പി എം ശ്രീ പദ്ധതി: വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് കേരളം തലവെച്ചുകൊടുക്കരുത്

പി എം ശ്രീ പദ്ധതി: വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് കേരളം തലവെച്ചുകൊടുക്കരുത്

സംസ്ഥാനങ്ങളില്‍ കേന്ദ്രനയം നടപ്പാക്കുന്നതിനായി തയ്യാറാക്കിയ പദ്ധതികളില്‍നിന്ന് കേരളം പിന്‍വാങ്ങണമെന്ന് വാദിക്കുന്നു വിദ്യാഭ്യാസ പ്രവര്‍ത്തകനായ ലേഖകന്‍
Updated on
6 min read

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (PM SHRI - പിഎം ശ്രീ) പ്രകാരം, ഇന്ത്യയിലുടനീളം ആയിരക്കണക്കിനു സ്‌കൂളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിക്കുമെന്ന് കഴിഞ്ഞ അധ്യാപകദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആദ്യം എതിര്‍ത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയില്‍ കേരളവും ഈ പദ്ധതിയുടെ ഭാഗമാകുകയാണ്. എന്നാല്‍ ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാനത്തും നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍പെട്ട വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പലരീതിയില്‍ ഇടപെടുന്നതോടെ, സംസ്ഥാനങ്ങള്‍ക്ക്, അവിടുത്തെ സവിശേഷമായ വിദ്യാഭ്യാസ നയങ്ങള്‍ ആവിഷ്കരിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കപ്പെടുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്ത് 14,500 സ്‌കൂളുകള്‍ പി എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടും. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020-ന്റെ പ്രധാന സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നതിനായി പിഎംശ്രീ മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Summary

ദേശീയ വിദ്യാഭ്യാസ നയം 2020 കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്

പിഎം ശ്രീ ആരംഭിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുമായി പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 2023 ജൂണില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തില്‍, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷം നടപടിയുമായി മുന്നോട്ടുപോകുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങി മാതൃകാപരമായ സ്‌കൂളുകള്‍ നിലവിലുള്ളപ്പോള്‍, പുതിയ പിഎം ശ്രീ വിദ്യാലയങ്ങള്‍, എന്‍ഇപിയുടെ ലാബ് സ്‌കൂളുകളായി പ്രാദേശികമായി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അന്ന് വ്യക്തമാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയം 2020 കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. കുട്ടികളുടെ കണ്ടെത്തലിനും ശിശുകേന്ദ്രീകൃതവും പഠനകേന്ദ്രീകൃതവുമായ അധ്യാപന രീതിയുമാവും ഇനിമുതല്‍ സ്‌കൂളുകള്‍ ഊന്നല്‍ നല്‍കുകയെന്നും സ്മാര്‍ട്ട് ക്ലാസ്റൂം, സ്പോര്‍ട്സ്, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയെല്ലാം ഊന്നല്‍ നല്‍കുമെന്നാണ് പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം.

ഇതിനുപുറമെ ലാബുകള്‍, ലൈബ്രറികള്‍, ആര്‍ട്ട് റൂമുകള്‍ എന്നിവ ഉപയോഗിച്ച് സ്‌കൂളുകള്‍ നവീകരിക്കും. ജലസംരക്ഷണം, മാലിന്യങ്ങളുടെ പുനഃരുപയോഗം, ഊര്‍ജസംരക്ഷണം എന്നിവക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ജൈവ- ജീവിതശൈലിയുടെ സംയോജനം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായിമാറുമെന്നും ഹരിത വിദ്യാലയങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുമെന്നും പിഎം ശ്രീ പദ്ധതിരേഖ ലക്ഷ്യംവെക്കുന്നു.

