മലയാളികളുടെ ഭാവുകത്വത്തെ മാറ്റി മറിച്ച പത്തു നോവലുകൾ
കാലത്തെ രേഖപ്പെടുത്തുന്ന സാഹിത്യാഖ്യാനങ്ങൾ എങ്ങനെയാണ് വായിക്കപ്പെടുക എന്നതിന് സുനിശ്ചിതമായ വ്യവസ്ഥകളില്ല. ഇന്ദുലേഖയിൽ ആരംഭിച്ച മലയാള നോവൽ ശാഖയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് സംവേദനത്തിലും ഭാവുകത്വത്തിലും സംഭവിച്ച വിച്ഛേദവും വ്യതിയാനവും പുരോഗമനവും പരിശോധിക്കുക എളുപ്പമല്ല. കണിശമായ രീതിശാസ്ത്രത്തിന്റെ തോതുകളോ നോട്ടങ്ങളോ ഇത്തരമൊരു വർഗ്ഗീകരണത്തിനു സഹായകമാകുമോ എന്നും തീർച്ചപ്പെടുത്താനാവില്ല. സർഗാത്മക സാഹിത്യരൂപം ആകുമ്പോഴും സാമൂഹിക-രാഷ്ട്രീയ -ലിംഗപരമായ ഊന്നലുകളും ആഴങ്ങളും ഫിക്ഷനുകളുടെ കാതലാവുന്നത് സൂക്ഷ്മതയോടെ കാണണം.
മലയാളസാഹിത്യത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില നോവലുകൾ സൃഷ്ടിച്ച ഭാവുകത്വമാറ്റത്തെയോ പൊതുവെയുള്ള ഉണർവിനെയോ സൂചിപ്പിക്കുക എന്നതു വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പ് കൂടിയാവും. പഴുതുകൾ അടച്ചുകൊണ്ടുള്ള പട്ടിക തയ്യാറാക്കാനോ സാർവജനീനമായ മാനദണ്ഡങ്ങൾ മെനയാനോ ഇത്തരമൊരു ഘട്ടത്തിൽ സാധ്യമാണോ എന്ന ചോദ്യവും ഉയരാം. തെരഞ്ഞെടുപ്പിന്റെ നിദാനം അയവുള്ളതാവുകയും പുസ്തകങ്ങളുടെ എണ്ണത്തിൽ ഗണിതയുക്തിക്ക് സ്ഥാനമില്ലാതാവുകയും ചെയ്യുമെന്നതും സാമാന്യേന അംഗീകരിക്കപ്പെട്ടതാണ്. ഇത്തരത്തിലുള്ള 'ചട്ട'ങ്ങൾ നിലനിൽക്കുമ്പോഴും ചില പ്രാതിനിധ്യങ്ങളെ പറയാതിരിക്കാൻ കഴിയില്ല
മാർത്താണ്ഡവർമ്മ
സി വി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ ഇന്ദുലേഖയ്ക്ക് മുൻപേ എഴുതപ്പെട്ടതാണെങ്കിലും പ്രസിദ്ധീകൃതമായത് 1891ലാണ്. ഇംഗ്ലീഷ് മട്ടിലെഴുതിയ നോവൽരൂപമായ ഇന്ദുലേഖയിൽ നിന്ന് മാർത്താണ്ഡവർമ്മയിൽ എത്തുമ്പോൾ കഥാഘടനയ്ക്കും കഥാപാത്രങ്ങൾക്കും മിഴിവും ക്രമവും ലഭിക്കുന്നതായി കാണാം. മലയാളത്തിലെ ആദ്യകാലത്തെ ചരിത്രാഖ്യായിക എന്ന നിലയിൽ മാർത്താണ്ഡവർമ്മ, അന്നത്തെ ഗദ്യസാഹിത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ചരിത്രവും ആഖ്യാനവും തമ്മിലുള്ള വിനിമയത്തെ ഉറപ്പിച്ചു. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും തിരുവിതാംകൂറിലെ ഭാഷയും അവതരിപ്പിക്കുമ്പോഴും ചരിത്രത്തെ ഫിക്ഷനലൈസ് ചെയ്യാനുള്ള അഭിവാഞ്ഛ നോവലിസ്റ്റ് പ്രകടമാക്കി എന്നത് ശ്രദ്ധേയമാണ്. രാജ്യസ്നേഹവും രാജ്യദ്രോഹവും ആധാരമാക്കിയാണ് സി വി രാമൻപിള്ളയുടെ ബൃഹദാഖ്യായിക. ചരിത്രത്തിൽ ഇടം ലഭിച്ചവരും അല്ലാത്തവരുമായവരുടെ സംഘർഷങ്ങളെ അദ്ദേഹം സംബോധന ചെയ്യുന്നു. കരുത്തുള്ള പുരുഷ-സ്ത്രീകഥാപാത്രങ്ങൾ ആഖ്യാനത്തിന് കാമ്പേകുന്നുണ്ട്. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരുമായുള്ള കലഹങ്ങളും കലാപങ്ങളും വിവരിക്കുന്ന നോവലിൽ അനന്തപത്മനാഭൻ പടത്തലവന്റെയും പാറുക്കുട്ടിയുടെയും പ്രണയവും ശോഭയോടെ അവതരിപ്പിക്കുന്നു. മലയാളത്തിലെ നോവൽ രൂപത്തെ ആർജവമുള്ള മാതൃകയാക്കുന്നതിൽ ഈ ആഖ്യാനം വഹിച്ച പങ്ക് പ്രശംസാര്‍ഹമാണ്.
ശബ്ദങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയിലും തർജ്ജമകൾ അടക്കമുള്ള നോവലുകൾ മലയാളത്തിലുണ്ടായി. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ 'അക്ബർ', നാലപ്പാട്ട് നാരായണമേനോന്റെ ' പാവങ്ങൾ' എന്നിവയൊക്കെ പ്രശസ്തമായ പരിഭാഷകളാണ്. പരിഭാഷകൾക്ക് പുറമെ നോവലുകളും അവയുടേതായ ഇടം കണ്ടെത്താൻ ആരംഭിച്ചു. 1947ൽ പുറത്തിറങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ശബ്ദങ്ങൾ' ഒരുപാട് വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ കൃതിയാണ്. ഒരുപക്ഷെ മലയാളിയുടെ 'സദാചാര' സംവേദനത്തിന് എതിരെ പതിച്ച ആഘാതമായിരുന്നു 'ശബ്ദങ്ങൾ'. തീരെ ചെറിയ ഈ കൃതിയെ നോവലായി അവതാരിക എഴുതിയ കേസരി ബാലകൃഷ്ണപിള്ള പരിഗണിച്ചിരുന്നില്ല. അന്ന് നിലനിന്നിരുന്ന ആഭിജാത്യങ്ങളെയും സദാചാരസീമകളെയും കടുത്ത പ്രതിരോധത്തിലാക്കിയ 'ശബ്ദങ്ങൾ' ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിനും ഞെട്ടലുണ്ടാക്കാൻ പര്യാപ്തമാണ്. യുദ്ധത്തിന്റെയും അരാജകത്വത്തിന്റെയും വേശ്യാവൃത്തിയുടെയും വഴികളിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്. വഴിയിൽ നിന്ന് ഒരു വൈദികൻ എടുത്തു വളർത്തിയ ആഖ്യാതാവ് പിന്നീട് പട്ടാളത്തിൽ ചേരുകയാണ്. പിന്നീട് സ്വവർഗസംഭോഗം വഴി അയാൾക്ക് രോഗം പിടിപെടുന്നു. അയാൾ കടന്നു പോയ ചില തീക്ഷ്ണമുഹൂർത്തങ്ങൾ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. പുരുഷവേശ്യയുമായുള്ള സമ്പർക്കം, സ്വവർഗസംഭോഗം, വേശ്യയുമായുള്ള വിലപേശൽ എന്നിങ്ങനെ സദാചാരനോട്ടത്തിലെ 'ഇരുണ്ട' കാഴ്ചകൾ മലയാളിയുടെ സംവേദനത്തിനു ദഹിക്കാത്ത ശീലങ്ങളാണ്.
