മമ്മൂട്ടി അന്ന് കണ്ടത് കുഴിയിൽവീണ മധുവിനെ
ആദ്യം നേരിൽ കണ്ട സിനിമാതാരം മധുവാണെന്ന് പറഞ്ഞിട്ടുണ്ട് മമ്മൂട്ടി; വൈക്കത്ത് "കാട്ടുപൂക്കൾ" എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ. ആദ്യം ചിത്രീകരിച്ചുകണ്ട ഗാനരംഗത്തിലെ നായകനും മധു തന്നെ: "തുലാഭാര"ത്തിലെ "തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ." എറണാകുളം സുഭാഷ് പാർക്കിൽ ഷീലയും ശാരദയുമൊത്ത് ഓടിനടന്ന് പാടുകയാണ് കോളേജ് കുമാരൻ മധു. സംവിധായകൻ എ വിൻസന്റ്.
"ഓർക്കുമ്പോൾ ഇന്നും ചിരി വരുന്ന ചിത്രീകരണമാണത്," മധുവിന്റെ വാക്കുകൾ. "വിൻസന്റ് മാഷിലെ പെർഫെക്ഷനിസ്റ്റിനെക്കുറിച്ച് ബഹുമാനവും തോന്നും. ഷൂട്ട് ചെയ്യാൻ പോകുന്ന രംഗത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടും പ്ലാനിങ്ങുമുള്ള ആളാണ് മാഷ്. താൻ ആഗ്രഹിക്കുന്ന ചലനങ്ങളും ഭാവങ്ങളും നടീനടന്മാരിൽനിന്ന് എങ്ങനെ ചോർത്തിയെടുക്കണം എന്നറിയാം അദ്ദേഹത്തിന്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും മാസ്റ്ററിൽനിന്ന് പ്രതീക്ഷിക്കേണ്ട."
"തൊട്ടു തൊട്ടില്ല" എന്ന പാട്ടിന്റെ റിഹേഴ്‌സൽ സമയത്ത് ശ്രദ്ധിക്കാത്തതുകൊണ്ട് ഒരബദ്ധം പറ്റി മധുവിന്. പാടി നടക്കുന്നതിനിടെ കാൽ അറിയാതെ മുന്നിലെ കുഴിയിൽ പെട്ടു. ഇനിയുള്ള കഥ മധുവിന്റെ വാക്കുകളിൽ: "വീണുപോയെങ്കിലും പെട്ടെന്ന് ബാലൻസ് വീണ്ടെടുത്ത് ഞാൻ പാട്ട് തുടർന്നു. ടേക്ക് എടുക്കുന്ന സമയത്ത് കുഴിയിൽചെന്ന് കാൽ കുടുങ്ങാതെ ഒഴിഞ്ഞുമാറി നടന്നാണ് പാടിയത്. അബദ്ധം ആവർത്തിക്കരുതല്ലോ. പക്ഷെ വിൻസന്റ് മാസ്റ്റർ കട്ട് പറഞ്ഞു. ''നേരത്തെ ഇട്ട ആ ആക്ഷൻ ഇപ്പോൾ കണ്ടില്ലല്ലോ. എന്താത്?'' ഗൗരവത്തോടെ അദ്ദേഹത്തിന്റെ ചോദ്യം. അയ്യോ, അതൊരു അബദ്ധമായിരുന്നു എന്ന് പറഞ്ഞു നോക്കി ഞാൻ. എന്നാൽ ഈ സീനിൽ ആ അബദ്ധം ഒന്നുകൂടി കാണട്ടെ എന്ന് മാസ്റ്റർ. അതിനൊരു സ്വാഭാവികത ഉണ്ടായിരുന്നു. പിന്നെന്തു പറയാൻ? കുഴിയിൽ വീണുകൊണ്ട് തന്നെ ഞാൻ ആ രംഗം അഭിനയിച്ചു തീർത്തു.''
പാട്ടിനൊത്ത് ചുണ്ടനക്കാനും നായികയുടെ പിറകെ മരംചുറ്റി ഓടാനും പണ്ടേ താൽപ്പര്യമില്ല മധുവിന്. എന്നിട്ടും വിധി മധുവിനെ സിനിമയിലെ പ്രിയകാമുകനാക്കി
വിൻസന്റ് മാസ്റ്ററുടെ "ആഭിജാത്യ"ത്തിൽ മീശവച്ച ശ്രീകൃഷ്ണനായി അഭിനയിച്ച അപൂർവ അനുഭവം മധുവിന്റെ ഓർമയിലുണ്ട്. നിലാവ് പെയ്യുന്ന രാത്രിയിൽ സഖിമാർക്കൊപ്പം നൃത്തം ചെയ്യുന്ന രാധയെ നോക്കി മരത്തണലിൽ മറഞ്ഞുനിന്ന് "രാസലീലക്ക് വൈകിയതെന്ത് നീ രാജീവലോചനേ രാധികേ'' എന്ന് പ്രണയപൂർവം പാടുകയാണ് മധുവിന്റെ മുകിൽവർണൻ. "ഇന്നോർക്കുമ്പോൾ ചിരി വരും. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ ഗാനരംഗം മനോഹരമായി ചിത്രീകരിച്ച വിൻസന്റ് മാസ്റ്ററെ നമിച്ചേ പറ്റൂ,'' മധുവിന്റെ വാക്കുകൾ.
