സംവരണ പരിധി വീണ്ടും ചർച്ചയാകുമ്പോൾ; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള പട്ന ഹൈക്കോടതി വിധി

സംവരണ പരിധി വീണ്ടും ചർച്ചയാകുമ്പോൾ; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള പട്ന ഹൈക്കോടതി വിധി

ബിഹാറിലെ സർക്കാർ ജാതി സെൻസസിലൂടെ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സംവരണം അധികമാക്കിയപ്പോൾ കോടതി ഇടപെട്ടത് സാമൂഹ്യ നീതി സംബന്ധിക്കുന്ന വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്
Updated on
3 min read

പട്ടികജാതി/ വർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് 65 ശതമാനം സംവരണം നൽകിക്കൊണ്ട് ബിഹാർ നിയമസഭ പാസാക്കിയ നിയമനിർമാണം പട്ന ഹൈക്കോടതി തടഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തെ, പ്രത്യേകിച്ചും ബിഹാർ രാഷ്ട്രീയ ഭൂമികയിൽ മാറ്റങ്ങളുണ്ടാക്കാൻ കെൽപ്പുള്ളതാണ് കഴിഞ്ഞ ദിവസം പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധി. സംവരണം 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്നുവെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. എന്നാൽ സവർണ്ണ സംവരണം നടപ്പാക്കിയപ്പോൾതന്നെ ഈ നിബന്ധന മറികടക്കപ്പെട്ടിരുന്നു. ഒപ്പം നിലവിൽ എൻ ഡി എ മുന്നണിയിലുള്ള ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വിധിക്കെതിരെ അപ്പീൽ പോകുമോയെന്നതുള്‍പ്പെടെ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

2023 നവംബറിലാണ്, അന്ന് 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാർ ഏറെ വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട 50 ശതമാനം പരിധി മറികടക്കാനുള്ള നിയമം പാസാക്കിയത്. ഇന്ത്യയിലൊട്ടാകെ വലിയ ചലനമുണ്ടാക്കിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു അത്. 65 ശതമാനം ബിഹാറികൾ അരികുവത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന ജാതി സെൻസസ് റിപ്പോർട്ടായിരുന്നു ഭേദഗതിക്ക് വഴിതുറന്നത്. ബിഹാർ സംവരണ ഭേദഗതി ബിൽ, അതിദരിദ്ര വിഭാഗങ്ങളുടെ സംവരണം 18 ശതമാനത്തില്‍നിന്ന് 25 ശതമാനമായും ഒബിസികൾക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും എസ് സി വിഭാഗത്തിന് 16 ശതമാനത്തില്‍ നിന്നും 20 ശതമാനമായും ആയും എസ്ടി വിഭാഗത്തിന് 1 ശതമാനത്തില്‍ നിന്ന് ന് 2ശതമാനമായും ഉയർത്തി.

ബിഹാറിലെ സർക്കാർ ജാതി സെൻസസിലൂടെ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സംവരണം അധികമാക്കിയപ്പോൾ കോടതി ഇടപെട്ടത് സാമൂഹ്യ നീതി സംബന്ധിക്കുന്ന വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്

രാജ്യത്താകമാനം ജാതി സെൻസസ് എന്ന ആവശ്യം ശക്തമാക്കാൻ പ്രേരിപ്പിച്ച നടപടിയായിരുന്നു ബിഹാറിൽ നിതീഷ് നടപ്പിലാക്കിയത്. എൻ ഡി എയിലേക്ക് കൂറുമാറിയിട്ടും നിതീഷ് കുമാറിനെയും ജെ ഡി യുവിനെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹായിച്ച ഘടകം കൂടിയായിരുന്നു ഈ നിയമഭേദഗതിയും ജാതി സെൻസസും.

നിതീഷ് കുമാറും മോദിയും
നിതീഷ് കുമാറും മോദിയും

നിതീഷ് കുമാറിനെ ആശങ്കയിലാക്കുന്ന വിധി

നിതീഷ് കുമാറെന്ന സീസൻഡ് രാഷ്ട്രീയക്കാരൻ തന്റെ നിലപാടുകളേക്കാൾ പ്രസിദ്ധൻ കൂറുമാറ്റങ്ങളുടെ പേരിലാണ്. അങ്ങനെയൊരു കൂറുമാറ്റം തന്നെയാണ് നിതീഷിനെ ഇത്തവണ കുഴിയിൽ ചാടിച്ചിരിക്കുന്നത്. ജാതി സെൻസസും നിയമ ഭേദഗതിയും നടപ്പിലാക്കുന്ന കാലാവസ്ഥയല്ല നിലവിൽ ബിഹാറിൽ. അതിൽ പ്രധാനം നിലവിൽ നിതീഷ് ഭാഗമായിരുന്ന മുന്നണിയാണ്. അന്ന് ജാതി സെൻസസിന് വേണ്ടി വാദിച്ചിരുന്ന ഇന്ത്യ മുന്നണി ആയിരുന്നെങ്കിൽ നിലവിൽ നിതീഷുള്ളത് ജാതി സെൻസസിനോടും അധിക സംവരണത്തോടും വിമുഖതയുള്ള എൻ ഡി എ മുന്നണിയിലാണ്. അതുകൊണ്ടുതന്നെ പുതിയ വിധിക്കെതിരെ അപ്പീൽ പോകുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം.