സുന്ദരികളും സുന്ദരന്മാരും
‘സുന്ദരികളും സുന്ദരന്മാരും’ (1958) എന്ന ഇതിഹാസസദൃശമായ നോവലിലൂടെ മനുഷ്യരും സമൂഹവുമായുള്ള വിനിമയങ്ങളുടെ അച്ചുതണ്ടിൽ കറങ്ങി ഉറൂബ് എന്ന എഴുത്തുകാരൻ യാത്ര ചെയ്യുന്നു. സാമൂഹികാനാചാരങ്ങളും സ്ത്രീപക്ഷ സമീപനങ്ങളും ജീവിതത്തിന്റെ നശ്വരതയും സ്നേഹനിരാസങ്ങളുടെ പരാമർശങ്ങളും പൊരുത്തങ്ങളുടെ തെളിവുകളും ദർശനങ്ങളുടെ ആഴവും ഓർമ്മപ്പെടുത്തി കൊണ്ട് ഈ ആഖ്യാനം ഭാവുകത്വത്തെ മുന്നോട്ടു നയിച്ചു. സുന്ദരികളും സുന്ദരന്മാരും ഉറൂബ് 'വലിയ കഥയായി' കണക്കാക്കി എഴുതിയതാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം , മാപ്പിളലഹള, ജന്മിത്വവ്യവസ്ഥ, രണ്ടാം ലോകയുദ്ധം, സങ്കീർണമായ മനുഷ്യബന്ധങ്ങൾ എന്നീ അംശങ്ങളിലൂടെ വികസിക്കുന്നതാണ് നോവലിന്റെ ഘടന. കഥാപാത്രങ്ങളുടെ വ്യക്തിപരമായ ചിന്തകൾ രൂപപ്പെടുന്നതിനോടൊപ്പം വ്യക്തമായ രാഷ്ട്രീയ അടിയൊഴുക്കുകളും അവരുടെ നീക്കിയിരുപ്പായി പരിണമിക്കുന്ന ദൃശ്യമാണ് നോവലിന് അവതരിപ്പിക്കാനുള്ളത്. പ്രശ്നഭരിതമായ അവസ്ഥകളെയും രാഷ്ട്രീയ ചിന്തകളെയും മാനുഷികമൂല്യങ്ങളെയും സാഹിത്യത്തിനു യോജിച്ച അച്ചിലേക്ക് രൂപപ്പെടുത്തിയെടുത്തുന്നതിൽ ആഖ്യാനത്തിന്റെ സിദ്ധി നോവലിനെ സവിശേഷമാക്കുന്നു.
ഖസാക്കിന്റെ ഇതിഹാസം
സായംസന്ധ്യകൾ വിഷാദാത്മകമായി പ്രതിനിധീകരിക്കുന്ന വായനയുടെ ഒരു കാലത്തെയാണ് ഖസാക്കിന്റെ ഇതിഹാസം(1969) സർഗ്ഗാത്മകമാക്കുന്നത്. രവി ഒടുവിൽ "മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ പുനർജ്ജനിയുടെ കൂട് വിട്ടു" യാത്രയാവുകയാണ്. മലയാളസാഹിത്യത്തിലെ ജ്വലിക്കുന്ന അനുഭവമായ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ ആവർത്തിച്ചുള്ള വായന അനുഭവിപ്പിക്കുന്നത് പുതിയ അന്വേഷണവഴികളെയാണ്. നടപ്പു നോവൽരൂപത്തിന്റെ ശില്പഭദ്രമായ അടരുകളെ വ്യക്തതയോടെയും വെളിച്ചത്തോടെയും മറ്റൊരു ദിശയിലേക്ക് നയിക്കുന്നുവെന്നത് ആ കൃതിയുടെ മഹത്വത്തെയാണ് സ്ഥാപിക്കുന്നത്. കാണാൻ കഴിയാത്ത ഒരുപാട് മാർഗങ്ങളുള്ള ഒരു കോട്ടയായി ഖസാക്കിന്റെ ഇതിഹാസത്തെ കരുതുന്നതിൽ തെറ്റില്ല. ഓരോ വായനയിലും ഭാവുകത്വത്തിന്റെ ഓരോ പാത തുറന്നു വരുകയാണ്. പ്രാദേശികഭാഷ നിറഞ്ഞ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ രൂപപ്പെടുന്ന സൗന്ദര്യദർശനവും ആശയങ്ങളും അതുവരെയുള്ള മലയാളനോവൽ വായനയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.
