കാലാവസ്ഥ ഉച്ചകോടി സ്‌പോണ്‍സര്‍ ചെയ്യുന്ന കൊക്കക്കോള കമ്പനിക്കറിയുമോ പ്ലാച്ചിമടയിലെ വെള്ളം വിലകൊടുത്തു വാങ്ങുന്ന ജനങ്ങളെ

പണം നല്‍കി വെള്ളം വാങ്ങേണ്ടി വരുന്ന ഒരു ജനത ഇന്നും അവരുടെ നഷ്ടങ്ങളുടെ പേരില്‍ സമരം ചെയ്യുകയാണ്

ഞങ്ങടെ എല്ലാം പോയി. ഭൂമി, മണ്ണ്, വെള്ളം, കൃഷി, ഉശിര്, ഉയിര്, രക്തം… എല്ലാം അവര്‍ കൊണ്ടുപോയി. ഒരു നൂറ് വര്‍ഷം കഴിഞ്ഞാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ വെള്ളം തിരിച്ച് കിട്ടുമോ ?' പ്ലാച്ചിമട പെരുമാട്ടി പഞ്ചായത്തിലെ ഭാഗ്യയുടെ ചോദ്യം , 20 വര്‍ഷം നീതിക്കായി പോരാടിയിട്ടും അത് നല്‍കാന്‍ വിസമ്മതിച്ച് നില്‍ക്കുന്ന സര്‍ക്കാരിനോടാണ് , ജോലിയും വികസനവും വാഗ്ദാനം ചെയ്ത് ഒരു നാടിന്റെ വെള്ളം മുഴുവന്‍ കൊള്ളയടിച്ച കൊക്കക്കോള എന്ന ഭീമന്‍ കമ്പനിയോടുമാണ് ആ ചോദ്യം. നീതിക്കായുള്ള സമരം വീണ്ടും പ്ലാച്ചിമടക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. നഷ്ടമായതൊന്നും തിരികെ കിട്ടില്ല, അതിനാല്‍ പ്ലാച്ചിമടയുടെ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമെങ്കിലും വേണം, അതാണ് ഈ ജനങ്ങളുടെ ആവശ്യം.

2000 ത്തിലാണ് പെരുമാട്ടി പഞ്ചായത്തിലേക്ക് കൊക്കക്കോള കമ്പനിയുടെ വരവ്. കിഴക്കന്‍ പാലക്കാടിലെ ഉള്‍ഗ്രാമമായ പെരുമാട്ടിയില്‍ വലിയ കമ്പനി വികസനം കൊണ്ടുവരും എന്നായിരുന്നു നാട്ടുകാരുടെ ധാരണ. എന്നാല്‍ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങി നാളുകള്‍ക്കകം അവരുടെ വെള്ളത്തിന്റെ നിറംമാറി; അവരുടെ ജീവിതത്തിന്റെയും. കുടിവെള്ളത്തിന് മുട്ടില്ലാതിരുന്ന പ്ലാച്ചിമട ഒന്നാകെ കുടിക്കാന്‍ വെള്ളമില്ലാതെ അലഞ്ഞു. കിണറുകളിലേയും മറ്റ് ജലാശയങ്ങളിലേയും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത വിധം മലിനമായി. പരാതികള്‍ നിരവധി നല്‍കിയെങ്കിലും ഫലം കാണാതെയാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഭൂരിഭാഗമുള്ള പ്ലാച്ചിമടയില്‍ നാട്ടുകാര്‍ ആരംഭിച്ച സമരം വിജയിക്കുമെന്ന പ്രതീക്ഷ പലര്‍ക്കുമില്ലായിരുന്നു. എന്നാല്‍ സമരം കത്തിപ്പടര്‍ന്നു. കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രമെടുത്താല്‍ അത്രത്തോളം ചര്‍ച്ച ചെയ്ത സമരം കാലങ്ങള്‍ക്കിടെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. കേരളം മുഴുവന്‍ പ്ലാച്ചിമടയ്ക്ക് പിന്തുണയുമായെത്തി.

