കേരളത്തില്‍ ഒരു മാസത്തിനിടെ നാല് കര്‍ഷക ആത്മഹത്യകൾ; കൃഷികൊണ്ട് ജീവിക്കാന്‍ പറ്റാതെ കാലിടറുന്നവർ: ഒരന്വേഷണം
സംസ്ഥാനത്ത് ഒരു മാസത്തിനിടെ നടന്നത് നാല് കര്‍ഷക ആത്മഹത്യകള്‍, മൂന്നു മാസത്തെ കണക്കെടുത്താല്‍ അഞ്ച്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിയുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറും ഒരു കര്‍ഷകനോ ഒരു കര്‍ഷക തൊഴിലാളിയോ ആത്മഹത്യ ചെയ്യുകയാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിസംബര്‍ മൂന്നിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ ഇത്തരത്തില്‍ ആത്മഹത്യചെയ്തവരുടെ എണ്ണം 11290. ഇതില്‍ 5,207 പേര്‍ കര്‍ഷകരും 6,083 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. 2021 മായി താരതമ്യം ചെയ്യുമ്പോള്‍ 3.7 ശതമാനം വര്‍ധനയാണ് ആത്മഹത്യാ നിരക്കില്‍ വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ ഇങ്ങനെ പെരുകുന്നത്? കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത് ആരാണ് ? എവിടെയാണ് നമുക്ക് പിഴക്കുന്നത്? ഒരന്വേഷണം.
2015- 16 ലെ കാര്‍ഷിക സെന്‍സസ് പ്രകാരം ഇന്ത്യയിലെ 68.5 ശതമാനം കര്‍ഷകരും 2.5 ഏക്കര്‍ ഭൂമി മാത്രമുള്ള നാമമാത്ര കര്‍ഷകരാണ്. 17.6 ശതമാനം 2.5 ഏക്കറിനും അഞ്ച് ഏക്കറിനും ഇടയില്‍ ഭൂമിയുള്ള ചെറുകിട കര്‍ഷകരും. അതായത് ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനവും ചെറുകിട-നാമമാത്ര കര്‍ഷകരാണ്. ഇവര്‍ക്ക് കൃഷികൊണ്ട് ജീവിക്കാനാകാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്നതിനു തെളിവാണ് 2018 മുതല്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകള്‍.
ഞാന്‍ പരാജയപ്പെട്ടു പോയി സഹോദരാ
''ഞാന്‍ പരാജയപ്പെട്ടു പോയി സഹോദരാ...'' കുട്ടനാട്ടിലെ നെല്‍ കര്‍ഷകനായ കെ ജി പ്രസാദിന്റെ ഈ നിലവിളി കഴിഞ്ഞ നവംബര്‍ 11 ന് കേരളം കേള്‍ക്കുമ്പോള്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ ബാങ്ക് ലോണ്‍ ലഭിക്കുന്നില്ലെന്നതായിരുന്നു ആത്മഹത്യാ സന്ദേശത്തിലെ കാതല്‍. അതിനും മുന്നേ സെപ്റ്റംബര്‍ 18ന് അമ്പലപ്പുഴയിലെ നെല്‍കര്‍ഷകനായ കെ. ആര്‍. രാജപ്പന്‍ ജീവനൊടുക്കി. നെല്ലുസംഭരിച്ചവകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള പണം യഥാസമയം ലഭിക്കാത്തതായിരുന്നു അത്മഹത്യാ കാരണം.
