ഫ്ലോട്ടില്‍ കാണുന്ന അത്ര മനോഹരമല്ല, കാർത്യായനി അമ്മയുടെ ജീവിതം

ഒരു തുണ്ട് ഭൂമിയോ സ്വന്തമായി വീടോ ഇല്ലാതെ കൊച്ചുമകള്‍ക്ക് കിട്ടിയ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കഴിയുകയാണ് കാര്‍ത്യായനിയമ്മ ഇന്ന്

റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കാട്ടാന്‍ കേരളം തിരഞ്ഞെടുത്തത് കാര്‍ത്യായനിയമ്മയെ ആയിരുന്നു. 96ാം വയസ്സില്‍ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുല്യതാപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മ. കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാരം കരസ്ഥമാക്കിയ കാര്‍ത്യായനിയമ്മയുടെ നിശ്ചല ദൃശ്യവുമായി നാരീശക്തി എന്ന ആശയത്തിലൂന്നിയ ഫ്ലോട്ടുമായാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിന് കേരളം എത്തിയത്.

കൊച്ചുമകള്‍ക്ക് കിട്ടിയ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കഴിയുകയാണ് കാര്‍ത്യായനിയമ്മ

ഒരു വശത്ത് കേരളത്തിന്റെ അഭിമാനമായി കാര്‍ത്യായനിയമ്മയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഒരു തുണ്ട് ഭൂമിയോ സ്വന്തമായി വീടോ ഇല്ലാതെ കൊച്ചുമകള്‍ക്ക് കിട്ടിയ ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കഴിയുകയാണ് കാര്‍ത്യായനിയമ്മ. മരിക്കുന്നതിന് മുമ്പ് നാല് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി നല്‍കണമെന്ന് കാര്‍ത്യായനിയമ്മ എല്ലാവരോടും അപേക്ഷിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഈ അപേക്ഷയുമായി എത്തിയെങ്കിലും ഇന്നേവരെ ആ ആവശ്യം മാത്രം പരിഗണിക്കപ്പെട്ടില്ല. ഒരു വശം തളര്‍ന്ന് കിടപ്പിലായ കാര്‍ത്യായനിയമ്മയ്ക്ക് ഇപ്പോള്‍ നൂറ് വയസ്സാണ്.

കൊച്ചുമകൾക്ക് ലക്ഷംവീട് കോളനിയിൽ കിട്ടിയ വീട്ടിലാണ് ഒരിക്കൽ സാക്ഷര കേരളത്തിന്റെ അഭിമാനമായി മാറിയ ഈ മുത്തശ്ശി താമസിക്കുന്നത്.വീട്ടുവാതിക്കൽ നിന്ന് നോക്കിയാൽ ആകെയുള്ള മുറിയിൽ നിരത്തി വച്ചിരിക്കുന്ന ഫ്രെയിം ചെയ്ത പുരസ്കാരങ്ങളുടെ വലിയ കൂട്ടം. ഫ്രെയിമുകൾക്കുള്ളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുo, മുഖ്യമന്ത്രി പിണറായി വിജയനും എല്ലാമുണ്ട്.

2017 ൽ സാക്ഷരതാ മിഷനിലൂടെ മൂന്നാം ക്ലാസ് പഠിച്ച 96 കാരി തുല്യതാ പരീക്ഷയിൽ സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയായി. അന്ന് മുതൽ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. 2019 ൽ കോമൺവെൽത്ത് ലേണിങ് ഗുഡ് വിൽ അംബാസിഡറായി. 2020 ൽ കേന്ദ്ര നാരീശക്തി പുരസ്കാരവും ലഭിച്ചു. ഏഴാം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് നാല് മാസം മുമ്പ് ഒരുവശം തളർന്ന് കിടപ്പിലായത്. 'നൂറാം വയസ്സിൽ പത്താം ക്ലാസിൽ ചേരണമെന്നായിരുന്നു അമ്മയ്ക്ക്' സാക്ഷരതാ മിഷൻ പ്രേരകും കാർത്യായനിയമ്മയുടെ അധ്യാപികയുമായ സതി പറയുന്നു.

എന്നാൽ ആ മോഹം നടന്നില്ല. അതിനേക്കാൾ വലിയൊരു സ്വപ്നം ഈ മുത്തശ്ശിക്കുണ്ട്. സ്വന്തമായി ഇത്തിരി ഭൂമിയും അതിലൊരു വീടും. എന്നാൽ പലതവണ അപേക്ഷിച്ചിട്ടും ലൈഫ് മിഷനിൽ അപേക്ഷ നൽകിയിട്ടും കാർത്യായനിയമ്മയോ മകൾ അമ്മിണിയോ പരിഗണിക്കപ്പെട്ടില്ല. അംഗീകാരങ്ങൾ നൽകി ആദരിച്ച സർക്കാരുകൾ സ്ഥലമോ വീടോ നൽകാതെ മാറി നിൽക്കുമ്പോൾ കിട്ടിയ പുരസ്കാരങ്ങള്‍ സുരക്ഷിതമായി വയ്ക്കാൻ ഒരു വീട് വേണമെന്ന ഈ മുത്തശ്ശിയുടെ സ്വപ്നം ഇനിയും ബാക്കിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in