എന്‍ഇപിയുടെ ദര്‍ശനമനുസരിച്ച്, കുട്ടികളുടെ വൈവിധ്യമാര്‍ന്ന ജീവിത പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങള്‍, വ്യത്യസ്ത അക്കാദമിക് കഴിവുകള്‍ എന്നിവയെ പരിപാലിക്കുന്നതും തുല്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സന്തോഷപ്രദവുമായ സ്‌കൂള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവുമാണ് പിഎം ശ്രീ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

പിഎം ശ്രീ സ്‌കീം സ്‌പോണ്‍സര്‍ ചെയ്യുന്നത് കേന്ദ്രമായതിനാല്‍, നിര്‍വഹണച്ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കും. ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വഹിക്കണം. എന്നിരുന്നാലും, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ചില സംസ്ഥാനങ്ങളില്‍ കേന്ദ്രസംഭാവന 90 ശതമാനം വരെ ഉയരുമെന്നറിയുന്നു.

പുതിയ പേരുകള്‍ സ്വീകരിക്കുന്ന കേന്ദ്രപദ്ധതികള്‍

2021 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കായുള്ള പുതിയ ഭക്ഷണപദ്ധതിയായ പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാൺ പദ്ധതി (പിഎം പോഷന്‍ സ്‌കീം) അംഗീകരിച്ചത്. ഈ പദ്ധതിക്കുകീഴില്‍, രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കു പാകം ചെയ്ത ചൂടുള്ള ഭക്ഷണം നല്‍കുന്നുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 11.80 കോടി വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ഉച്ചഭക്ഷണപദ്ധതിയുടെ (MDM ) തുടര്‍പരിപാടി തന്നെയാണിത്. എന്നാല്‍ പദ്ധതിയെ പുതിയ പേരില്‍ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏക പക്ഷയമായി തീരുമാനിക്കുകയായിരുന്നു.

പ്രഗതി (പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്), മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, നോണ്‍-നോമാഡിക്, അര്‍ധ നാടോടികളായ ഗോത്രങ്ങള്‍ എന്നിവയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'പിഎം യശസ്വി' പദ്ധതിയും ഉള്‍പ്പെടുന്ന ചില സ്‌കോളര്‍ഷിപ്പ് പദ്ധതികളും കേന്ദ്രം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാം പ്രധാനമന്ത്രിയുടെ പേരിലാണ് ആരംഭിക്കുന്നത് അല്ലെങ്കില്‍ പുനഃസംഘടിപ്പിക്കുന്നുവെന്നുമാത്രം. അതിന്റെ കൂട്ടത്തില്‍ പെടുന്നതാണ് പിഎം ശ്രീയും.

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം പലവിധ കാരണങ്ങള്‍ക്കൊണ്ടും താറുമാറായിരിക്കുന്ന സമയത്താണ് പി എം ശ്രീ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്. കോവിഡ് മഹാമാരി കൊടുമ്പിരികൊണ്ട കാലത്ത് പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയും തുടര്‍ന്ന് സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുവരവ് ഉണ്ടായ സന്ദര്‍ഭത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉത്കണ്ഠകള്‍ വര്‍ദ്ധിക്കുകയും അധ്യാപകര്‍ അതില്‍ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു. തീര്‍ത്തും ആശയക്കുഴപ്പത്തിലായ സ്‌കൂള്‍ മാനേജ്‌മെന്റുകളും രക്ഷിതാക്കളും പഠന വിടവുകള്‍ പരിഹരിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.

സാമ്പ്രദായിക പഠന-ബോധന രീതികള്‍ മുന്‍പത്തെ പോലെതന്നെ തുടരുകയായിരുന്നു നാം. കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്ന ഗൗരവപ്പെട്ട ഒരാലോചനയും ഇവിടെ നടന്നിട്ടില്ല. ഇവിടുന്ന് ഇനി എങ്ങോട്ടുപോകും? ഒരുപക്ഷേ പ്രവര്‍ത്തനങ്ങള്‍, കളിപ്പാട്ടങ്ങള്‍, കല, പ്രോജക്ടുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ബോധനരീതിയിലേക്ക്, സ്‌പോര്‍ട്‌സ് ഉള്‍ക്കൊള്ളുന്നതും തൊഴിലധിഷ്ഠിത പഠനത്തിന് അര്‍ഹത നല്‍കുന്നതുമായ പഠന രീതികളൊക്കെ വികസിപ്പിച്ചെടുക്കേണ്ടതായിരുന്നു. ഓണ്‍ലൈന്‍ പഠനസമ്പ്രദായങ്ങളെയും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു പഠനം ഇനി അസാധ്യമാക്കിയിരിക്കുന്നുവെന്നുള്ളതാണ് വസ്തുത.

