ശശികലയിലുണ്ട് ഒരു ആര്യാ ദയാൽ

ശശികലയിലുണ്ട് ഒരു ആര്യാ ദയാൽ

സിനിമയ്ക്ക് വേണ്ടി ശശികല ആദ്യമായി പാട്ടെഴുതിയത് 1976-ൽ; അറുപതുകളുടെ കുഞ്ഞാണ് ശശികല, ആര്യ തൊണ്ണൂറുകളുടെയും. എങ്കിലും ഇരുവരും ഒരുമിക്കുമ്പോൾ "തലമുറകളുടെ വിടവ്" ആവിയായിപ്പോകുന്നു
Updated on
3 min read

ആര്യാ ദയാലിൽ ഒരു ശശികല മേനോൻ ഉണ്ടോ എന്നറിയില്ല. എന്നാൽ ശശികലയിൽ തീർച്ചയായും ഒരു ആര്യാ ദയാൽ ഉണ്ട്. ജീവിതത്തെ പ്രസാദാത്മകമായി മാത്രം കാണുന്ന, ഉള്ളിലൊരു കുസൃതിക്കാരി കുട്ടിയെ സദാ കൊണ്ടുനടക്കുന്ന ഒരാൾ. ജീവിതത്തിലെന്ന പോലെ എഴുത്തിലും വികാരങ്ങൾ ഒതുക്കിവെക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന ഒരാൾ.

സിനിമയ്ക്ക് വേണ്ടി ശശികല ആദ്യമായി പാട്ടെഴുതിയത് 1976-ൽ; ആര്യാദയാൽ ജനിക്കുന്നതിന് ഇരുപത് വർഷം മുൻപ്. അറുപതുകളുടെ കുഞ്ഞാണ് ശശികല; ആര്യ തൊണ്ണൂറുകളുടെയും. എങ്കിലും ഇരുവരും ഒരുമിക്കുമ്പോൾ "തലമുറകളുടെ വിടവ്" ആവിയായിപ്പോകുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയ "അങ്ങനെ വേണം" എന്ന പാട്ടിലുണ്ട് ശശികല - ആര്യ രസതന്ത്രത്തിന്റെ ഈ മാജിക്.

"എന്താണീ കൂട്ടുകെട്ടിന്റെ വിജയരഹസ്യം?' -- ശശികലയോടൊരു ചോദ്യം. "പരസ്പരം അനായാസം മനസിലാക്കാനും തിരിച്ചറിയാനും കഴിയുന്നു എന്നതുതന്നെ."മലയാളത്തിലെ ഏറ്റവും തലമുതിർന്ന ഗാനരചയിതാക്കളിൽ ഒരാളായ ശശികലയുടെ മറുപടി. "ആര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. എന്നിൽനിന്ന് എന്ത് പ്രതീക്ഷിക്കണമെന്ന് ആര്യയ്ക്കും. ഞങ്ങൾ ഒരുമിച്ചിരുന്നാൽ ഒന്നോ രണ്ടോ മണിക്കൂർ മതി പാട്ടുണ്ടാകാൻ. അങ്ങനെ ഉണ്ടായതാണ് "പാറിക്കളിക്കുന്ന കുഞ്ഞിക്കിളിയുടെ പിന്നാലെ പോരണ്ടാ റാകിപ്പറക്കുന്ന ചെമ്പരുന്തേ ഓടിയൊളിച്ചോളി..."

സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി വി അനുപമയാണ് സ്ത്രീ ശാക്തീകരണം പ്രമേയമായി ഒരു പാട്ടെഴുതാൻ ആവശ്യപ്പെടുന്നത്. സ്വതന്ത്രയായി ആകാശത്ത് പറന്നുനടക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയുടെ മനസ്സ് വേണം വരികളിൽ. "എന്തു കഴിക്കണമെന്തു ധരിക്കണം എന്നുള്ളതെല്ലാം എന്റെയിഷ്ടം, മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറിപ്പറക്കാൻ ചിറകുമുണ്ടേ പൊന്നിൽ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാ മതി" എന്നൊക്കെ എഴുതിയത് ആ സന്ദേശം ലളിതമായി ആളുകളിൽ എത്തിക്കാൻ വേണ്ടിയാണ്. ആശയം ഉൾക്കൊണ്ടുതന്നെ വരികൾ ചിട്ടപ്പെടുത്തി; ആര്യാ ദയാൽ സ്വതസിദ്ധമായ ശൈലിയിൽ പാടി റെക്കോർഡ് ചെയ്യുകയും ചെയ്‌തു.

