ഭരിക്കപ്പെടുന്ന മനുഷ്യരെ നിസാര ജീവികളാക്കിമാറ്റുന്ന രഥയാത്രയുടെ കാലം
2024 വളരെ ഉത്കണ്ഠ ഉണ്ടാക്കുന്ന ഒരു വർഷമാണ്. ശുഭ പ്രതീക്ഷകൾ പലതും നഷ്ടം വന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഉദാഹരണം പറയുകയാണെങ്കിൽ കുറേക്കാലം വരെ ശക്തമായ ഒരു ഇടതുപക്ഷം നമുക്കുണ്ട്, മതമൗലിക വാദത്തെയും വർഗീയതയും ചെറുക്കുന്ന ഒരു ഫോഴ്‌സ് നമുക്കുണ്ട് എന്നൊക്കെ നമ്മൾ കരുതിയെങ്കിലും അതും പരിണമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറുന്നതുപോലെ. അങ്ങനെയൊരു അനുഭവമാണ് രാഷ്ട്രീയമായി ഉണ്ടായിട്ടുള്ളത്.
പിന്നെ ദേശീയമായി നോക്കിയാൽ തീരെ പ്രതീക്ഷയ്‌ക്ക് വകയില്ല. ഭയങ്കരമായ മതമൗലിക വാദം കാണാം. ഇതൊരു മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. വളരെ നിരാശജനകം തന്നെയാണത്. ഒരു ഫാഷിസ്റ്റ് സ്വഭാവം എല്ലാ വശത്തുനിന്നുമുണ്ട്. കോവിഡിനുശേഷം ലോകം മുഴുവൻ ശക്തമായിട്ടുള്ള ഈ സ്വഭാവം ഇന്ത്യയിലും അതിശക്തമായി വന്നുവെന്ന് പറയാം. ഭരിക്കപ്പെടുന്ന മനുഷ്യരെ വളരെ നിസാരമാക്കി, പാതി മനുഷ്യൻ പോലും അല്ലാതാക്കി മാറ്റിക്കൊണ്ട് ഭരിക്കുന്ന ആളുകളുടെ ഒരു രഥയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിലായാലും കേരളത്തിലായാലും രണ്ട് ഭരണകൂടത്തിന്റെയും കീഴെ നിൽക്കുന്ന എഴുത്തുകാർ മിക്കവാറും സ്വതന്ത്രമായി ആവിഷ്കരിക്കാൻ തീരെ ധൈര്യപ്പെടുന്നില്ല. എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ഭയക്കുന്നുണ്ട്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുമോയെന്ന ഭയത്തിലാണ് പലരും അവരവരുടെ അഭിപ്രായങ്ങൾ പോലും പറയുന്നത്. സംസ്കാരികമായ ഒരു ഭീകരാവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്. അതിന്റെയൊരു ആശങ്ക ഭയങ്കരമായിട്ടുണ്ട്. എന്താകും എന്നിറിയായ്ക ഉണ്ടല്ലോ... അതാണ് ശരിക്കും ഉണ്ടാകുന്നത്.
രാമക്ഷേത്രം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവ നോക്കൂ... നമ്മൾ കൂടുതൽ പഴയ നൂറ്റാണ്ടിലേക്കാണ് പോകുന്നത്. നമ്മൾ കുറെ കാലമായി തികച്ചും പിന്നോട്ട് നടക്കുന്ന ആളുകളായി മാറിക്കഴിഞ്ഞു. രാമക്ഷേത്രം മാത്രമായി ഒരു മാറ്റമുണ്ടാക്കില്ല. ഈ മതശക്തികൾ വളരെ ബലവാന്മാരാണ്. അതിന്റെ എതിർവായ പോലും ദുർബലമായി തീർന്നുവെന്നതാണ് സത്യം. അതല്ലെങ്കിൽ എതിർക്കേണ്ട ആളുകൾ പോലും അതേ സ്വഭാവമുള്ളവരായി മാറുന്നുവെന്നതാണ് പേടിപ്പിക്കുന്ന കാര്യം.
എന്നെ സംബന്ധിച്ചിടത്തോളം 2021 - 22 കാലയളവിൽ നന്നായിട്ട് ജോലി ചെയ്തുവെന്ന തൃപ്തിയുണ്ടായിരുന്നു. കോവിഡിൽനിന്ന് നമ്മൾ മുക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഏറ്റവും അധികം ജോലി ചെയ്തത്. 2023 ൽ ധാരാളം പുരസ്‌കാരങ്ങൾ കിട്ടിയെന്നത് അത്ര വലിയ കാര്യമല്ല. കുറച്ചുകൂടി പ്രശസ്തനായി എന്നുള്ളതേയുള്ളൂ. അതിൽ വലിയ കാര്യമില്ല. പ്രശസ്തി നമുക്കൊന്നും തരുന്നില്ല. ജോലി ചെയ്യാൻ സാധിക്കുക, ആവിഷ്കരിക്കാൻ സാധിക്കുക, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നൊക്കെയുള്ളതാണ് ഏറ്റവും പ്രധാന കാര്യം. അതിനാണ് മങ്ങലേറ്റിരിക്കുന്നത്.
സാഹിത്യത്തിലാണെങ്കിലും ചലച്ചിത്രരംഗത്താണെങ്കിലും ആഘോഷിക്കുന്നവയാണെങ്കിലും ഇടത്തരം മാത്രമാണ്. പണ്ടും ഇത്തരം സിനിമകൾ നിറഞ്ഞാടിയിരുന്നെങ്കിലും ഇപ്പൊ അത് മാത്രമേയുള്ളു. ഇടത്തരം സാഹിത്യങ്ങളും സിനിമകളും വല്ലാതെ ആഘോഷിക്കുകയും അത് അതിമഹത്തായതാണെന്ന് ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അത് സാംസ്കാരികമായിട്ടുള്ള ഒരു അന്ധകാരത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും.