ക്ലാസ്‌റൂം പഠനം സംബന്ധിച്ച മേല്‍പ്പറഞ്ഞ ഘടകങ്ങളോട് എന്‍ഇപി 2020 യോജിക്കുന്നുണ്ടെന്നും രാജ്യത്തെ 14,500 പിഎംശ്രീ സ്‌കൂളുകള്‍ പുതിയ നയങ്ങള്‍ വിഭാവനം ചെയ്യുന്ന മാറ്റത്തിനുള്ള ഏജന്‍സികളായി മാറുമെന്നാണ് ഇതിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിനു പ്രതിബദ്ധതയും കഠിനാധ്വാനവും പുരോഗമന ചിന്തയും ആവശ്യമാണെന്നും അവര്‍ തന്നെ പറയുന്നു.

പിഎം ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനിന്റെ (പിഎംജിഎസ്-എന്‍എംപി) സഹായത്തോടെ പിഎം ശ്രീ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു ദേശീയ മാസ്റ്റര്‍ പ്ലാന്‍ എന്ന നിലയില്‍, ഈ പദ്ധതി വേഗത്തിലാക്കാനാണ് പരിപാടിയെന്നും അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനം വിശദാംശങ്ങള്‍ ആഗോള നിലവാരത്തിന് തുല്യമായി പുനഃനിര്‍മ്മിക്കുന്നതിനായി മാപ്പ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മാനവ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

പിഎം ശ്രീ പദ്ധതി പ്രകാരം 2026-27 ഓടെ രാജ്യവ്യാപകമായി 14,500 ആധുനിക സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളതില്‍ 6,448 പിഎം ശ്രീ സ്‌കൂളുകള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് ഔദ്യോഗിക ഭാഷ്യം. തിരിച്ചറിഞ്ഞ 90 ശതമാനം സ്‌കൂളുകളും പിഎം ഗതിശക്തി പോര്‍ട്ടലില്‍ മാപ്പ് ചെയ്തിട്ടുണ്ട്. ഇവയില്‍ മഹാ ഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാലയങ്ങളാണ്.

ഈ പദ്ധതിയുടെ കാലാവധി 2022-23 മുതല്‍ 2026-27 വരെയായിരിക്കും. അതിനുശേഷം ഈ സ്‌കൂളുകള്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണ പ്രദേശങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നു. 18,128 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷത്തെ കാലയളവിലെ പദ്ധതിയുടെ മൊത്തം അടങ്കല്‍ 27,360 കോടി രൂപയാണ്.

മന്ത്രാലയം പങ്കിട്ട കണക്കുകള്‍ പ്രകാരം, പിഎം ശ്രീ പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്തതില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ഉത്തര്‍പ്രദേശില്‍നിന്നാണ് (928). തുടര്‍ന്ന് വരുന്നത് ആന്ധ്രാപ്രദേശ് (662), തെലങ്കാന (543), മഹാരാഷ്ട്ര (516), മധ്യപ്രദേശ് (416), രാജസ്ഥാന്‍ (402), കേന്ദ്രീയ വിദ്യാലയ സംഗതന്‍ (735) എന്നിവയാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പിഎം ശ്രീ സ്‌കൂള്‍ ധാരണാപത്രത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ഡല്‍ഹി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങള്‍ ഇനിയും പദ്ധതിയില്‍ ഒപ്പുവെക്കാന്‍ തയ്യാറായിട്ടില്ല.

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന പിഎം ശ്രീ പദ്ധതി

പിഎം ശ്രീ സ്‌കൂള്‍ ധാരണാപത്രത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ഡല്‍ഹി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങള്‍ ഇനിയും പദ്ധതിയില്‍ ഒപ്പുവെക്കാന്‍ തയ്യാറായിട്ടില്ല. പിഎം ശ്രീ സ്‌കൂളുകള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയവുമായി അഞ്ച് സംസ്ഥാനങ്ങള്‍ ധാരണാപത്രം ഒപ്പുവെക്കാത്തതില്‍ കേന്ദ്രം ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ധനസഹായങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. നിലവില്‍ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസ്ഥാന ലിസ്റ്റ്, കേന്ദ്ര ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിലനില്‍ക്കുന്നത് എന്നത് നമുക്കറിയാം. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്കായി, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും പങ്കാളിത്തവും അവകാശവും ഉത്തരവാദിത്വവും ഒരുപോലെയാണ്. ഇതില്‍, പലപ്പോഴും വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്കു സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കുന്നു. അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നതാണ് പതിവ്.

