ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് വര്‍ഷം ഒന്ന്, ഇനിയും തീരാത്ത അന്വേഷണം, നഷ്ടമായതെല്ലാം തിരിച്ചുപിടിച്ച് അദാനി
ഉത്സവപ്പറമ്പിലെ ആനമയിലൊട്ടകം കളിയില്‍ ഒരിക്കലും നമ്മള്‍ ജയിക്കില്ല. ജയിക്കുമെന്ന് തോന്നും. ആദ്യം ജയിച്ചെന്നും വരാം. പക്ഷേ അവസാനം ഉത്സവം കൂടാന്‍ കൊണ്ടുവന്ന പണമെല്ലാം കളത്തിലിറക്കി വെറും കൈയോടെ മടങ്ങേണ്ടിവരും.
രാജ്യത്തെ പിടിച്ചുകുലുക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ ഏതാണ്ട് അതേ അവസ്ഥയാണ്. കള്ളമില്ല, ചതിവുമില്ല, ആര്‍ക്കും വയ്ക്കാമെന്ന് ക്ഷണിച്ച് അദാനി തിരിച്ചുവന്നിരിക്കുന്നു. ഒരു വര്‍ഷം മുന്‍പത്തെ, സംശയത്തിന്റെ മുനയില്‍ നിന്ന അദാനിയല്ല, ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടിയ അദാനി. അദാനി കമ്പനികളുടെ ഓഹരികള്‍ വീണ്ടും വിപണികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കുന്നു.
ജനുവരി 24ന്റെ ബോംബ്
അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന ആരോപണം ഹിന്‍ഡന്‍ബര്‍ഗ് എന്ന സ്ഥാപനം പുറത്തുവിട്ടത് ഒരുപാട് വിശദാംശങ്ങളുടെ അകമ്പടിയോടെ ആയിരുന്നു. 2023 ജനുവരി 24ന്. അദാനിയുടെ കമ്പനികളുടെയെല്ലാം കണക്കുകള്‍ ശരിവെയ്ക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകള്‍ 25 വയസുപോലും ആകാത്ത പയ്യന്‍മാരാണെന്നതില്‍ തുടങ്ങുന്ന വിവരങ്ങള്‍ കേട്ട് ജനം വാപൊളിച്ചു. പ്രധാന ആരോപണങ്ങള്‍ ഇവയായിരുന്നു:
അദാനി ഗ്രൂപ്പിലെ കമ്പനികളുടെ ഷെയറുകളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുതിച്ചുകയറുന്നത് അതുവരെ അദാനി മാജിക്കായിരുന്നു. ഉദാഹരണത്തിന് അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 2020 ജനുവരി ഒന്നിന് 491 രൂപ ആയിരുന്നത് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ 3858 രൂപയായി കുതിച്ചു. 686 ശതമാനം വര്‍ദ്ധനവ്! ഇതിന്റെ കാരണമാണ് ഹിന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിശദീകരിച്ചത്.
ബാക്കി ഇന്ത്യയിലെ മാധ്യമങ്ങളും (മുഖ്യധാരാ മാധ്യമങ്ങള്‍ അല്ല) ചില സാമ്പത്തിക വിദഗ്ധരും വിശദീകരിച്ചു. തട്ടിക്കൂട്ട് കമ്പനികളെക്കൊണ്ട് അദാനിതന്നെ ഷെയര്‍മാര്‍ക്കറ്റില്‍നിന്ന് സ്വന്തം ഷെയറുകള്‍ വാങ്ങിക്കൂട്ടുന്നു. ആദ്യം ഇത് ചെയ്തത് അദാനി എന്റ്റര്‍പ്രൈസസിന്റെ കാര്യത്തില്‍. ഇതോടെ ഷെയറിന് ഡിമാൻഡ് കൂടുന്നു. കമ്പനിയുടെ ബഹുഭൂരിപക്ഷം ഷെയറുകളും അല്ലെങ്കില്‍ തന്നെ കൈവശമുള്ള അദാനി അതില്‍ കുറച്ച് പണയം വച്ച് വായ്പയെടുക്കുന്നു. ഈ പണം അദാനി ഗ്രൂപ്പിന്റെ മറ്റൊരു കമ്പനിക്ക് കടമായി നല്‍കും. ആ കമ്പനി പ്രവര്‍ത്തനം വിപുലീകരിച്ച് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി മാറി ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നു. ആ കമ്പനിയുടെ ഷെയറുകളും നേരത്തെ പറഞ്ഞ തന്ത്രത്തിലൂടെ കുതിക്കുന്നു. അതിന്റെ കുറച്ച് ഓഹരി പണയംവച്ച് വീണ്ടും വായ്പ. അതുവച്ച് മൂന്നാമതൊരു കമ്പനി. 2023 ആകുമ്പോള്‍ പത്ത് പബ്ലിക്ക് ലിമിറ്റഡ് കമ്പനികളുണ്ടായിരുന്നു അദാനിയുടെ സാമ്രാജ്യത്തില്‍. വ്യക്തമായ തെളിവൊന്നും ആര്‍ക്കും ചൂണ്ടിക്കാട്ടാനില്ലായിരുന്നെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഈ വാദം ഒരുപാട് പേര്‍ ശരിവെച്ചു.
