പെരിയാറില്‍നിന്ന് ഉദയനിധി സ്റ്റാലിന്‍ വരെ, സനാതന ധര്‍മത്തിനെതിരായ ദ്രാവിഡ കലാപങ്ങള്‍
സനാതന ധര്‍മമാണ് ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തിനെതിരായ പ്രസ്താവന ഹിന്ദുക്കളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണെന്ന് ബിജെപി നേതാക്കളുടെ വിമര്‍ശനമാണ് വലിയ തോതില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ സനാതന ധര്‍മത്തിനെതിരായ വിമര്‍ശനത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്നും വംശഹത്യയ്ക്കുള്ള ആഹ്വാനമൊന്നും നല്‍കിയിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്‍ നിലപാടെടുത്തു. സമൂഹത്തെ ധ്രുവീകരിക്കാന്‍ ശേഷിയുള്ള, നിലപാട് എടുക്കാന്‍ ഉദയനിധി സ്റ്റാലിന് എങ്ങനെ സാധിച്ചു. പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ മുതല്‍ പ്രചരിപ്പിച്ച ദ്രാവിഡ രാഷ്ട്രീയമാണ് ഉദയനിധി സ്റ്റാലിന് , ഹിന്ദുത്വത്തെ കടന്നാക്രമിക്കാനുള്ള പ്രത്യയശാസ്ത്ര ഉപാധിയായി മാറിയത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ 'ഇന്ത്യ' ഹിന്ദുമതത്തെ എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഉദയനിധിയുടെ പരാമര്‍ശമെന്ന് പ്രതികരിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. അവിടെയും തീര്‍ന്നില്ല, ഉദയനിധിയുടെ വാക്കുകള്‍ കോണ്‍ഗ്രസിലും രണ്ട് പക്ഷത്തെ സൃഷ്ടിച്ച് കഴിഞ്ഞു. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളിലൊരാളായ മമത ബാനര്‍ജിയും ഉദയനിധിക്ക് എതിരെ രംഗത്തെത്തി. അപക്വമാണ് ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയെന്നായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം.
സനാതന ധര്‍മം മലേറിയ, ഡെങ്കു എന്നിവ പോലെയാണെന്നും അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍. എന്നാല്‍ ഈ നിലപാട് മമത ബാനര്‍ജിയുടെ പ്രതികരണം പോലെ, ഉദയനിധിയുടെ അപക്വമായ രാഷ്ട്രീയ നിലപാടില്‍ നിന്ന് ഉണ്ടായതാണോ. അല്ലെന്ന് തമിഴ് നാടിന്‌റെ ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യം പരിശോധിച്ചാല്‍ വ്യക്തമാകും. രാജ്യത്തെ ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇ വി രാമസ്വാമി നായ്ക്കറുടെ (പെരിയാര്‍) ആശയങ്ങളെയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്തേക്ക് ഉദയനിധി കൊണ്ടുവരുന്നത്.
സ്വാഭിമാന പ്രസ്ഥാനവും പെരിയാറിന്റെ ജാതിവിരുദ്ധ പോരാട്ടങ്ങളും
1925ലാണ് ഇ വി രാമസ്വാമി സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനും അധികാരത്തിനും വിവേചനങ്ങള്‍ക്കുമെതിരെ പിന്നാക്കക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു ഈ പ്രസ്ഥാനം രൂപീകരിച്ചത്. രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമി, സവര്‍ണര്‍ക്കു മാത്രമാണ് സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന് തിരിച്ചറിഞ്ഞു. 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട് പ്രവർത്തനം ആരംഭിച്ച പെരിയാർ 1925-ല്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജാതിക്കും മതത്തിനും എതിരെ പോരാടാനും സാമൂഹിക തിന്മകൾക്കെതിരായ ഒരു യുക്തിവാദി പ്രസ്ഥാനമായി സ്വയം നിലയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ദക്ഷിണേന്ത്യയിൽ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് സ്വാഭിമാന പ്രസ്ഥാനം. കടുത്ത ജാതി-മത വിരുദ്ധനായിരുന്നു ഇ വി രാമസ്വാമി നായ്‌ക്കർ. ജാതി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന സാമൂഹിക പരിഷ്കാരങ്ങൾക്കായി അദ്ദേഹം വാദിക്കുകയും സംസ്ഥാനത്ത് ഹിന്ദി ഭാഷയുടെ ആധിപത്യത്തെ എതിർക്കുകയും ചെയ്തു. തമിഴ് രാഷ്ട്രത്തിന്റെ വ്യതിരക്തമായ സാംസ്കാരിക സ്വത്വത്തിന് ഊന്നൽ നൽകിക്കൊണ്ടുളള പ്രവർത്തനത്തിനാണ് പെരിയാർ തുടക്കമിട്ടത്.
