പാത്രംകൊട്ടലും കയ്യടിയും വേണ്ട, ശമ്പളം മതി'; ചേര്‍ത്തു നിര്‍ത്തിയ മാലാഖമാര്‍ വീണ്ടും തെരുവിലേക്ക്
'പാത്രം കൊട്ടലും കൈതട്ടലും അല്ല ഞങ്ങള്‍ക്ക് വേണ്ടത്. ജീവിക്കാനുള്ള വേതനമാണ്, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളാണ്.' തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സായ രഞ്ജു പ്രതികരിച്ചു. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് പറയാനുള്ളത് വാഗ്ദാനലംഘനങ്ങളുടെയും പേപ്പറിലൊതുങ്ങിയ ഉത്തരവുകളുടെയും കണക്കുകള്‍ മാത്രം. ഒരിടവേളയ്ക്ക് ശേഷം നഴ്‌സുമാര്‍ സമരവുമായി തെരുവിലേക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി സമരമാരംഭിക്കുകയാണ് നഴ്‌സുമാര്‍. സംസ്ഥാനവ്യാപകമായി സമരം ആരംഭിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു എന്‍ എ.
തുല്യ ജോലിയ്ക്ക് തുല്യ വേതനം- ഇതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. ദിവസ വേതനം 1500 രൂപയായി ഉയര്‍ത്തുക, മാസ വരുമാനം 40,000 രൂപയാക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മുൻപ് 2018ലാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കി നഴ്‌സുമാര്‍ കൂട്ടത്തോടെ സമരം ചെയ്തത്. ഇന്നേവരെ തെരുവിലിറങ്ങി സമരം ചെയ്യാതിരുന്ന നഴ്‌സുമാര്‍ പ്രതികൂല സാഹചര്യങ്ങളിലും പ്രതിരോധം തീര്‍ത്തപ്പോള്‍ സര്‍ക്കാരിനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും അന്ന് അവര്‍ക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു. അന്നുവരെ യാതൊരു വ്യവസ്ഥയുമില്ലാതെ നല്‍കിയിരുന്ന വേതനം ചുരുങ്ങിയത് 20,000 രൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് വരുന്നത് 2018 ഏപ്രില്‍ 23നാണ്. എന്നാല്‍ ഉത്തരവ് വന്നതല്ലാതെ അതിലെ വാഗ്ദാനങ്ങളൊന്നും തന്നെ പൂര്‍ണമായി നടപ്പാക്കിയില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.
'അന്ന് ഏപ്രില്‍ 24ന് ഞങ്ങള്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതിന് തലേ ദിവസം രാത്രിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. സമരം പിന്‍വലിച്ചു. 20,000 രൂപ മിനിമം വേതനം ഉറപ്പാക്കിയായിരുന്നു ഉത്തരവ്. എന്നാല്‍ യു എന്‍ എ ഉള്ള ആശുപത്രികളില്‍ മാത്രമാണ് അത് പോലും കിട്ടുന്നത്. മറ്റ് ആശുപത്രികളിലെല്ലാം തുച്ഛമായ വേതനമാണ് ഇപ്പോഴും ലഭിക്കുന്നത്. 1400ല്‍ അധികം ആശുപത്രികളുള്ളതില്‍ 400 ഇടത്ത് മാത്രമാണ് യു എന്‍ എ പ്രവര്‍ത്തിക്കുന്നത്.' യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 39,300 രൂപയാണ്. തുല്യ ജോലിയ്ക്ക് തുല്യ വേതനം വേണമെന്നാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ആവശ്യം. 2018ല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്നതായിരുന്നു ഉത്തരവ്. എന്നാല്‍ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രി ഒഴികെ മറ്റൊരു ആശുപത്രിയും മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ശമ്പളം നല്‍കിയില്ല.
'2017 ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണം കൊണ്ടുവന്നപ്പോള്‍ മൂന്ന് വര്‍ഷത്തെ കാലാവധിയാണ് അതിന് നിശ്ചയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജഗദീശ് കമ്മറ്റി റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ലോങ് മാര്‍ച്ചിന് അന്ന് തയ്യാറെടുത്തത്. പക്ഷെ സര്‍ക്കാര്‍ ഉത്തരവില്‍ ശമ്പളം വര്‍ധിപ്പിച്ചെങ്കിലും ബാക്കിയുള്ള ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചിരുന്നു. 20,000 രൂപ ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ക്ക് പോലും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയായി. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. സമരം ചെയ്ത ഞങ്ങള്‍ക്കെതിരെ കേസുകള്‍ വന്നു. അഞ്ച് വര്‍ഷമായിട്ടും ആ കേസില്‍ ഞങ്ങള്‍ക്കെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. വീണ്ടും സമരത്തിനിറങ്ങുമ്പോള്‍ കേസിന്റെ കാര്യം പറഞ്ഞ് അവര്‍ ഇടക്ക് ഭീഷണിപ്പെടുത്തും. എന്നാല്‍ ഇനി ഞങ്ങള്‍ ആ ഭീഷണിക്ക് വഴങ്ങില്ല. കാരണം അത്രത്തോളം അനീതിയാണ് ഞങ്ങളോട് സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ് സമയത്ത് ചേര്‍ത്ത് നിര്‍ത്തിയവര്‍ എന്ന് പറഞ്ഞ് പുകഴ്ത്താന്‍ എല്ലാവര്‍ക്കും കഴിഞ്ഞു. ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാത്രം കഴിയില്ല.' ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.
