ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം

ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം

ഇപ്പോള്‍ പൊളണ്ടിന്റെ ഭാഗമായ പഴയ ജര്‍മന്‍ പ്രവിശ്യയായ ഓമ്പര്‍ ഷ്‌ലീസനിലെ റോസന്‍ ബാഹ് എന്ന ചെറുപട്ടണത്തിലാണ് ഡൊറോത്തിയയുടെ ജനനം
Updated on
4 min read

ഏതാനും ആഴ്ച മുമ്പ് നാട്ടികയിലെ കടപ്പുറം ബീച്ച് റിസോര്‍ട്ടില്‍ ഒരു അനുസ്മരണയോഗം നടന്നു. ജര്‍മന്‍കാരിയായ ഡൊറോത്തിയ മച്ചിങ്ങലിന്റെ മരണാനന്തര ചടങ്ങായിരുന്നു അത്. യോഗത്തില്‍ പങ്കെടുത്ത നാനൂറോളംപേര്‍ക്കും ഡൊറോത്തിയ പ്രിയപ്പെട്ടവരായിരുന്നു. ഒരു വെള്ളക്കാരി മദാമ്മയായല്ല, നാട്ടുകാരിലൊരാളായാണവരെ എല്ലാവരും കണ്ടത്. തൃശൂരിലെയും തിരുവനന്തപുരത്തെയും ചലച്ചിത്രമേളകള്‍, തൃശൂരിലെ കലാകായികമേളകള്‍, ഇടതുപക്ഷവുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലെല്ലാം വര്‍ഷങ്ങളായി അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഉല്പതിഷ്ണുത്വത്തിന്റെ ഉദാത്ത മാതൃകയായാണ് പലരും അവരെ അനുസ്മരിച്ചത്.

കടപ്പുറം ബീച്ച് റിസോര്‍ട്ടിന്റെ ഉടമയും എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ധനഞ്ജയന്‍ മച്ചിങ്ങലിന്റെ ജീവിതപങ്കാളിയായിരുന്നു ഡൊറോത്തിയ.

കടപ്പുറം ബീച്ച് റിസോര്‍ട്ടിന്റെ ഉടമയും എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ധനഞ്ജയന്‍ മച്ചിങ്ങലിന്റെ ജീവിതപങ്കാളിയായിരുന്നു ഡൊറോത്തിയ. ഈ ലേഖകന്‍ അവരെ പരിചയപ്പെടുന്നത് 1993 മെയ് മാസമാണ്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നൂറാം ചരമവാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള രണ്ട് ഡസനോളം പേരടക്കം ഇന്ത്യയില്‍നിന്ന് മുപ്പത്തഞ്ചോളം പേര്‍ പോവുകയുണ്ടായി. ഒഎന്‍വിയും ഡിസി കിഴക്കേമുറിയും പി ഗോവിന്ദപിള്ളയുമടക്കമുള്ളവര്‍.

ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം
കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്

ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ടില്‍ നടന്ന അനുസ്മരണപരിപാടി കഴിഞ്ഞശേഷം മടക്കത്തില്‍ ഞങ്ങള്‍ ഏതാനുംപേര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളിസംഘടനകളുടെ ഒരു സ്വീകരണമുണ്ടായിരുന്നു. സ്വീകരണാനന്തരം അന്നത്തെ താമസം അവിടത്തെ ഓരോ മലയാളിയുടെ വീട്ടിലായിരുന്നു. പി ഗോവിന്ദപിള്ളയേയും പി മാധവന്‍ പിള്ളയേയും (യയാതിയടക്കമുള്ള നോവലുകളുടെ വിവര്‍ത്തകന്‍) എന്നെയും സ്വാഗതംചെയ്തത് ധനഞ്ജയന്‍ മച്ചിങ്ങലും ഡൊറോത്തിയയുമാണ്. പിറ്റേന്ന് രാവിലെ ഒമ്പതുമണിയോടെ എല്ലാവരും ഗോയ്‌ഥെയുടെ വീട്ടിലെത്തണമെന്ന് പറഞ്ഞാണ് യോഗം പിരിഞ്ഞത്. ഗോയ്‌ഥെ മ്യൂസിയം കാണുകയെന്നത് ഞങ്ങളുടെ കൂട്ടത്തിലെ എഴുത്തുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു... അന്നത്തെ സായന്തനത്തില്‍ ഡൊറോത്തിയ, ഫ്രാങ്ക്ഫര്‍ട്ട് നഗരത്തെ വിഹഗവീക്ഷണം നടത്താന്‍പാകത്തില്‍ ഞങ്ങളെയുകൂട്ടി കാറില്‍ തലങ്ങുവിലങ്ങും സഞ്ചരിച്ചു.