ഇന്ത്യന്‍ ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റിന്റെ ചട്ടം അനുസരിച്ച്, കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമങ്ങളും നിയന്ത്രണങ്ങളും രൂപീകരിക്കാന്‍ അധികാരമുണ്ട്. കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി അധികാരം നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നിയമങ്ങള്‍ നിലനില്‍ക്കുമെന്നാണ് വ്യവസ്ഥ.

അടിയന്തിരാവസ്ഥയുടെ നാളുകളില്‍ 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി സംസ്ഥാന പട്ടികയില്‍നിന്ന് അഞ്ച് വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റിയിരുന്നു. സംസ്ഥാന ലിസ്റ്റില്‍നിന്ന് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട അഞ്ച് വിഷയങ്ങളില്‍ വിദ്യാഭ്യാസവും ഉള്‍പ്പെട്ടിരുന്നു. നേരത്തെ സംസ്ഥാന ലിസ്റ്റില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതുമായ വിദ്യാഭ്യാസത്തെ ഏതാണ്ട് പരിപൂര്‍ണമായി കേന്ദ്ര ലിസ്റ്റിലേക്ക് ഏറ്റെടുക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങളായി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി അധികാരം നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നിയമങ്ങള്‍ നിലനില്‍ക്കുമെന്നാണ് വ്യവസ്ഥ.

പിഎം ശ്രീ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയിലേക്ക് രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം നോക്കിക്കാണാന്‍. കേന്ദ്ര പദ്ധതികളുടെ ധനസഹായം തടഞ്ഞ് സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് അധികാരികള്‍ നടത്തുന്നത്.

വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്, രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും വലിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സമഗ്ര ശിക്ഷാ പദ്ധതി. കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍ടിഇ2009) നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളെ ഈ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ അധ്യാപക പരിശീലനത്തിനായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആര്‍.ടി)യുടെയും മറ്റ് ഏജന്‍സികളുടെയും ശക്തിപ്പെടുത്തലും നവീകരണവും ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്

2023-23 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 68,804 കോടി രൂപയില്‍ 37,453 കോടി രൂപ നീക്കിവെച്ചത് പദ്ധതികള്‍ക്കു വേണ്ടിയാണ്. അതില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കെന്നപോലെ കേരളത്തിനും ജനസംഖ്യാനുപാതികമായ ഒരു വിഹിതം ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ഈ ഉറപ്പിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കോടാലിക്കൈ വെച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന ഒരു പദ്ധതിയായി പി എം ശ്രീ മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം.

ഇന്ത്യയിലെ ഓരോ ബ്ലോക്കിലുമുള്ള ഏറ്റവും മികച്ച രണ്ടു വിദ്യാലയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അക്കാദമിക നിയന്ത്രണത്തിലാക്കി ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ 332 സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രവിഹിതമായി 1008 കോടി രൂപ വകയിരുത്തും. എന്നാല്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍, 978.56 കോടി രൂപ സംസ്ഥാനത്തിന് ഈയിനത്തില്‍ മാത്രം നഷ്ടപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല 2023-24 അധ്യയനവര്‍ഷം സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) ത്തിനുള്ള ഫണ്ടില്‍ 187.78 കോടി രൂപയും സ്റ്റാര്‍സ് പദ്ധതിയില്‍ 165.40 കോടി രൂപയും 2024-25 അധ്യയനവര്‍ഷം എസ്.എസ്.കെ. ഫണ്ടില്‍ ലഭിക്കേണ്ട 385.35 കോടി രൂപയും നല്‍കില്ലെന്ന ഭീക്ഷണിയാണ് കേന്ദ്രം ഉയര്‍ത്തുന്നത്.

