നീലം പൂശിയ സിനിമ
ഇല്ല, മറക്കില്ല ആ ദിവസം. ജീവിതത്തിലാദ്യമായി പാന്റ്സ് ധരിച്ച് വീടിനു പുറത്തിറങ്ങിയത് അന്നാണല്ലോ. അതുവരെ നിക്കറിലായിരുന്നു ജീവിതം. ആദ്യം വള്ളിയുള്ളത്; പിന്നെ ഇല്ലാത്തതും. എട്ടിലെത്തിയപ്പോഴാണ് പാന്റ്സ് ഭ്രമം ഒപ്പം കൂടിയത്. ക്ലാസ്സിലെ കുട്ടികളിൽ ചിലരൊക്കെ ബെൽബോട്ടംസിലേക്കു മാറിയിരുന്നു അപ്പോഴേക്കും. അതാണ് അന്നത്തെ ഹോട്ട് ഫാഷൻ. ഒറിജിനൽ ബെൽബോട്ടംസ് സംഘടിപ്പിക്കാൻ പാങ്ങില്ലാത്തവർ തട്ടിക്കൂട്ട് ബെൽസ് കൊണ്ട് തൃപ്തരാകും. കാലിനോടൊട്ടിക്കിടക്കുന്ന പഴയ 'അപ്പി ഹിപ്പി സ്റ്റൈൽ' സ്ലിംഫിറ്റ് കാലുറകളുടെ അടിഭാഗം രണ്ടുമൂന്നിടത്ത് വെട്ടി, വേറെ നിറത്തിലുള്ള തുണി കോണാകൃതിയിൽ തുന്നിച്ചേർത്ത് പാവാടയാക്കി മാറ്റിയെടുക്കുന്ന ജാലവിദ്യയുണ്ടായിരുന്നു അന്നത്തെ ടെയ്‌ലർമാരുടെ പക്കൽ.
'പ്യാൻറ്' ധാരികളെ കണ്ട് വെള്ളമിറക്കി നടന്ന പതിമൂന്നുകാരന്റെ സഹായത്തിനെത്തിയത് അമ്മയുടെ മൂത്ത ഏടത്തി. കോളേജ് വിദ്യാർത്ഥിയായ സ്വന്തം മകന്റെ പഴയൊരു സ്ലിംഫിറ്റ് കാലുറ എന്റെ പാകത്തിനു വെട്ടിച്ചുരുക്കി ശരിയാക്കിത്തന്നു വല്യമ്മ. ചില്ലറ പോരായ്മകളൊക്കെ ഉണ്ട്. അരക്കെട്ടിൽനിന്ന് ഊർന്നു പോകാതിരിക്കാൻ ഇടയ്ക്കിടെ ജാഗ്രത പാലിക്കണം. വെട്ടിത്തുന്നിയപ്പോൾ ഒരു കാലിന് അൽപ്പം നീളം കുറഞ്ഞോ എന്നും സംശയം. എന്നാലും ഇട്ടുനോക്കിയപ്പോൾ വലിയ ഏനക്കേടില്ല. കൊള്ളാം. എങ്കിലും 'റീമിക്സ് ചെയ്‌ത' പാന്റ്സുമിട്ട് എടരിക്കോട്ടങ്ങാടിയിലൂടെ നടക്കുമ്പോൾ ആകപ്പാടെ ഒരു ജാള്യം. ഈശ്വരാ ആരോ എന്നെ നോക്കി കുശുകുശുക്കുന്നുണ്ടോ? അടക്കിച്ചിരിക്കുന്നുണ്ടോ?
എങ്കിലും ഉള്ളിൽ ചില്ലറ അഭിമാനമൊക്കെയുണ്ട്. ഹാഫ് ട്രൗസറിൽനിന്ന് ഫുൾ ട്രൗസറിലേക്കു സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയല്ലേ? ഇന്നാണെങ്കിൽ കാൽ പൊക്കി സെൽഫിയെടുത്ത് എഫ് ബിയിൽ പോസ്റ്റിയേനെ.
ന്യൂജൻ പാന്റ്സ് ധാരിയുടെ ലക്‌ഷ്യം കോട്ടക്കലെ സിനിമാശാലയാണ്. അവിടെ 'ഫ്രാങ്കൻസ്റ്റീൻ' എന്ന ഇംഗ്ലീഷ് പടം കളിക്കുന്നു. മാറ്റിനി കാണാൻ കൂടപ്പിറപ്പുകളായ രജിയും (രാജേന്ദ്രൻ) രഞ്ജിനിയും പിന്നെ ലക്ഷ്മിയുമുണ്ട് കൂടെ. അമ്മയുടെ ഏടത്തിയുടെ മകളാണ് ലക്ഷ്മി. സഹോദരീതുല്യ. കൂട്ടത്തിൽ ഏട്ടനായ 'കോന്തക്കുറുപ്പ്' (പ്രയോഗം അമ്മമ്മയുടെ) ഞാൻ തന്നെ. എന്റെ നേതൃത്വത്തിലാണ് കോട്ടക്കലേക്കുള്ള യാത്ര.
