സദാനന്ദന് 65-ാം വയസില്‍ പ്ലസ് ടു; ഇനി ലക്ഷ്യം ബിരുദം

സദാനന്ദന് 65-ാം വയസില്‍ പ്ലസ് ടു; ഇനി ലക്ഷ്യം ബിരുദം

ഈ വര്‍ഷമാണ് സദാനന്ദന്‍ തുല്യതാ പരീക്ഷയില്‍ പ്ലടുവിന് ഉന്നത വിജയം നേടിയത്
Updated on
1 min read

അറുപത്തിയാഞ്ചാം വയസില്‍ ഓട്ടോ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴും കണ്ണൂര്‍ പിണറായി സ്വദേശി സദാനന്ദന്‍ ബിരുദപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഈ വര്‍ഷമാണ് സദാനന്ദന്‍ തുല്യതാ പരീക്ഷയില്‍ പ്ലസ്ടുവിന് ഉന്നത വിജയം നേടിയത്. മുടങ്ങിപ്പോയ പഠനം തുടരണമെന്ന ആഗ്രഹത്തിന് അതിരുകളില്ലാത്തതിനാല്‍ സോഷ്യോളജിയില്‍ ബിരുദപഠനത്തിനൊരുങ്ങുന്ന സദാനന്ദന്റെ സമയം ശരിയായത് 65 വയസ്സിലാണ്.

പുലര്‍ച്ചെ 4:30 ന് തുടങ്ങും സദാന്ദന്റെ പഠനം. രണ്ട് മണിക്കൂര്‍ പഠനത്തിന് ശേഷമാണ് ഒട്ടോ ഓടിക്കാന്‍ ഇറങ്ങുകയെന്ന് സദാനന്ദന്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. ചെറുപ്പത്തില്‍ പ്രാരാബ്ദങ്ങള്‍ കാരണം മുടങ്ങിപോയ പഠനം തുടരണമെന്ന ആഗ്രഹം എപ്പോഴുമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 33 -ാം വയസിലാണ് പെരളശ്ശേരിയിലെ പാരല്‍ കോളേജില്‍ നൈറ്റ് ബാച്ചിന് ചേര്‍ന്ന് പഠിച്ച് സദാനന്ദന്‍ പത്താംതരം പാസായത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ അന്ന് പഠനം തുടരാന്‍ സാധിച്ചില്ല. സദാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരോന്നിനും അതിന്റേതായ സമയമുണ്ട്.

സദാനന്ദൻ
സദാനന്ദൻ

പിന്നീട് 2021ലാണ് സാക്ഷരതാ മിഷന്റെ പരസ്യം കണ്ട് സദാനന്ദന്‍ പ്ലസ്ടു പഠിക്കാൻ തീരുമാനിക്കുന്നത്. പ്രായത്തിന്റേതായ പ്രശ്‌നങ്ങളും ഓര്‍മക്കുറവും കാരണം പ്ലസ്ടു പഠനം തനിക്ക് സാധ്യമാകുമോ എന്ന് സംശയമുണ്ടായിരുന്നു. അതിനാല്‍ ഫലം വരുന്നത് വരെ പഠനത്തെക്കുറിച്ച് ആരെയും അറിയിച്ചില്ല. പ്ലസ് ടു പാസായതിന്റെ ധൈര്യത്തിലാണ് ബുരുദമാണ് ഇനി ലക്ഷ്യമെന്ന് സദാനന്ദന്‍ തുറന്നുപറയുന്നത്.

സാക്ഷരതാ മിഷന് കീഴിലുള്ള തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠന കേന്ദ്രത്തില്‍ ഏറ്റവും മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയും സദാനന്ദനായിരുന്നു. ശ്രീനാരായാണ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. പ്രായമായല്ലോ, ഇനിയൊന്നും നടക്കില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് മുന്നിലൂടെ പഠനത്തിന്റെ വിശാലലോകമുണ്ടെന്ന് ഓര്‍മപ്പെടുത്തി ഓട്ടോയോടിച്ച് പോവുകയാണ് സദാനന്ദന്‍.

logo
The Fourth
www.thefourthnews.in