അതായിരുന്നു തുടക്കം. പിന്നീട് മൂന്ന് പാട്ടുകൾ കൂടി ആര്യയ്ക്ക് വേണ്ടി എഴുതി ശശികല. മെൻസ്ട്രുവൽ കപ്പിന്റെ പ്രസക്തി വിളിച്ചോതിയ "ആകാശത്തോളം പറന്നുനടക്കാൻ സ്വാതന്ത്ര്യം നമ്മൾക്കേകും ചിറകുകൾ വേണം" ആയിരുന്നു ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയം. ഇരുവരും ഒരുമിക്കുന്ന അഞ്ചാമത്തെ പാട്ട് ഉടനെത്തുമെന്ന് പറയുന്നു ശശികല. "പുതിയ തലമുറയിൽ ഏറ്റവും ആരാധകരുള്ള ഗായകരിൽ ഒരാളാണ് ആര്യ. ആത്മവിശ്വാസത്തോടെ തനിക്കിഷ്ടപ്പെട്ട മേഖലയിൽ വിഹരിക്കുന്ന കലാകാരി. ഞങ്ങളുടെ തലമുറക്ക് സ്വപ്നം കാണാൻ പോലുമാകാത്ത സ്വാതന്ത്ര്യമാണ് ആര്യയുടെ തലമുറ അനുഭവിക്കുന്നത്. സന്തോഷമുണ്ട് ഈ മാറ്റത്തിൽ..."

"ശശിയമ്മ"യാണ് ആര്യാ ദയാലിന് ശശികല. സ്വന്തം അമ്മയെപ്പോലെ തന്നെ. "എന്നെ ഏറ്റവും ആകർഷിച്ചത് ആര്യയുടെ പെരുമാറ്റത്തിലെ സുതാര്യതയാണ്. ഒരുപാട് സ്നേഹവും വാത്സല്യവും തോന്നും അവളോട്. സ്വന്തം മകളെപ്പോലെ. ഒരിക്കലും ജനറേഷൻ ഗ്യാപ്പ് ഉണ്ടായിട്ടില്ല ഞങ്ങൾക്കിടയിൽ." - ശശികല.

മകൾ ലക്ഷ്മിക്കൊപ്പം വിടർന്ന ചിരിയോടെ ഒരു നാൾ പടികടന്നുവന്ന പെൺകുട്ടി കുസൃതി നിറഞ്ഞ പെരുമാറ്റം കൊണ്ട് മാത്രമല്ല ശശികലയുടെ മനം കവർന്നത്; ഉറച്ച നിലപാടുകൾ കൊണ്ടു കൂടിയാണ്. "തനിക്കെന്ത് വേണമെന്ന് ഉത്തമമായ ബോധ്യമുള്ള കുട്ടിയാണ് ആര്യ. ഈ തലമുറയുടെ പ്രത്യേകതയാകാം. ഓരോ പാട്ടും വേദികളിൽ ആ കുട്ടി അവതരിപ്പിക്കുന്ന രീതി ശ്രദ്ധിച്ചാൽ അറിയാം. ചലനങ്ങളിൽ പോലും പോസിറ്റിവിറ്റി മാത്രം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കാണുന്ന ആര്യയോട് സത്യത്തിൽ എനിക്ക് അസൂയയാണ്. പതിനഞ്ചാം വയസ്സിൽ പാട്ടെഴുതിത്തുടങ്ങിയിട്ടും നാല് വർഷത്തിനകം കുടുംബജീവിതത്തിന്റെ കെട്ടുപാടുകളുമായി രംഗം വിടേണ്ടി വന്ന എന്റെ തന്നെ ഭൂതകാലത്തെ കുറിച്ച് ഓർക്കും അവളെ കാണുമ്പോൾ."

