പേവിഷബാധ കീരികളിലൂടെയും
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണുന്ന കീരികളും പേവിഷബാധ പടര്‍ത്താം. അപൂര്‍വ്വം ചില വന്യജീവി ഇനങ്ങളെ മാത്രമേ റാബീസ് വൈറസിന്റെ റിസര്‍വോയറുകള്‍ അഥവാ സംഭരണികളും സ്രോതസുകളുമായി കണക്കാക്കുന്നുള്ളൂ. വവ്വാലുകള്‍, റാക്കൂണുകള്‍, സ്‌കങ്കുകള്‍, കീരികള്‍ എന്നിവ റിസര്‍വോയറുകളാണ്. ഇവയില്‍ റാബിസ് വൈറസിന്റെ വ്യത്യസ്ത സ്ട്രെയിനുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) ഉള്‍പ്പെടെയുള്ള സംഘടകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കീരികളുടെ എണ്ണം കൂടുന്ന സാഹചര്യം ഗൗരവത്തോടെ പരിഗണിക്കണം. നാടന്‍ കീരികളില്‍ റാബീസ് വൈറസ് സാന്നിധ്യമുണ്ടോയെന്നും വൈറസിന്റെ സംഭരണികളാണോയെന്നും പഠിക്കണം. ഈയിടെ വയനാട്ടില്‍ വളര്‍ത്തുനായയ്ക്ക് പേവിഷബാധയേറ്റത് തോട്ടത്തില്‍ അതിക്രമിച്ച് കയറിയ കീരികളില്‍ ഒന്നിനെ കടിച്ചു കൊന്നതിലൂടെയായിരുന്നു. പേവിഷ വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ കയറിക്കൂടുന്ന വഴി ഇങ്ങനെ പലതാവാം. തെരുവുനായ്ക്കളെ പോലെ കീരികള്‍ പെരുകാനും അടിസ്ഥാന കാരണം അവയ്ക്കുള്ള ഭക്ഷണം നാം തന്നെ നിരത്തുകളിലെത്തിക്കുന്നു എന്നതാണ്. നിരത്തുകളില്‍ വലിച്ചെറിയുന്ന അറവുശാല അവശിഷ്ടങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും ഇവയുടെ അനിയന്ത്രിത വര്‍ധനവിന് കാരണമാണ്. അമേരിക്കയില്‍ വവ്വാലുകളാണ് പേവിഷബാധയ്ക്ക് കാരണമാകുന്നത്.
വവ്വാലുകള്‍, റാക്കൂണുകള്‍, സ്‌കങ്കുകള്‍, കീരികള്‍ എന്നിവ റാബീസ് വൈറസിന്റെ റിസോര്‍വോയറുകളാണ്. ഇവയില്‍ റാബിസ് വൈറസിന്റെ വ്യത്യസ്ത സ്ട്രെയിനുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) ഉള്‍പ്പെടെയുള്ള സംഘടകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാണാത്ത മുറിവുകള്‍
പേബാധിച്ച മൃഗങ്ങളില്‍ നിന്നു വളര്‍ത്തു മൃഗങ്ങളുടെ കഴുത്തിന് മുകളിലാണ് പലപ്പോഴും കടിയേല്‍ക്കുന്നത്. നായ്ക്കളില്‍ നിന്നോ പൂച്ചകളില്‍ നിന്നോ മാത്രമല്ല, കുറുക്കന്‍മാരിലും കീരികളിലും നിന്നുമൊക്കെ കടിയേല്‍ക്കാം. പേവിഷബാധയുള്ള മൃഗത്തിന്റെ പല്ലുകൊണ്ടുള്ള ഒരു കുഞ്ഞുപോറലായാലും മതി. വളര്‍ത്തുമൃഗങ്ങളുടെ രോമകൂപങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന അത്തരം ചെറുമുറിവും പോറലും പലപ്പോഴും അവയെ വളര്‍ത്തുന്നവരുടെ ശ്രദ്ധയില്‍പെടാറുമില്ല. റാബീസ് വൈറസിന് ശരീരത്തിനുള്ളില്‍ കയറി പെരുകാന്‍ അത്തരം കുഞ്ഞുമുറിവുകള്‍ മാത്രം മതി. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ് രോഗലക്ഷണം പ്രകടമാവാന്‍ പശുക്കളിലും, ആടുകളിലും രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ചവരെയെടുക്കും.അപ്പോഴേക്കും മുറിവ് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഉണങ്ങിയിട്ടുമുണ്ടാവും. എന്നാല്‍ വൈറസാവട്ടെ ഈ സമയത്ത് നാഡികളിലൂടെ മസ്തിഷ്‌കത്തിലെത്തി പതിന്മടങ്ങ് പെരുകിയിട്ടുമുണ്ടാകും.