ബ്രാഹ്മണ വിരുദ്ധതയുടെ വക്താവായിരുന്ന രാമസാമിയുടെ സ്വാഭിമാന പ്രസ്ഥാനം, സോഷ്യലിസവും ബ്രാഹ്മണ വിരുദ്ധതയും പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ജസ്റ്റിസ് പാർട്ടിയുമായി 1938-ൽ ലയിച്ചു. 1944-ൽ ദ്രാവിഡർ കഴകം രൂപീകരിച്ചു. പൂണൂല്‍ മുറിക്കല്‍, വിഗ്രഹഭഞ്ജനം എന്നിവയ്‌ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. "ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന ദൈവങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പെരിയാർ ഹിന്ദുമത്തിൽ നിലനിന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പരസ്യമായി രംഗത്ത് വന്ന സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു.
പെരിയാറിനോട് അകലം പാലിക്കുകയും പ്രായോഗിക രാഷ്ട്രീയത്തോട് അടുപ്പം പുലർത്തുകയും ചെയ്ത അണ്ണാദുരൈ
തിരഞ്ഞെടുപ്പ് സംവിധാനങ്ങളോട് തികച്ചും അകലം പാലിച്ചിരുന്ന വ്യക്തിയായിരുന്നു പെരിയാർ. താനുൾപ്പെടുന്ന സമൂഹം പലതട്ടുകളായി വിഭജിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിന് ജനാധിപത്യ വോട്ടിംഗ് സമ്പ്രാദയത്തോട് പ്രതിപത്തി കാണിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ചും സ്വാതന്ത്ര്യാനന്തര കാലത്ത്. പെരിയാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായി ആയിരുന്ന സി എൻ അണ്ണാദുരൈ ദ്രാവിഡർ കഴകം വിട്ടു പുറത്തുവന്നു. പെരിയാർ തന്നേക്കാൾ 40 വയസ്സിന് ഇളയവളായ മണിയമ്മായിയെ വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പെരിയാറിന്റെ ഈ നടപടിയിൽ രോഷാകുലനായ അണ്ണാദുരൈ തന്റെ അനുയായികളോടൊപ്പം ദ്രാവിഡർ കഴകത്തിൽ നിന്ന് പിരിഞ്ഞ് 1949ൽ സ്വന്തം പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആരംഭിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അണ്ണാദുരൈ അങ്ങനെ തമിഴ്‌നാടിന്റെ ആദ്യ മുഖ്യമന്ത്രിയും ആയി. പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ വേരുകൾ ഡിഎംകെയിലും പടർന്നുപിടിച്ചിട്ടുണ്ട്. ഡിഎംകെയും എഐഎഡിഎംകെയും ഉൾപ്പെടെയുള്ള സംസ്ഥാന രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച പ്രസ്ഥാനം കൂടിയായിരുന്നു പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനം.
ദ്രാവിഡ കഴകത്തിൽ ഉണ്ടായിരുന്ന കാലത്ത് അണ്ണാദുരൈ സ്വതന്ത്ര ദ്രാവിഡ നാട് എന്ന പെരിയാറിന്റെ ആഹ്വാനത്തെ പിന്തുണച്ചിരുന്നു. അണ്ണാദുരൈ വ്യക്തിജീവിതത്തിൽ നിരീശ്വരവാദിയായിരുന്നെങ്കിലും ഒൻട്രേ കുലം ഒരുവനേ ദേവൻ (ഒരേ ജാതി ഒരേയൊരു ദൈവം) എന്ന ചിന്തയിലായിരുന്നു രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നത്. അന്ധവിശ്വാസങ്ങളെയും മതപരമായ ചൂഷണത്തെയും അണ്ണാദുരൈ വിമർശിച്ചിരുന്നെങ്കിലും സമൂഹത്തിന്റെ ആത്മീയ മൂല്യങ്ങൾക്കെതിരെ ഒരിക്കലും അദ്ദേഹം ശബ്ദം ഉയർത്തിയിരുന്നില്ല. 'നാൻ തേങ്ങയും ഉടയ്പ്പവില്ലൈ; പിള്ളയാരേയും ഉടയ്പ്പവില്ലൈ' എന്നതായിരുന്നു മതത്തെക്കുറിച്ചുളള അണ്ണാദുരൈയുടെ നിലപാട്.
