പേവിഷബാധ: ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധ: ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം 20 മരണം; ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാള്‍ മരിക്കുന്നു
Updated on
4 min read

പേവിഷബാധയേറ്റ് സംസ്ഥാനത്ത് 20 പേര്‍ മരിച്ചിരിക്കുകയാണ്. ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരാള്‍ മരിക്കുന്നെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 - 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. മരിക്കുന്നതില്‍ പത്തില്‍ നാലുപേരും 15 വയസില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടും പ്രതിരോധകുത്തിവയ്പ് എടുക്കാത്തതാണ് ജീവഹാനിക്ക് കാരണമാകുന്നത്. 97 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് വൈറസ് ബാധിച്ച നായ്ക്കള്‍ കടിക്കുന്നതു മൂലമാണ്. പൂച്ച, മറ്റ് വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയിലൂടെയും വൈറസ് ബാധയേല്‍ക്കാം. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും ഉമിനീരുമാണ് വൈറസിന്റെ സംഭരണകേന്ദ്രങ്ങള്‍. പട്ടി കടിക്കുക, ഉമിനീര്‍ പുരണ്ട നഖം കൊണ്ട് മാന്തുക എന്നിവയിലൂടെ പേവിഷബാധയേല്‍ക്കാം. ശരീരത്തിലേറ്റ മുറിവുകള്‍, ചെറുപോറലുകള്‍ വായിലെയോ കണ്ണിലെയോ ശ്ലേഷ്മസ്തരങ്ങളില്‍ പട്ടിയുടെ ഉമിനീര്‍ പുരളുക എന്നിവ വഴി വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നു. പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ എന്നിവ മുറിവുകളില്‍ നക്കിയാലും വൈറസ് മനുഷ്യരില്‍ എത്തും.

പൂച്ചയുടെ ഉമിനീര്‍ ശ്രദ്ധിക്കുക

ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന ജീവിയാണ് പൂച്ച. അതിനാല്‍ പൂച്ചയുടെ കൈകളില്‍ എപ്പോഴും ഉമിനീര്‍ അംശമുണ്ടാകും. വൈറസ് ബാധിച്ചവയാണെങ്കില്‍ വൈറസ് സാന്നിധ്യവുമുണ്ടാവും. പേവിഷബാധയുള്ള പൂച്ച മാന്തുന്നതിലൂടെയും വൈറസെത്താം. മുറിവുകളില്‍ നിക്ഷേപിക്കപ്പെടുന്ന വൈറസിന് ശരീരത്തിനുള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കുന്നത് പേശികളിലേക്കു തുറക്കുന്ന നാഡീതന്തുക്കളാണ്. ഇവയിലൂടെ സഞ്ചരിച്ച് സുഷുമ്‌ന നാഡിയിലും ഒടുവില്‍ മസ്തിഷ്‌ക്കത്തിലും വൈറസെത്തുകയും പെരുകുകയും ചെയ്യും. അതോടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. കടിയേറ്റ ശരീരഭാഗവും സുഷുമ്‌നാനാഡിയും മസ്തിഷ്‌കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ഇടവേള വ്യത്യാസപ്പെടാം. വൈറസ് ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഒരാഴ്ച മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കാം. എന്നാലിത് ഒരു വര്‍ഷത്തിലധികം നീണ്ട സംഭവങ്ങളും അനവധി. തലഭാഗത്തോടു ചേര്‍ന്നോ, വിരലിലോ മുഖത്തോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ ലക്ഷണങ്ങള്‍ വളരെ വേഗം കണ്ടുതുടങ്ങും. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും ജീവന്റെ വിലയുണ്ട്.

പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവയ്പും

മൃഗങ്ങളില്‍ നിന്നു കടിയോ പോറലോ ഏല്‍ക്കുകയോ മുറിവില്‍ ഇവയുടെ ഉമിനീര്‍ പുരളുകയോ ചെയ്താല്‍ മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ടസ്ഥരത്തെ അലിയിപ്പിച്ച് വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനുണ്ട്. മുറിവില്‍ കൈ കൊണ്ട് സ്പര്‍ശിച്ചാല്‍ വിഷബാധ പകരാന്‍ കാരണമാകും. കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കുന്നത് നല്ലതാണ്. മണ്ണ്, ഉപ്പ്, മഞ്ഞള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കണം. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക എന്നിവ പ്രശ്‌നങ്ങളിലേക്കു നയിക്കില്ല. ഈ സാഹചര്യങ്ങളില്‍ പ്രതിരോധകുത്തിവയ്പുകള്‍ നല്‍കേണ്ടതില്ല. സ്പര്‍ശനമേറ്റ ശരീരഭാഗം സോപ്പുപയോഗിച്ചു നന്നായി കഴുകിയാല്‍ മതി. മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവ കാറ്റഗറി- 2 ല്‍ ഉള്‍പ്പെട്ട കേസുകളാണ്. ഇവിടെ പ്രതിരോധ കുത്തിവയ്പ്് വേണം. രക്തം പൊടിയുന്ന മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ അപകടസാധ്യതയേറിയ കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആന്റി റാബീസ് കുത്തിവയ്പിനോപ്പം, ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി നല്‍കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്കു കടിയേറ്റാലും വാക്‌സിന്‍ എടുക്കണം. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും പേവിഷബാധക്കെതിരെയുള്ള വാക്സിന്‍ എടുക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നൂറുശതമാനം മരണസാധ്യതയുള്ളതാണ് പേവിഷബാധ. വാക്‌സിനേഷന്‍ കാലയളവില്‍ മദ്യപാനം ഒഴിവാക്കണം.

വാക്‌സിന്‍ എടുത്തവര്‍ക്കും പേവിഷബാധയോ?

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാകാന്‍ സാധ്യതയില്ല. റാബീസ് പ്രതിരോധ കുത്തിവയ്പ് വൈറസിനെതിരേ നൂറ് ശതമാനം സുരക്ഷ നല്‍കുന്നതാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റ് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ വാക്‌സിന്റെ ഗുണനിലവാരക്കുറവ്, ശരിയായ താപനിലയില്‍ സൂക്ഷിക്കുന്നതില്‍ വന്ന വീഴ്ച, വാക്‌സിന്‍ നല്‍കിയ രീതിയില്‍ വന്ന അശാസ്ത്രീയത തുടങ്ങിയവ ഗൗരവത്തോടെ ആരോഗ്യവകുപ്പ് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ വീണ്ടും വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ല. മുറിവുകളുടെ പരിചരണം മതിയാകും. മൂന്നു മാസത്തിനു ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ വാക്‌സിന്‍ രണ്ട് തവണകളായി എടുക്കണം. മുറിവ് തീവ്രമായാലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട ചികിത്സാരേഖകള്‍ സൂക്ഷിച്ചുവയ്ക്കണം. ഭാവിയില്‍ വീണ്ടും കടിയേറ്റാല്‍ രണ്ട് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. മൃഗത്തിന്റ കടിയോ, മാന്തോ ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണം. വൈകിയെങ്കിലും വാക്‌സിന്‍ എടുക്കണം.