ആരോപണങ്ങളില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. അദാനി കമ്പനികള്‍ക്കാണ് ഏറ്റവും നഷ്ടമുണ്ടായത്. അദാനി എന്റര്‍പ്രൈസിന്റെ പുതിയ ഓഹരി വില്‍പ്പന അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി കമ്മിറ്റിയെ വച്ചു. അതില്‍ ആരൊക്കെവേണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ കോടതി ചവറ്റുകൊട്ടയില്‍ തള്ളി. മിടുക്കന്‍മാരെ ഞങ്ങള്‍ക്കറിയാമെന്ന് ജഡ്ജിമാര്‍. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യോടും സമയബന്ധിതമായി അന്വേഷിക്കാന്‍ പീന്നീട് ഉത്തരുവുണ്ടായി. ആനമയിലൊട്ടകത്തില്‍ ആദ്യ റൗണ്ട് ജയം ജനത്തിന്.
സെക്കൻഡ് ഹാഫില്‍ ട്വിസ്റ്റ്
മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പ്രത്യേക അന്വേഷണസംഘം പടം മടക്കി. വിദേശത്തുള്ള കമ്പനികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കിട്ടുന്നില്ലത്രെ. മറികടക്കാന്‍ പറ്റാത്ത ഒരു ഭിത്തിയില്‍ ഞങ്ങള്‍ തട്ടിനില്‍ക്കുന്നു എന്നായിരുന്നു കമ്മിറ്റിയുടെ പരിവേദനം. സെബി അന്വേഷിച്ചാലേ ശരിയാകൂ.
അന്വേഷണം ഇഴയുന്നതിനിടെ അദാനി ഓഹരികള്‍ പതുക്കെ തിരിച്ചുവന്നുതുടങ്ങി. വന്‍കിട നിക്ഷേപകര്‍ വീണ്ടും അദാനിയെ പിന്‍തുണയ്ക്കാന്‍ എത്തി.
അതേസമയം സുപ്രീംകോടതി നിയോഗിച്ച വില്ലാളിവീരന്‍മാര്‍ക്ക് കണ്ടെത്താനാകാത്ത 'മതിലിനപ്പുറത്തെ കാര്യങ്ങള്‍' ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തി. ഓര്‍ഗനൈസ്ഡ് ക്രൈം അന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ടിലെ മൂന്ന് പേര്‍- ആനന്ദ് മങ്കനേല്‍, രവി നായര്‍, എന്‍.ബി.ആര്‍ അര്‍കേഡിയോ (Anand Mangnale, Ravi Nair, and NBR Arcadio).