2019ലാണ് ഇഡബ്ള്യുഎസ് എന്ന സവർണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്

അതിദരിദ്ര- ദലിത് സമുദായങ്ങൾക്ക് കൂടുതൽ പ്രതിനിധ്യമെന്ന ആവശ്യത്തിന്റെ ശക്തനായ വക്താവായ നിതീഷ് കുമാർ, തന്റെ സർവ്വസന്നാഹങ്ങളുമായി പുതിയ വിധിക്കെതിരെ രംഗത്തിറങ്ങിയില്ലെങ്കിൽ അതേൽപ്പിക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. അങ്ങനെ ഇറങ്ങാൻ എൻഡിഎ മുന്നണിയുടെ ഭാഗമായിരിക്കുന്ന നിതീഷിന് സാധിക്കുമോയെന്നതും പ്രധാനമാണ്. പ്രത്യേകിച്ചും 2025ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെയെങ്കിലും എൻഡിഎ ഒപ്പം വേണമെന്ന വാശി നിതീഷിന് ഉണ്ടായിരിക്കെ. പട്ന ഹൈക്കോടതി വിധിക്കെതിരെ ബിഹാർ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമോയെന്ന ചോദ്യവുമായി പ്രതുപക്ഷവും രംഗത്തുണ്ട്. അങ്ങനെ പ്രതിപക്ഷം കൂടി സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചതോടെ നിതീഷിന് തീരുമാനം ഉടൻ സ്വീകരിച്ചേ മതിയാകു.

ഇന്ദിര സാഹ്നി
ഇന്ദിര സാഹ്നി

50 ശതമാനം പരിധി

സംവരണത്തിന് 50 ശതമാനം പരിധിയെന്ന വിഷയം സുപ്രീംകോടതി ആദ്യമായി പരാമർശിക്കുന്നത് 1962ലാണ്. എന്നാൽ 1992ലെ ഇന്ദിര സാഹ്നി കേസിലാണ് ഇതുസംബന്ധിച്ചുള്ള നിർണായക വിധി ഉണ്ടാകുന്നതും പരിധി 50 ശതമാനമായി നിശ്ചയിക്കുന്നതും. അന്ന് കോടതി ഒരുകാര്യം കൂടി എടുത്തു പറഞ്ഞിരുന്നു. 'അസാധാരണമായ സാഹചര്യങ്ങളിൽ 'ഈ പരിധി ലംഘിക്കാം. എന്നാൽ വളരെ ശ്രദ്ധയോടെ വേണം ഇത് നടപ്പിലാക്കണെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. അതിന് ശേഷം, ഒരിക്കൽ പോലും ഈ പരിധി ലംഘിക്കാൻ ഒരു സർക്കാരുകളെയും കോടതികൾ അനുവദിച്ചിട്ടില്ല, 2019 വരെ.

2019ലാണ് ഇഡബ്ല്യൂഎസ് എന്ന സവർണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം എന്ന ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്ന നിയമഭേദഗതിയെന്ന വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും കണക്കിലെടുക്കാതെ ആയിരുന്നു നടപടി. അതുവരെ 49.5 ശതമാനമായിരുന്ന സംവരണത്തെ 59.5 ശതമാനാക്കിയെങ്കിലും ഇന്ദിര സാഹ്നി കേസിലെ ഉത്തരവൊന്നും ഇക്കാര്യത്തിൽ കോടതികൾക്ക് ബാധകമായിരുന്നില്ല.

സംവരണ പരിധി വീണ്ടും ചർച്ചയാകുമ്പോൾ; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള പട്ന ഹൈക്കോടതി വിധി
സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം

പക്ഷെ, ബിഹാറിലെ സർക്കാർ ജാതി സെൻസസിലൂടെ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സംവരണം അധികമാക്കിയപ്പോൾ കോടതി ഇടപെട്ടത് സാമൂഹ്യ നീതി സംബന്ധിക്കുന്ന വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ശരിക്കും ബിഹാറിലെ സെൻസസും സംവരണ പരിധി മറികടന്നതുമൊക്കെ നിരവധി സംസ്ഥാനങ്ങൾക്ക് പ്രചോദനവും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് ആശ്വാസവുമായിരുന്നു. അതുകൂടിയാണ് പട്ന വിധിയോടുകൂടി തകരുന്നത്.

മറാത്ത  പ്രതിഷേധം
മറാത്ത പ്രതിഷേധം

നിലവിൽ മറാത്ത, ജാട്ട്, പാട്ടിദാർ, ഗുജ്ജർ തുടങ്ങിയ പ്രബല ജാതി വിഭാഗങ്ങൾ തങ്ങൾക്കും സംവരണം വേണമെന്ന ആവശ്യവുമായി വലിയ സമരപരിപാടികളാണ് നടത്തിവരുന്നത്. കൃഷിയിലുണ്ടാകുന്ന നഷ്ടങ്ങൾ ഭാഗികമായെങ്കിലും മറികടക്കാൻ സർക്കാർ ജോലികളിലെ സംവരണം സഹായിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. 50 ശതമാനം പരിധിയിൽ വീണ്ടും കോടതികൾ കടുത്ത നിലപാടെടുക്കാനത്തോടെ സർക്കാരുകൾ ഒ ബി സി വിഭാഗങ്ങളുടെ സംവരണത്തിന്റെ ഒരുഭാഗം ഇക്കൂട്ടർക്ക് നൽകേണ്ടുന്ന അവസ്ഥ കൂടി സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in