 ധനഞ്ജയന്‍ മച്ചിങ്ങല്‍
ധനഞ്ജയന്‍ മച്ചിങ്ങല്‍

വായനപോലെതന്നെ സംസാരിക്കുന്നതും കേള്‍ക്കുന്നതുംകൂടി ലഹരിയായിരുന്നുവല്ലോ പി.ജി.യ്ക്ക്

വായനപോലെതന്നെ സംസാരിക്കുന്നതും കേള്‍ക്കുന്നതുംകൂടി ലഹരിയായിരുന്നുവല്ലോ പിജിയ്ക്ക്. അതിനാല്‍ അത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. അതിനിടയില്‍ ഡൊറോത്തിയ ചോദിച്ചു, ഭക്ഷണത്തിന് മുമ്പ് മറ്റെന്തെങ്കിലും വേണോ... പി.ജി. വേണ്ടെന്ന് തലയാട്ടി. മാധവന്‍പിള്ളയും. ഞാന്‍ പിജിയുടെ മുഖത്തുനോക്കി, സഖാവെ ഞാന്‍ ഒരു ബിയര്‍ കഴിക്കുകയാണ്...... പിജി ചിരിച്ചു, ആയ്‌ക്കോ, ആയ്‌ക്കോ അധികമാവേണ്ടെന്നുമാത്രം.... ഡൊറോത്തിയ ബിയര്‍ ടിന്നുകളുമായെത്തി. കഴിച്ചത് ഞാന്‍ മാത്രം. വര്‍ഷങ്ങളായി ജര്‍മനിയിലായിട്ടും മച്ചിങ്ങല്‍ ബിയര്‍പോലും കഴിക്കില്ല. ഞാന്‍ ബിയര്‍ കുടിച്ചുകൊണ്ടിരിക്കെ ഡൊറോത്തിയയും പിജിയും ജര്‍മനിയുടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും വിശാലമായി കടന്നുചെല്ലുകയായിരുന്നു... പുലര്‍ച്ചെ എപ്പോഴോ ആണ് ഞങ്ങള്‍ ഉറങ്ങിയത്. കാലത്ത് ഗോയ്‌ഥെ ഹൗസിലേക്ക് തിരിക്കുംമുമ്പ് ആ മ്യൂസിയത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒരു ബ്രോഷര്‍ സമ്മാനിച്ചു.

ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം
സർക്കസിലെ ശങ്കര ദിഗ് വിജയം