ഒടുവില്‍ 2009 ല്‍ സര്‍ക്കാര്‍ പ്ലാച്ചിമടയുടെ വിഷയങ്ങള്‍ പഠിക്കാന്‍ 14 അംഗ സമിതിയെ ചുമതലപ്പെടുത്തി. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി കൊക്കക്കോളയ്‌ക്കെതിരെ അഞ്ച് കുറ്റങ്ങള്‍ നിരത്തി. പ്ലാച്ചിമടയുടെ നഷ്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ടില്‍ 216.16 കോടിയുടെ നഷ്ടം പ്ലാച്ചിമടക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചതല്ലാതെ പിന്നീട് അനക്കം ഉണ്ടായില്ല. വീണ്ടും പ്ലാച്ചിമടക്കാര്‍ സമരം ശക്തമാക്കി. പ്രിതിഷേധങ്ങള്‍ക്കൊടുവില്‍ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്‍ നിയമസഭ ഒന്നടങ്കം പാസ്സാക്കി.

കുറ്റവാളി കൊക്കക്കോളയായതിനാല്‍ ഗവര്‍ണര്‍ സാങ്കേതിക അനുമതിക്കായി ബില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. പിന്നീട് ബില്‍ ഫ്രീസറിലായ വര്‍ഷങ്ങളായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിൽ വീണ്ടും പരിഗണനയില്‍ വന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് ബില്‍ രാഷ്ട്രപതിക്ക് കൈമാറി. എന്നാല്‍ 2015 ല്‍ ബില്‍ രാഷ്ട്രപതി തിരികെ അയച്ചു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമടക്കാര്‍ വീണ്ടും സമരങ്ങള്‍ ആരംഭിച്ചു. അന്ന് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര അനുമതിയില്ലാതെ ബില്‍ നടപ്പാക്കാനാവുമോ എന്ന് ആലോചിക്കാന്‍ തീരുമാനിച്ചു. പക്ഷെ അക്കാര്യത്തില്‍ തീരുമാനമായപ്പോഴേക്കും സര്‍ക്കാര്‍ കാലാവധി കഴിഞ്ഞു.


പിന്നീട് 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്ലാച്ചിമട ഉള്‍പ്പെട്ടു. പ്ലാച്ചിമടക്കാര്‍ക്ക് നീതി ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. എല്‍ഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും അതില്‍ നടപടിയുണ്ടായില്ല. പ്ലാച്ചിമടക്കാര്‍ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 2016ല്‍ പാലക്കാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര അനുമതിയില്ലാതെ ബില്‍ നടപ്പാക്കുന്നത് പുനരാലോചന ചെയ്യാമെന്നും മൂന്ന് മാസത്തെ സമയം അതിനായി നല്‍കണമെന്നും അന്ന് യോഗം പ്ലാച്ചിമടയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നിട്ടും ബില്‍ നടപ്പാക്കുന്ന കാര്യം മാത്രം പരിഗണിച്ചിട്ടില്ല.

'വളരെ കൃത്യമായ കാര്യങ്ങളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലും ബില്ലിലും പറഞ്ഞിരിക്കുന്നത്. കുറ്റവാളിയ്‌ക്കൊപ്പം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നില്‍ക്കുന്നതാണ് 20 വര്‍ഷമായി ഞങ്ങള്‍ കണ്ടുവരുന്നത്. കൊക്കക്കോളയെ കുറ്റവാളിയായി കണ്ട് പിഴ ഈടാക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. വികസനം വരണമെങ്കില്‍ അത് പറ്റില്ലന്നാണല്ലോ അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ നീതിക്കായി പോരാട്ടം തുടരും. നഷ്ടപരിഹാരം കിട്ടുന്നത് വരെ സമരം ചെയ്യും.' സമര സമിതി കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in