പ്രസാദിന്റെ ആത്മഹത്യ നടന്ന് നാലാം ദിനം നവംബര്‍ 15ന് കണ്ണൂര്‍ നദുവത്ത് സുബ്രഹ്‌മണ്യന്‍ ജീവിതം അവസാനിപ്പിച്ചു. വനാതിര്‍ത്തിയിലെ തന്റെ കൃഷിഭൂമിയിലെ കാട്ടാന ആക്രമണം കാരണം ഇവിടെ നിന്ന് മാറിതാമസിച്ചതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയിലേക്കു നയിച്ചത്. ഈ ആത്മഹത്യ നടന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം നവംബര്‍ 17 ന് വയനാട് പാരപ്പള്ളില്‍ ക്ഷീരകര്‍ഷകനായ തോമസ് ഏലിയാസ് ജോയ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു. 10 ലക്ഷത്തിന്റെ കടബാധ്യത കാരണം ബാങ്കു വായ്പ തിരിച്ചടയ്ക്കാനോ മകന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാനോ സാധിക്കാത്തതിലുള്ള മനോവിഷമമായിരുന്നു കാരണം. ഈ മാസം എട്ടിന് വയനാട് തിരുനെല്ലി ഇ.എസ്. സുധാകരന്‍ ജീവനൊടുക്കാനും കാരണം കടബാധ്യതയായിരുന്നു. ഇതു കൂടാതെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്‍ഷകരും അനവധി. അത്തരത്തിലുള്ള സംഭവങ്ങളില്‍ അവസാനത്തേതാണ് പശുവിനു പുല്ലുചെത്താന്‍ പോയ വയനാട് വാകേരിയിലെ പ്രജീഷിന് കടുവയുടെ ആക്രമണത്തില്‍ സംഭവിച്ച ജീവഹാനി.
എന്താണ് ആത്മഹത്യയിലേക്കു നയിക്കുന്നത്?
കര്‍ഷകര്‍ തുടര്‍ച്ചയായി അനുഭവിക്കുന്ന വിഷമങ്ങളാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണം. അഥവാ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കണ്ടത്താനും അത് കര്‍ഷകരിലേക്കെത്തിക്കാനും നമ്മുടെ ഭരണാധികാരികള്‍ പരാജയപ്പെടുന്നു. രണ്ടു കര്‍ഷക ആത്മഹത്യകള്‍ നടന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ നെല്‍കൃഷിയിലേക്കു തന്നെ വരാം.
എന്താണ് കുട്ടനാട്ടിലെ പ്രശ്‌നം.
തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷി മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കു നഷ്ടപ്പെടുന്നതാണ് പ്രധാനകാരണം. കൃഷി കൃത്യസമയത്ത് ചെയ്യാനുള്ള പണം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇതു മനസിലാകണമെങ്കില്‍ കുട്ടനാട്ടിലെ കൃഷിയെക്കുറിച്ച് ഒന്നു മനസിലാക്കണം. പുഞ്ചയും രണ്ടാം കൃഷിയുമാണ് കുട്ടനാട്ടില്‍ നടക്കുന്നത്. ഓഗസ്റ്റില്‍ നിലമൊരുക്കി, സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിത ക്രമീകരിച്ച് മാര്‍ച്ച്- ഏപ്രിലില്‍ കൊയ്യുന്നതാണ് പുഞ്ച. മേയില്‍ നിലമൊരുക്കി ജൂണ്‍ ജൂലൈയില്‍ വിതച്ച് നവംബര്‍- ഡിസംബറില്‍ കൊയ്‌ത്തെത്തുന്നതാണ് രണ്ടാം കൃഷി. അതായത് രണ്ടു കൃഷിയും ചെയ്യുന്ന പാടങ്ങളില്‍ ഒന്നു വിളവെടുത്ത ഉടനേ അടുത്തത് ആരംഭിച്ചില്ലെങ്കില്‍ കൊയ്ത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.
എവിടെയാണ് പിഴയ്ക്കുന്നത്
വിതയ്ക്കുന്നതിനു മുന്നേ കര്‍ഷകന്‍ പിരിമുറുക്കത്തിലാവുകയാണെന്നതാണ് സത്യം. വിത്ത്, കക്ക എന്നിവ കര്‍ഷകര്‍ക്ക് നല്‍കുന്നത് സര്‍ക്കാരാണ്. ഇത് യഥാസമയം പലപ്പോഴും ലഭിക്കുന്നില്ല. ഇതു മൂലം വിത താമസിക്കുന്നതില്‍ തുടങ്ങുന്ന പ്രശ്‌നങ്ങള്‍ കൊയ്ത നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ വരുന്നതുവരെ കര്‍ഷകനെ വിടാതെ പിന്‍തുടരുന്നു. സപ്ലൈക്കോ അംഗീകരിച്ച മില്ലുകള്‍ നെല്ലെടുക്കുമ്പോള്‍ നല്‍കുന്ന പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) ബാങ്കുകളില്‍ നല്‍കി വ്യക്തിഗത വായ്പയായാണ് കര്‍ഷകര്‍ക്ക് തങ്ങളുത്പാദിപ്പിച്ച നെല്ലിന്റെ വില നല്‍കുന്നത്.