ആൾക്കൂട്ടം
1970ൽ പ്രസിദ്ധീകരിച്ച ആനന്ദിന്റെ 'ആൾക്കൂട്ടം' സൃഷ്ടിച്ച ഭാവുകത്വവിച്ഛേദം മലയാള നോവലിന്റെ പശ്ചാത്തലത്തെ മറ്റൊരു ലോകത്തേക്ക് പറിച്ചുനട്ടു. ആഭ്യന്തരപലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ചുറ്റുപാടിൽ ഇന്ത്യയിലെ തന്നെ ശക്തമായ രചനകളിലൊന്നായ 'ആൾക്കൂട്ടം' സമൂഹത്തിന്റെ അങ്കലാപ്പുകൾക്ക് പ്രാധാന്യം കൊടുത്തു. വ്യക്തികളും കഥാപാത്രങ്ങളും സമൂഹത്തിന്റെ പ്രതിനിധികളായി മാറിക്കൊണ്ട്, സംഘർഷാത്മകമായ സാമൂഹിക പ്രശ്നങ്ങൾക്കാണ് നോവലിൽ ഊന്നൽ കൊടുക്കുന്നത്. ആൾക്കൂട്ടത്തിന്റെ ബഹുലതയിൽ വ്യക്തികൾക്ക് തനതായ പ്രാധാന്യമില്ലാതാവുന്നതിന്റെ കാഴ്ചപ്പാട് ഈ നോവലിൽ സൂചിപ്പിക്കുന്നു. വലിയ തിരക്കുള്ള തെരുവുകളിലും വാഹനങ്ങളിലും വേദികളിലും മറ്റുള്ളവരുടെ സൂക്ഷ്മനോട്ടത്തിലും ഒളിച്ചുനോട്ടത്തിലും ദുർബലരാവുന്ന മനുഷ്യരുടെ വിഹ്വലതകളെ പറ്റി ദീർഘമായി ഉപന്യസിച്ച ഏലിയാസ് കാനെറ്റിയെ ഇവിടെ പരാമർശിക്കണം. ഒറ്റയ്ക്കാവുമ്പോൾ ഉത്കണ്ഠപ്പെടുകയും ആൾക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ സങ്കോചത്തിന്റെ ചമയങ്ങൾ അഴിച്ചുവെച്ചുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതമാണ് 'ആൾക്കൂട്ടവും അധികാരവും' എന്ന കൃതിയിൽ അദ്ദേഹം വിവരിച്ചത്. അതേ ആൾക്കൂട്ടത്തിന്റെ മാനസികനിലയാണ് വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന ജനസഞ്ചയത്തിൽ കാണപ്പെടുന്നത്. ബോംബെ പോലൊരു മഹാനഗരത്തിൽ കുടിയേറുന്നവരുടെ, സ്വന്തം മണ്ണിന്റെ വേരുകളെ സ്വയം അറുത്തെടുത്തുകൊണ്ട് ഭാവി ആസൂത്രണം ചെയ്യാനായി വിശാലലോകത്തിന്റെ ആൾക്കൂട്ടത്തിൽ സ്വയം ഇല്ലാതായവരുടെ സന്ദിഗ്ദ്ധമായ ജീവിതമാണ് 'ആൾക്കൂട്ടം’. അന്യോന്യം ബന്ധമില്ലാത്ത മനുഷ്യരെ പ്രവാസത്തിന്റെ വേരുകൾ അഗാധമായി അടുപ്പിക്കുന്ന രംഗമാണ് നോവലിൽ ദൃശ്യമാവുന്നത്.