തുല്യ ജോലിയ്ക്ക് തുല്യ വേതനം വേണമെന്നാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ആവശ്യം. സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 39,300 രൂപയാണ്.
ശമ്പളപരിഷ്‌ക്കരണം നടപ്പാക്കി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ നഴ്‌സുമാര്‍ ആശുപത്രി മാനേജ്‌മെന്റുകളോട് ശമ്പളവര്‍ധനവ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ കോവിഡ് കാരണമാക്കിയും മറ്റ് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ചര്‍ച്ച പോലും വൈകിപ്പിച്ചു എന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. നിലവിലെ നിയമം അനുസരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കണം. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 'കഴിഞ്ഞ ആറ് മാസമായി തൃശൂര്‍ ഡി എല്‍ ഒയോട് ചര്‍ച്ച വിളിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മാനേജ്‌മെന്റ് സൈഡില്‍ നിന്ന് സഹകരണം ഉണ്ടായില്ല. റീജ്യണല്‍ ലേബര്‍ കമ്മീഷ്ണര്‍ക്ക് പരാതിയയച്ചു. പിന്നീട് കാക്കനാട് നടന്ന യോഗത്തില്‍ ചുരുക്കം ചില ആശുപത്രി മാനേജ്‌മെന്റുകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. തുടര്‍ന്നാണ് ഞങ്ങള്‍ സമരത്തിന് നോട്ടീസ് നല്‍കിയത്. അതിന് ശേഷം ഒരു യോഗം കൂടി തൃശൂരില്‍ വിളിച്ചെങ്കിലും ഒരു മാനജ്‌മെന്റ് പ്രതിനിധി പോലും പങ്കെടുത്തില്ല. അതിനാല്‍ പണിമുടക്കിലേക്ക് പോവാന്‍ തീരുമാനിച്ചു.' യു എന്‍ എ സംസ്ഥാന ട്രഷറര്‍ ആയ ദിവ്യ വ്യക്തമാക്കി.
കരാര്‍ നിയമനം നിര്‍ത്തലാക്കണമെന്നും ജോലി സമയത്തില്‍ നിയന്ത്രണം വേണമെന്നതുമായിരുന്നു മുമ്പ് സമരത്തിനിറങ്ങിയപ്പോള്‍ യു എന്‍ എയുടെ ആവശ്യം. ഇത്തവണ സമരത്തിനിറങ്ങുമ്പോഴും ഇതേ ആവശ്യമാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. 'കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കി ജൂനിയര്‍ ആയവരെ ഉള്‍പ്പെടെ ചൂഷണം ചെയ്യുകയാണ് ആശുപത്രികള്‍. ഇവര്‍ക്ക് വേതനവും വളരെ തുച്ഛമാണ്. മറ്റൊന്ന് 14,15ഉും മണിക്കൂറുകള്‍ ആണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത്. ഇക്കാര്യത്തിലെല്ലാം തീരുമാനം ഉണ്ടാക്കിക്കൊണ്ടായിരുന്നു 2018ലെ ഉത്തരവ്. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ല.' രഞ്ജു കൂട്ടിച്ചേര്‍ത്തു.
കരാര്‍ നിയമനം നിര്‍ത്തലാക്കണമെന്നും ജോലി സമയത്തില്‍ നിയന്ത്രണം വേണമെന്നതുമായിരുന്നു മുമ്പ് സമരത്തിനിറങ്ങിയപ്പോള്‍ യു എന്‍ എയുടെ ആവശ്യം. ഇത്തവണ സമരത്തിനിറങ്ങുമ്പോഴും ഇതേ ആവശ്യമാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ 40,000 രൂപയാക്കി ഉയര്‍ത്തുന്ന പരിഷ്‌ക്കരണം ആലോചിക്കാനേ കഴിയില്ലെന്ന നിലപാടാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടേത്. 20,000 അടിസ്ഥാന ശമ്പളമായി ഉയര്‍ത്തിയതിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തില്‍ കൂടുതല്‍ ശമ്പളം നല്‍കാനുള്ള ആവശ്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഈ മാസം 11ന് വിധി വരും.
കേരളം കണ്ട വലിയ സമരങ്ങളില്‍ ഒന്നായിരുന്നു സ്വകാര്യമേഖലയിലെ നഴ്‌സുമാരുടേത്. ആശുപത്രികള്‍ക്ക് മുന്നിലും, ജോലി ബഹിഷ്‌ക്കരിച്ചും അവര്‍ സമരം തീര്‍ത്തു. എന്നാല്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞും പരിഹരിക്കപ്പെടാതെ പോയതോടെ വീണ്ടും സമരച്ചൂടിലേക്ക് കടക്കുകയാണ് ആരോഗ്യമേഖല.