പിന്നീട് ഈ തുക സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കും. എന്നാല്‍ കുട്ടനാട്ടില്‍ കഴിഞ്ഞ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടേയും നെല്ലുവില ലഭിക്കാത്തതിനേതുടര്‍ന്ന് കര്‍ഷകര്‍ക്ക് ഹൈക്കോടതിയെ വരെ സമീപിക്കേണ്ടി വന്നു. ഇത്തരത്തില്‍ പണം ലഭിക്കാന്‍ താമസിക്കുമ്പോള്‍ കൃഷി വൈകാതിരിക്കാന്‍ ബാങ്കുകളില്‍ നിന്നും സ്വകാര്യപണമിടപാട് സ്വാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് വായ്പയെടുക്കേണ്ടി വരുന്നു. ഇങ്ങനെ വായ്പയെടുത്തു ചെയ്ത കൃഷി കാലാവസ്ഥ വ്യതിയാനം മൂലം നശിക്കുകകൂടി ചെയ്താല്‍ കര്‍ഷകന്‍ വീഴുന്നത് ഭീമമായ കടക്കെണിയിലേക്കാണ്, പിന്നീടൊരിക്കലും കരകയറാനാവാത്ത കടക്കെണിയിലേക്ക്.
2018 നുശേഷമുണ്ടായത്
ഇന്ത്യയില്‍ 2018 നു ശേഷം കര്‍ഷക ആത്മഹത്യകള്‍ കുത്തനെ ഉയരുകയാണെന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതു ശരിവയ്ക്കുകയാണ് കേരളത്തിലെ കര്‍ഷകരും. 2018 ശേഷം തൊഴിലാളികളുടെ വേതനത്തിലും സാധനങ്ങളുടെ വിലയിലും ഉണ്ടായികൊണ്ടിരിക്കുന്ന രൂക്ഷമായ വര്‍ധനവിന് ആനുപാതികമായി തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ലാത്തതിനാല്‍ കൃഷികൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ കാലിടറുന്ന കര്‍ഷകരാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നത്.
ചില കണക്കുകള്‍ നോക്കാം..
കുട്ടനാട്ടില്‍ പാട്ടകൃഷിയാണധികവും. ഒരേക്കറിന് 20,000 മുതല്‍ 30000 വരെയാണ് നല്‍കേണ്ട പാട്ടത്തുക. ഇതില്‍ 40,000 രൂപയുടെ അടുത്ത് വീണ്ടും മുടക്കിയാലേ കൃഷി നടക്കൂ. നെല്ലുവിലയില്‍ കാര്യമായ വര്‍ധന വരുന്നില്ലെങ്കിലും ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. വളത്തിന്റെ വിലയില്‍ 60 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കളനാശിനി കിട്ടാനില്ല, ഉള്ളവയ്ക്ക് വില വര്‍ധിച്ചു. മടവീണിട്ട് അഞ്ചുവര്‍ഷമായ പാടങ്ങള്‍ക്ക് പോലും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. പമ്പിംഗ് സബ്സിഡി ഇനത്തില്‍ പാടങ്ങളിലെ വെള്ളം വറ്റിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന തുകയും ഉത്പാദന ബോണസും മൂന്നു വര്‍ഷമായി നല്‍കുന്നില്ല. പമ്പിങ്ങിന് സര്‍ക്കാര്‍ നല്‍കുന്ന ഈ തുകയക്കു പുറമേ 1000-1500 രൂപ കര്‍ഷകരും നല്‍കിയാലേ പമ്പിങ്ങ് പൂര്‍ത്തിയാകൂ. മട കുത്തുന്നതിനു നല്‍കുന്ന പണം രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ഒരേക്കറിന് 800 രൂപയായിരുന്ന ട്രാക്ടര്‍ കൂലി ഇപ്പോള്‍ 1200 രൂപയ്ക്ക് മുകളിലായി. ഒരേക്കര്‍ വിതയ്ക്കുന്നതിനും കളനാശിനി അടിക്കുന്നതിനും വളമിടുന്നതിനുമുള്ള കൂലി 800 നിന്ന് 1000 നു മുകളിലായി. ഞാറ് പറിച്ചു നടുന്ന സ്ത്രീ തൊഴിലാളിയുടെ കൂലി 450 ല്‍ നിന്ന് 600 രൂപയായി. വളങ്ങൡ പ്രധാനിയായ പൊട്ടാഷ് 50 കിലോയുടെ പായ്ക്കറ്റിന് 600 ല്‍ നിന്ന് 1700 രൂപയായി. നിലം ഒരുക്കുന്നതിന് മുന്‍പ് അടിക്കുന്ന കളനാശിനി വില 250 നിന്ന് 1000 രൂപയായി. 