ഭയങ്കരമായ പരീക്ഷണങ്ങളും സർഗാത്മകതയുടെ ആഘോഷങ്ങളുമുണ്ടാകേണ്ടത് ചെറുപ്പ കാലത്താണ്. ഒന്ന്. രണ്ട് മീഡിയ കോളേജുകളിൽ കുട്ടികളോട് സംവദിക്കാൻ അവസരം കിട്ടിയിരുന്നു. സിനിമകളുടെ കാര്യത്തിൽ ആ കുട്ടികളോട് സംസാരിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം ഇങ്ങനെയാണ്. പണ്ട് നമ്മൾ ഉപേക്ഷിച്ചു കഴിഞ്ഞ തമിഴ് - തെലുങ്ക് വ്യാപാര സ്റ്റണ്ട് പടങ്ങളുടെ ആരാധകരായി ഈ കുട്ടികൾ മാറിയിരിക്കുകയാണ്. തിയേറ്ററുകളിലേക്ക് എത്താൻ അത്തരം സിനിമകളുടെ ഫോർമാറ്റിലേക്ക് മാറേണ്ടതായി വരികയാണ്. അത്തരം സിനിമകൾക്ക് എന്താണ് കുഴപ്പമെന്താണ് യുവതലമുറയുടെ ചോദ്യം.
ഇപ്പോൾ കേരളത്തിൽ തന്നെ ഇറങ്ങിയ പടങ്ങളുണ്ട്. തെലുങ്ക് പടങ്ങളെ അനുകരിച്ച് കൊണ്ട് ഇറങ്ങുന്നവ. അത്തരം ചിത്രങ്ങളെ ഇവർ ആഘോഷിക്കുകയും അത്തരം പടങ്ങളാണ് അവർ ചെയ്യാൻ പോകുന്നതെന്ന് പറയുകയും ചെയ്യുന്നു. അത് കേട്ടപ്പോൾ എനിക്കൊരു നടുക്കമുണ്ടായി. ചെറുപ്പക്കാർ ഇങ്ങനെ പറയുമ്പോൾ നമുക്ക് പ്രതീക്ഷ അവസാനം വരെ നഷ്ടപ്പെട്ട് പോവുകയാണ്.
ഒ ടി ടി വന്നതോടെ കൂടുതൽ അപകടകരമായി. കോർപ്പറേറ്റുകളുടെ താരീഫ് അനുസരിച്ച് എല്ലാം വാർത്തെടുക്കപ്പെടുന്ന ഒരു അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. പണ്ട് ഹോളിവുഡ് സിനിമയുടെ ബാധയിലായിരുന്നു മലയാളത്തിലെ സിനിമയടക്കമുള്ള കലാരൂപങ്ങൾ. അവഞ്ചേഴ്‌സ് പോലുള്ള ആനിമേറ്റഡ് സൂപ്പർ ഹീറോ ചിത്രങ്ങൾ അനുകരിച്ചുകൊണ്ടാണ് ഇപ്പൊ ഹോളിവുഡിൽ പോലും ചിത്രങ്ങൾ ഇറങ്ങുന്നത്. അത് തന്നെയാണ് ഇപ്പോൾ ഇന്ത്യയിലേക്കും പകർത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടും കലാത്മകമല്ലാത്ത സാഹചര്യമാണ് ചുറ്റുമുള്ളത്.
2024 നെ സംബന്ധിച്ച് വളരെ മൗലികമായ കാര്യങ്ങളിൽ നമുക്ക് പ്രതീക്ഷയില്ല. രാഷ്ട്രീയമാലും സിനിമയായാലും. ജനപ്രിയ കലയാണല്ലോ സിനിമ. അതിൽ തന്നെയാണ് ഏറ്റവും അപകടകരമായ അവസ്ഥയുള്ളത്. പിന്നെ സാഹിത്യരംഗത്ത് ഒരുപാട് പേർ എഴുത്തുകാരായി വരുന്നുണ്ട്. അതിനെ ഞാൻ മോശമായി കാണുന്നില്ല. മലയാള ഭാഷയിൽ എഴുത്തുകാർ കൂടുതൽ ഉണ്ടാകുന്നത് നല്ലത് തന്നെ. കവികൾ കൂടുതൽ കവിത എഴുതുന്നു എന്നൊക്കെ പറയുന്നത് നല്ലത് തന്നെ. അതാണ് ഒരു പ്രതീക്ഷയായി പറയാനുള്ളത്.
മലയാളഭാഷയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം തന്നെയാണ് പ്രതീക്ഷ. പണ്ടൊരു പുച്ഛം ആയിരുന്നു. ഇപ്പോൾ അത് മാറുന്നുണ്ട്. ചെറുപ്പക്കാർ അതിനോട് അടുക്കുന്നുണ്ട്. അത് തന്നെയാണ് പ്രതീക്ഷ.
യുദ്ധകാലത്തും പകർച്ചവ്യാധിയുടെ കാലത്തുമാണ് എഴുത്തുകാർ കൂടുതൽ ഇൻസ്പയേർഡായി പ്രവർത്തിക്കുന്നത്. എന്നാൽ നമുക്കിവിടെ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാൽ മനസിലാക്കാം. വളരെ അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ലഭിക്കാത്ത ആളുകളാണ് നമ്മുടെ എഴുത്തുകാരും കലാകാരന്മാരും ഒക്കെ. എങ്കിലും ഈ സങ്കീർണതകൾ കലാപരമായ ഒരു മുന്നേറ്റമുണ്ടാക്കുന്നില്ല.