അദാനിയെ മോദി തള്ളിയത് ഇന്ത്യ സഖ്യത്തിന്റെ ആദ്യ വിജയം, പ്രതിപക്ഷം ലക്ഷ്യം കാണുന്നു: ആർ രാജഗോപാൽ
അദാനിയെയും അംബാനിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തള്ളി പറയേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ വലിയ രാഷ്ട്രീയവിജയമെന്ന് ദ ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ. മാധ്യമങ്ങളുടെ അജണ്ട നരേന്ദ്ര മോദി സെറ്റ് ചെയ്യുമ്പോൾ പ്രചാരണ അജണ്ടകൾ ദുർബലമായ പ്രതിപക്ഷം സെറ്റ് ചെയ്യുന്ന വളരെ അസാധാരണമായൊരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടാവുന്നതെന്നും രാജഗോപാൽ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വടക്കേ ഇന്ത്യയിൽ അടുത്തിടെയായി നടന്ന വളരെ അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതികരണങ്ങൾ എല്ലാം തന്നെ വളരെ പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഒരു മൂന്ന് മാസം മുൻപ് നേരിട്ടിരുന്ന പല ആശങ്കകളും നേരിടാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യൻ ജനാധിപത്യം തെളിയിച്ചിരിക്കുന്നു. എന്റെ പ്രതീക്ഷകൾ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടതല്ല. പത്ത് വർഷം നീണ്ട മോദി ഭരണകൂടത്തിന്റെ സാമ്പത്തിക അംബാസിഡർമാരായ രണ്ട് പേരെയും തള്ളുക എന്നതിൽ പരം എന്ത് പരാജയമാണ് മോദിക്ക് സംഭവിക്കാനുള്ളത്. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ വളരെ വലിയ രാഷ്ട്രീയ വിജയം ആണത്. എന്നാൽ രാജ്യത്തെ മാധ്യമങ്ങളൊന്നും ഈ വിഷയം വേണ്ട വിധം വിലക്കെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു. നരേന്ദ്ര മോദി സർക്കാർ തിരിച്ച് വന്നാൽ പോലും ഇന്ത്യ സഖ്യം വിജയിച്ച കഴിഞ്ഞെന്നാണ് താൻ പറയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളുടെ അജണ്ട നരേന്ദ്ര മോദി സെറ്റ് ചെയ്യുമ്പോൾ പ്രചാരണ അജണ്ടകൾ പ്രതിപക്ഷം സെറ്റ് ചെയ്യുന്ന വളരെ അസാധാരണമായൊരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടാവുന്നതെന്നും അദ്ദേഹം പറയുന്നു. വളരെ ശക്തരായ ഭരണകക്ഷി അജണ്ട സെറ്റ് ചെയ്യുന്നതിൽ യാതൊന്നും അത്ഭുതപ്പെടാനില്ല. വളരെ ദുർബലമായ യാതൊരു ഉപാധികളുമില്ലാത്ത പ്രതിപക്ഷ കക്ഷിയാണ് രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യുന്നു എന്നത് അസാധാരണമാണ്, അദ്ദേഹം പറയുന്നു. ഇന്ന് പല യുട്യൂബേഴ്‌സും ചെയ്യുന്നത് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യാത്ത തരത്തിലുള്ള മാധ്യമപ്രവർത്തനം ആണെന്നും ആർ രാജഗോപാൽ പറയുന്നു. 2019 ലും മുഖ്യധാരകൾ ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനം ചെയ്തിരുന്നില്ല. ഈ യുട്യൂബേഴ്‌സ് ചെയ്യുന്നത് മാധ്യമപ്രവർത്തനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല പ്രധാന പാർട്ടികൾക്കും ദേശീയ രാഷ്ട്രീയം സംസാരിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ദേശീയ രാഷ്ട്രീയം സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരിടത്ത് രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടിവരും. രാമക്ഷേത്രം പോലുള്ള വിഷയങ്ങൾ വരുമ്പോൾ നിലപാടെടുക്കാൻ കോൺഗ്രസിലെ പോലും പല നേതാക്കൾക്കും ഭയവുമാണ്. പലപ്പോഴും നേതാക്കൾ പ്രാദേശിക വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാനാണെന്നും ആർ രാജഗോപാൽ വ്യക്തമാക്കുന്നു.