വിള്ളൽ വീണ 'പ്രതീക്ഷ'; സർക്കാർ നൽകിയ ഫ്ലാറ്റിൽ ഭീതിയോടെ മത്സ്യത്തൊഴിലാളികൾ
2012ലെ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുട്ടത്തറയിൽ നിർമിച്ച ഭവനസമുച്ചയം 2018 ഒക്ടോബര്‍ 31നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അഞ്ച് വർഷം ആകുന്നതിന് മുൻപ് തന്നെ ചോര്‍ന്നൊലിച്ചും തറയോടുകൾ പൊട്ടിപ്പൊളിഞ്ഞും മാലിന്യം കുമിഞ്ഞുകൂടിയും മത്സ്യത്തൊഴിലാളികളെ ദുരിതക്കെടുതിയിൽ ആക്കിയിരിക്കുകയാണ് വീടുകൾ. പ്രതീക്ഷ എന്ന പേരിട്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്.
24 ബ്ലോക്കുകളിലായി പതിനേഴരക്കോടി ചെലവിൽ മൂന്നേമുക്കാൽ ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച 192 ഫ്ലാറ്റുകളിൽ 24 എണ്ണത്തിലാണ് വിള്ളലുകളുള്ളത്. തറയോടുകൾ പൊട്ടിപ്പൊളിഞ്ഞു, മാലിന്യ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞു. പലരും സ്വന്തം പണം മുടക്കിയാണ് വീടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയത്. നിർമാണത്തിലെ അശാസ്ത്രീയത കാരണം ദുരിതമനുഭവിക്കുകയാണ് പ്രതീക്ഷ ഫ്ലാറ്റിലെ ജനങ്ങൾ.