ഡിഎംകെയുടെ വളർച്ചയും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും
ഡിഎംകെയുടെ സാന്നിധ്യം തുടക്കത്തിൽ നഗര മേഖലകളിലും പരിസര പ്രദേശങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ നഗരങ്ങളിലെ താഴ്ന്ന ഇടത്തരം തൊഴിലാളിവർഗങ്ങൾ, വിദ്യാർഥികൾ, ദളിതർ, താഴ്ന്ന ജാതിക്കാർ എന്നീ വിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് അണ്ണാദുരൈക്ക് പാർട്ടിയെ അതിവേഗം വളർത്താൻ കഴിഞ്ഞു. താഴ്ന്ന ജാതിക്കാരുടെ സാമൂഹിക നീതിക്ക് വേണ്ടി പോരാടിയ അദ്ദേഹം അതിവേഗം ജനപിന്തുണയും നേടി. 1928 മുതലെ തമിഴകത്ത് ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.
ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും അണ്ണാദുരൈയ്ക്ക് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടായിരുന്നു. "ഭൂരിപക്ഷം ആളുകൾ സംസാരിക്കുന്നതിനാൽ ഹിന്ദി പൊതുഭാഷയാകണമെന്ന് അവകാശപ്പെടുന്നു. ഇത്രയധികം എണ്ണമുള്ള എലിക്ക് പകരം കടുവയെ നമ്മുടെ ദേശീയ മൃഗമായി എന്തിന് അവകാശപ്പെടണം? കാക്ക ധാരാളമുളളപ്പോൾ മയിലാണോ നമ്മുടെ ദേശീയ പക്ഷി?" ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുന്നതിനെക്കുറിച്ച് സംസാരിച്ച അണ്ണാദുരൈ വിമർശനബുദ്ധിയോടെ ചോദിച്ചു. മദ്രാസിലും മധുരയിലും പൊട്ടിപ്പുറപ്പെട്ട ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ 1967ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ വിജയിപ്പിക്കാൻ സഹായിക്കുകയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അണ്ണാദുരൈയ്ക്ക് ചുമതലയേൽക്കാനും കഴിഞ്ഞുവെന്നതാണ് ചരിത്രം.
കരുണാനിധിയുടെ വരവും ദ്രാവിഡ രാഷ്ട്രീയവും
1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് എം കരുണാനിധി ഡിഎംകെയുടെ നിയന്ത്രണം ഏറ്റെടുത്തു. മതത്തെയും അന്ധവിശ്വാസത്തെയും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്ന നിരീശ്വരവാദിയും യുക്തിവാദിയുമായിരുന്നു കരുണാനിധി. പെരിയാറിന്റെ ആശയങ്ങളിൽ അണ്ണാദുരൈ മിതത്വം പാലിച്ചപ്പോൾ കവിയും നാടകകൃത്തും തിരക്കഥാ കൃത്തുമായ കരുണാനിധി മതത്തെയും ദൈവങ്ങളെയും വിമർശിക്കാനുളള മാധ്യമമായി കലയെ കണ്ടുവെന്നതാണ് വസ്തുത. ശിവാജി ഗണേശൻ ആദ്യമായി അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ പരാശക്തിയുടെ തിരക്കഥ എഴുതിയതും കരുണാനിധിയായിരുന്നു. ബ്രാഹ്മണരെയും ഹിന്ദു ആചാരങ്ങളെയും വിമർശിച്ച ഈയൊരൊറ്റ ചിത്രം മതിയാകും പെരിയാറിന്റെ ആശയങ്ങൾ കരുണാനിധിയെ എത്രമാത്രം സ്വാധീനിച്ചുവെന്നത്. അണ്ണാദുരൈ അകലം പാലിച്ച പെരിയാറിന്റെ ആശയങ്ങളെ വീണ്ടും തിരിച്ചുപിടിക്കാനാണ് കലയിലൂടെയും രാഷിട്രീയത്തിലൂടെയും കരുണാനിധി ശ്രമിച്ചത്.