പണം എങ്ങനെ ഇന്ത്യയില്‍നിന്ന് മൗറീഷ്യസില്‍ എത്തി, പണം അദാനി അയച്ചതാണോ തുടങ്ങിയവ അവ്യക്തമായി തുടരുന്നു. അതേസമയം അദാനിക്ക് എതിരായ ഒരു പഴയ കേസില്‍ വിദേശത്തേക്ക് പണം കടത്തിയ വഴിയെക്കുറിച്ച് അന്നത്തെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്‍ലിജന്‍സ് (ഡി ആർ ഐ) തലവന്‍ അരോപിക്കുന്ന കത്ത് OCCRP പ്രസിദ്ധീകരിച്ചു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന 13 തട്ടിക്കൂട്ട് കമ്പനികളില്‍ രണ്ടെണ്ണം മൗറീഷ്യസിലാണെന്നതായിരുന്നു ആദ്യ കണ്ടെത്തല്‍. എമേര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ടും ഇ എം റിസര്‍ജന്റ് ഫണ്ടും. അതിലേക്ക് പണമെത്തിയത് മറ്റ് നാല് കമ്പനികളും ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടെന്ന ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും വഴി (ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ പേര് മറക്കരുത്. ഈ കഥയില്‍ അത് പീന്നീട് വരുന്നുണ്ട്). അദാനിയുടെ ഷെയറുകള്‍ വാരിക്കൂട്ടിയ ഈ കമ്പനികളില്‍ പണം മുടക്കിയ രണ്ട് പേരെയും ഇവര്‍ കണ്ടുപിടിച്ചു. നാസര്‍ അലി ഷബാന്‍ അഹലിയും (Nasser Ali Shaban Ali) ചാങ് ചുങ്-ലിന്നും (Chang Chung-LIng). ഇരുവരും ആദാനികുടുംബവുമായി അടുത്ത വ്യാപാരബന്ധമുള്ളവര്‍. ഈ കമ്പനികള്‍ വഴി അദാനിയുടെ ഷെയറുകള്‍ വില കുറഞ്ഞിരിക്കുമ്പോഴും വന്‍തോതില്‍ വാങ്ങുകയും വില കുടിയപ്പോള്‍ വില്‍ക്കുകയും ചെയ്തു. ഒരുഘട്ടത്തില്‍ ഇവരുടെ കൈയ്യില്‍ അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിലെ 14ശതമാനം വരെ ഓഹരികള്‍ ഉണ്ടായിരുന്നു.
കണ്ടെത്തലുകള്‍ അവസാനിക്കുന്നില്ല. ഈ രണ്ട് കമ്പനികള്‍ക്കും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങണമെന്ന് ഉപദേശം നല്‍കിയത് എക്‌സെല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മറ്റൊരു കമ്പനിയാണ്. ഈ കമ്പനിക്കുവേണ്ടി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് വിനോദ് അദാനി.
പണം ആദ്യം കൈപ്പറ്റിയ കമ്പനികള്‍, പിന്നീട് ആ പണം എതൊക്കെ കമ്പനികളിലേക്ക് മാറ്റി, ഒടുവില്‍ ആ പണം എങ്ങനെ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങളും OCCRP പുറത്തുവിട്ടു.
പക്ഷേ പണം എങ്ങനെ ഇന്ത്യയില്‍നിന്ന് മൗറീഷ്യസില്‍ എത്തി, പണം അദാനി അയച്ചതാണോ തുടങ്ങിയവ അവ്യക്തമായി തുടരുന്നു. അതേസമയം അദാനിക്ക് എതിരായ ഒരു പഴയ കേസില്‍ വിദേശത്തേക്ക് പണം കടത്തിയ വഴിയെക്കുറിച്ച് അന്നത്തെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്‍ലിജന്‍സ് (ഡി ആർ ഐ) തലവന്‍ അരോപിക്കുന്ന കത്ത് OCCRP പ്രസിദ്ധീകരിച്ചു. കത്തില്‍ പറയുന്നതനുസരിച്ച്, അന്നും അദാനി പണം കടത്തിയത് മൗറീഷ്യസിലേക്കായിരുന്നു. അത് ഒരു ഓവര്‍ ഇന്‍വോയിസിങ് കേസായിരുന്നു. പക്ഷേ കേസ് മുന്നോട്ടുപോയില്ല.
പണം കടത്താന്‍ പലരും ഉപയോഗിക്കുന്ന വഴിയാണ് ഓവര്‍ ഇന്‍വോയിസിങ്. വിദേശത്തുനിന്ന് കമ്പനിക്കുവേണ്ടി എന്തെങ്കിലും ഇറക്കുമതി ചെയ്യുക. എന്നാല്‍ യഥാര്‍ത്ഥ വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുള്ള ബില്ലായിരിക്കും തയ്യാറാക്കുക. ഈ ഉയര്‍ന്ന തുക ഉല്‍പ്പന്നം വാങ്ങിയതിന്റെ ചെലവായി കമ്പനി വിദേശത്തെ ഇടപാടുകാരന് അയയ്ക്കും. ഇടപാടുകാരന്‍ ഉല്‍പ്പന്നത്തിന്റെ ശരിയായ തുക മാത്രം എടുത്ത ശേഷം, ബാക്കിയുള്ള തുക വേണ്ടപ്പെട്ടവര്‍ക്ക് കൈമാറും.