അഗ്നിസാക്ഷി
സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും ഇച്ഛകൾക്കും സാമൂഹികസേവനത്തിനും ചങ്ങലയിടുന്ന കുടുംബത്തിന്റെ പരമ്പരാഗതമായ ആചാരങ്ങളെ വലിച്ചുപൊട്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ലളിതാംബിക അന്തർജ്ജനം 'അഗ്നിസാക്ഷി'യിൽ ഉറക്കെ പ്രഖ്യാപിക്കുന്നത്. ബ്രാഹ്മണസമുദായത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന യാഥാസ്ഥിതികത്വവും അടിമത്തവും ഉച്ചാടനം ചെയേണ്ടതുണ്ട് എന്ന് കരുത്തോടെ പറയുന്ന അഗ്നിസാക്ഷി നവോത്ഥാനമൂല്യങ്ങളുടെ പ്രാമാണ്യത്തിനു മുൻഗണന നൽകുന്ന ചുറ്റുവട്ടത്താണ് രൂപം കൊള്ളുന്നത്. വീടകത്ത് അടച്ചിടുന്ന ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന തേതിക്കുട്ടി എന്ന ദേവകി മാനമ്പള്ളിയുടെ കഥയാണിത്. ലളിതാംബിക അന്തർജനത്തിന്റെ ഏക നോവലായ 'അഗ്നിസാക്ഷി' പുറത്തിറങ്ങിയിട്ട് നാല്പത്തഞ്ചു വർഷം കഴിഞ്ഞു. എങ്കിലും സ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മുൻനിർത്തി അത് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളുടെ പ്രസക്തി ഒരൽപം പോലും കുറയുന്നില്ല എന്നിടത്താണ് നോവൽ എന്ന നിലയിൽ 1976ൽ പുറത്തുവന്ന 'അഗ്നിസാക്ഷി'യുടെ ഗാംഭീര്യം.
മയ്യഴിപ്പുഴയുടെ തീരങ്ങൾ
ദേശം എന്ന നിയതമായ ഘടനയെ ചുറ്റിപ്പറ്റിയുള്ള നോവലുകൾ സുലഭമാണ്. എങ്കിലും കഥപറച്ചിലിന്റെ കരുത്ത് കൊണ്ട് നിയതമായ അതിരുകളുള്ള ദേശം ഉരുവം കൊള്ളിക്കുന്ന ഭാവുകത്വം സ്‌പഷ്‌ടമായി അനുഭവപ്പെടാറുണ്ട്. സുതാര്യമെന്നു തോന്നുന്ന ഈ മായക്കാഴ്ച്ച പുതിയ ദിശാബോധത്തിനും സാമൂഹികമായ അനുഭവപ്പെടലിനും ഇടയാക്കുന്നു. മാഹി എന്ന ഫ്രഞ്ച് അധീനതയിലുള്ള പ്രദേശത്തിന്റെ കഥ പറയുന്ന എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' കഥപറച്ചിലിന്റെ ശക്തിയിലും ഫിക്ഷനാലിറ്റിയുടെ പ്രാഭവത്തിലും അതിശയിപ്പിച്ച കൃതിയാണ്. ഫ്രഞ്ച് സർക്കാരിന്റെ ഭരണവും അധിനിവേശവും മയ്യഴിക്കാരുടെ ജീവിതവുമെല്ലാം ചേർന്ന നോവൽ, ഫ്രഞ്ച് ഭരണകൂടം വാഗ്ദാനം ചെയ്ത ജോലി ഉപേക്ഷിച്ചു കൊണ്ട് നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദാസനെ പോലുള്ളവരുടെ കഥയാണ്. തീവ്രമായ രാഷ്ട്രീയ-ദേശീയ വികാരങ്ങൾ മുറുകെപ്പിടിക്കുമ്പോഴും ചന്ദ്രികയുമായുള്ള പ്രണയത്തെ ഹൃദയത്തിൽ ചേർത്തുപിടിക്കുന്ന ദാസൻ അക്കാലത്തെ മലയാളി യുവതയുടെ സ്വത്വബോധത്തെ ജ്വലിപ്പിച്ചു. 1974 ലാണ് ഈ നോവൽ ആദ്യമായി വായനക്കാരിലെത്തിയത്.