ഒമ്പത് വര്‍ഷത്തിന്‌ശേഷം വീണ്ടും ജര്‍മനിയില്‍ പോയപ്പോള്‍ രണ്ടു ദിവസത്തെ താമസം മച്ചിങ്ങല്‍ കുടുംബത്തോടൊപ്പമായിരുന്നു. അന്നാണവര്‍ മനസ്സുതുറന്ന ഏറെനേരം സംസാരിച്ചത്. ജര്‍മനിലും ഇംഗ്ലീഷിലുമായി.. പരിഭാഷയും വിശദീകരണവും ഭര്‍ത്താവിന്റെ വക. ഇപ്പോള്‍ പൊളണ്ടിന്റെ ഭാഗമായ പഴയ ജര്‍മന്‍ പ്രവിശ്യയായ ഓമ്പര്‍ ഷ്‌ലീസനിലെ റോസന്‍ ബാഹ് എന്ന ചെറുപട്ടണത്തിലാണ് ഡൊറോത്തിയയുടെ ജനനം. ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ ശേഷം മ്യൂണിക് സിറ്റി ലൈബ്രറിയില്‍ രണ്ട് വര്‍ഷം ജോലിചെയ്ത ശേഷമാണ് നിയമത്തില്‍ ബിരുദമെടുത്തതും വക്കീലായി പ്രാക്ടീസ് തുടങ്ങിയതും. പഠനകാലത്തുതന്നെ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടയില്‍ അംഗമായ അവര്‍ പാവപ്പെട്ടവര്‍ക്ക് നിയമസഹായം ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് ആദ്യം പ്രാക്ടീസ് തുടങ്ങിയത്.

ഡൊറോത്തിയ
ഡൊറോത്തിയ

പുരോഹിത കുടുംബമായതിനാലുള്ള നിയന്ത്രണങ്ങള്‍ സഹിയാതെ ഡൊറോത്തിയ പ്ലസ് ടൂ വിന് ശേഷം വീടുവിട്ട് ഒരു വൃദ്ധസദനത്തില്‍ പരാചാരികയായി

രണ്ടാം ലോകയുദ്ധാനന്തരം ജര്‍മനി വിഭജിക്കപ്പെട്ടപ്പോള്‍ ജന്മനാട് പോളണ്ടിന്റെ ഭാഗമായത് ഡൊറോത്തിയയുടെ കുടുംബത്തെ നാട്ടില്‍നിന്ന് നിഷ്‌കാസിതരാക്കി. കത്തോലിക്കാ- പ്രൊട്ടസ്റ്റന്റ് സംഘര്‍ഷം രൂക്ഷമായിരുന്നതിനാല്‍ ഡൊറോത്തിയയുടെ കുടുംബം വലിയപീഡനമാണനുഭവിച്ചത്. പ്രൊട്ടസ്റ്റന്റ് പാതിരിയായിരുന്ന പിതാവ് ജര്‍മനിയില്‍ അഭയാര്‍ഥിയായെത്തിയ കുഗ്രാമത്തില്‍ ഒരു ചെറു ദേവാലയമുണ്ടാക്കുന്നതില്‍ വിജയിച്ചു. അതിന്റെ മുകളിലെ ഇടുങ്ങിയ മുറിയിലാണ് കുടുംബം കഴിഞ്ഞുകൂടിയത്. പുരോഹിത കുടുംബമായതിനാലുള്ള നിയന്ത്രണങ്ങള്‍ സഹിയാതെ ഡൊറോത്തിയ പ്ലസ് ടു വിന് ശേഷം വീടുവിട്ട് ഒരു വൃദ്ധസദനത്തില്‍ പരാചാരികയായി. ജര്‍മന്‍ നിയമപ്രകാരം അതാവശ്യമായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനം വ്രതമായിത്തീരുന്നത് അതോടെയാണ്.

ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നാമമാത്രമായപ്പോള്‍ ഡൊറോത്തിയ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതുമായി പൊരുത്തപ്പെടാനാവതെവന്നപ്പോള്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ഭാഗമായി. ഗ്രീന്‍പാര്‍ട്ടി വലതുപക്ഷവുമായി സന്ധചെയ്യുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് അതുമായുള്ള ബന്ധവും ഉപേക്ഷിച്ചതെന്ന് ഡൊറോത്തിയ പറയുകയുണ്ടായി.

ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം
മാർക്സിസത്തിന്റെ ശങ്കര ഭാഷ്യം

ഇറാനിലെ ഒരു സഹപ്രവര്‍ത്തകന്റെ ക്ഷണപ്രകാരം സ്വിറ്റ്‌സര്‍ലാന്റിലെ ബേണില്‍ കുറച്ചുമാസക്കാലം താമസം. അതിനിടയിലാണ് ബാസല്‍ നഗരത്തില്‍വെച്ച് ഡൊറോത്തിയ ഗ്രമ്പിഷിനെ പരിചയപ്പെടുന്നത്

ഇനി മച്ചിങ്ങലിലേക്കുവരാം. 1993-ല്‍ ഗുണ്ടര്‍ട്ട്‌കോണ്‍ഫറന്‍സിന് പോയത് മുമ്പൈയില്‍ താമസിച്ച് അവിടെനിന്നാണ്. മുമ്പൈ വിമാനത്താവളത്തില്‍ ഞങ്ങളെ യാത്രയയക്കാന്‍ ദേശാഭിമാനിയുടെ മുമ്പൈ ലേഖകന്‍ എ കെ മച്ചിങ്ങല്‍ വന്നിരുന്നു. മച്ചിങ്ങല്‍ പറഞ്ഞു, എന്റെ അനുജന്‍ ധനഞ്ജയന്‍ ഫ്രാങ്കഫര്‍ട്ടിലുണ്ട്. അവിടെ വീടുണ്ട്. എല്ലാ സഹായവും ചെയ്യും. വിളിച്ചുപറഞ്ഞിട്ടുണ്ട്. ധനഞ്ജയന്‍ ദേശാഭിമാനിക്ക് യൂറോപ്യന്‍ കത്ത് എന്ന പേരില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകളയക്കാറുണ്ട്. ഡി.കെ.മച്ചിങ്ങല്‍ എന്ന ബൈലൈനില്‍.. 1970-ല്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിങ്ങ് കോളേജില്‍നിന്ന് സിവിലില്‍ ബിരുദം നേടിയ ധനഞ്ജയന്‍ 1975 അവസാനത്തോടെയാണ് നാടുവിടുന്നത്. ഒമാനിലും സൗദിയിലും വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷം ഇറാനിലെത്തുന്നു. അവിടെ രാഷ്ട് എന്ന കമ്പനിയില്‍ ജോലി. ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്ന് രാഷ്ട് കമ്പനിയുമായിരുന്നു.

ഖൊമേനിയുടെ വിജയത്തിനുശേഷം അഭിനന്ദിക്കാനായി പിഎല്‍ഒ. തലവന്‍ യാസര്‍ അരാഫത്ത് അവിടെയെത്തുന്നു. ആ അവസരത്തില്‍ അരാഫത്തിനെ പരിചയപ്പെടാന്‍ കഴിഞ്ഞു. പിഎല്‍ഒവിന്റെ കീഴില്‍ എന്‍ജിനിയറായി പ്രവര്‍ത്തിക്കാന്‍ സാധ്യത തേടുന്നു. എന്നാല്‍ ഡമാസ്‌കസിലെത്തി ഇന്റര്‍വ്യുവില്‍ പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ശാരീരികക്ഷമതയില്ലെന്ന കാരണത്താല്‍ നിരാസം. ഇറാനിലെ ഒരു സഹപ്രവര്‍ത്തകന്റെ ക്ഷണപ്രകാരം സ്വിറ്റ്‌സര്‍ലാന്റിലെ ബേണില്‍ കുറച്ചുമാസക്കാലം താമസം. അതിനിടയിലാണ് ബാസല്‍ നഗരത്തില്‍വെച്ച് ഡൊറോത്തിയ ഗ്രമ്പിഷിനെ പരിചയപ്പെടുന്നത്. അത് പ്രണയമായി വളരുകയും ഇരുവരും ഫ്രാങ്ക്ഫര്‍ടിലെത്തുകയുമാണ്. കുറച്ചുകാലം ഒന്നിച്ചുതാമസിച്ച ശേഷം 1980-ഡിസമ്പറില്‍ നിയമപ്രകാരം വിവാഹിതരാകുന്നു...