2014ലെ അദാനിക്ക് എതിരായ കേസില്‍ വിദേശത്തേക്ക് ഇങ്ങനെ കടത്തിയ പണം ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് തിരികെ എത്തിയിട്ടുണ്ടാകാമെന്ന് ഡി ആർ ഐ ഡയറക്ടര്‍ ജനറല്‍ നജീബ് ഷാ കത്തില്‍ പറയുന്നുണ്ട്. കത്തിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെയാണ്- പണം ആദ്യം ഒരു ഗള്‍ഫ് കമ്പനിയിലേക്കും അവിടെ നിന്ന് വിനോദ് അദാനിയുടെ കമ്പനിയിലേക്കും പോയി. ഈ കമ്പനി വിനോദ് അദാനിയുടെതന്നെ മറ്റൊരു കമ്പനിക്ക് പണം കൈമാറുന്നു. 800 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന ഈ തുക ഏഷ്യന്‍ ഓഹരി വിപണിയില്‍ ഇറക്കാന്‍ നല്‍കിയതാണ്. അവിടെനിന്ന് പണം മറ്റൊരു കമ്പനിയിലേക്ക് - ഗ്ലോബല്‍ ഓപ്പര്‍ച്ചൂണിറ്റീസ് ഫണ്ട്- വീണ്ടും കൈമാറി. ഈ കമ്പനിക്ക് നേരത്തെ പറഞ്ഞ നാസര്‍ അലി ഷബാന്‍ അഹലിയും ചാങ് ചുങ്-ലിന്നും ബന്ധമുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ടെത്തലാണ് അവരുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ കാതല്‍. ഇനി ഇതെന്നും പോരെങ്കില്‍ ചാങിന്റെ സിംഗപ്പൂരിലെ വിലാസവും വിനോദ് അദാനിയുടെ (ഗൗതം അദാനിയുടെ ചേട്ടന്‍) വിലാസവും ഒന്ന് തന്നെയാണ്.
OCCRP റിപ്പോര്‍ട്ട് ഇന്ത്യയില്‍ ചര്‍ച്ചയായി. ഓഹരി വിപണി വീണ്ടും കുലുങ്ങി. അപ്പോഴും സെബി അന്വേഷകള്‍ ഒരു ഇടക്കാല റിപ്പോര്‍ട്ട് പോലും നല്‍കിയില്ല. മാധ്യമറിപ്പോര്‍ട്ടിലെ ഡി ആർ ഐയുടെ കത്ത്, 2014ല്‍ അവര്‍ സെബിക്ക് അയച്ചതാണ്. പക്ഷേ അത് തള്ളാനോ, അംഗീകരിക്കാനോ സെബി അധികൃതര്‍ തയ്യാറായില്ല.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് തരിപ്പണമായ അദാനി ഗ്രൂപ്പ് അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഴയ തകര്‍ച്ചയില്‍നിന്ന് കുറേയൊക്കെ കരേറിക്കഴിഞ്ഞു. 93 ബില്യണ്‍ ഡോളറിന്റെ നഷ്ടം തിരിച്ചുപിടിച്ചു. ഗ്രൂപ്പിന് കീഴിലെ പത്ത് കമ്പനികളുടെ ആകെ ഓഹരി മൂല്യം 82 ബില്യണ്‍ ഡോളറില്‍ നിന്ന് 175 ബില്യണായി. കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയ കടപത്ര വിപണയിലെ ഭീഷണി അവസാനിച്ചു. കമ്പനിയുടെ കടപത്രങ്ങള്‍ക്ക് പഴയ സ്വീകാര്യത വീണ്ടും കിട്ടിത്തുടങ്ങി.
അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്ന് ഒരു വര്‍ഷം കഴിയുമ്പോഴും സെബി അന്വേഷിച്ചിട്ട് തീര്‍ന്നിട്ടില്ല. ഇതിനിടെ കോടതിയില്‍ പോയി രണ്ടുതവണ സമയം നീട്ടിവാങ്ങി. വീണ്ടും ഒരു തവണകൂടി നീട്ടിച്ചോദിച്ചു. അന്വേഷിക്കുന്ന 24ല്‍ 22 കാര്യങ്ങളും കണ്ടുപിടിച്ചുകഴിഞ്ഞത്രെ. ബാക്കി രണ്ട് എണ്ണം കൂടി വേഗം തീര്‍ത്ത് ഏല്ലാം കൂടി ഒരുമിച്ച് റിപ്പോര്‍ട്ടാക്കി തരാം. ഇതിനെ എതിര്‍ത്തവര്‍ ആവശ്യപ്പെട്ടത് പുതിയ അന്വേഷണസംഘത്തെ വയ്ക്കണമെന്നായിരുന്നു. ഒരു ഇടക്കാല റിപ്പോര്‍ട്ടുപോലുമില്ലാതെ അന്വേഷണം നീട്ടിക്കൊണ്ടുപോവുകയാണെന്നായിരുന്നു ആരോപണം. അതുകൊണ്ട് പുതിയ അന്വേഷണ സംഘം വേണം. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി ഹര്‍ജി തള്ളി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കുകയും ചെയ്തു. സെബിയുടെ കഴിവിലും നിഷ്പക്ഷതയിലും വിശ്വാസമുണ്ടെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കി.