ശശികല
ശശികല

ആരാണീ ശശികല? വർഷങ്ങളോളം സിനിമാലോകം മറവിയിൽ തള്ളിയ ഈ വടക്കൻ പറവൂർക്കാരിയാണ് മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ രചിച്ച വനിതകളിൽ ഒരാളെന്നറിയുന്നവർ ചുരുങ്ങും. 1976ൽ ജേസി സംവിധാനം ചെയ്ത "സിന്ദൂര''ത്തിന് പാട്ടെഴുതുമ്പോൾ ശശികലയ്ക്ക് പ്രായം പതിനഞ്ച്. അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന പ്രശസ്ത സംവിധായകൻ വിൻസൻറ് മാസ്റ്ററാണ് ശശികലയിലെ പാട്ടെഴുത്തുകാരിയെ കണ്ടെത്തുന്നതും സിനിമയിൽ കടന്നുചെല്ലാൻ പ്രേരിപ്പിക്കുന്നതും. അതിനു മുൻപ് വല്ലപ്പോഴുമൊക്കെ കവിതകൾ കുറിക്കുമായിരുന്നു. അവയിൽ ചിലത് യാദൃച്ഛികമായി കാണാൻ ഇടവന്ന മാസ്റ്ററാണ് സിനിമയിൽ ഒരു കൈ നോക്കിക്കൂടെ എന്ന് ആദ്യം ചോദിച്ചത്.

"പുതിയ ചിത്രത്തിൽ യുവ ഗാനരചയിതാക്കളെ ക്ഷണിച്ചു കൊണ്ട് നിർമ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ ഡോ ബാലകൃഷ്ണന്റെ പ്രസ്താവന ആയിയ്ക്ക്‌ പത്രത്തിൽ വന്നു. വെറുതെ ഒരു കൗതുകത്തിന് എന്റെ രണ്ടുമൂന്ന് ഗാനങ്ങൾ അച്ഛൻ അയച്ചുകൊടുക്കുകയും ചെയ്തു. അവയിൽ ഒന്ന് സിനിമയിലേക്ക് തെരഞ്ഞെടുത്തതായി ചെന്നൈയിൽ നിന്ന് കത്തു വന്നപ്പോൾ ഞാൻ ശരിക്കും അന്തം വിട്ടുപോയി. ഭാസ്കരൻ മാഷും ശ്രീകുമാരൻ തമ്പിയും ഒ എൻ വിയുമൊക്കെ സജീവമായി രംഗത്തുള്ള കാലമല്ലേ?''

ശശികലയുടെ ആദ്യഗാനമായ യദുകുല മാധവാ പാടി റെക്കോർഡ് ചെയ്തത് നടി കൂടിയായ ശ്രീലത ആയിരുന്നു എന്നത് മറ്റൊരു കൗതുകം. "പാട്ട് റെക്കോർഡ് ചെയ്ത് കാസറ്റിലാക്കി അയച്ചുതന്ന ശേഷമാണ് ഞാൻ കേൾക്കുന്നത്. ശരിക്കും വിസ്മയം തോന്നി. വരികൾ അത്ര കേമമൊന്നും അല്ലായിരുന്നു. തീരെ ചെറുപ്പമല്ലേ? ഇന്നോർക്കുമ്പോൾ തോന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന്.''