2000 നു മുകളിലാണ് ഒരേക്കറിന്റെ കൊയ്ത്തു കൂലി. ഒരു ക്വിന്റല്‍ നെല്ല് ചാക്കില്‍ നിറയ്ക്കുന്നതിന് 40 രൂപ. ഇത് ചുമന്ന് വള്ളത്തില്‍ കയറ്റുന്നതിന് 115 രൂപ, വള്ളത്തില്‍ ലോറി കിടക്കുന്ന സ്ഥലത്തെത്തിക്കുന്നതിന് 45 രൂപ. ലോറിയില്‍ കയറ്റുന്നതിന് 40 രൂപ. എന്നാല്‍ ഇതിനെല്ലാം കൂടി സര്‍ക്കാര്‍ നല്‍കുന്ന ഹാന്റലിങ് ചാര്‍ജ് 12 രൂപ. ഇതെല്ലാം നല്‍കി നെല്ലു കൊടുത്താല്‍ പണം കിട്ടാന്‍ കോടതിയില്‍ പോകേണ്ട അവസ്ഥയും.
വില്ലനാകുന്ന കാലാവസ്ഥ
യാഥാര്‍ഥ്യമായ കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള സാങ്കേതിക വിദ്യകളെകുറിച്ചോ വിത്തുകളെക്കുറിച്ചോ നാം ചിന്തിക്കുന്നതു പോലുമില്ലെന്നത് മറ്റൊരു ദുരന്തം. ഇതുമൂലം കഴിഞ്ഞ വര്‍ഷത്തെ പുഞ്ചകൃഷി വിളവില്‍ വന്‍ ഇടിവുണ്ടായിരുന്നു. കായല്‍ നിലങ്ങളില്‍ വിളവ് പകുതിയോളം കുറഞ്ഞു. ഏക്കറിന് 25 ക്വിന്റല്‍ വരെ നെല്ല് ലഭിച്ചിരുന്ന പാടങ്ങളില്‍ വിളവ് 12 മുതല്‍ 20 ക്വിന്റല്‍ വരെ താഴ്ന്നു. ഉയര്‍ന്ന ചൂടും പാടങ്ങളിലെ അമ്ലതയും അവ മൂലമുണ്ടാകുന്ന രോഗങ്ങളും പോഷക അപര്യാപ്തതയുമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥാധിഷ്ടിത വിള ഇന്‍ഷുറന്‍സ് കുട്ടനാട്ടില്‍ നടപ്പാക്കാത്തത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലമുള്ള വിളനഷ്ടത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണിവിടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. വിള ഇന്‍ഷ്വറന്‍സില്‍ പ്രീമിയം ഇനത്തില്‍ വന്‍തുക ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തട്ടുന്നതല്ലാതെ തങ്ങള്‍ക്ക് തിരിച്ചൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രീമിയം എടുത്ത് 45 ദിവസത്തിനു ശേഷമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. നഷ്ടപരിഹാരം പഞ്ചായത്ത് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. പഞ്ചായത്തിലെ കൃഷിനാശം തിട്ടപ്പെടുത്തി ശരാശരിയായാണ് വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നത്. ഓരോ കര്‍ഷകനുമുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് ഇതിനു പറയുന്ന ന്യായം. ഒരു പഞ്ചായത്തില്‍ രണ്ട് കര്‍ഷകരുടെ കൃഷി മടവീണോ മറ്റോ പൂര്‍ണമായും നഷ്ടത്തിലായാലും മറ്റുള്ളവരുടെ കൂടി കൃഷി നശിച്ചാലേ ഇവര്‍ക്കും നഷ്ടപരിഹാരം ലഭിക്കൂ എന്നതാണ് സ്ഥിതി.
