ആദ്യ പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്തിയില്ല; എങ്ങുമെത്താതെ മുട്ടില്‍ മരംമുറി കേസ് അന്വേഷണം

വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങൾക്കും പോലീസിന് മറുപടി ഇല്ല

മുട്ടിൽ മരംമുറിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റേതടക്കം  പ്രഖ്യാപിച്ച അന്വേഷണമെല്ലാം  ഇഴഞ്ഞു നീങ്ങുകയാണ്. ഒന്നര വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ആദ്യ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങൾക്കും പോലീസിന് മറുപടി ഇല്ല. കേസ് അട്ടിമറിക്കുന്നത് ഒഴിവാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരൻ കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി സ‍മ‍ർപ്പിച്ചിരിക്കുകയാണ്.

2020 ഒക്ടോബർ 24ന് ഇറങ്ങിയ വിവാദ സർക്കാർ ഉത്തരവിന്റെ മറപറ്റി നടന്ന  മുട്ടിൽ മരംകൊള്ളയിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മേപ്പാടി പോലീസാണ്. തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനി എന്ന സ്ഥലത്ത് സ‍ർക്കാർ സംരക്ഷിത മരങ്ങളുടെ പട്ടികയിൽപ്പെടുത്തിയ വീട്ടിമരം മുറിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസിയായ സൂരജ് ജേക്കബ് വില്ലേജ് ഓഫീസിൽ  പരാതി നൽകിയത്. 2020 ഡിസംബർ 31ന് നൽകിയ ആദ്യ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തതാകട്ടെ ആറ് മാസത്തിന് ശേഷം  2021 ജൂൺ 24നും.  അതും തൃക്കൈപ്പറ്റ വില്ലേജ് ഓഫീസറുടെ പരാതി ലഭിച്ച ശേഷം മാത്രം. പൊതുമുതൽ നശിപ്പിച്ചതടക്കം വിവിധ വകുപ്പുകൾ ചുമത്തി ഭൂവുടമക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. പരാതിക്കാരന്റെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയില്ല. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുളള കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.  

കേസിന്റെ സ്ഥിതി വിവരം തേടി മേപ്പാടി പോലീസിൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. കോടതിയിലാകട്ടെ ഇതുവരെ നടത്തിയ അന്വേഷണവിവരം പോലീസ് അക്കമിട്ട് നൽകിയിട്ടുണ്ട്. ഇതിൽ ഒന്ന് മുതൽ 23 വരെ സാക്ഷികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയെന്നും കാണിക്കുന്നു. എന്നാൽ പരാതിക്കാരന്റെ മൊഴിയുടെ കാര്യം പറയുന്നില്ല. വാഴവറ്റ, തൃക്കൈപ്പറ്റ, നത്തംകുനി ഉൾപ്പെടെ മുട്ടിൽ സൗത്ത്, തൃക്കൈപ്പറ്റ വില്ലേജുകളിലായാണ് വ്യാപകമായി ഈട്ടിമരങ്ങൾ മുറിച്ചത്. മറ്റ് കേസുകൾ മീനങ്ങാടി പോലീസ് ആണ് രജിസ്ട്രർ ചെയ്തത്.

50 ഓളം കേസുകളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ടുള്ളത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ  പോലീസ് , വനംവകുപ്പ് , റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ ആരോപണവിധേയരുടെ ഇടപെടൽ സംബന്ധിച്ച് വിശദാംശങ്ങൾ കുറവാണെന്ന് കാണിച്ച് എഡിജിപി മടക്കിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in