റാബീസ് വൈറസിന് ശരീരത്തിനുള്ളില്‍ കയറി പെരുകാന്‍ കുഞ്ഞുമുറിവുകള്‍ മാത്രം മതി. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ് രോഗലക്ഷണം പ്രകടമാവാന്‍ പശുക്കളിലും, ആടുകളിലും രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ചവരെയെടുക്കും.
ഏത് സസ്തനിയും രോഗബാധിരാവാം
ഉഷ്ണരക്തമുള്ള ഏത് സസ്തനിയെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. എന്നാല്‍ വൈറസുകളെ ശരീരത്തില്‍ ദീര്‍ഘകാലം വഹിക്കാനോ മറ്റുള്ളവയിലേയ്ക്ക് നിരന്തരം പടര്‍ത്താനോ സസ്തനികള്‍ക്ക് കഴിയില്ല. പേവിഷ വൈറസ് നായ്ക്കളുടെയും പൂച്ചകളുടെയും ശരീരത്തിലെത്തി ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് അഞ്ചുദിവസങ്ങള്‍ക്ക് മുമ്പേ മാത്രമാണ് അവയുടെ ഉമിനീരില്‍ വൈറസ് സാന്നിധ്യമുണ്ടാവുക. അതല്ലാതെ കടിയേറ്റതിനും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും ഇടയിലുള്ള ഏതാനും ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീളാവുന്ന കാലയളവായ ഇന്‍കുബേഷന്‍ പീരിയഡില്‍ അവയുടെ ഉമിനീരില്‍ വൈറസ് സാന്നിധ്യമുണ്ടാവില്ല. അതിനാല്‍ ഈ കാലയളവില്‍ കടിയേറ്റ മൃഗം കടിച്ചാല്‍ പേവിഷബാധ ഉണ്ടാകില്ല. പൂച്ചകളിലും നായ്ക്കളിലും കന്നുകാലികള്‍ ഉള്‍പ്പെടെ മറ്റ് വളര്‍ത്തുമൃഗങ്ങളിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ പരാമാവധി അഞ്ച് - ഏഴ് ദിവസത്തിനകം മരണവും സംഭവിക്കും. ഇങ്ങനെയല്ലാതെ വൈറസിന്റെ നിത്യവാഹകരോ, സംഭരണികള്‍ അഥവാ റിസര്‍വോയറുകളോ ആകാന്‍ ഇവയ്ക്കാവില്ല. രോഗബാധയേറ്റവയുടെ ഉമിനീരില്‍ മാത്രമാണ് വൈറസ് സാന്നിധ്യമുണ്ടാവുക. ചാകുന്നതിനു മുന്‍പ് പേ പിടിച്ച നായ മറ്റൊരു ജീവിയെ കടിച്ചാല്‍ മാത്രമേ വൈറസിന് മറ്റൊന്നിലേയ്ക്ക് പകരാനാവൂ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പേ പിടിച്ച നായയുടെ മരണത്തോടെ വൈറസിന്റെ വ്യാപനചക്രവും നിലയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.