അദാനി കമ്പനികളുടെ ഓഹരിവില കൂടിയതോടെ, ഗൗതം അദാനി വീണ്ടും അംബാനിയെ പിന്‍തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ലോകത്തെ ആകെ പണക്കാരില്‍ പന്ത്രണ്ടാമന്‍
തങ്ങള്‍ക്കെതിരായ അന്വേഷണത്തിന്റെ കഥ കഴിഞ്ഞെന്ന മട്ടിലായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. മാധ്യമങ്ങളും മോശമായിരുന്നില്ല. ഫലം ഓഹരി വിപണയില്‍ അദാനി ഓഹരികള്‍ വീണ്ടും കുതിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് തരിപ്പണമായ അദാനി ഗ്രൂപ്പ് അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഴയ തകര്‍ച്ചയില്‍നിന്ന് കുറേയൊക്കെ കരേറിക്കഴിഞ്ഞു. 93 ബില്യണ്‍ ഡോളറിന്റെ നഷ്ടം തിരിച്ചുപിടിച്ചു. ഗ്രൂപ്പിന് കീഴിലെ പത്ത് കമ്പനികളുടെ ആകെ ഓഹരി മൂല്യം 82 ബില്യണ്‍ ഡോളറില്‍ നിന്ന് 175 ബില്യണായി. എങ്കിലും പഴയ സ്ഥിതിയിലാകണമെങ്കില്‍ ഇനിയും 60 ബില്യണ്‍ ഡോളര്‍ കൂടി മുന്നോട്ടുപോകണം. അതേസമയം കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയ കടപത്ര വിപണയിലെ ഭീഷണി അവസാനിച്ചു. കമ്പനിയുടെ കടപത്രങ്ങള്‍ക്ക് പഴയ സ്വീകാര്യത വീണ്ടും കിട്ടിത്തുടങ്ങി. രണ്ടേകാല്‍ ബില്യണ്‍ ഡോളറിന്റെ കടം തിരിച്ചടച്ചു. വിദേശത്തുനിന്ന് അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും വന്നു.
അദാനി കമ്പനികളുടെ ഓഹരിവില കൂടിയതോടെ, ഗൗതം അദാനി വീണ്ടും അംബാനിയെ പിന്‍തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ലോകത്തെ ആകെ പണക്കാരില്‍ പന്ത്രണ്ടാമന്‍. അദാനിയുടെ കുടുംബം ദുബായിലെ ഇന്റനാഷണല്‍ ഫിനാന്‍സ് സെന്ററില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് മാതൃകയില്‍ വിവാദങ്ങളുണ്ടായാല്‍ സ്വത്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍നിന്നുള്ള പല കോടീശ്വരന്‍മാരും ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങളുണ്ടാക്കുന്നുണ്ട്.
മൂന്നുവര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പിലെ കമ്പനികള്‍ അഞ്ഞൂറും അറന്നൂറും ശതമാനം വളര്‍ച്ച നേടിയപ്പോഴേ സംശയം തോന്നണ്ടേയെന്ന് ചോദിച്ചിരുന്ന ഓഹരി വിപണിയിലെ വിദ്വാന്‍മാരും സാമ്പത്തിക വിദഗ്ധരും ഇപ്പോള്‍ മിണ്ടുന്നില്ല. എത്രയും പെട്ടന്ന് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഒരു വര്‍ഷം മുന്‍പ് ഉത്തരവിട്ട സുപ്രീംകോടതിക്ക് ഇപ്പോള്‍ പഴയ ആവേശമില്ല. കൂടുതല്‍ സംശയം ഹിന്‍ഡന്‍ബര്‍ഗിനെയാണ് താനും. ''വെയ് രാജാ വെയ്..''. അദാനിയുടെ ശബ്ദം മാത്രമേ കേള്‍ക്കാനുള്ളു.