മാതൃത്വമേറ്റെടുത്ത അച്ഛൻ
പെണ്‍ ഉടലില്‍ നിന്ന് ആണ്‍ ഉടലിലേക്കും ആണ്‍ ഉടലില്‍ നിന്ന് പെണ്‍ ഉടലിലേക്കുമുള്ള യാത്രയുടെ പാതി വഴിയില്‍ വച്ചാണ് ട്രാന്‍സ് പങ്കാളികളായ സഹദും സിയയും കണ്‍മണിയെ കിനാവ് കണ്ടത്. ഹോര്‍മോണ്‍ തെറാപ്പിയും ബ്രെസ്റ്റ് റിമൂവലും കഴിഞ്ഞിരിക്കെ അച്ഛനാകാനൊരുങ്ങിയ സഹദ് ഗര്‍ഭപാത്രം ഉപേക്ഷിക്കും മുന്‍പ് തന്റെ കുഞ്ഞിനായി മാതൃത്വം കൂടെ ഏറ്റെടുത്തു.
ട്രാന്‍സ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാത്തതിനാല്‍ പങ്കാളി സിയ പവലില്‍ നിന്നുള്ള ബീജം തന്നെയാണ് സഹദില്‍ നിക്ഷേപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് ട്രാന്‍സ് പങ്കാളികള്‍ കുഞ്ഞെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്നത്.
കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ലെങ്കിലും ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ശ്രമം. മലപ്പുറത്ത് നിന്നുള്ള സിയ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ സഹദുമായി ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വെച്ച് അടുത്തു. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റുമാണ്. ട്രാന്‍സ് പങ്കാളികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇതിനകം വൈറലായി കഴിഞ്ഞു.