ജര്‍മനിയില്‍നിന്ന് വര്‍ഷത്തില്‍ നാലായിരത്തോളം പേരാണ് മച്ചിങ്ങലിന്റെ സൂര്യ ഏജന്‍സിയിലൂടെ ഇന്ത്യയില്‍ വന്നുകൊണ്ടിരുന്നത്

ജര്‍മന്‍ പൗരയുടെ ഭര്‍ത്താവെന്ന പരിഗണനയില്‍ ജര്‍മനയില്‍ ജോലി ലഭിക്കുന്നതിനുള്ള ഓറിയന്റേഷന്‍ കോഴ്‌സില്‍ പ്രവേശനംലഭിച്ചു. നാറ്റോവില്‍ പ്രൊജക്ട് എന്‍ജിനിയറായി ജോലി ലഭിക്കുന്നു. അതിനിടയില്‍ത്തന്നെ സ്വന്തമായി ഒരു ടൂറിസം ഏജന്‍സി ആരംഭിച്ചിട്ടുണ്ടായിരുന്നു. സൂര്യ റൈസഡീന്‍സ്റ്റ് എന്ന പേരില്‍. 15-വര്‍ഷത്തെ സേവനത്തിന്‌ശേഷം നാറ്റോവില്‍നിന്ന് വിരമിച്ച മച്ചിങ്ങല്‍ ഫ്രാങ്കഫര്‍ട് കേന്ദ്രീകരിച്ച് തന്റെ ടൂറിസം ഏജന്‍സി വിപുലപ്പെടുത്തി. ഡെല്‍ഹിയിലും അതിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു. ജര്‍മനിയില്‍നിന്ന് വര്‍ഷത്തില്‍ നാലായിരത്തോളം പേരാണ് മച്ചിങ്ങലിന്റെ സൂര്യ ഏജന്‍സിയിലൂടെ ഇന്ത്യയില്‍ വന്നുകൊണ്ടിരുന്നത്. ഇന്ത്യയോടും കേരളത്തോടും വലിയ പ്രിയമുണ്ടായിരുന്ന ഡൊറോത്തിയയുടെ ആഗ്രഹമായിരുന്നു കേരളത്തില്‍ തികച്ചും പരിസ്ഥിതിസൗഹൃദമുള്ള റിസോര്‍ട്ട്. നാട്ടികയില്‍ പ്രധാനമായും ജര്‍മന്‍കാരെ ലക്ഷ്യമിട്ട് 1998-ലാണ് മച്ചിങ്ങല്‍ദമ്പതികള്‍ അതിവിശാലമായ കടപ്പുറം റിസോര്‍ട്ട് തുടങ്ങിയത്.

2002-ല്‍ ഹെര്‍മന്‍ഹെസ്സേയുടെ ജന്മശതാബ്ദിയില്‍ പങ്കെടുക്കാന്‍പോയപ്പോഴാണ് ഈ കുടുംബത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായതെന്ന് നേരത്തെ സൂചിപ്പിച്ചു. ആ സന്ദര്‍ശനവേളയില്‍ ട്രിയറില്‍ കാള്‍മാര്‍ക്‌സിന്റെ ജന്മഗൃഹം കാണുന്നതിനുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ എല്ലാ സഹായവും ചെയ്തത് ഡൊറോത്തിയയും മച്ചിങ്ങലുമാണ്. ഒരു സഞ്ചിയില്‍ ഒരു കുപ്പിവെള്ളവും ഒരാപ്പിളും ഒരു ഏത്തപ്പഴവും മാത്രമല്ല മാര്‍ക്സ് ഹൗസ് മ്യൂസിയത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കുറേ കടലാസുകളും തന്നാണ് ഡൊറോത്തിയ യാത്രയയച്ചത്...