കൊച്ചരേത്തി
മുഖ്യധാരയിൽ നിന്ന് ഏറെ അകന്ന് കഴിയുന്ന ആദിവാസികളുടെ ചെറുത്തുനില്പുകളും ഏറ്റുമുട്ടലുകളും മലയാളസാഹിത്യത്തിന് പരിചിതമായിരുന്നില്ല. മലയരയ സമുദായത്തിന്റെ ജീവിതം വിവരിക്കുന്ന നാരായന്റെ 'കൊച്ചരേത്തി'യിലൂടെ സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുടെ പ്രതിസന്ധികളാണ് അനാവൃതമായത്. 1998ൽ പ്രസിദ്ധീകരിച്ച നോവലിൽ വന്യജീവികളെക്കാളും മനുഷ്യരുമായി മല്ലിടേണ്ടി വരുന്നവരുടെ ജീവിതമാണ് നാരായൻ ആവിഷ്കരിച്ചത്. നവോത്ഥാനത്തിനു മുൻപുള്ള കാലയളവിലെ ജീവിതപരിസരങ്ങളാണ് മലയരയരുടേത്. ജാതിയിലെ ആചാരങ്ങൾ മുറപോലെ അനുഷ്ഠിക്കുന്ന ഗോത്രവർഗം കടന്ന് പോകുന്ന കഷ്ടതകളുടെ നേർചിത്രീകരണമാണ് ഈ നോവൽ. അറുപതോളം വർഷത്തെ അവരുടെ ജീവിതമണ്ഡലത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. കാലങ്ങളായി പിന്തുടർന്നു പോന്ന ശീലങ്ങളിൽ നിന്നുള്ള മാറ്റത്തിനു വിദ്യാഭ്യാസത്തിലൂടെ തുടക്കം കുറിക്കുന്നതിന്റെ സന്ദർഭം നോവലിൽ വ്യക്തമാക്കുന്നുണ്ട്.
ആലാഹയുടെ പെണ്മക്കൾ
സാറാ ജോസഫിന്റെ ‘ആലാഹയുടെ പെണ്മക്കൾ’ മറ്റൊരു വഴിമാറി നടത്തമായിരുന്നു. കോക്കാഞ്ചിറ എന്ന ശ്മശാന ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ലോകമാണ് ‘ആലാഹയുടെ പെണ്മക്കൾ’(1999) പറയുന്നത്. ഭൂതപ്രേതങ്ങളുടെ വിഹാരഭൂമിയിൽ ജീവിതം കരുപിടിപ്പിക്കേണ്ടി വരുന്ന ആനിയും അമ്മാമയും സാക്ഷാത്കരിക്കുന്നത് തനത് ഭാഷയും സംസ്കാരവും കൊണ്ട് വ്യവഹാരമണ്ഡലം തീർക്കുന്നതിന്റെ ആഖ്യാനം കൂടിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ ഇറങ്ങിയ ഈ നോവലിൽ കോക്കാഞ്ചിറ എന്ന തോട്ടികളുടെയും ഭൂതപ്രേതാദികളുടെയും ഗ്രാമം നഗരവൽക്കരണത്തിന്റെയും വിപണിയുടെ ചലനാത്മകതയുടെയും പരിണതഫലമായി 'വികസിക്കുന്ന’തായി ചിത്രീകരിക്കുന്നു. അവിടത്തെ ഭാഷ പ്രാകൃതമെന്നു പുറത്തുനിന്നുവന്നവർ മുദ്രകുത്തുന്നുണ്ട്. വന്യവും പ്രകൃതവും പ്രാചീനവുമായ ഒരു ഭൂമികയെ നാഗരികതയും