അതിജീവനത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം
ചില കാഴ്ചകൾ ഓർമയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമിപ്പിക്കാനെന്നോണം.
പതിനേഴു വർഷം മുൻപൊരു സന്ധ്യയ്ക്ക്, ജോലിചെയ്യുന്ന പത്രമോഫീസിന്റെ പടി കയറിവന്ന ദമ്പതിമാർ. തളർച്ച ബാധിച്ച ഭർത്താവിന്റെ കൈ പിടിച്ച്, അദ്ദേഹത്തിന്റെ കാലുകളിടറിപ്പോകാതിരിക്കാൻ ശ്രദ്ധിച്ച്, നിഴൽ പോലെ ഭാര്യ. ഓഫീസിലെ സന്ദർശക മുറിയിലെ സോഫമേൽ ഭർത്താവിനെ ശ്രദ്ധാപൂർവം പിടിച്ചിരുത്തിയ ശേഷം ഭാര്യ പറഞ്ഞു:
"കുറേക്കാലമായി മോനെ കാണണം എന്ന് പറയുന്നു. ഒരു പുസ്തകം ഒപ്പിട്ട് വാങ്ങാനാണ്..."
മാസങ്ങൾ മുൻപ് പുറത്തിറങ്ങിയ 'സോജാ രാജകുമാരി' എന്ന പുസ്തകത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ കോപ്പി കയ്യിലെ ബാഗിൽ നിന്നെടുത്ത് എനിക്ക് നേരെ നീട്ടുന്നു അവർ. "സദാശിവൻ എന്നാണ് പേര്. അതുകൂടി എഴുതിയാൽ നല്ലത്..."
പക്ഷാഘാതം ബാധിച്ച ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി പത്തനംതിട്ടയിൽനിന്ന് ടാക്സി പിടിച്ച് ഗ്രന്ഥകർത്താവിനെ കാണാനെത്തിയതാണ് ജന്മനാ ആസ്തമക്കാരിയായ ഭാര്യ. വിശ്വസിക്കാനായില്ല എനിക്ക്. എഴുത്തു ജീവിതത്തിൽ നടാടെയാണ് അത്തരമൊരനുഭവം. പ്രിയവായനക്കാരന് ആശംസകൾ നേർന്നുകൊണ്ട് മുൻപേജിൽ ഒപ്പിട്ട് പുസ്തകം തിരികെ നൽകവേ പക്ഷാഘാതം ബാധിക്കാത്ത കൈകൊണ്ട് എന്നെ ചേർത്തുപിടിച്ചു സദാശിവൻ. പിന്നെ അവ്യക്തമായ ശബ്ദത്തിൽ പാടി: "സോജാ രാജകുമാരി സോജാ..."
വാക്കുകൾ ഇടക്കുവച്ച് മുറിയുന്നു. പക്ഷേ ഈണം കിറുകൃത്യം. അക്ഷരങ്ങൾ ചൊൽപ്പടിക്ക് നിൽക്കാത്തതിന്റെ നിരാശയിൽ ആ കണ്ണുകൾ നിറയുന്നത് കണ്ടു ഞാൻ. ഭാര്യയെയും വികാരാധീനയാക്കുന്നു ആ കാഴ്ച. സാരമില്ല ചേട്ടാ എന്ന ആശ്വാസ വചനത്തോടെ ഭർത്താവിന്റെ പാതിയും നരച്ച മുടിയിലൂടെ സ്നേഹപൂർവം വിരലോടിക്കുന്നു ലീല എന്ന് പേരുള്ള ഭാര്യ.
"ഇപ്പോൾ ഇങ്ങനെയെങ്കിലും ശബ്ദം കേൾക്കാമല്ലോ. അഞ്ചാറ് മാസം മുൻപ് ഒരു മിണ്ടാട്ടവും ഉണ്ടായിരുന്നില്ല. മിണ്ടാൻ ശ്രമിച്ചാലും ശബ്ദം പുറത്തുവരില്ല. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്." ഒരു നിമിഷം നിർത്തിയ ശേഷം ഭാര്യ കൂട്ടിച്ചേർക്കുന്നു: "ഇപ്പൊ പാട്ടാണ് സദാസമയവും. മോന്റെ പാട്ടുപുസ്തകം കൊണ്ടുവന്ന മാറ്റം.."
അത്ഭുതമായിരുന്നു എനിക്ക്; അവിശ്വസനീയതയും. പാട്ടിലൂടെ ജീവിതം തിരിച്ചുപിടിച്ചവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ പാട്ടിനെക്കുറിച്ചുള്ള പുസ്തകത്തിന് അതിലെന്ത് കാര്യം? അക്ഷരങ്ങളിലേക്ക് പകർത്താവുന്നതല്ലല്ലോ ഒരു പാട്ടിന്റെ സൗന്ദര്യം.
