പാലക്കാട് പോക്സോ കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പ്രതിയുമായി അടുത്ത ബന്ധം; അട്ടിമറി ഭയന്ന് അതിജീവിതയും കുടുംബവും
' ആ ഉസ്താദിനെ അങ്ങനെ കേസില്‍ കുടുക്കാന്‍ പറ്റില്ലെന്നാണ് അയാള്‍ പറഞ്ഞത്. പ്രതിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് അയാള്‍ കേസില്‍ നിന്ന് പിന്‍മാറി. ഇപ്പോ പിന്നേം അയാള്‍ തന്നെയാണ് കേസ് വാദിക്കുന്നത്. അതിന്റെ ഒരു ടെന്‍ഷനിലാണ് ഞങ്ങളും അവളും. അയാള്‍ എന്തൊക്കെയാണ് അവളെ പറഞ്ഞത്. ചീത്ത വിളിക്കയായിരുന്നു. എന്നിട്ട് ആ വക്കീലിനെ മാറ്റണംന്ന് ഓള് പരാതി കൊടുത്തിട്ടും അതിലൊരു നടപടിയും ഇന്നേവരെ ആയിട്ടില്ല.' പാലക്കാട് പോക്സോ കേസിലെ അതിജീവിതയുടെ ഇരട്ട സഹോദരന്‍ പ്രതികരിച്ചു. പ്രതിയുമായി ബന്ധമുണ്ടെന്ന് കോടതിയില്‍ പരസ്യമായി പറഞ്ഞ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ വീണ്ടും കേസ് വാദിക്കുന്നതില്‍ അട്ടിമറി ഭയന്ന് അതിജീവിതയുടെ കുടുംബം. പ്രോസിക്യൂട്ടറെ കേസ് വാദിക്കുന്നതില്‍ നിന്ന് മാറ്റണമെന്ന് പോക്സോ അതിജീവിതയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ട് മാസങ്ങളായിട്ടും നടപടിയില്ല. പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ പത്രസമ്മേളനം നടത്തിയ സിഡബ്ല്യുസി അധ്യക്ഷനെതിരെയും അതിജീവിത പരാതി നല്‍കി. എന്നാല്‍ ആ പരാതിയിലും നടപടിയുണ്ടായില്ല.
അയാള്‍ പറഞ്ഞപോലെ മൊഴി കൊടുക്കില്ല എന്നായപ്പോള്‍, അവള് മൊഴി കൊടുക്കാന്‍ തയ്യാറായി കോടതിയില്‍ എത്തിയിട്ടും പെണ്‍കുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടി വക്കണമെന്നും വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
'കഴിഞ്ഞ നവംബര്‍ 16ന് കല്‍പ്പാത്തി രഥോത്സവ ദിവസം കോടതി അവധിയായിരുന്നു. അന്ന് അവളേയും അമ്മയേയും കോടതിയിലേക്ക് വിളിച്ചുവരുത്തി വക്കീല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അയാള്‍ പഠിപ്പിച്ച് കൊടുക്കുന്ന മൊഴി കോടതിയില്‍ പറയുന്നില്ല എന്ന് പറഞ്ഞ് ചൂടായി. ഒന്നും ഓര്‍മയില്ല, അറിയില്ല എന്ന് മാത്രം പറഞ്ഞാല്‍ മതി എന്നെല്ലാം അയാള്‍ പറഞ്ഞു. എന്നിട്ടും അയാള്‍ പറഞ്ഞപോലെ മൊഴി കൊടുക്കില്ല എന്നായപ്പോള്‍, അവള് മൊഴി കൊടുക്കാന്‍ തയ്യാറായി കോടതിയില്‍ എത്തിയിട്ടും പെണ്‍കുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടി വക്കണമെന്നും വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് പ്രതിയുമായി പരിചയമുണ്ടെന്ന് പറഞ്ഞ് കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് കോടതിയില്‍ വക്കീല്‍ അറിയിച്ചത്.' സഹോദരന്‍ വെളിപ്പെടുത്തി.
അന്ന് പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രോസിക്യൂട്ടര്‍ സ്വയം പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് നടത്തിപ്പ് മറ്റൊരാളെ ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട് താന്‍ കേസില്‍ നിന്ന് പിന്‍മാറുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ക്കെതിരെ അതിജീവിതയും ലീഗല്‍ കൗണ്‍സലറും പരാതി നല്‍കി. എന്നാല്‍ ലീഗല്‍ കൗണ്‍സലറെ മാറ്റി നിര്‍ത്താനായിരുന്നു വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാവും വരെ ലീഗല്‍ കൗണ്‍സലര്‍ വനിതാ ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നായിരുന്നു ഉത്തരവിലെ നിര്‍ദ്ദേശം.