മുന്‍കൂര്‍ വാക്‌സിനേഷന്‍

പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാര്‍, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളുമായി ഇടപഴുകുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ റാബീസ് വൈറസുമായി സമ്പര്‍ക്കം ഉണ്ടാവാന്‍ ഇടയുള്ള ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ മുന്‍കൂറായി പേവിഷ പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നതും വര്‍ഷാവര്‍ഷം രക്തപരിശോധന നടത്തി സിറത്തില്‍ ആന്റിബോഡിയുടെ അളവ് നിര്‍ണയിച്ച ശേഷം ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതും ഉചിതമാണ്. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. അരുമകള്‍ക്ക് പേവിഷബാധ ഉള്ള മൃഗങ്ങളുമായി ഒരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രയാസമാണ്. വയനാട്ടില്‍ ഒരു വീട്ടിലെ വളര്‍ത്തുനായയ്ക്ക് പേവിഷബാധയേറ്റത് തോട്ടത്തില്‍ അതിക്രമിച്ച് കയറിയ കീരികളില്‍ ഒന്നിനെ ് കൊന്നതിലൂടെയായിരുന്നു. . കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിനു ശേഷം വാക്സിനെടുക്കാമെന്ന തീരുമാനം അപകടകരമാണ്. ലക്ഷണം കാണിച്ചു തുടങ്ങിയാല്‍ ദാരുണമായ മരണമല്ലാതെ മറ്റുവഴിയില്ലാത്ത രോഗമാണ് പേവിഷബാധ. അരുമകള്‍ കുഞ്ഞാണെങ്കിലുംകടിയോ മാന്തോ കിട്ടിയാല്‍ പ്രതിരോധകുത്തിവെയ്പ് എടുക്കണം. വീട്ടിലെ എലികളും മുയലുകളും റാബീസ് വൈറസ് വാഹകരല്ല. ഇവ കടിച്ചുണ്ടാവുന്ന മുറിവുകള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കാറില്ല. എന്നാല്‍ കീരി, വലിയ പെരുച്ചാഴി, അണ്ണാന്‍ എന്നിവയുടെ കടിയോ മാന്തോ ഏറ്റാല്‍ പ്രതിരോധകുത്തിവെയ്പ് എടുക്കണം. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാല്‍ കുടിച്ചെന്നു കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ ചൂടാക്കുമ്പോള്‍ നശിക്കും. 60 ഡിഗ്രി സെന്റീഗ്രേഡില്‍ ചൂടാക്കിയാല്‍ 30 സെക്കന്റിനുള്ളില്‍ വൈറസുകള്‍ നശിക്കും. പച്ചപ്പാലില്‍ നിന്നു പേവിഷ ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വായിലോ തൊണ്ടയിലോ ഉള്ള മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ ചെറിയ സാധ്യതയുള്ളതിനാല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കണം.

നായ്ക്കളെ നമ്മുടെ ശരീരത്തില്‍, പ്രത്യേകിച്ച് മുഖത്തും കൈകളിലും നക്കാനനുവദിക്കുക, അവയുമായി ഒരേ പാത്രത്തില്‍ ആഹാരം പങ്കിടുക, ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുകയാണ് അഭികാമ്യം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് എപ്പോള്‍ കുത്തിവയ്പ് നല്‍കണം

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കണം. വര്‍ഷാവര്‍ഷം കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. വാക്‌സിന്‍ നല്‍കിയ രേഖകള്‍ കൃത്യമായി സൂക്ഷിക്കണം. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ തെരുവ് നായ്ക്കളോടും മറ്റും ഇടപെടുന്നത് തടയണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം അഞ്ച് പ്രതിരോധകുത്തിവയ്പുകള്‍ നല്‍കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവെയ്പ്പുകള്‍ നല്‍കിയാല്‍ മതി. വളര്‍ത്തുമൃഗങ്ങള്‍ പ്രകോപനമില്ലാതെ കടിക്കുകയോ അക്രമാസക്തമാവുകയോ ചെയ്യുക, താടി ഭാഗത്തിന്റെയും നാവിന്റെയും തളര്‍ച്ച, വായില്‍ നിന്ന് നുരയും പതയും വരിക,കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിന്‍കാലുകള്‍ തളരുന്നത് മൂലം നടക്കുമ്പോള്‍ വീഴാന്‍ പോവുക, ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പേവിഷബാധയേറ്റതായി സംശയിക്കണം. ഉടനെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും വേണം. മാറ്റി പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെയോ വെറ്ററിനറി കോളേജുകളുടെയോ റാബീസ് രോഗനിര്‍ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം.

Coco

കുട്ടിക്കളിയല്ല പേവിഷബാധ

പേവിഷബാധയെ പറ്റി കുട്ടികളെ ബോധവത്കരിക്കണം. അരുമമൃഗങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളില്‍ നിന്നോ മാന്തോ കടിയോ ഏറ്റാല്‍ നിര്‍ബന്ധമായും വിവരം പറയണമെന്ന് അവരോട് പറയണം. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും എങ്ങനെ സംഭവിച്ചെന്ന് ചോദിച്ചറിയാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധപുലര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കണം. നായ്ക്കളെ പേടിപ്പിക്കുക, ദേഷ്യപ്പെടുത്തുക, നായ്ക്കള്‍ ഭക്ഷണം കഴിക്കുബോഴും ഉറങ്ങുമ്പോഴും കുഞ്ഞുങ്ങളുടെ സംരക്ഷിക്കുമ്പോഴും ശല്യപ്പെടുത്തുക ഇവയെല്ലാം കടിയേല്‍ക്കാനുള്ള സാധ്യത കൂട്ടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം.

logo
The Fourth
www.thefourthnews.in