ഇതെല്ലാം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പിഎം ശ്രീ പദ്ധതികളുടെ വിമര്‍ശകര്‍ മുന്നോട്ടുവെക്കുന്ന വാദം. ഇതിനിടയിലാണ് കേരളം പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. വലിയ സാമ്പത്തിക നഷ്ടം വരുന്നതിനാല്‍ മാറിനില്‍ക്കാന്‍ കഴിയില്ലയെന്നാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന നിലപാട്.

2024 മാർച്ച് 30ന് കേരളം കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഒരു കത്തില്‍, സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷയായി രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പിഎം ശ്രീ പദ്ധതിക്ക് (2024-25 അക്കാദമികവര്‍ഷം) ധാരണാപത്രം ഒപ്പിടുകയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വലിയതോതില്‍ ധനനഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട്, പിഎം ശ്രീ പദ്ധതിയില്‍നിന്ന് മാറിനില്‍ക്കാനുള്ള സാധ്യത വിരളമാണ്.

പിഎ ശ്രീ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഇനിമുതല്‍ കേന്ദ്രമായിരിക്കും തീരുമാനിക്കുക. അതായത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളില്‍ കേരള സിലബസ് പ്രകാരം പഠിപ്പിക്കാനാവാത്ത അവസ്ഥ സംജാതമാകും. വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണ ശ്രമങ്ങളുടെ ഭാഗമായി, ഭരണഘടനാമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന നയങ്ങള്‍ കേന്ദ്രതലത്തില്‍ സ്വീകരിക്കുകയും അതിനനുസൃതമായി പാഠ്യപദ്ധതിയും പാഠപുസ്തകവും അവര്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രി വി. ശിവന്‍കുട്ടി

ഈ പദ്ധതി നടപ്പിലായാല്‍, വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്നത് ഇനിമുതല്‍ സഖ്ഫ് (School Quality Assessment Framework ) പ്രകാരമായിരിക്കും നടക്കുക. അധ്യാപക നിയമനം, യോഗ്യത, മോണിറ്ററിങ് എന്നിവയെല്ലാം എന്‍ഇപി 2020 വിഭാവനം ചെയ്യുന്നതു പ്രകാരമായിരിക്കും നടക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയ്യില്‍ മികച്ച ഭൗതിക സൗകര്യമൊരുക്കിയവയാണങ്കിലും ഇതിന്റെ ഭാഗമായി പിഎം ശ്രീ ബോര്‍ഡ് വെക്കേണ്ടിവരും. സമീപവിദ്യാലയങ്ങളെ മെന്റര്‍ ചെയ്യാനുള്ള അവകാശവും പിഎം ശ്രീ വിദ്യാലയങ്ങള്‍ക്കുണ്ട്. ഇതിലൂടെ കേന്ദ്രസര്‍ക്കാരിന് പരോക്ഷമായി ഇത്തരം സ്‌കൂളുകളുടെ തൊട്ടടുത്തുള്ള മറ്റു വിദ്യാലയങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.

ഈയൊരു ഗൗരവം കേരളം എത്രകണ്ട് മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നുള്ളത് സാമൂഹിക ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. കേരളം അപകടകരമായ ആ കെണിയില്‍ തലവെച്ചുകൊടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുള്ളത് നേര്. ഈ സാഹചര്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം ആരുമറിയാതെ, ഷോക്കേസ് ചെയ്യുന്നതിനായി ആവിഷ്‌കരിച്ച പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട മുഴുവന്‍ വിദ്യാഭ്യാസ വിഹിതവും വാങ്ങിച്ചെടുക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുള്ളതാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ കടമ.

പിന്‍കുറിപ്പ്: മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാവി ദേശീയ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, എന്താണിവിടെ സംഭവിക്കുന്നതെന്ന് കൃത്യമായി പഠിക്കുകയും അതിന് പ്രതിരോധമുയർത്തുകയും ചെയ്യുക എന്നുള്ളതാണ് സംഭവിക്കേണ്ടത്. ഇനി ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാലും ഏത് രംഗത്തുമുള്ള, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന എല്ലാത്തരം കേന്ദ്രീകരണവും ചെറുക്കപ്പെടണം.

logo
The Fourth
www.thefourthnews.in