പെരിയാറും ബ്രാഹ്മണവിരുദ്ധതയും
ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തിയതും അതിന്റെ ഫലങ്ങൾ അനുഭവിച്ചതും അന്ന് സമൂഹത്തിലെ ഉന്നതരായിരുന്ന ബ്രാഹ്മണരായിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കുകയും അധ്യാപകരായും അഭിഭാഷകരായും ഡോക്ടർമാരായും ഗുമസ്തന്മായും സിവിൽ സർവീസുകാരായും തുടങ്ങി സമൂഹത്തിൽ ഉയർന്ന സാമൂഹിക പദവികളെല്ലാം ബ്രാഹ്മണരായിരുന്നുവെന്നത് പെരിയാറിനെ അസ്വസ്ഥനാക്കി. ജാതിയയയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും കാരണമായ ബ്രാഹ്മണ്യ മനോഭാവത്തിനായിരുന്നു, അല്ലാതെ വ്യക്തി പരമായി ബ്രാഹ്മണരായി ജനിച്ചവർക്കെതിരെ ആയിരുന്നില്ല പെരിയാറിന്റെ പോരാട്ടം
പെരിയാർ തന്റെ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും സമൂഹത്തിലെ ദളിത് ജീവിതങ്ങളെ പാർശ്വവൽക്കരിക്കുന്ന ഹിന്ദു മത ആചാരങ്ങളെയും വിശ്വാസങ്ങളെയും നിശിതമായി വിമർശിച്ചു . മാർക്സിന്റെ ഏംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ഭഗത് സിങിന്റെ ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി, ബെർട്രാൻഡ് റസ്സലിന്റെ വൈ ഐആം നോട്ട് എ ക്രിസ്ത്യൻ അടക്കമുളള നിരീശ്വരവാദത്തെയും സോഷ്യലിസത്തെയും പ്രോത്സാഹിപ്പിക്കുന്ന കൃതികളുടെ വിവർത്തനങ്ങൾ പെരിയാർ പ്രസിദ്ധീകരിച്ചു. കൂടാതെ, ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതി. കുടി അരശ്, വിടുതലൈ (1937), പുരട്‌ചി (1933) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും അദ്ദേഹം ശക്തമായി ഹിന്ദുമതത്തെയും ആചാരങ്ങളെയും വിമർശിച്ചു.
ദളിതരും തൊഴിലാളിവർഗങ്ങളും സമത്വവും സോഷ്യലിസവും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നശിപ്പിക്കേണ്ടത് ബ്രാഹ്മണ്യത്തെയാണെന്ന നേതാവ് കൂടിയായിരുന്നു പെരിയാർ. "ഞാൻ മനുഷ്യ സമൂഹത്തിന്റെ പരിഷ്കർത്താവാണ്. എനിക്ക് രാജ്യമോ ദൈവമോ മതമോ ഭാഷയോ സംസ്ഥാനമോ ഒന്നും വിഷയമല്ല. മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിലും വളർച്ചയിലും മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്"അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിൽ സ്ത്രീകളുടെയും താഴ്ന്ന ജാതിക്കാരുടെയും സമത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ ഒരു വരേണ്യ ജാതി വിഭാഗമായി ബ്രാഹ്മണർക്ക് വിശേഷാധികാരം നൽകിയ സാമൂഹിക അധികാര സ്ഥാപനമായാണ് പെരിയാർ മതത്തെ കണ്ടത്. മതത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്.
സ്ത്രീ സമത്വവും പെരിയാറിന്റെ ചിന്തയും
യുക്തിവാദിയും സാമൂഹിക പരിഷ്കർത്താവുമായ രാമസാമി തന്റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ സമത്വത്തിനും വേണ്ടിയും ശബ്ദമുയർത്തിയിരുന്നു. സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് പ്രായവും സാമൂഹിക ആചാരങ്ങളും ഒരു തടസ്സമല്ലെന്ന് അദ്ദേഹം കരുതി. സ്ത്രീകളെ അടിച്ചമർത്തുന്ന യാഥാസ്ഥിതിക വിവാഹ പാരമ്പര്യങ്ങൾക്കെതിരെ രാമസാമി പോരാടി. ഇന്ത്യയിലെ സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന്റെയോ ഭർത്താവിന്റെയോ സ്വത്തിൽ അവകാശമില്ലെന്ന വ്യവസ്ഥയ്ക്കെതിരെ അദ്ദേഹം പോരാടുകയും ന്യായമായ സാഹചര്യങ്ങളിൽ ഭർത്താവിനെ വേർപെടുത്താനോ വിവാഹമോചനം ചെയ്യാനോ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും വാദിച്ചു.
പെരിയാറിന്റെ ആശയങ്ങളെ കരുണാനിധിയിലൂടെ സ്റ്റാലിനും ഇപ്പോൾ സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധിയും മുഖ്യധാരയിലേക്ക് ഉയർത്തക്കൊണ്ടുവരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുന്നത്. പെരിയാറിന്റെ സ്ത്രീകളോടും ഹിന്ദുമതത്തോടുമുളള കാഴ്ചപ്പാട് തന്നെയായിരുന്നു ഉദയനിധിയുടെ പ്രസംഗത്തിൽ മുഴുനീളം പ്രതിഫലിച്ചത്. ഡിഎംകെ ഉയർത്തുന്ന രാഷ്ട്രീയ സന്ദേശമാണ് ഉദയനിധിയിലൂടെ ഒരിക്കൽകൂടി വെളിവായിരിക്കുന്നത്.