സംഭരണത്തിലെ തട്ടിപ്പ്
തമിഴ്‌നാട്ടില്‍ നിന്ന് കിലോയ്ക്ക് 15-18 രൂപയ്‌ക്കെത്തിക്കുന്ന നെല്ല് പാഡി ഓഫീസറുടെ ഒത്താശയോടെ ഏതെങ്കിലും കര്‍ഷകന്റെ അക്കൗണ്ടില്‍ കയറ്റി മില്ലുകള്‍ സപ്ലൈകോയ്ക്ക് നല്‍കി നടത്തുന്ന ലാഭകച്ചവടത്തിനും ഇരയാകുന്നത് കര്‍ഷകരാണ്. കിലോയ്ക്ക് 10 രൂപയിലധികമാണ് ഈ കച്ചവടത്തില്‍ ലാഭം. ഈ അഴിമതി ശ്രദ്ധയില്‍പ്പെട്ടതിനേതുടര്‍ന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിനു കീഴിലുള്ള സപ്ലൈകോയുടെ പാഡി ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
ഇതു തടയാന്‍ ഒരേക്കറില്‍ നിന്ന് 22 ക്വിന്റല്‍ നെല്ലേ സംഭരിക്കൂ എന്ന നിബന്ധന വച്ചിരിക്കുകയാണ് സര്‍ക്കാര്‍. നല്ല വിളവുണ്ടാകുന്ന പാടങ്ങളിലെ കര്‍ഷകരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. മില്ലുകള്‍ സംഭരിക്കുന്ന നെല്ലിലെ ജലാംശം കണ്ടെത്തി അളക്കുന്ന നെല്ലില്‍ കുറവനുവദിക്കുന്നത് പാഡി ഓഫീസറാണ്. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിക്കുമ്പോള്‍ ഈര്‍പ്പത്തിനനുസരിച്ച് സംഭരിക്കുന്ന നെല്ലില്‍ കുറവു വരുത്തുന്നതിലും പാഡി ഓഫീസര്‍മാരും മില്ലുകാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
ക്ഷീരകൃഷി മേഖലയും സമാന പ്രശ്‌നങ്ങള്‍
വയനാട് പാരപ്പള്ളില്‍ ക്ഷീരകര്‍ഷകനായ തോമസ് ഏലിയാസ് ജോയിയുടെ ആത്മഹത്യാ കാരണവും കടബാധ്യതയായിരുന്നു. ക്ഷീരകൃഷി മേഖലയും സമാന പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കാലാവസ്ഥവ്യതിയാനം മൂലം ചൂടുകൂടുന്നതിനാല്‍ കന്നുകാലികളില്‍ പാലുത്പാദനം കുറയുന്നുണ്ട്. രോഗങ്ങളും വര്‍ധിക്കുകയാണ്. പാലിനു വിലവര്‍ധിപ്പിച്ചത് വലിയ വാര്‍ത്തയാകുമ്പോള്‍ കാലിത്തീറ്റയ്ക്ക് അതിലും കൂടുതല്‍ വില വര്‍ധിപ്പിക്കുന്നത് ആരു മറിയുന്നില്ല. ഇങ്ങനെ ഒന്നു രണ്ടും പശുക്കളുള്ള നിരവധി കര്‍ഷകരാണ് ഈ മേഖലയില്‍ നിന്നു പിന്‍മാറുന്നത്.