വ്യാപാരവ്യവഹാരങ്ങളും ചേർന്ന് മാറ്റിമറിക്കുന്നതിന്റെ വായനയായും 'ആലാഹയുടെ പെണ്മക്കളെ' നോക്കിക്കാണാം. പുരുഷന്റെ ലോകത്തെ തച്ചുടയ്ക്കുന്ന സമീപനമാണ് ആഖ്യാനത്തിൽ പുലർത്തിയിട്ടുള്ളത് എന്നതിൽ തർക്കമില്ല. കോക്കാഞ്ചിറയുടെ ചരിത്രത്തെ ഫിക്ഷൻ എന്നത് പോലെ കേൾക്കുന്ന ആനിയിലൂടെ ചരിത്രവും പുരാവൃത്തവും തമ്മിലുള്ള ഇഴകൾ പരിശോധിക്കപ്പെടുകയാണ്.
ആരാച്ചാർ
ആരാച്ചാരാവാൻ നിയോഗിക്കപ്പെട്ട ചേതനാ മല്ലിക്കിലൂടെ നീതി വധശിക്ഷയിലൂടെ നടപ്പിലാക്കുന്നതാണ് ശരി എന്ന് വിശ്വസിച്ച ആരാച്ചാർ കുടുംബത്തിന്റെ അന്ത:സംഘർഷങ്ങൾ കെ ആർ മീര 'ആരാച്ചാർ' എന്ന നോവലിൽ വിവരിക്കുന്നു. പതിമൂന്നുകാരിയുടെ മരണത്തിനു ഉത്തരവാദിയായ പ്രതിയെയാണ് ചേതനാ മല്ലിക്കിന് വധശിക്ഷയ്ക്ക് വിധേയമാക്കേണ്ടത്. നിർണായകമായ ഈ ശിക്ഷ നടപ്പിലാക്കാൻ ഒരു വനിത തയ്യാറാകുന്നത് മാധ്യമങ്ങളുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുരുഷാധിപത്യസമൂഹത്തിന് പ്രതികൂലമായി പൊരുതുന്ന സ്ത്രീയുടെ മാതൃകയാണ് ചേതനാ. സമൂഹവും മാധ്യമങ്ങളും വിപണനസാധ്യത മൂലം മാധ്യമങ്ങൾ അവർക്ക് കൊടുക്കുന്ന പരിഗണനയും വാർത്തകൾ സൃഷ്ടിക്കാനായി യത്നിക്കുന്ന ദൃശ്യ-ശ്രാവ്യ രംഗത്തെ മാധ്യമങ്ങളുടെ അവസ്ഥയും നീതിയും നിയമവും കൈകാര്യം ചെയ്യപ്പെടുന്ന വിധവും സ്ത്രീ ആരാച്ചാരുടെ മൂല്യവും ഒക്കെ ഈ നോവലില്ന്റെ അടിപ്പടവുകളാണ്. പാൻ ഇന്ത്യൻ പശ്ചാത്തലത്തിൽ നിലയുറപ്പിച്ചുകൊണ്ട്, സ്ത്രീയുടെ നിലപാടുകളെ ഉയർത്തിക്കാട്ടിയ ഈ നോവൽ 2012ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നീതിനിഷേധത്തിന്റെ ഉൾക്കഥകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന 'ആരാച്ചാരു'ടെ കാലികപ്രസക്തി കാണാതിരിക്കാൻ കഴിയില്ല. നീതിനിഷേധവും മാധ്യമങ്ങളുടെ ഇടപെടലും സ്ത്രീയുടെ കരുത്തും കാഴ്ചപ്പാടും തെളിയുന്ന നോവൽ സമകാലികതയുടെ കൃത്യമായ അടയാളപ്പെടുത്തലാവുന്നതോടെ ഭാവുകത്വത്തെ സ്പർശിക്കുന്ന ആഖ്യാനമാവുകയാണ്.
