന്‍ പുറത്തുകാരന്‍ ആയിരുന്നു അദ്ദേഹം.  

logo
The Fourth
www.thefourthnews.in