വനമേഖലയിലെ കൃഷി ദുരിതം
കാടിനോടു ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകര്‍ക്ക് വന്യജീവികളുടെ ആക്രമണം മൂലം കൃഷിയുമായി മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണ്. വിദേശരാജ്യങ്ങളില്‍ ഒരു മൃഗത്തിന് അധിവസിക്കാനുള്ള സ്ഥലം കണക്കാക്കി അതില്‍ കൂടുതല്‍ വരുന്ന മൃഗങ്ങളെ കൊല്ലുന്ന കള്ളിംഗ് പോലുള്ള പ്രക്രീയകളെ കുറിച്ച് നാം ചിന്തിച്ചിട്ടു പോലുമില്ല. ഇങ്ങനെ കൊല്ലുന്ന മൃഗങ്ങളുടെ ഇറച്ചി മാംസാവശ്യങ്ങള്‍ ഉപയോഗിക്കുന്ന പതിവും പലസ്ഥലങ്ങളിലുമുണ്ട്. മറ്റൊന്ന് മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും ജലവും കാട്ടില്‍ തന്നെ ലഭ്യമാക്കുകയെന്നതാണ്. ഇതിന് പലതരം വാഴകളുടെ വിത്തുകള്‍ ഹെലികോപ്ടറില്‍ കാടുകളില്‍ വിതറി കിളിര്‍പ്പിച്ച് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന നാടുകളുണ്ട്. കാടുകളോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ എന്തു കൃഷിചെയ്യാം, എന്തു ചെയ്യരുത് എന്ന നിര്‍ദേശം ഇതുവരേയും സര്‍ക്കാരുകള്‍ നല്‍കുന്നില്ല. ഇങ്ങനെ നല്‍കുകയും ഇവിടെയെത്തുന്ന വന്യമൃഗങ്ങളെ ഓടിക്കാനുള്ള ഹൈഫ്രീക്വന്‍സി ശബ്ദസംവിധാനമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള നടപടികള്‍ എടുക്കുകയുമാണ് വേണ്ടത്.
പുതുതലമുറ വഴിമാറുന്നു
കൃഷി ലാഭകരമല്ലെന്നു മനസിലാക്കുന്ന പുതുതലമുറ കൃഷിയിലേക്കു വരുന്നില്ലെന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല.
മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിയും മാറ്റിയില്ലെങ്കില്‍ വെല്ലുവിളികള്‍ വര്‍ധിക്കും. കൃഷിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പിരിമുറുക്കം വര്‍ധിക്കുകയാണ്. വിഷാദവും ആകാംക്ഷയും വര്‍ധിച്ച് അവര്‍ മരണത്തിലേക്കു നീങ്ങുമ്പോള്‍ നമ്മുടെ അന്നം തന്നെയാണ് മുട്ടുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാകണം.
ആരാണു രക്ഷിക്കേണ്ടത്?
വിതയ്ക്കുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ പിരിമുറുക്കത്തിലാകുന്ന കര്‍ഷകരെ ആരാണു രക്ഷിക്കേണ്ടത്. നാം രാജ്യരക്ഷക്കായി നികുതി പണത്തിന്റെ വലിയൊരു ഭാഗം മാറ്റി വയ്ക്കുന്നു. വിദ്യാഭ്യാസത്തിനും അങ്ങനെ തന്നെ. പക്ഷെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണമുണ്ടാക്കുന്നവര്‍ അതുത്പാദിപ്പിച്ച് ലാഭമുണ്ടാക്കി ജീവിച്ചോളണം എന്നു പറയാന്‍ എങ്ങനെ കഴിയും. മറ്റു മേഖലകള്‍ക്ക് സര്‍ക്കാര്‍ നികുതിപ്പണം നല്‍കുന്നതു പോലെ അന്നം തരുന്ന കര്‍ഷകരെ നിലനിര്‍ത്താനും ഈ നികുതിപ്പണം തന്നെയാണ് നല്‍കേണ്ടത്. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരത്തില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് കര്‍ഷകരെ നിലനിര്‍ത്തുന്നതെന്ന കാര്യം വിദേശസന്ദര്‍ശനങ്ങള്‍ മുടങ്ങാതെ നടത്തുന്ന നമ്മുടെ ഭരണാധികാരികള്‍ കാണാത്തതാണോ? ഇങ്ങനെ ചെയ്താലേ നമ്മുടെ കര്‍ഷകരും പിരിമുറുക്കത്തില്‍ നിന്ന് മോചിതരാകൂ. ആത്മഹത്യകള്‍ക്ക് അറുതിയുണ്ടാകൂ.