ഇംഗ്ലീഷ് പടങ്ങൾ അത്യപൂർവമായേ കളിക്കാറുള്ളൂ കോട്ടക്കലിൽ. അധികവും മലയാള സിനിമയാണ് അവിടെ വരിക. അത്യപൂർവമായി 'യാദോം കി ബാരാത്ത്', 'കാരവാൻ' പോലുള്ള ഹിന്ദി പടങ്ങളും. അവസാനം ചെന്നുകണ്ടത് 'സ്വാമി അയ്യപ്പൻ' എന്ന സിനിമയാണ്. അതുകൊണ്ടുതന്നെ 'ഫ്രാങ്കൻസ്റ്റീന്റെ' പോസ്റ്റർ കണ്ടപ്പോൾ ഒരു കോരിത്തരിപ്പ്. മുൻപ് ആവേശത്തോടെ വായിച്ച കഥയാണ്. പേടിപ്പെടുത്തിയ കഥ. പിന്നീടത് കോമിക്കായി വന്നപ്പോഴും ത്രിൽ അതേപടി. ഇനി വെള്ളിത്തിരയിൽ വരുമ്പോൾ എങ്ങനെയുണ്ടാകും എന്നറിയണമല്ലോ.
ലക്ഷ്മിക്കും രജിക്കുമില്ല മറിച്ചൊരഭിപ്രായം. ഇരുവരും ഫ്രാങ്കൻസ്റ്റീന്റെയും ഡ്രാക്കുളയുടെയും ഫാന്റത്തിന്റെയും ടാർസന്റെയും ഇരുമ്പുകൈ മായാവിയുടെയും സി ഐ ഡി മൂസയുടെയുമൊക്കെ ആരാധകർ. ലോവർ പ്രൈമറിക്കാരിയായ രഞ്ജിനിക്കാകട്ടെ ഇരുട്ടിൽ ചെന്നിരുന്ന് സിനിമ കാണണമെന്നേയുള്ളൂ മോഹം. കഥയും ഭാഷയുമൊന്നും പ്രശ്നമല്ല.
അമ്മമ്മയുടെ പച്ചക്കൊടി വേണം സിനിമ കാണാൻ. സ്വാമി അയ്യപ്പനിൽ നിന്ന് ഫ്രാങ്കൻസ്റ്റീനിലേക്കുള്ള പിള്ളേരുടെ 'വളർച്ച' മൂപ്പത്ത്യാർക്ക് അത്ര ബോധിച്ച മട്ടില്ല. കോമിക്കാണ്, കുട്ട്യോൾക്കുള്ള സാരോപദേശ കഥയാണ് എന്നൊക്കെ ആവർത്തിച്ച് പറഞ്ഞപ്പോൾ ഒടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു എന്ന് മാത്രം; ഒരു ഉപാധിയോടെ: "വരുമ്പോ നമ്പീശന്റെ പീടികയിൽനിന്ന് ഒരു കുപ്പി നെയ്യും പിന്നെ ഒരു പെട്ടി കർപ്പൂരവും വാങ്ങിക്കൊണ്ടുവരണം..." ഞങ്ങൾക്ക് ഡബിൾ ഓക്കെ.
ബസ്സിറങ്ങി ടോക്കീസിന്റെ ഗേറ്റിനു മുന്നിൽ ചെന്നപ്പോൾ അത്ഭുതം. ഒരു മനുഷ്യജീവി പോലുമില്ല അവിടെ. രണ്ടാഴ്ച മുൻപ് സ്വാമി അയ്യപ്പൻ കാണാൻ ചെന്നപ്പോൾ കണ്ട അഭൂതപൂർവമായ ജനക്കൂട്ടമായിരുന്നു ഓർമയിൽ. ഇന്നിനി ഷോ ഇല്ലെന്ന് വരുമോ? ഏയ്, അങ്ങനെ വരാൻ വഴിയില്ല. ഞായറാഴ്ച ആണല്ലോ. ആള് കൂടുന്ന ദിവസം.
പരുങ്ങിനിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഗേറ്റിനപ്പുറത്ത് മുറുക്കാൻ ചവച്ചു നിന്നിരുന്ന കൊമ്പൻ മീശക്കാരൻ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു: "ന്താ കുട്ട്യോളേ. ന്തേ എല്ലാരും കൂടി ങ്ങട്ട് പോന്ന്?"
സിനിമാ തിയേറ്ററിൽ വരുന്നത് പിന്നെ അവിലുംകഞ്ഞി കുടിക്കാനാണോയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ പറഞ്ഞത് ഇങ്ങനെ: "ഫ്രാങ്കൻസ്റ്റീൻ കാണാൻ."
എടുത്തടിച്ച പോലെ മീശയുടെ മറുപടി: "അയ്യേ അത് കുട്ട്യോൾക്കു കാണാൻ പറ്റിയ സിൽമ അല്ല. വേം പൊയ്‌ക്കോളീ."