ഗവ. പ്രസ് ഉദ്യോഗസ്ഥൻ വിശ്വനാഥ മേനോന്റെയും മാലതിയുടേയും മകൾ പിന്നീട് പാട്ടെഴുതിയത് വിൻസന്റ് സംവിധാനം ചെയ്ത "അഗ്നിനക്ഷത്ര''ത്തിലാണ്. മഞ്ഞിലാസിന്റെ പടം. സംഗീത സംവിധായകൻ സാക്ഷാൽ ദേവരാജൻ മാസ്റ്റർ. "അന്നു ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. കമ്പോസിങ്ങിനിടെ ഒരിക്കൽ അച്ഛനോടൊപ്പം ചെന്നൈയിൽ ദേവരാജൻ മാസ്റ്ററുടെ വീട്ടിൽ പോയത് ഓർമ്മയുണ്ട്. വരികളിൽ ചെറിയ തിരുത്തുകൾ വേണമെന്ന് മാസ്റ്റർ ആവശ്യപ്പെട്ടതാണ് കാരണം. പാട്ട് നന്നായിട്ടുണ്ടെന്നും ഇനിയും എഴുതണമെന്നും മാസ്റ്റർ സ്നേഹപൂർവ്വം പറഞ്ഞപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി.'' യേശുദാസും പി ലീലയും സുശീലയും മാധുരിയുമൊക്കെ ഉണ്ടായിരുന്നു "അഗ്നിനക്ഷത്ര''ത്തിൽ ഗായകരായി. യേശുദാസും മാധുരിയും പാടിയ സ്വർണ്ണമേഘത്തുകിൽ, സുശീലയുടെ നിത്യസഹായ മാതാവേ എന്നിവ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത പടവും വിൻസന്റിന്റേത് തന്നെ -- വയനാടൻ തമ്പാൻ. കമലഹാസൻ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി ശശികല എഴുതി ദേവരാജൻ ഈണമിട്ട അഞ്ചു ഗാനങ്ങളിൽ സുശീല പാടിയ ഏകാന്തസ്വപ്നത്തിൽ ആയിരുന്നു ഏറ്റവും ശ്രദ്ധേയം. "താരാട്ടി'' (1981) ലെ ``ആലോലം പൂമുത്തേ ആരാരിരോ (സുശീല) ആണ് ശശികലയുടെ രചനയിൽ പിന്നീട് പുറത്തുവന്ന ഗാനം. രവീന്ദ്രന്റെ സംഗീതത്തിലുള്ള ആ ഗാനം ശ്രദ്ധിക്കപ്പെട്ടു.

അപൂർവം ചിത്രങ്ങളിലേ എഴുതിയുള്ളുവെങ്കിലും മലയാള സിനിമാസംഗീതത്തിലെ ആചാര്യന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് തന്റെ ഭാഗ്യമെന്ന് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ ഭർത്താവ് എൻ വേണുഗോപാലിനൊപ്പം കൊച്ചിയിൽ താമസിക്കുന്ന ശശികല പറയുന്നു. ഗാനരചനയോട് തിടുക്കത്തിൽ വിടവാങ്ങിയതെന്തേ എന്ന ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മൗനിയാകുന്നു ശശികല. "വിവാഹത്തിന് ശേഷം ഒന്നിനും സമയം കിട്ടിയില്ല. ഭർത്താവ് തിരക്കേറിയ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നതിനാൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നു. തിരക്കിനും ബഹളത്തിനുമിടയിൽ ഗാനലോകത്തു നിന്ന് പതുക്കെ അകന്നു ഞാൻ. ''-- ശശികലയുടെ വാക്കുകളിൽ നേർത്ത നൊമ്പരം.

ശശികല അർജുനന്‍ മാഷിനൊപ്പം
ശശികല അർജുനന്‍ മാഷിനൊപ്പം

മുപ്പത്തിരണ്ട് വർഷങ്ങൾ വേണ്ടിവന്നു ആ അകൽച്ചക്ക് വിരാമമിടാൻ. അപ്പോഴേക്കും മലയാള സിനിമയും സംഗീതവുമൊക്കെ ഏറെ മാറിയിരുന്നു. മാറ്റങ്ങൾക്കൊത്ത് സ്വയം നവീകരിക്കാൻ കഴിഞ്ഞു എന്നതാണ് ശശികലയെ വീണ്ടും ഗാനരചനയിൽ സജീവമാക്കി നിർത്തിയത്. കുക്കിലിയാർ എന്ന സിനിമയിലെ മതിലേഖ മിഴിചാരി മറയുവതെന്തേ (സംഗീതം എം ജയചന്ദ്രൻ, ആലാപനം പി ജയചന്ദ്രൻ) ഉൾപ്പെടെ കുറെ നല്ല ഗാനങ്ങൾ. ഒപ്പം പുത്തൻ തലമുറയുടെ അഭിരുചികൾ ഉൾക്കൊള്ളുന്ന ചലച്ചിത്രേതര ഗാനങ്ങളും.

മാറുന്ന കാലത്തിനൊത്താണ് തന്റെ യാത്ര എന്ന് പറയുന്നു ശശികല. "കാലം മാറി കോലം മാറി ഞങ്ങളുമങ്ങു മാറി" എന്നെഴുതിയ കവിക്ക് അതല്ലേ പറ്റൂ?

logo
The Fourth
www.thefourthnews.in