"സംഗീതത്തിലൊന്നും വലിയ താല്പര്യമുള്ള ആളല്ല ഞാൻ. വലിയ പഠിപ്പും ഇല്ല. പക്ഷേ ചേട്ടൻ അങ്ങനെയല്ല. പാട്ടിനെക്കുറിച്ച് ഭയങ്കര വിവരമാണ്. പ്രത്യേകിച്ച് ഹിന്ദി പാട്ട്. വീട്ടിലിരുന്ന് വെറുതെ ഇങ്ങനെ പാടിക്കൊണ്ടിരിക്കും. ചിലപ്പോൾ എനിക്ക് അർത്ഥവും പറഞ്ഞുതരും," ലീലേച്ചി പറഞ്ഞു.
പട്ടാളത്തിൽനിന്ന് സ്വമേധയാ വിരമിച്ച ശേഷം വീട്ടിനടുത്തുള്ള സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജോലിയുമായി കഴിയുകയായിരുന്ന സദാശിവനെ പക്ഷാഘാതം കീഴടക്കിയതും കിടക്കയിൽ തളച്ചിട്ടതും അതിനും ഒരു വർഷം മുൻപാണ്. ജോലിയെടുക്കുന്ന സ്ഥാപനത്തിൽനിന്ന് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നുവത്രേ അദ്ദേഹത്തെ. ഒരു വശം മിക്കവാറും പൂർണമായിത്തന്നെ തളർന്നു. ശബ്ദത്തേയും ബാധിച്ചു ആ ആഘാതം. വാക്കുകൾ പുറത്തുവരാത്ത അവസ്ഥ. ആംഗ്യഭാഷയിലായിരുന്നു പിന്നീടുള്ള ആശയവിനിമയം.
ജീവിതം പൂർണ്ണമായും ഇരുളടഞ്ഞുപോയെന്ന് തോന്നിയ ഘട്ടം. "മക്കളില്ല ഞങ്ങൾക്ക്. സഹായിക്കാൻ ബന്ധുക്കളുമില്ല. ആ ദിവസങ്ങൾ എങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നും," ലീലയുടെ ശബ്ദം ഇടറുന്നു.
നല്ലൊരു വായനക്കാരൻ കൂടിയായിരുന്നു സദാശിവൻ. മലയാളം മാത്രമല്ല ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കും. ഒപ്പം ജോലി ചെയ്തവരാരോ ഒരു ദിവസം ഒരു കെട്ട് പുസ്തകങ്ങൾ കൊണ്ടുകൊടുത്തു. നോവലുകളും ആത്മകഥാഗ്രന്ഥങ്ങളുമായിരുന്നു ഏറെയും. "സോജാ രാജകുമാരി"യും ഉണ്ടായിരുന്നു അക്കൂട്ടത്തിലെന്ന് ലീല.
"ഉറക്കം ഒട്ടും ഉണ്ടായിരുന്നില്ല ആ കാലത്ത്. രാത്രി മുഴുവൻ പുസ്തകം വായനയാണ്. ചിലപ്പോൾ വായിച്ച പുസ്തകങ്ങൾ തന്നെ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ വല്ലാതെ മൂഡൗട്ട് ആകും. സംസാരിക്കാൻ പറ്റാത്തതിന്റെ വിഷമം ദേഷ്യമായാണ് പുറത്തുവരിക. മറ്റു ചിലപ്പോൾ നിലക്കാത്ത കരച്ചിലായും."
ആയിടക്കൊരിക്കൽ ഭർത്താവിന്റെ ശബ്ദം കേട്ട് പാതിരായ്ക്ക് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു ലീല. "ഞാൻ നോക്കുമ്പോൾ കയ്യിലൊരു പുസ്തകം തുറന്നുവെച്ചുകൊണ്ട് പാടാൻ ശ്രമിക്കുകയാണ് ചേട്ടൻ. വാക്കുകൾ വ്യക്തമല്ല. പക്ഷേ ശബ്ദമുണ്ട്. ഏതോ ഒരു ഹിന്ദി പാട്ടാണെന്ന് പിന്നീട് മനസ്സിലായി. സ്വപ്നം കാണുകയാണോ എന്നായിരുന്നു എന്റെ സംശയം. അതുവരെ അങ്ങനെ ഒരു ശ്രമം പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലല്ലോ?"
"ഏതായിരുന്നു ആ പാട്ട്? ഓർമയുണ്ടോ?"- എന്റെ ചോദ്യം. ഭാര്യക്ക് ഓർമയില്ല. പക്ഷേ ഭർത്താവ് എങ്ങനെ മറക്കാൻ? എന്റെ വിരലുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഒരു റഫി ഗാനത്തിന്റെ പല്ലവി പാടുന്നു സദാശിവൻ: "തേരി ആംഖോം കെ സിവാ ദുനിയാ മേ രഖാ ക്യാ ഹേ."
ഇത്തവണ മുൻപ് പാടിയതിനേക്കാൾ വ്യക്തതയോടെ, ശ്രുതിശുദ്ധിയോടെ. ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ, പക്ഷാഘാതം ബാധിച്ച ഒരാളുടെ പാട്ടാണെന്ന് തോന്നിക്കാത്ത വിധം.
ലീലയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സദാശിവൻ പിന്നേയും പാടിക്കൊണ്ടിരുന്നു; 'സോജാ രാജകുമാരി'യിൽ പരാമർശിച്ച റഫിയുടെയും മുകേഷിന്റെയും ലതാ മങ്കേഷ്കറുടെയും പാട്ടുകൾ തൊട്ട് സി എച്ച് ആത്മയുടെ 'പ്രീതമ് ആൻ മിലോ' വരെ. പാടുമ്പോൾ മറ്റേതോ ലോകത്താണദ്ദേഹം എന്ന് തോന്നി. തളർച്ച ബാധിച്ച കൈ മടിയിൽ വച്ചുകൊണ്ട് മറ്റേ കൈയാൽ പാട്ടിന്റെ താളത്തിൽ അന്തരീക്ഷത്തിൽ അദൃശ്യചിത്രങ്ങൾ വരക്കുന്നു സദാശിവൻ. മറ്റൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അദ്ദേഹം.
"മോന്റെ പുസ്തകം മറിച്ചു നോക്കുക; അതിലെ പാട്ടുകൾ പാടുക. അതാണ് ചേട്ടന്റെ ഇപ്പോഴത്തെ ജീവിതം," ഭർത്താവിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങവേ കൈകൂപ്പിക്കൊണ്ട് ലീല പറഞ്ഞു: "നന്ദിയുണ്ട് മോനെ. ദൈവം കൊണ്ടുകൊടുത്തതാണ് ആ പുസ്തകം ആ സമയത്ത് ചേട്ടന്റെ കയ്യിൽ. ഇല്ലെങ്കിൽ എന്റെ ചേട്ടൻ ഒരിക്കലും മിണ്ടിക്കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടാവില്ല..."
ഭാര്യയുടെ ചുമലിൽ ചാഞ്ഞുകൊണ്ടെങ്കിലും തലയുയർത്തിത്തന്നെ നടന്നകലുന്ന സദാശിവനെ നോക്കി നിൽക്കേ എന്റെ മനസ്സിലും ഇരമ്പുന്നുണ്ടായിരുന്നു ഒരു വികാരസാഗരം. ഇഷ്ടഗാനങ്ങളിലൂടെ പക്ഷാഘാതമേല്പിച്ച ദുരിതങ്ങളെ അതിജീവിച്ച്, ജീവിതത്തോടുള്ള സ്നേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരാളെ ആദ്യം കാണുകയായിരുന്നല്ലോ. അയാളാകട്ടെ, സ്വന്തം മകനെപ്പോലെ എന്നെ സ്നേഹിക്കുന്ന വ്യക്തിയും.
ഉള്ളിലെങ്ങോ റഫി സാഹിബ് പാടുന്നു; സദാശിവന്റെ ശബ്ദത്തിൽ: "മേ സിന്ദഗി കാ സാഥ് നിഭാത്താ ചലാ ഗയാ, ഹർ ഫിക്റ് കോ ധുവെ മേ ഉഢാത്താ ചലാ ഗയാ..." എന്റെ ജീവിതവുമായി ഞാൻ അങ്ങനെ മുന്നേറിക്കൊണ്ടിരിക്കുന്നു, വിഷമങ്ങളെല്ലാം പുകച്ചുരുളാക്കി മാറ്റിക്കൊണ്ട്.
ആറ് വർഷം മുൻപ് ലീലച്ചേച്ചി വിളിച്ചു. ഭർത്താവിന്റെ വിയോഗവാർത്ത അറിയിക്കാൻ വേണ്ടിയായിരുന്നു ആ അപ്രതീക്ഷിത വിളി. "അവസാനം വരെ ചേട്ടൻ പഴയ അവസ്ഥയിൽ എത്തിയിരുന്നില്ല. സംസാരശേഷി പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞതേയില്ല. എങ്കിലും ഊണിലും ഉറക്കത്തിലുമൊക്കെ പാട്ടുകൾ പാടിക്കൊണ്ടേയിരുന്നു. മോന്റെ ആ പുസ്തകം ഉണ്ടായിരുന്നു മരിച്ചുകിടക്കുമ്പോഴും തലയിണയുടെ അടിയിൽ..."
മനസ്സുകൊണ്ട് ഈശ്വരന് നന്ദി പറഞ്ഞു അപ്പോൾ. ഇത്തരം നിമിഷങ്ങളാണല്ലോ ജീവിതത്തെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. "സംഗീത് മൻ കോ പംഖ് ലഗായെ ഗീതോം മേ രിംജിം രസ് ബർസായെ," എന്ന് ശൈലേന്ദ്ര എഴുതിയത് വെറുതെയല്ല. മനസ്സിന് ചിറകുകൾ നൽകാൻ മാത്രമല്ല, മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ നടത്താനും കഴിയും സംഗീതത്തിന്; പക്ഷാഘാതത്തെപ്പോലും അതിജീവിക്കാനും.