എല്ലാ കൊല്ലവും നാട്ടില്‍ വന്നിരുന്ന അവര്‍ കണ്ണൂര്‍ കാണാന്‍ ഒരിക്കല്‍വന്നു. കോഴിക്കോട്ട് ദേശാഭിമാനി വാരികയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എന്നെ അവിടെവന്ന് കൂട്ടിയാണ് കണ്ണൂരിലേക്ക് തിരിച്ചത്. മാഹിയിലെത്തിയപ്പോള്‍ അടുത്തടുത്തായി വിദേശമദ്യഷാപ്പുകള്‍കണ്ട് ഡൊറോത്തിയക്ക് കൗതുകം. വണ്ടി നിര്‍ത്തിച്ച് അവര്‍ ഇറങ്ങി. അവരോടൊപ്പം മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍പോയി വില ചോദിക്കാനും കുപ്പികള്‍ എടുത്തുനോക്കാനും ഞാന്‍ നിര്‍ബന്ധിതനായെന്നുപറഞ്ഞാല്‍ മതിയല്ലോ. മദ്യപിക്കാത്ത അവര്‍ വീട്ടിലെ അലമാരിയില്‍ സൂക്ഷിക്കാന്‍ സാമ്പിള്‍ കുപ്പികള്‍ കുറെയെണ്ണം വാങ്ങി.. ബസ്സില്‍നിന്ന് ആരെങ്കിലും കാണുന്നുണ്ടോ എന്ന ആശങ്കയില്‍ ഞാന്‍.... ജര്‍മന്‍വാസം മതിയാക്കി 2007-ലാണ് മച്ചിങ്ങല്‍ദമ്പതികള്‍ തൃശൂരില്‍ സ്ഥിരതാമസമാക്കിയത്. .

സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദത്തിലൂടെയാണ് ഡൊറോത്തിയയും മച്ചിങ്ങലും അടുത്തതും ഒരുമിച്ചുജീവിച്ചതും. തൃശൂരിലെ രാഷ്ട്രീയ-സാംസ്‌കാരികവേദികളില്‍ മച്ചിങ്ങല്‍ ഏറെ പരിചിതനാണെങ്കിലും ഒരുകാലത്ത് ആ നഗരത്തിലെ വലിയ വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്നറിയുന്നവര്‍ കുറവായിരിക്കും. എസ്എഫ്ഐയുടെ ആദ്യ വൈസ് പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന പരേതനായ ബാബുഭരദ്വാജിന്റെ സഹപാഠിയായ മച്ചിങ്ങല്‍ കെഎസ്എഫിന്റെയും എസ്എഫ്ഐയുടെയും ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

കെഎസ് വൈഎഫില്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരവെ 1972-ല്‍ പാര്‍ട്ടി ട്രേഡ് യൂനിയന്‍ രംഗത്തേക്ക് നിയോഗിച്ചു. അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റ് ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍, പാഴ്‌സല്‍ സര്‍വീസ് തൊഴിലാളി യൂനിയന്‍, ഷോപ്പ് എംപ്ലോയീസ് യൂനിയന്‍, എന്‍എംആര്‍ തൊഴിലാളി യൂനിയന്‍, എസ് വര്‍ക്കേസ് യൂനിയന്‍ എന്നിവയുടെ ജില്ലാ നേതാവ്... ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ പ്രവര്ത്തകന്‍... അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിന്റെ തൃശൂര്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം... അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരാഴ്ചക്കു ശേഷം പ്രതിഷേധപ്രകടനം നടത്തിയതിന്റെ പേരില്‍ മച്ചിങ്ങലിനെ അറസ്റ്റ് ചെയ്തു. രണ്ട് മാസം വിയ്യൂര്‍ സെന്‍ട്രല്‍ജയിലില്‍.. ആ വര്‍ഷം അവസാനമാണ് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഒമാനിലേക്ക് ജോലിക്കായി പോയത്...

ടൂറിസം വ്യവസായരംഗത്ത് കേന്ദ്രീകരിക്കുമ്പോഴും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ധനഞ്ജയന്‍ എന്ന ഡികെ മച്ചിങ്ങല്‍...

logo
The Fourth
www.thefourthnews.in