ശിഷ്യയും ആരാധികയുമായ ശാരദയെ പാട്ടുപഠിപ്പിക്കുകയാണ് മധു. ഗാനം ആസ്വദിക്കുന്നതിനിടെ മനസ്സുകൊണ്ട് രാധയായി മാറുന്നു ശാരദയുടെ കഥാപാത്രം. ഗുരുവായ മധു സങ്കൽപ്പത്തിലെ കൃഷ്ണനും. "സ്വപ്നരംഗമാണെങ്കിലും ശ്രീകൃഷ്ണന്റെ റോൾ എന്റെ ശരീരപ്രകൃതിക്ക് ഒട്ടും ചേരില്ലെന്നറിയാം. മീശ വടിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ. മാത്രമല്ല അതേസമയത്ത് വേറൊരു സിനിമയിൽ മീശവച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയുമാണ്. എന്റെ നിസ്സഹായാവസ്ഥ കണ്ട് മനസ്സലിഞ്ഞാവണം, സംവിധായകൻ വിൻസന്റ് മാസ്റ്റർ പറഞ്ഞു: സാരമില്ല; മീശയ്ക്ക് പൊടി പോലും പോറൽ ഏല്ക്കാതെ ഞാൻ നോക്കിക്കൊള്ളാം. എന്റെ മുഖത്തിന്റെ താഴത്തെ പകുതി ക്യാമറയിൽ നിന്ന് മറച്ചു പിടിച്ചുകൊണ്ട് മാസ്റ്റർ ആ രംഗം ഷൂട്ട് ചെയ്തു തീർത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ക്ലോസപ്പിൽ കണ്ണും നെറ്റിയും കിരീടവും മാത്രം. ലോങ് ഷോട്ടിൽ മുഖം മരച്ചില്ലകൾ കൊണ്ട് മറച്ചും നിഴൽ വീഴ്ത്തിയും കാത്തു അദ്ദേഹം. ഭാഗ്യത്തിന് മീശ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല ....'' മധു ചിരിക്കുന്നു.
എല്ലാ പാട്ടുകളുടെയും സ്ഥിതി ഇതല്ല. പാട്ട് അഭിനയിച്ച് തളർന്നുപോയ സന്ദർഭങ്ങളുമുണ്ട്. തൃശൂർ ജില്ലയിലെ നാട്ടിക കടപ്പുറത്ത് ചെമ്മീനിലെ "മാനസമൈനേ'' മാർക്കസ് ബാർട്ട്ലി ക്യാമറയിലാക്കുമ്പോൾ സമയം നട്ടുച്ച. "പൊള്ളുന്ന മണൽപ്പരപ്പിൽ തോണിപ്പുറത്തിരുന്ന് വികാരതീവ്രമായ ഗാനം പാടി അഭിനയിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. എത്രയും പെട്ടെന്ന് ഗാനചിത്രീകരണം തീർന്നുകിട്ടണേ എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷേ പിന്നീടത് സിനിമയിൽ കണ്ടപ്പോൾ അന്തംവിട്ടുപോയി. എത്ര ഹൃദയസ്പർശിയായാണ് ആ രംഗത്തിന് ഡേ ഫോർ നൈറ്റ് എന്ന സങ്കേതമുപയോഗിച്ച് കാര്യാട്ടും ബാർട്ട്ലിയും ചേർന്ന് നിലാവിന്റെ സൗന്ദര്യം പകർന്നിരിക്കുന്നത്!"
പാട്ടിനൊത്ത് ചുണ്ടനക്കാനും നായികയുടെ പിറകെ മരംചുറ്റി ഓടാനും പണ്ടേ താൽപ്പര്യമില്ല മധുവിന്. ചെറുപ്പം മുതലേ ഉള്ളിലുള്ള റിയലിസ്റ്റിക് സിനിമാസങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്നവയല്ലല്ലോ അത്തരം ഏർപ്പാടുകളൊന്നും. എന്നിട്ടും വിധി മധുവിനെ സിനിമയിലെ പ്രിയകാമുകനാക്കി. ഒപ്പം, എണ്ണമറ്റ സുന്ദരഗാനങ്ങൾ പാടി അഭിനയിക്കാനുള്ള നിയോഗവും നൽകി.
മാണിക്യവീണയുമായെൻ, മാനസമൈനേ വരൂ, കടലിനക്കരെ പോണോരെ, ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, ഏഴിലംപാല പൂത്തു, സുറുമയെഴുതിയ മിഴികളേ, സ്വർണഗോപുര നർത്തകീശിൽപ്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, പാർവണേന്ദുവിൻ ദേഹമടക്കി, മലമൂട്ടിൽ നിന്നൊരു മാപ്പിള, ഓമലാളേ കണ്ടു ഞാൻ, പൊന്നിൽ കുളിച്ച രാത്രി, അനുരാഗഗാനം പോലെ, വൃശ്ചിക രാത്രി തൻ, ചെമ്പകപ്പൂങ്കാവനത്തിലെ, ആറ്റിനക്കരെ അക്കരെ ആരാരോ, പാതിരാവായില്ല, സാമ്യമകന്നൊരുദ്യാനമേ, അമ്പലപ്പുഴ വേല കണ്ടു ഞാൻ, പൊൻവളയില്ലെങ്കിലും, ഹൃദയമുരുകി നീ, കണ്ണീരും സ്വപ്നങ്ങളും, തെളിഞ്ഞു പ്രേമയമുന വീണ്ടും, അപാരസുന്ദര നീലാകാശം, മുഖം മനസ്സിന്റെ കണ്ണാടി, അനുവദിക്കൂ ദേവീ, പുഷ്പമംഗലയാം ഭൂമിക്ക്, കൃഷ്ണപക്ഷ കിളി ചിലച്ചു, പ്രിയമുള്ളവളേ നിനക്ക് വേണ്ടി, മംഗളം നേരുന്നു ഞാൻ, എന്റെ രാജകൊട്ടാരത്തിന്..... എല്ലാം മധു പാടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനങ്ങൾ.