ഇവിടെ ചില കൃതികളെ കൂടി പരാമർശിക്കേണ്ടതുണ്ട് 'ആധുനികത' മലയാള സാഹിത്യത്തിന് അതിരുകൾ നിർവചിച്ചപ്പോൾ അതിൽ നിന്നുള്ള പരീക്ഷണാത്മകമായ കുതറിമാറൽ ആയിരുന്നു എം ഗോവിന്ദന്റെ സർപ്പം എന്ന നോവൽ. ( രണ്ടായിരത്തിനാലിൽ ഡി സി ബുക്സിന്റെ നോവൽ കാർണിവലിൽ ‘സർപ്പം’ ഒരു നോവലായിരുന്നു). വിദേശശൈലിയിൽ ഊന്നിയ, പ്രാദേശികമായ വേരുകളില്ലാത്ത ആധുനികതയുടെ ലക്ഷണങ്ങളെ നിരാകരിച്ച സ്വഭാവം പ്രകടിപ്പിക്കുന്ന നോവലായ 'സർപ്പം' 1968ലാണ് പ്രസിദ്ധികരിച്ചത്. നോവൽവായനയുടെ ക്രമബദ്ധമായ രീതികളെ തകർത്ത മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം' 1970ൽ പുറത്തിറങ്ങി. കഥപറച്ചിലിന്റെ പുതിയ മാനങ്ങൾ തേടിയ എസ് കെ പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യും(1971) പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകളും'(1977) കോവിലന്റെ 'തോറ്റങ്ങളും'(1970) സി വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക’വും(1984) ഒക്കെ സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല. 'അഗ്നിസാക്ഷി'യുടെ ഏതാണ്ട് അതേ കാലഘട്ടത്തിലാണ് സേതുവിന്റെ 'പാണ്ഡവപുരവും' പ്രസിദ്ധീകൃതമായത്(1979) എന്ന് സൂചിപ്പിക്കുന്നതിൽ യുക്തിയുണ്ട്. പൊതുസമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതവീക്ഷണങ്ങളെ എതിർത്തു കൊണ്ടുള്ള സ്ത്രീയുടെ മറുപടിയാണ് 'പാണ്ഡവപുര'ത്തെ പ്രസക്‌തമാക്കുന്നത്.
ഭാവുകത്വത്തിനു കാര്യമായ ഉറവും ഉടവും സൃഷ്ടിച്ച മലയാളത്തിലെ ചില നോവലുകളെയാണ് ഇവിടെ സൂചിപ്പിച്ചത്. നോവലിനെ കുറിച്ച് ആലോചിക്കുമ്പോൾ നോവൽ മ്യൂസിയമാണെന്നു പറയുന്ന പാമുക്കിനെ ഓർക്കാം. ഓർമയിലും ഭാവനയിലും തുന്നിവെച്ചിരിക്കുന്ന ജീവിത സന്ദർഭങ്ങളെ പരിപാലിച്ചുവെച്ചിരിക്കുന്ന മ്യൂസിയമാണ് നോവലുകൾ. കണ്മുന്നിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചെറുതും വലുതും പ്രധാനവും അപ്രധാനവുമായ കണ്ണികളെ തട്ടുകളാക്കി സൂക്ഷിക്കുന്നതിന് സമമാണ് ഭാവുകത്വത്തെ തൊടുന്ന നോവലിന്റെ വായന. അതേ പോലെ വായനയിലൂടെ ഓർമയുടെ അറകളിൽ സൂക്ഷിക്കപ്പെടുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമാണ് മേൽപ്പറഞ്ഞ നോവലുകളിലുമുള്ളത്.