അതിജീവിതയ്ക്കൊപ്പം നിന്ന എന്നെ കേസില്‍ നിന്ന് അകറ്റുകയും അവളെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടറെ അതേ സ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇനി കേസില്‍ എന്ത് നടക്കും എന്ന് ആശങ്കയുണ്ട്.' ലീഗല്‍ കൗണ്‍സലര്‍ വ്യക്തമാക്കി
'ഞാന്‍ കുട്ടിയെ മൊഴി പറയാന്‍ പാകപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ പ്രതിയെ സഹായിക്കുന്ന തരത്തില്‍ മൊഴി നല്‍കണമെന്നാണ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. പ്രതിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ, അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ക്കെതിരെ പരാതി നല്‍കിയതാണ്. എന്നാല്‍ പകരം എനിക്കെതിരെയുള്ള നടപടിയാണ് വന്നത്. അതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയില്‍ നിന്ന് എനിക്ക് അനുകൂലമായ സ്റ്റേ ഉത്തരവും ലഭിച്ചു. എന്നാല്‍ അതുകൊണ്ടും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. അതിജീവിതയ്ക്കൊപ്പം നിന്ന എന്നെ കേസില്‍ നിന്ന് അകറ്റുകയും അവളെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടറെ അതേ സ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇനി കേസില്‍ എന്ത് നടക്കും എന്ന് ആശങ്കയുണ്ട്.' ലീഗല്‍ കൗണ്‍സലര്‍ വ്യക്തമാക്കി.
എന്നാല്‍ നടപടികള്‍ തീര്‍ത്തും നീതിയുക്തമായാണെന്ന് നിര്‍ഭയ സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടറെ മാറ്റേണ്ട ഉത്തരവാദിത്തം കോടതിക്കാണ്. ലീഗല്‍ കൗണ്‍സലറെ മാറ്റി നിര്‍ത്തിയത് കോടതിയില്‍ നിന്ന് ലഭിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്. ഡയറക്ടറേറ്റില്‍ നിന്നുള്ള തീരുമാനമായിരുന്നു അത് എന്നും ശ്രീലാ മേനോന്‍ പറഞ്ഞു.
യത്തീംഖാനയില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച പ്രതിയ്ക്കെതിരെ 2018ലാണ് മലങ്കരയില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം നിര്‍ഭയ ഹോമില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പിന്നീട് സി ഡബ്ല്യു സിയുടെ തീരുമാനത്തില്‍ വീട്ടിലേക്ക് അയച്ചു. കാവല്‍ പ്ലസിന്റെ സംരക്ഷണയിലായിരുന്നു അതിജീവിത. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതായി. ' ഒരു അതിക്രമ കേസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വീട്ടില്‍ പോയി തിരിച്ചെത്തുമ്പോള്‍ അത് 15 അബ്യൂസ് കേസുകളായി. അത്രയും ട്രോമാറ്റിക് ആയ കണ്ടീഷനിലൂടെ കടന്ന് പോവുന്ന പെണ്‍കുട്ടിക്കാണ് കോടതിയിലും തിരിച്ചടി ലഭിക്കുന്നത്. ആ പ്രോസിക്യൂട്ടര്‍ വാദിക്കുന്നിടത്തോളം ഈ കേസ് അതിജീവിതയ്ക്ക് അനുകൂലമായിരിക്കില്ല.' മഹിളാ സമഖ്യ പ്രവര്‍ത്തക പ്രതികരിച്ചു.
ഇതിനിടെ തന്നെ തിരിച്ചറിയുന്ന വിധത്തില്‍ സി ഡബ്ല്യു സി അധ്യക്ഷന്‍ പത്രസമ്മേളനം നടത്തിയതിനെതിരെയും അതിജീവിത പരാതി നല്‍കിയിരുന്നു. 'ആ കേസിലും ഒരു നടപടിയും എടുത്തതായി അറിവില്ല. അന്ന് പത്രസമ്മേളനം നടത്തിയയാള്‍ തന്നെയാണ് ഇന്നും അതേ സ്ഥാനത്ത് ഇരിക്കുന്നത്. അതിജീവിക്കാന്‍ അവളും ഞങ്ങളും കഷ്ടപ്പെടുമ്പോള്‍ ഞങ്ങളുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പെടെ മനസ്സിലാവുന്ന തരത്തില്‍ പരസ്യമായി അവളെക്കുറിച്ച് പറഞ്ഞത് വലിയ തകരാറാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നിന്ന് അവളുടെ ഐഡന്റിറ്റി മനസ്സിലാവാതെ സൂക്ഷിക്കാന്‍ നോക്കേണ്ടവര്‍ തന്നെയാണ് തിരിച്ച് പെരുമാറുന്നത്. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എല്ലാം ആ ഉത്തരവാദിത്തമുണ്ട്.' അതിജീവിതയുടെ സഹോദരന്‍ തുടര്‍ന്നു.
പ്രോസിക്യൂട്ടറെ മാറ്റാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ തീരുമാനിച്ച് കേസ് വാദിക്കാനാണ് അതിജീവിതയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
പ്രോസിക്യൂട്ടറെ മാറ്റാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ തീരുമാനിച്ച് കേസ് വാദിക്കാനാണ് അതിജീവിതയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ' ഞങ്ങള്‍ക്ക് അവളെ അങ്ങനെ വിട്ടുകളയാനൊക്കുമോ? അതിനുള്ള പൈസയില്ല. പക്ഷെ പൈസ നോക്കി അവളുടെ ജീവിതം തകര്‍ക്കാന്‍ കഴിയില്ല. അവള്‍ക്ക് നീതി വേണം. അവളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. എന്റെ ഇരട്ട സഹോദരിയാണ്. അവളെ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ? അതുകൊണ്ട് വേറെ വക്കീലിനെ വക്കാനുള്ള നടപടി നോക്കുകയാണ്.' സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.