ഓഹോ. അപ്പോൾ അതാണ് പ്രശ്‌നം.ഹൊറർ സിനിമ ആയതുകൊണ്ട് ഞങ്ങൾ പേടിച്ചു ബോധംകെടും എന്ന് വിചാരിച്ചിട്ടുണ്ടാകും ഈ പഹയൻ. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞന്മാരാണല്ലോ. "ഏയ്, ഞങ്ങൾക്ക് പേടിയൊന്നും ഇല്ല. ഇങ്ങനത്തെ കൊറേ സിനിമ കണ്ടിട്ടുണ്ട്," ഞാനും ലക്ഷ്മിയും രജിയും കോറസ് പോലെ പറഞ്ഞു. കുട്ടികളോടാണോ മീശയുടെ കളി.
മീശ ചിരിച്ചു. എന്തോ നിഗൂഢാർത്ഥമുള്ള ഒരു വെടലച്ചിരി. തിയേറ്റർ കോമ്പൗണ്ടിനകത്തു തന്നെയുള്ള ഒരൊഴിഞ്ഞ സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി മാറ്റിനിർത്തിയ ശേഷം കാതിൽ മന്ത്രിക്കുന്ന മട്ടിൽ അയാൾ പറഞ്ഞു: "മോനെ, ഇത് വല്യ ആൾക്കാർക്കുള്ള സിനിമയാണ്. ഞങ്ങൾ കൊറച്ചു നീലം പൂശീട്ട്ണ്ട്. നീ വേണെങ്കിൽ കണ്ടോ. നീയല്ലേ മൂത്തോൻ? പെങ്കുട്ട്യോളെ ഒന്നും അകത്തു കടത്തൂല. അവരോട് വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞോ..." ഒരു നിമിഷം നിർത്തി മീശ തുടർന്നു: "സ്‌പെഷൽ ഷോ ആയതുകൊണ്ട് ഓരോ ടിക്കറ്റിനും അഞ്ചുറുപ്പ്യ ഏറെ വാങ്ങുന്നുണ്ട് ഞങ്ങൾ. നിയ്യ് കുട്ടി ആയതോണ്ട് രണ്ടുറുപ്യ തന്നാൽ മതി."
ഫ്രാങ്കൻസ്റ്റീനിൽ എന്ത് നീലം? ഒന്നും മനസ്സിലായില്ല എനിക്ക്. ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ എന്നാണ് കേട്ടിരുന്നത്. അതിൽ നീല കളർ കൂട്ടിച്ചേർത്തിരിക്കുമോ? മീശയുടെ വെടല ഭാവം കണ്ടാൽ ചോദിക്കാനും തോന്നില്ല. എന്റെ കുട്ടിമുഖത്തെ സംശയം കണ്ടപ്പോൾ മീശ അതേ ചിരിയോടെ വിശദീകരണം നൽകി: "മനസ്സിലായില്ല അല്ലേ? നീലം ന്ന് പറഞ്ഞാൽ തോന്ന്യാസം. ബ്ളൂ. കാണണം ന്നുണ്ടെങ്കിൽ മോന് മാത്രം കാണാം. നല്ല രസംണ്ട്."
എന്തോ എവിടെയോ ചീഞ്ഞുനാറുന്ന പോലെ. ആകപ്പാടെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. തിരിച്ചു വന്ന് അനിയനോടും അനിയത്തിമാരോടുമായി പറഞ്ഞു: "സിനിമയിൽ എന്തോ ഒന്ന് അവർ കൂട്ടിച്ചേർത്തിട്ടുണ്ടത്രെ. നമ്മക്ക് കാണാൻ പറ്റില്ല. പൊയ്ക്കളയാം."
ആർക്കും ഒന്നും മനസ്സിലായില്ലെന്ന് വ്യക്തം. തോന്ന്യാസം എന്ന് പറയാൻ പറ്റുമോ? വിശദീകരിക്കേണ്ടി വരും. എനിക്ക് തന്നെ പിടികിട്ടാത്ത സംഭവം അവരെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും?
ഒരു കുപ്പി നെയ്യും കർപ്പൂരവമായി തിരിച്ചു വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മമ്മ ചോദിച്ചു: "ന്തേ? സിനിമ ഇത്ര വേഗം തീർന്നോ?" മുഖത്തോടു മുഖം നോക്കി ഞാനും ലക്ഷ്മിയും രജിയും. പിന്നെ കോറസ് പോലെ മറുപടി: "കണ്ടാ പേടിയ്ക്കണ എന്തോ ഉണ്ടത്രേ അതില്. കുട്ട്യോളെ കാണാൻ സമ്മതിക്കില്യ."
അമ്മമ്മയ്ക്ക് അത്ഭുതം. "ഓഹോ. സദ്ബുദ്ധി തോന്നിത്തുടങ്ങിയോ സിനിമാക്കാർക്ക്. എന്തായാലും പറഞ്ഞത് നന്നായി. രാത്രി പേടിച്ചു നെലോളിക്കണത് കേക്കണ്ടല്ലോ. സമാധാനം."
അന്നത്തെ 'സഹയാത്രിക'യായ ലക്ഷ്മിക്ക് അറുപതാം പിറന്നാൾ. രജിയും അധികം വൈകാതെ ആ വഴി തന്നെ. കാലം എത്ര വേഗം കടന്നുപോകുന്നു...